2017-10-24 13:07:00

കൃപയുടെ നീര്‍ച്ചാല്‍ തേടുന്നവര്‍ : വിപാലഗീതത്തിന്‍റെ വ്യാഖ്യാനം


സങ്കീര്‍ത്തനം 42-ന്‍റെ പഠനം (ഭാഗം 2) :

കഴിഞ്ഞ പ്രക്ഷേപണത്തില്‍ സങ്കീര്‍ത്തനം 42-ന്‍റെ പഠനത്തിലൂടെ ഒരു വ്യക്തിഗത വിലാപഗീതത്തിന്‍റെ വ്യാഖ്യാന പഠനം നാം ആരംഭിച്ചു. ആദ്യത്തെ നാലു പദങ്ങളുടെ പഠനത്തില്‍ ഈ ഗീതത്തിന്‍റെ വളരെ ലാളിത്യമാര്‍ന്ന വ്യക്തിഗത പ്രാര്‍ത്ഥനാരീതിയും,
അത് വരച്ചുകാട്ടുന്ന ഹൃദയ സ്പര്‍ശിയായ ദൈവത്തിലുള്ള മനുഷ്യന്‍റെ ആശ്രയബോധവും വ്യക്തമാകുന്നു.  മാന്‍പേട ദാഹിച്ചു പൊരിഞ്ഞ്, നീര്‍ച്ചാലു തേടി അലയുന്ന ഏറെ പ്രകൃതിദത്തമായ ബിംബത്തോടെയാണ് ഗീതം ആരംഭിക്കുന്നത്. ലോകത്ത് ഇന്നു നാം കാണുന്ന പാരിസ്ഥിതിക മാറ്റങ്ങളുടെ ഭീതിദമായ അവസ്ഥ ഗീതത്തിന്‍റ ഈ ആമുഖത്തില്‍ ഒളിഞ്ഞു കിടക്കുന്നതു പോലെയാണ്. കാലാവസ്ഥാ വ്യതിയാനവും, പരിസ്ഥിതി വിനാശവുമെല്ലാം വരുത്തിക്കൂട്ടുന്ന വിനകള്‍ മനുഷ്യകുലത്തിന് വരള്‍ച്ചയും, ശമിക്കാത്ത ഉഷ്ണവും, കഠിനമായ കാലാവസ്ഥയും വറുതിയും ഇന്ന് വരുത്തിവയ്ക്കുകയാണ്. ജീവജാലങ്ങള്‍ - ജന്തുക്കളും സസ്യങ്ങളും നശിക്കുന്നു, എന്തിന്, അവയ്ക്ക് വംശനാശം ഭവിക്കുന്നു. ഇങ്ങനെയുള്ളൊരു ആഗോള സാമൂഹിക പശ്ചാത്തലത്തില്‍ നീര്‍ച്ചാലിനായി അലയുന്ന മാന്‍പേടയുടെ ചിത്രം ഇന്നിന്‍റെ പാരിസ്ഥിതികമായ ദുരവസ്ഥയുടെ രംഗചിത്രീകരണംതന്നെയാണ്! സങ്കീര്‍ത്തകന്‍റെ വികാരം എളുപ്പത്തില്‍ ഉള്‍ക്കൊള്ളാനും അത് സ്വായത്തമാക്കുവാനും ആമുഖത്തിലെ മാന്‍പേടയുടെ ഉപമ നമ്മെ എളുപ്പത്തില്‍ സഹായിക്കുന്നു.

ഈ സംഗീതം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ മാത്യു മുളവനയും ജെറി അമല്‍ദേവുമാണ്. ആലാപനം... എലിസബത്ത് രാജുവും സംഘവും...

         Musical Version of Ps. 42
        നീര്‍ച്ചാലിനായി ഹരിണി ദാഹിച്ചു കേഴുമതുപോല്‍
        നിനക്കായി നാഥാ, ഞാനും ദാഹിച്ചിടുന്നു സതതം
        ജീവന്ത ദൈവമുഖമേ, ഞാനെന്നു കാണുമുദിതം
        മമ ദേഹിയുള്ളിനുള്ളില്‍ മോഹിച്ചിടുന്നു മഹിയില്‍

ആദ്യത്തെ 4 പദങ്ങളുടെ വ്യാഖ്യാനം നാം കണ്ടതാണ്. ഓര്‍മ്മ പുതുക്കാന്‍ വേണ്ടിമാത്രം അത് സംഗ്രഹിക്കുകയാണ്. ദൈവ-മനുഷ്യ ബന്ധത്തിന്‍റെ ആര്‍ദ്രമായ വികാരങ്ങള്‍ ഉണര്‍ത്താന്‍ പോരുന്ന മനോഹരമായ രംഗചിത്രീകരണമാണ് നീര്‍ച്ചാലു തേടുന്ന മാന്‍പേടയുടെ ഉപമയിലൂടെ ഗീതത്തിന്‍റെ ആദ്യവരികള്‍  വരച്ചുകാട്ടുന്നത്. ദൈവത്തിനുവേണ്ടി ആശിക്കുന്ന, അല്ലെങ്കില്‍ ആഗ്രഹിക്കുന്ന മനുഷ്യന്‍റെ തീവ്രമായ വികാരമാണത്. ദൈവത്തെ തേടുന്ന, അല്ലെങ്കില്‍ ദൈവത്തിനായി തീക്ഷ്ണമായി കൊതിക്കുന്ന മനുഷന്‍റെ മനസ്സാണ് വാക്കുകളില്‍ സങ്കീര്‍ത്തകന്‍ വരച്ചുകാട്ടുന്നത്. മനുഷ്യന്‍റെ ആത്മാവാണ് ദൈവത്തിനായി കേഴുന്നത്. തിന്മമൂലം മനുഷ്യന്‍ ദൈവത്തില്‍നിന്നും അകന്നുപോകാന്‍ ഇടയാകുമ്പോള്‍, മനസ്സില്‍ ഉതിര്‍ക്കൊള്ളുന്ന, തിരികെ ദൈവത്തിങ്കലേയ്ക്ക് എത്തിപ്പെടാനുള്ള തീവ്രമായ ആഗ്രഹവും വികാരവുമാണ് പദങ്ങളില്‍ വ്യക്തമാകുന്നത്. ദൈവത്തിങ്കലേയ്ക്കുള്ള ഒരു “തിരിച്ചുപോക്കാ”ണ് സങ്കീര്‍ത്തകന്‍ പദങ്ങളില്‍ വിവരിക്കുന്നതെന്ന് ചുരുക്കിപ്പറയാം. അവസാനം കര്‍ത്താവിന്‍റെ ആലയത്തില്‍ തിരിച്ചെത്തണമെന്നതാണ് സങ്കീര്‍ത്തകന്‍റെ അതിയായ ആഗ്രഹമെന്നതും പദങ്ങള്‍ വ്യക്തമാക്കുന്നു, ഇത് ഗീതത്തിന്‍റെ ഉച്ചസ്ഥായിയാണ്...ഒരു ക്രൈമാക്സ്!..എന്നു പറയാം. ആര്‍ത്തുപാടി കര്‍ത്താവിനെ സ്തുതിച്ചുകൊണ്ട്, അവിടുത്തെ സന്നിധി പ്രാപിക്കാനാണ് ഗായകന്‍ ആഗ്രഹിക്കുന്നത്. തകരുന്ന മനുഷ്യജീവിതത്തിന് കര്‍ത്താവിന്‍റെ ആലയവും, അവിടെ കാണുന്ന ഉത്സവപ്രതീതിയുമെല്ലാം സമാശ്വാസവും സാന്ത്വനവും പകരുന്നു. കഴിഞ്ഞ കാലങ്ങളില്‍ താന്‍ കര്‍ത്താവിനെ സന്തോഷമായി സ്തുതിച്ചിരുന്നതുപോലെ... ഇനിയും അവിടുത്തെ സ്തുതിക്കാനും പ്രകീര്‍ത്തിക്കുവാനുമുള്ള തീവ്രമായ ആഗ്രഹവും അതിനുള്ള തുറവുമാണ് സങ്കീര്‍ത്തകന്‍ പദങ്ങളില്‍ വ്യക്തമാക്കുന്നത്.

     Recitation :
     
എന്‍റെ ആത്മാവേ, എന്തിനു നീ ദാഹിക്കുന്നു
     എന്തിനു നീ നെടുവീര്‍പ്പിടുന്നു ?
     ദൈവത്തില്‍ പ്രത്യാശവയ്ക്കുക.
     
എന്‍റെ സഹായകനായ ദൈവത്തെ ഞാന്‍
     വീണ്ടും പുകഴ്ത്തും. പാടിപ്പുകഴ്ത്തും!

ഗീതത്തിലെ അഞ്ചാമത്തെ പദമാണ് ശ്രവിച്ചത്. തിരുനാള്‍ ആഘോഷിക്കുന്ന സമൂഹത്തിന്‍റെ സന്തോഷവും സുരക്ഷയും ഓര്‍ക്കുമ്പോള്‍ ആശ്വസിക്കാന്‍ വകയുണ്ടെന്നാണ് ഗായകന്‍ പറയുന്നത്. തകരുന്ന ജീവിതത്തിന്, ചിതറുന്ന മാനുഷിക ശക്തിക്ക് സമാശ്വാസം നല്കുന്ന പദമാണിത്. പണ്ട് ഞാന്‍ കര്‍ത്താവിനെ ആഘോഷമായി സ്തുതിച്ചതുപോലെ ഇനിയും സ്തുതിക്കാന്‍ സാധിക്കുമെന്ന പ്രത്യാശയും ഉറപ്പുമാണ് പദങ്ങളില്‍ കാണുന്നത്. അതിനാള്‍ ദുഃഖത്താല്‍ ശക്തി ക്ഷയിച്ച്, നിരാശയില്‍ നീന്തിത്തുടിച്ച്, പ്രത്യാശയറ്റവരായി തീരേണ്ടതില്ലെന്ന ക്രിയാത്മകമായ ഉറപ്പാണു ഈ പദം നമുക്കു നല്കുന്നത്. പ്രതീക്ഷയോടെ കാത്തിരിക്കാനും പ്രത്യാശ കൈവെടിയാതിരിക്കാനും സങ്കീര്‍ത്തകന്‍ സ്വയം പ്രോത്സാഹിപ്പിക്കുകയാണെന്ന് നമുക്കിവിടെ മനസ്സിലാക്കാം. അതുകൊണ്ടാണ് ഗായകന്‍ പാടുന്നത്. പ്രതീക്ഷയോടെ കാത്തിരിക്കാന്‍ സ്വയം ഉത്തേജിപ്പിക്കുന്ന നിശ്ചയദാര്‍ഢ്യമുള്ള പദങ്ങളാണിവ!

          ‘കര്‍ത്താവാണ് എന്‍റെ ദൈവവും എന്‍റെ സഹായവും’
          എന്‍റെ സഹായകനായ ദൈവവത്തെ ഞാന്‍ വീണ്ടും പുകഴ്ത്തും.
          
നമുക്ക് ബാക്കിയുള്ള 6-11-വരെ പദങ്ങള്‍ പരിചയപ്പെടാം.
          ഗീതത്തിന്‍റെ അവസാന ഭാഗമാണിത്.
          6. എന്‍റെ ആത്മാവു വിഷാദം പൂണ്ടിരിക്കുന്നു,
          അതിനാല്‍ ജോര്‍ദാന്‍ പ്രദേശത്തും ഹെര്‍മോണിലും
          മിസാര്‍ മലയിലുംവച്ച് ദൈവത്തം ഞാന്‍ അനുസ്മരിക്കുന്നു.
          
അങ്ങയുടെ വെള്ളച്ചാട്ടങ്ങളുടെ ഇരമ്പല്‍ കേള്‍ക്കുമ്പോള്‍,
          ദൈവമേ, ആഴം ആഴത്തെ വിളിക്കുന്നു.

          കര്‍ത്താവു പകല്‍ സമയത്തും തന്‍റെ കാരുണ്യം വര്‍ഷിക്കുന്നു.   രാത്രികാലത്ത് അവിടുത്തേയക്കു ഞാന്‍ ഗാനമാലപിക്കും.

8. എന്‍റെ ജീവന്‍റെ ദൈവത്തോടുള്ള പ്രാര്‍ത്ഥനയാണിത്..
9. അവിടുന്ന് എന്നെ മറന്നത് എന്തുകൊണ്ട്,
ശത്രുവിന്‍റെ പീഡനംമൂലം
എനിക്കു വിലപിക്കേണ്ടി വന്നതെന്തുകൊണ്‌ട് 
എന്‍റെ രക്ഷാശിലയായ ദൈവത്തോടു ഞാന്‍ ചോദിക്കും.
10. നിന്‍റെ ദൈവം എവിടെയെന്ന് ശത്രുക്കള്‍ എന്നോടു ചോദിക്കുന്നു.
മാരകമായ മുറിവുപോലെ ആ നിന്ദനം ഞാന്‍ ഏല്ക്കുന്നു.
11.  എന്‍റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു
നീ എന്തിനു നെടുവീര്‍പ്പിടുന്ന. പ്രത്യാശവയ്ക്കുക ദൈവത്തില്‍
 എന്‍റെ സാഹയകനും ദൈവവുമായ അവിടുത്തെ
ഞാന്‍ വീണ്ടും പുകഴ്ത്തും., പാടിപ്പുകഴ്ത്തും

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, പ്രത്യാശയോടെ മുന്നേറുമ്പോഴും തന്‍റെ ശരിയായ ആന്തരിക അവസ്ഥയെക്കുറിച്ച് ഗായകന്‍ ബോധവാനാണ്. അത് അയാള്‍ അംഗീകരിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നു. യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കുന്നില്ല, സത്യം മറച്ചുവയ്ക്കുന്നില്ല.

  1. എന്‍റെ ആത്മാവു വിഷാദം പൂണ്ടിരിക്കുന്നു.

ഇങ്ങനെ 6-Ɔമത്തെ പദം എടുത്തുപറയുന്നത്, ശ്രദ്ധിക്കണം. തന്‍റെ ജീവശക്തി തകര്‍ന്നിരിക്കുകയാണെന്ന് ഗായകന്‍ വീണ്ടും പറയുകയാണ്. വിഷാദകാരണം രോഗമോ, മറ്റെന്തെങ്കിലും പ്രസായമോ ആകാം. ഈ സന്ദര്‍ഭത്തില്‍ അയാള്‍ കര്‍ത്താവിനെപ്പറ്റി ഓര്‍ക്കുകയാണ്, ചിന്തിക്കുകയാണ്, ധ്യാനിക്കുകയാണ്. എവിടെയാണ് ഇങ്ങനെ ഓര്‍ക്കുന്നത്, സ്ഥലം എവിടെയാണ്? പദങ്ങള്‍ വ്യക്തമാക്കിത്തരുന്നു:

     ജോര്‍ദാന്‍ പ്രദേശത്തും ഹെര്‍മോണിലും ദൈവമേ,
     മിസാര്‍ മലയിലും അങ്ങയെ ഞാനോര്‍ക്കുന്നു

ജോര്‍ദ്ദാന്‍ നദിയുടെ പ്രഭവസ്ഥാനങ്ങളില്‍, ഹെര്‍മോണ്‍ മലമടക്കുകളില്‍, ഹെര്‍മോന്‍റെ കൊടുമുടിയായ മീസാറിലുമാണ് ദൈവമായ കര്‍ത്താവിന്‍റെ വാസം! ദേവാലയത്തില്‍നിന്നും അകലെ, കര്‍ത്താവില്‍നിന്നും വിദൂരത്തില്‍ കേള്‍ക്കുന്നത് നാശം സൃഷ്ടിക്കുന്ന വന്‍ പ്രവാഹങ്ങളുടെ ഇരമ്പലാണ്. ഈ വിനാശ പ്രവാഹങ്ങളാണ് സങ്കീര്‍ത്തകന്‍റെ മേല്‍ പതിക്കുന്നത്. സഹിക്കുന്ന ഭക്തന്‍ കര്‍ത്താവിന്‍റെ പിന്‍തുണയ്ക്കും സഹായത്തിനുമായി കാത്തിരിക്കയാണ്. അവിടുത്തെ നന്മയ്ക്കായി അയാള്‍ പാര്‍ത്തിരിക്കുന്നു. കര്‍ത്താവു പാറയും, കോട്ടയുമാണ്. അവിടുന്നാണ് രക്ഷയുടെ ഉറച്ചതലം. കര്‍ത്താവു നമ്മെ മറക്കില്ല. തന്‍റെ വിലാപ ജീവിതത്തിന് അറുതിയില്ലേ? സങ്കീര്‍ത്തകന്‍ മരണത്തിന്‍റെ വക്കിലാണ്, മാരകമായ രോഗത്തിലാണ്, ശക്തിയെല്ലാം ക്ഷയിച്ചു പോയിരിക്കുന്നു. നിന്‍റെ ദൈവം എവിടെ? എന്ന ശത്രുക്കളുടെ നിന്ദനം സങ്കീര്‍ത്തകനെ കൂടുതല്‍ അസഹ്യനാക്കുന്നു. എങ്കിലും രക്ഷകനായ ദൈവത്തിനുവേണ്ടി അയാല്‍ പാര്‍ത്തിരിക്കുന്നു.

ആഴം ആഴത്തെ വിളിക്കുന്നു, വീണ്ടും പ്രകൃതിയില്‍നിന്നും എടുത്തിട്ടുള്ള ബിംബമാണിത്.  ഇവിടെ സങ്കീര്‍ത്തകന്‍ ഹൃദയത്തിന്‍റെ അഗാധത്തില്‍നിന്ന് ആഗ്രഹിക്കുന്നത് എല്ലാ മതങ്ങളും ഈശ്വരവിശ്വാസികളും ദൈവത്തിനായി ദാഹിക്കുന്നതുപോലെ, ജീവിക്കുന്ന ദൈവത്തിന്‍റെ സാന്നിദ്ധ്യ സഹായമാണ്, അനുഭവമാണ് ഗായകന്‍ ആഗ്രഹിക്കുന്നത്. സഹനത്തിന്‍റെ നിഴല്‍ വീശിയ ഇരുണ്ട താഴ്വരയില്‍നിന്ന് ജീവന്‍റെ ഔന്നത്യങ്ങളിലേയ്ക്ക് സങ്കീര്‍ത്തകന്‍ എത്തിനോക്കുകയാണ്. തിന്മയുടെ ശക്തികളില്‍നിന്നും ദൈവമേ, എന്നെ കാത്തുപാലിക്കണമേ, തിന്മയുടെ അഗാധഗര്‍ത്തങ്ങള്‍ തന്നെ വിഴുങ്ങാന്‍ ഇടയാക്കരുതേ, എന്നാണ് സങ്കീര്‍ത്തകന്‍റെ പ്രാര്‍ത്ഥന. പിന്നെ ദൈവിക സാന്നിധ്യമുള്ള സെഹിയോനിലേയ്ക്കാണ് സങ്കീര്‍ത്തകന്‍റെ എല്ലാ ശ്രദ്ധയും ആഗ്രഹവും തിരിയുന്നത്. പുതിയ നിയമത്തില്‍ ദൈവത്തിന്‍റെ സാന്നിദ്ധ്യം ക്രിസതുവിലും അവിടുത്തെ സഭയിലും സമൂഹത്തിലും കൂട്ടായ്മയിലുമാണ്. അവിടെയാണ് ജീവനും രക്ഷയും.

        Musical Version of Ps. 42
       
നിന്‍ ദൈവമെങ്ങു മനുജാ അതിരൂക്ഷമായി ചോദ്യം
        പരിഹാസമോലും കണ്ണീര്‍ ആഹാരമായിതനിശം
        പൊന്തീടുമോര്‍മ്മ സ്മൃതിയില്‍ ആനന്ദദൃശ്യഗതികള്‍
        നിരയാര്‍ന്നു മിന്നിടുന്നു, ആഹാ! നിറഞ്ഞു മനവും!

 








All the contents on this site are copyrighted ©.