2017-10-21 13:02:00

പൗരോഹിത്യത്തിന് താങ്ങായ തൂണുകളുടെ സന്തുലനാവസ്ഥ പരിപാലിക്കുക


പൗരോഹിത്യജീവിതത്തെ താങ്ങിനിറുത്തുന്ന ചതുര്‍സ്തംഭങ്ങളുടെ സന്തുലനാവസ്ഥ നഷ്ടപ്പെടാവുന്ന അപകടസാധ്യതയെക്കുറിച്ച് മാര്‍പാപ്പാ മുന്നറിയിപ്പു നല്കുന്നു.

റോമില്‍ ഉപരിപഠനം നടത്തുന്ന ബ്രസീല്‍ സ്വദേശികളായ വൈദികര്‍ വസിക്കുന്ന പീയൂസ്-ബ്രസിലിയന്‍ പൊന്തിഫിക്കല്‍ കോളേജില്‍ നിന്നുള്ള 100 ഓളം പേരടങ്ങിയ സംഘത്തെ, ബ്രസീലിലെ അപ്പരെസീദാനാഥയുടെ തിരുസ്വരൂപം കണ്ടെത്തപ്പെട്ടിട്ട് 300 വര്‍ഷം   ആയതിനോടനുബന്ധിച്ച്, വത്തിക്കാനില്‍ ശനിയാഴ്ച(21/10/17) സ്വീകരിച്ചു സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഇടവകവികാരിയൊ, ഇടവകയിലെ അജപാലക ശുശ്രൂഷകനൊ ആയിട്ടല്ല, വൈദികരായ വിദ്യാര്‍ത്ഥികള്‍ ആയിരിക്കുന്ന ഒരവസ്ഥയില്‍, ആദ്ധ്യാത്മികമാനം,  ഉന്നതവിദ്യഭ്യാസമാനം, മാനവികമാനം, അജപാലനമാനം എന്നീ, പൗരോഹിത്യജീവിതത്തെ താങ്ങി നിറുത്തുന്ന നാലുതൂണുകളുടെ സന്തുലനാവസ്ഥ നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ടെന്ന് പാപ്പാ വ്യക്തമാക്കി.

വൈദികരായ വിദ്യാര്‍ത്ഥികള്‍ എന്ന നൂതനാവസ്ഥയില്‍ വിദ്യഭ്യാസമാനത്തിന് മുന്‍തൂക്കം നല്കപ്പെടുന്നതാണ് ഇതിനു കാരണമെന്ന് പാപ്പാ വിശദീകരിച്ചു.

എന്നാല്‍ ഇവിടെ ഇതര മാനങ്ങള്‍ അവഗണിക്കപ്പെടരുടെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ അനുദിന ദിവ്യബലി, പ്രാര്‍ത്ഥന, ധ്യാനവും പ്രാര്‍ത്ഥനയും ഉള്‍ക്കൊള്ളുന്ന ദൈവവചനപാരായണം (ലെക്സിയൊ ദിവീന-LECTIO DIVINA) കര്‍ത്താവുമായുള്ള വൈക്തിക കൂടിക്കാഴ്ച, കൊന്തനമസ്കാരം ചൊല്ലല്‍ എന്നിവയിലൂടെ ആദ്ധ്യാത്മിക ജീവിതത്തെ പോഷിപ്പിക്കണമെന്ന് ഉദ്ബോധിപ്പിച്ചു.

സാധ്യതയനുസരിച്ച് അജപാലനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടത് ഉചിതമാണെന്നും അതുപോലെതന്നെ മാനവികമാനത്തിന്‍റെ കാര്യത്തിലാകട്ടെ, പഠനത്തിന്‍റെ സഭാത്മകവും പ്രേഷിതപരവുമായ വീക്ഷണം നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

എന്നാല്‍ ഈ മാനങ്ങള്‍ അവഗണിക്കപ്പെട്ടാല്‍ വൈദികനായ അധ്യേതാവിനെ പിടികൂടുന്ന ചില രോഗങ്ങള്‍ക്ക് വാതില്‍ തുറന്നിടുകയായിരിക്കും ചെയ്യുകയെന്ന് പാപ്പാ മുന്നറിയിപ്പു നല്കി.








All the contents on this site are copyrighted ©.