2017-10-21 13:11:00

പത്രപ്രവര്‍ത്തക വധിക്കപ്പെട്ടതില്‍ പാപ്പാ അനുശോചിച്ചു


മാള്‍ട്ടയില്‍ അഴിമതിക്കെതിരെ തൂലികചലിപ്പിച്ച പത്രപ്രവര്‍ത്തക ഡാഫ്നെ കരുവാന ഗലീത്സിയ വധിക്കപ്പെട്ടതില്‍ മാര്‍പ്പാപ്പാ അനുശോചിച്ചു.

വധിക്കപ്പെട്ട പത്രപ്രവര്‍ത്തകയുടെ കുടുംബത്തെ ഫ്രാന്‍സീസ് പാപ്പായുടെ അനുശോചനം അറിയിക്കാന്‍ മാള്‍ട്ട മെത്രാപ്പോലിത്തന്‍ അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് ചാള്‍സ് ഷിക്ലൂനയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള അനുശോചന സന്ദേശം വത്തിക്കാന്‍ സംസ്ഥാനകാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ അദ്ദേഹത്തിന് വെള്ളിയാഴ്ച(20/10/17) അയച്ചു.

പ്രയാസമേറിയ ഈ വേളയില്‍ മാള്‍ട്ടയിലെ ജനങ്ങളുടെ ചാരെ പാപ്പാ ആദ്ധ്യാത്മികമായി സന്നിഹിതനാണെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ അറിയിക്കുന്നു.

ഈ മാസം 16-Ͻ൦ തിയതി തിങ്കളാഴ്ച(16/10/17) ആണ് 53 വയസ്സു പ്രായമുണ്ടായിരുന്ന ഡാഫ്നെ കരുവാന കാര്‍ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

സ്വഭവനത്തില്‍ നിന്ന് കാര്‍ ഓടിച്ച് മോസ്റ്റ നഗരത്തിലേക്കു പോകവെയാണ് അവര്‍ക്ക് ദാരുണമായ അന്ത്യം സംഭവിച്ചത്.

മാള്‍ട്ടയുടെ പ്രധാനമന്ത്രി ജോസഫ് മസ്ക്കറ്റും ഭാര്യയും  മറ്റു മന്ത്രിമാരും ഉള്‍പ്പെട്ട പ്രമുഖ രാഷ്ട്രീയക്കാരുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ പാനമ രേഖകളുടെ സഹായത്തോടെ ഡാഫ്നെ പുറത്തുകൊണ്ടുവന്നിരുന്നു.

സമ്പന്നരും സര്‍ക്കാരുദ്യോഗസ്ഥരുമുള്‍പ്പെട്ടവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള 2015 ല്‍ ചോര്‍ന്ന 1 കോടി 15 ലക്ഷം രേഖകളാണ് പാനമ രേഖകള്‍, അഥവാ, പാനമ പേപ്പേഴ്സ് എന്ന് അറിയപ്പെടുന്നത്. 








All the contents on this site are copyrighted ©.