2017-10-21 12:54:00

അംഗവൈകല്യമുള്ളവരുടെ കാര്യത്തില്‍ സഭ മൗനം പാലിക്കില്ല-പാപ്പാ


അംഗവൈകല്യമുള്ളവരുടെ സംരക്ഷണത്തിലും അവരുടെ ഉന്നമനത്തിനായുള്ള യത്നത്തിലും മൂകയായിനിലകൊള്ളാനൊ അപശ്രുതിയായിരിക്കാനൊ സഭയ്ക്കാവില്ലയെന്ന് മാര്‍പ്പാപ്പാ.

നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍, “മതബോധനവും അംഗവൈകല്യമുള്ളവരും: സഭയുടെ അനുദിനജീവിതത്തില്‍ ആവശ്യമായ ഒരു കരുതല്‍” എന്ന വിചിന്തനപ്രമേയവുമായി, വെള്ളിയാഴ്ച (20/10/17) മുതല്‍ ഞായറാഴ്ച (22/10/17) വരെ നീളുന്ന ത്രിദിന സമ്മേളനത്തില്‍ സംബന്ധക്കുന്നവരടങ്ങിയ 450 ഓളംപേരുടെ ഒരു സംഘത്തെ ശനിയാഴ്ച(21/10/17) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

മനുഷ്യവ്യക്തിയുടെ, വിശിഷ്യ,  കൂടുതല്‍ ബലഹീനരായിരിക്കുന്നവരുടെ, ഔന്നത്യത്തെ അധികരിച്ചുള്ള അവബോധം വര്‍ദ്ധമാനമായിരിക്കുന്നത് വിവിധ രൂപങ്ങളിലുള്ള അംഗവൈകല്യമുള്ളവര്‍ക്ക്, തങ്ങള്‍ സ്വഭവനത്തില്‍ അന്യരാണെന്ന തോന്നലനുഭവപ്പെടാത്തവിധം, അവരെ സാമുഹ്യജീവിതത്തില്‍ ഉള്‍ച്ചേര്‍ക്കാനുള്ള ധീരമായ നടപടികള്‍ സ്വീകരിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത് പാപ്പാ സംതൃപ്തിയോടെ അനുസ്മരിച്ചു.

അംഗവൈകല്യമുള്ളവരുടെ കാര്യത്തില്‍ ഇത്തരമൊരു സാഹചര്യം നിലവിലുണ്ടെങ്കിലും ജീവനെ സംബന്ധിച്ച തെറ്റായ ഒരാശയത്തെ ശക്തിപ്പടുത്തുംവിധം  അവരുടെ അന്തസ്സിനെ ഹനിക്കുന്ന കാര്യങ്ങള്‍ സാംസ്കാരികതലങ്ങളില്‍ നിലനില്ക്കുന്നുണ്ടെന്നും ആത്മാരാധനപരവും (NARCISSISM)  പ്രയോജനവാദപരവുമായ വീക്ഷണങ്ങള്‍ മൂലം അനേകര്‍,  പലപ്പോഴും,  അംഗവൈകല്യമുള്ളവരെ, അവരില്‍ നിന്നുള്‍ക്കൊള്ളേണ്ടുന്ന, മാനവികവും ആദ്ധ്യാത്മികവുമായ ബഹുവിധ സമ്പന്നതകള്‍ കാണാതെ, സമൂഹത്തിന്‍റെ അരികുകളിലേക്കു തള്ളപ്പെടേണ്ടവരായി കാണുന്നുണ്ടെന്നും പാപ്പാ പറഞ്ഞു.   

അംഗവൈകല്യമുള്ളവരുടെ കാര്യത്തില്‍ നമുക്കുണ്ടാകാവുന്ന അസ്വസ്ഥതയെയും ഭയത്തെയും അതിജീവിക്കുന്നതിനു പഠിക്കാന്‍ പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു.

തങ്ങളുടെ ജീവിതയാത്രയില്‍ യേശുവുമായി കൂടിക്കാഴ്ച നടത്താനും വിശ്വാസത്തോടുകൂടി അവിടത്തേക്കു സ്വയം സമര്‍പ്പിക്കാനും  എല്ലാ വ്യക്തികള്‍ക്കും    അവനവന്‍റെ സിദ്ധികളോടും, ഒപ്പം, വൈകല്യങ്ങള്‍ എത്രതന്നെ ഗുരുതരമായിരുന്നാല്‍ത്തന്നെയും, ആ വൈകല്യങ്ങളോടും കൂടെ സാധിക്കുമെന്ന് കണ്ടെത്താനും അനുഭവിച്ചറിയാനും മതബോധനം സവിശേഷമാംവിധം വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

 

 








All the contents on this site are copyrighted ©.