2017-10-20 09:14:00

മാത്സര്യമേറുന്ന ലോകത്ത് സാഹോദര്യത്തിന്‍റെ മനോഭാവം വളര്‍ത്താം


ഫ്രാന്‍സില്‍നിന്നും എത്തിയ ‘ഷാര്‍ത്ര്യൂ’ വിദ്യാര്‍ത്ഥിസമൂഹത്തോട് പാപ്പാ ഫ്രാന്‍സിസ്.

ഒക്ടോബര്‍ 19-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെ ഫ്രാന്‍സിലെ ലിയോണില്‍നിന്നും എത്തിയ 100-ഓളം ഷാര്‍ത്ര്യൂ വിദ്യാര്‍ത്ഥികളും അവരുടെ അദ്ധ്യാപകരുമായി (Chartreux Institution) വത്തിക്കാനില്‍ നടന്ന കൂടിക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.  ആത്മീയതയും മാനവികതയും തത്വചിന്തയും കൂട്ടിക്കലര്‍ത്തിയുള്ള വിദ്യാഭ്യാസരീതിയാണ് രണ്ടു നൂറ്റാണ്ടു മുന്‍പ് ഫ്രാന്‍സിലെ ലിയോണില്‍ തുടക്കമിട്ട ഷാര്‍ത്ര്യൂ സ്കൂള്‍ ഇന്നും തുടരുന്നത്.

സമ്പത്തിന്‍റെ പൊലിമയില്‍ മുങ്ങിപ്പോകാതെയും കമ്പോള മനഃസ്ഥിതിയില്‍ കുടുങ്ങാതെയും യാഥാര്‍ത്ഥ്യ ബോധത്തോടെ പൊതുഭവനമായ ഭൂമിയില്‍ സാഹോദര്യത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും സംസ്ക്കാരത്തില്‍ വളര്‍ത്താനുള്ള ഷാര്‍ത്ര്യൂ സ്കൂളിന്‍റെ അടിസ്ഥാന സാദ്ധ്യതയെയും കാഴ്ചപ്പാടിനെയും ആമുഖമായി ശ്ലാഘിക്കുന്നു. സമത്വവും നീതിബോധവും,
ഒപ്പം തൊഴിലിന്‍റെ മേന്മയും ഷാര്‍ത്ര്യൂ വിദ്യാര്‍ത്ഥികളുടെ തനിമയുള്ള സ്വഭാവമാകുന്നതില്‍ മേന്മയാകുന്നതില്‍ പാപ്പാ സന്തോഷം പ്രകടിപ്പിച്ചു.  

ഭാവിയുടെ ഭാഗധേയം ഓരോരുത്തരുടെയും കൈകളിലാണ്. അതിനാല്‍ ഉത്തരവാദിത്വത്തോടെ ഉണര്‍ന്നു പ്രവൃത്തിക്കുകയും പരിശ്രമിക്കുകയും വേണം. പാവങ്ങളോടു കാണിക്കുന്ന അനീതി സാമൂഹിക ജീവിതത്തില്‍ തുറക്കപ്പെടുന്ന മുറിപ്പാടായിരിക്കും. അത് മനുഷ്യാന്തസ്സിനെ തണുപ്പിക്കുകയും വ്രണപ്പെടുത്തുകയും ചെയ്യും. നേട്ടങ്ങളുടെയും ലാഭത്തിന്‍റെയും പാതയാണ് ഇന്ന് ലോകത്തിന്‍റെ മാത്സര്യമാര്‍ന്ന ജീവിതമാര്‍ഗ്ഗമെങ്കിലും, സാഹോദര്യത്തിന്‍റെ വഴികളിലൂടെ യുവജനങ്ങളെ വളര്‍ത്താന്‍ നല്ല വിദ്യാഭ്യാസരീതിക്കു കരുത്തുണ്ട്. മതിലുകളല്ല, സമൂഹത്തില്‍ സാഹോദര്യത്തിന്‍റെ ചെറിയപാലങ്ങള്‍ പണിയാനും, കൂട്ടായ്മ വളര്‍ത്താനും സാധിക്കട്ടെ! അങ്ങനെ നീതിയും മനുഷ്യത്വവുമുള്ള സമൂഹം പടുത്തുയര്‍ത്തുന്ന നന്മയുടെ ചെറിയ കല്ലുകളാകാം നമുക്ക്.  നിരാശയുടെയും പരാജയത്തിന്‍റെയും പ്രലോഭനങ്ങള്‍ യുവമനസ്സുകളെ തളര്‍ത്താതിരിക്കാന്‍ പ്രാര്‍ത്ഥനയും ദൈവത്തിലുള്ള ആശ്രയബോധവും സഹായിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.  അതുവഴി ഓരോ വ്യക്തിയും നന്മയുടെ പ്രയോക്താക്കളാകുമെങ്കില്‍ സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെയും ഒരു നവലോക നിര്‍മ്മിതി സാദ്ധ്യമാണ്. ഷാര്‍ത്ര്യൂ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും, അവരുടെ അദ്ധ്യാപകര്‍ക്കും, അധികാരികള്‍ക്കും പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.  

 








All the contents on this site are copyrighted ©.