2017-10-20 11:57:00

ദൈവികകാരുണ്യത്തെ കുരുക്കിയിടുന്ന നിയമത്തിന്‍റെ നൂലാമാലകള്‍


രക്ഷ ദൈവികദാനമാണ്. അതിനെ നിയമത്തിന്‍റെ നൂലാമാലയില്‍ കുരുക്കിയിടരുതെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ഒക്ടോബര്‍ 19-Ɔ൦ തിയതി പേപ്പല്‍ വസതി സാന്താ മാര്‍ത്തിയിലെ കപ്പേളയില്‍ ദിവ്യബലിയര്‍പ്പിക്കവെ പങ്കുവച്ച വചനചിന്തയിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത് (ലൂക്ക 11, 47-54).

നിയമത്തില്‍ കടിച്ചുതൂങ്ങുന്നവര്‍    നിയമത്തില്‍ കടിച്ചു തൂങ്ങിക്കിടക്കുന്ന സമകാലീന സമൂഹത്തിലെ മതനേതാക്കളുടെ മനഃസ്ഥിതിയെ അപലപിച്ചുകൊണ്ടാണ് ക്രിസ്തു കാരുണ്യത്തിന്‍റെ സുവിശേഷം പ്രഘോഷിച്ചത്. ദൈവം നല്കുന്ന ദാനമാണ് രക്ഷയെന്നും, അതിനെ നിയമത്തിന്‍റെ വലയില്‍ കുരുക്കിയിടുന്നത് അനീതിയും മതത്തിന്‍റെ പേരില്‍ മനുഷ്യരോടു കാണിക്കുന്ന ദ്രോഹവും അന്യായവുമാണ്. പാപ്പാ കുറ്റപ്പെടുത്തി. മനുഷ്യനെ തിന്മയില്‍നിന്നും കൈപിടിച്ചുയര്‍ത്താന്‍ ദൈവം എടുക്കുന്ന ആദ്യപടിയാണ് രക്ഷ. അത് ദൈവിക നീതിയാണ്. അതിനെ നിയമത്തിന്‍റെ നൂലാമാലകൊണ്ട് തടയരുത്. രക്ഷ ദൈവിക സാമീപ്യവും സാന്നിദ്ധ്യവുമാണ്.

ദൈവികകാരുണ്യത്തിന്‍റെ തത്വദീക്ഷയാണ് ദൈവശാസ്ത്രം    ധാര്‍മ്മിക തത്വങ്ങളുടെ ദൈവശാസ്ത്രവും ദൈവികനീതിയിലും കാരുണ്യത്തിനും അധിഷ്ഠിതമാണ്. ദൈവികനീതിയെ മറന്നു ജീവിക്കുന്ന സാമൂഹ്യ നേതാക്കളുടെയും മതനേതാക്കളുടെയും വ്യാജമായ നീതിനിഷ്ഠയെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷഭാഗം പ്രതിപാദിക്കുന്നത് (ലൂക്ക 11, 47-54). കാരുണ്യം നിഷേധിക്കുന്ന നിയമനിഷ്ഠവഴി അവര്‍ ദൈവരാജ്യത്തില്‍ സ്വയം പ്രവേശിക്കുകയില്ല, മറ്റുള്ളവരെ അതില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുമില്ല. ഇത് നമുക്കുണ്ടാകേണ്ട സവിശേഷമായ ജ്ഞാനമാണ്. ദൈവികരക്ഷ മനസ്സിലാക്കാന്‍ ദൈവികഹൃദയവും അവിടുത്തെ സ്നേഹവും നാം മനസ്സിലാക്കണം. അതിനാല്‍ ദാനമായ ദൈവികരക്ഷയുടെ കാരുണ്യഭാവം മനസ്സിലാക്കാത്തവര്‍ അറിവിന്‍റെ താക്കോല്‍ നഷ്ടപ്പെട്ട നിയമജ്ഞരും ഫരീസേയരുമാണ്.

ദൈവത്തിന്‍റെ ആദ്യചുവടുവയ്പാണ് കാരുണ്യം     രക്ഷയുടെ ആദ്യചുവടുവയ്പ് ദൈവത്തില്‍നിന്നാണ്! നിയമമോ, നിയമജ്ഞരോ അല്ല! ഒരു കുന്നു നിയമങ്ങളും കഠിനപ്രായശ്ചിത്തങ്ങളും എങ്ങനെയാണ് രക്ഷയുടെ ഉപാധിയാകുന്നത്. അവയ്ക്ക് ദൈവികസ്വഭാവമോ ദൈവികനീതിയുടെ ബലമോ ഇല്ല. ദൈവസ്നേഹത്തോടുള്ള മനുഷ്യന്‍റെ സ്വതന്ത്രമായ പ്രതികരണവും, പ്രത്യുത്തരവുമായിരിക്കണം നിയമവും നിയമാനുഷ്ഠാനവും. അത് അടിച്ചേല്പിക്കേണ്ടവയല്ല. നിയമം സ്നേഹത്തിലും സ്വാതന്ത്ര്യത്തിലും അധിഷ്ഠിതമാണെങ്കില്‍ അത് തീര്‍ച്ചയായും രക്ഷയുള്ള ഉപാധിയായി മാറും. രക്ഷാകരചരിത്രത്തിന്‍റെ താക്കോല്‍ വാക്യമാണ്, മനുഷ്യരോടുള്ള സ്നേഹത്താല്‍ ദൈവം തരുന്ന ദാനമാണ് രക്ഷ. അതിനാല്‍ നിയമം സ്നേഹത്തിന്‍റെ പൂര്‍ത്തീകരണമാണെന്നും നാം പഠിക്കുന്നു (റോമ 13 10).

കാരുണ്യത്തിന്‍റെ  രക്ഷാമാര്‍ഗ്ഗം     ദൈവമാണ് നിയമദാതാവ്. അവിടുന്നാണ് അടിസ്ഥാന കല്പനകള്‍ നല്കിയത്. എന്നാല്‍ ഇത് വെളിപാടല്ല, ദൈവം മനുഷ്യരോടൊത്തു വസിക്കുന്നു എന്നതാണ് വെളിപാട്. അതാണ് ക്രിസ്തുവില്‍ ദൃശ്യമായതും വെളിപ്പെട്ടു കിട്ടിയതും. ഈ കാഴ്ചപ്പാട് ഇല്ലാതാകുമ്പോള്‍ നാം നിയമത്തിന്‍റെ സങ്കുചിതഭാവം ഉള്‍ക്കൊള്ളുകയും, സൗകര്യാര്‍ത്ഥം നിയമത്തിന്‍റെ പക്ഷം ചേരുകയും ചെയ്യുന്നു. രക്ഷയുടെ വെളിപാടു ലഭിച്ച അബ്രാഹം മുതല്‍ ക്രിസ്തുവരെ ദൈവം മനുഷ്യരോടു ചേര്‍ന്നു നടക്കുന്നതു കാണാം. അവര്‍ രക്ഷയുടെ മാര്‍ഗ്ഗം മനസ്സിലാക്കിയവരാണ്. ദൈവിക സാമീപ്യം രക്ഷാമാര്‍ഗ്ഗമാണ്. ആ സാമീപ്യം പ്രാര്‍ത്ഥനയുമാണ്. പ്രാര്‍ത്ഥനയില്ലാതായാല്‍ ദൈവിക സാമീപ്യവും സാന്നിദ്ധ്യവും നമ്മുടെ ജീവിതത്തില്‍ നഷ്ടമാകും. ദൈവത്തോടു ചേര്‍ന്നു നില്ക്കുകയും അവിടുത്തെ നമിക്കുകയും ചെയ്യുന്നതാണ് ദൈവശാസ്ത്രം. ധാര്‍മ്മിക ശാസ്ത്രവും ദൈവികമാണ്.

 നീതീകരിക്കുന്ന ദൈവികകാരുണ്യം   ക്രിസ്തു സാമീപ്യത്തിന്‍റെ സമുന്നതഭാവമാണ് കുരിശില്‍ അവിടുന്ന നീതീകരിക്കപ്പെട്ടത്. പൗലോസ് അപ്പസ്തോലന്‍ അത് സമര്‍ത്ഥിക്കുന്നു (ഗലേ. 3, 21). അതിനാല്‍ കാരുണ്യവും കാരുണ്യപ്രവൃത്തികളും നിയമത്തിന്‍റെ പൂര്‍ത്തീകരണമാണ്. അജപാലകര്‍ കരുണയുടെ വാതില്‍ സാധാരണ ജനങ്ങള്‍ക്കു മുന്നില്‍ സയുക്തമായി കൊട്ടിയടയ്ക്കരുത്. കാനോനികമായി വിവാഹിതരാകാത്തവരുടെ കുഞ്ഞുങ്ങള്‍ക്ക് മാമോദീസ അവര്‍ ചോദിക്കുമ്പോഴും നിഷേധിക്കുന്നത് ഇന്ന് സാധാരണമാണ്. ദൈവികകാരുണ്യം അജപാലകര്‍ അറിവോടെ അവര്‍ക്കായി നിഷേധിക്കുകയാണ്. അതുപോലെ, വിവാഹമോചനം നേടിയ ഭര്‍ത്താവുണ്ടെങ്കില്‍, ഭാര്യ കുഞ്ഞിനുവേണ്ടി മാമോദീസ ചോദിച്ചാല്‍ നിഷേധിക്കുന്ന ഇടവകവൈദികര്‍ ഇന്നുമുണ്ട്. ക്രിസ്തുവിന്‍റെ കാലത്തെ ഫരീസേയരല്ലേ അങ്ങനെയെങ്കില്‍ ഇന്നും സഭയിലുള്ളത്. അറിവിന്‍റെ താക്കോള്‍ നഷ്ടമായവരാണു നാം. ദൈവികകാരുണ്യത്തിന്‍റെ കവാടം സാധാരണ ജനങ്ങള്‍ക്കെതിരെ കൊട്ടിയടയ്ക്കുകയല്ലേ നാം ചെയ്യുന്നത്!?  








All the contents on this site are copyrighted ©.