2017-10-19 17:47:00

ജമ്മു-കാശ്മീരിലെത്തിയ രോഹിംഗ്യ അഭയാര്‍ത്ഥികള്‍


രോഹിംഗ്യ അഭയാര്‍ത്ഥികളെ കൈവെടിയരുതെന്ന് ജമ്മു-കാശ്മീര്‍ രൂപതാദ്ധ്യക്ഷ്യന്‍, ബിഷപ്പ് ഐവന്‍ പെരേരാ അഭ്യര്‍ത്ഥിച്ചു. ബഹുഭൂരിപക്ഷം ബുദ്ധമതക്കാരുള്ള ബര്‍മ്മയുടെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ വളര്‍ന്ന ഇസ്ലാമിക വിദ്വേഷമാണ് ഏറെ പാവങ്ങളുള്ള രോഹിഗ്യ-മുസ്ലീം സമൂഹത്തിന്‍റെ ബര്‍മ്മയില്‍നിന്നുമുള്ള ബഹിഷ്ക്കരണത്തിന് കാരണമായിരിക്കുന്നത്.  

ജമ്മുവില്‍ എത്തിയിട്ടുള്ള 1200-ല്‍ അധികം കുടുംബങ്ങളില്‍ 5000-ത്തിലും ഏറെയുള്ള രോഹിംഗ്യ അഭയാര്‍ത്ഥികളുടെ കുടിയേറ്റം അനധികൃതമെന്ന് (Illegal) ഇന്ത്യ ഗവണ്‍മെന്‍റ് പ്രഖ്യാപിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് അഭയം തേടിയെത്തുന്ന പാവങ്ങളായവര്‍ ഹിന്ദുവെന്നോ മുസ്ലീമെന്നോ നോക്കാതെ സഹാനുഭാവം കാട്ടണമെന്ന് ബിഷപ്പ് പെരേരാ സര്‍ക്കാരിനോട് അഭ്യാര്‍ത്ഥിച്ചതെന്ന്, ജമ്മുവില്‍നിന്നും വാര്‍ത്താ ഏജെന്‍സികള്‍ അറിയിച്ചു.

ഇന്ത്യയുടെ രാജ്യാതിര്‍ത്തിയില്‍ പാര്‍ക്കാന്‍ രോഹിംഗ്യകള്‍ അയോഗ്യത കല്പിക്കുമ്പോഴും കുഞ്ഞുങ്ങളും സ്ത്രീകളും അടക്കമുള്ളവരുടെ ശാരീരക ബുദ്ധിമുട്ടുകളും ജീവിത ക്ലേശങ്ങളും പരിഗണിച്ച് മനുഷ്യാന്തസ്സിന് ഇണങ്ങുംവിധം അവരുടെ അടിയന്തിരാവശ്യങ്ങള്‍ നടത്തിക്കൊടുക്കണമെന്ന് മോദി സര്‍ക്കാരിനോട് ഒക്ടോബര്‍ 18-ന് ഇറക്കിയ പ്രസ്താവനയിലൂടെ ബിഷപ്പ് പെരേരാ അഭ്യര്‍ത്ഥിക്കുകയുണ്ടായി. സര്‍ക്കാരിന്‍റെ നിരോധനാജ്ഞ കൂടാതെ പാവങ്ങളും അഭായാര്‍ത്ഥികളുമായ രോഹിംഗ്യ മുസ്ലിങ്ങള്‍ ജമ്മു-കാശ്മീരിലെ ഹിന്ദു മൗലികവാദികളുടെ പ്രതിരോധവും നേരിടുന്നുണ്ടെന്ന് ബിഷപ്പ് പെരേരാ വാര്‍ത്താ ഏജെന്‍സികളോട് വെളിപ്പെടുത്തി.

 മതങ്ങളുടെ ഏറ്റുമുട്ടലില്‍ ബര്‍മ്മയിലെ (മ്യാന്മാറിലെ) സാമൂഹിക സ്ഥിതിഗതികള്‍ കലങ്ങി മറിഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് 2017 നവംബര്‍ 26-മുതല്‍ ഡിംസബര്‍ 2-വരെ തിയതികളില്‍ പാപ്പാ ഫ്രാന്‍സിസ് ആദ്യം ബര്‍മ്മയും തുടര്‍ന്ന് ബാംഗ്ലാദേശും സന്ദര്‍ശിക്കുന്നത്.   








All the contents on this site are copyrighted ©.