2017-10-18 20:03:00

അഭയംതേടുന്നവരെ നിഷേധിക്കരുതെന്ന് വത്തിക്കാന്‍റെ പ്രതിനിധി


അഭയാര്‍ത്ഥികളുടെ അവകാശങ്ങള്‍ അനിഷേധ്യമാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ജനീവ കേന്ദ്രത്തിലെ വത്തിക്കാന്‍റെ സ്ഥിരംനിരീക്ഷകന്‍, ആര്‍ച്ചുബിഷപ്പ് ഐവന്‍ യര്‍ക്കോവിച്ചു പ്രസ്താവിച്ചു. മനുഷ്യാവകാശത്തിനായുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ജനീവാ കേന്ദ്രത്തില്‍ ഒക്ടോബര്‍ 17-Ɔ൦ തിയതി ചൊവ്വാഴ്ച ഒത്തുചേര്‍ന്ന അഭയാര്‍ത്ഥികളെ സംബന്ധിച്ച രാഷ്ട്രപ്രതിനിധികളുടെ രണ്ടാമത് ആഗോള ഉടമ്പടി സംഗമത്തിലാണ് അദ്ദേഹം, പാപ്പാ ഫ്രാന്‍സിസിനെ ഉദ്ധരിച്ചുകൊണ്ട് ഇങ്ങനെ പ്രസ്താവിച്ചത്. മനുഷ്യാന്തസ്സു മാനിച്ചുകൊണ്ട് അഭയാര്‍ത്ഥികളുടെ അടിസ്ഥാന സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടത് അന്യാധീനപ്പെടുത്താനാവാത്ത അവകാശമാണെന്ന് അദ്ദേഹം സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു.

തങ്ങളുടെ സമൂഹിക ക്ലേശങ്ങളുടെ പരിമിതികളില്‍നിന്നുകൊണ്ടും അഭയാര്‍ത്ഥികളോട് അനുകമ്പകാട്ടുകയും അവരെ തുറവോടെ സ്വീകരിക്കുകയുംചെയ്യുന്ന രാജ്യങ്ങളെ മനസ്സിലാക്കി രാജ്യാന്തര സമൂഹം അവരെ പിന്‍തുണയ്ക്കേണ്ടതുമാണ്. രാജ്യങ്ങളുടെ ഐക്യദാര്‍ഢ്യവും പിന്‍ബലവുമില്ലാതെ അഭയാര്‍ത്ഥികളുടെ അടിസ്ഥാന അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കുക സാദ്ധ്യമല്ല. ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന അഭയാര്‍ത്ഥി സംഘങ്ങള്‍ക്ക് അന്താരാഷ്ട്ര സമൂഹം എന്നും പിന്‍തുണ നല്കണമെന്ന് ഐക്യരാഷ്ട്ര സംഘടയുടെ 1951-ലെ സംഗമം തീരുമാനിച്ചിട്ടുള്ളതാണ്. അതിനാല്‍ വിപ്രവാസികളായ ജനങ്ങളെ സ്വീകരിക്കുന്ന രാഷ്ട്രങ്ങളെ രാജ്യാന്തരസമൂഹം അവരുടെ സാമ്പത്തിക ഉപായസാദ്ധ്യതകള്‍ പങ്കുവച്ചുകൊണ്ട് തുണയ്ക്കുകയും അവരുടെ വികസനത്തിനായി പരിശ്രമിക്കുകയും ചെയ്യേണ്ടതാണ്.

രാഷ്ട്രങ്ങള്‍ അഭയാര്‍ത്ഥികളോടു കാണിക്കുന്ന ഉത്തരവാദിത്വപൂര്‍ണ്ണവും നീതിനിഷ്ഠവുമായ വരവേല്പാണ് മനുഷ്യാന്തസ്സിന് ഇണങ്ങുന്ന അടിസ്ഥാന ആവശ്യമായ പാര്‍പ്പിട സൗകര്യം നല്കല്‍. ഇന്ന് ലോകത്തു വര്‍ദ്ധിച്ചുവരുന്ന വന്‍അഭയാര്‍ത്ഥി സമൂഹങ്ങളുടെ അവസ്ഥ ഏറെ തിക്തവും ക്ലേശപൂര്‍ണ്ണവുമാണ്. ജീവിത പ്രതിസന്ധികളുടെ സങ്കീര്‍ണ്ണതയുള്ള നവമായ ചക്രവാളങ്ങള്‍ അങ്ങനെ ലോകത്ത് അനുദിനം തുറക്കപ്പെടുന്നുണ്ട്. ആര്‍ച്ചുബിഷപ്പ് യര്‍ക്കോവിച്ച് സമ്മേളനത്തെ ചൂണ്ടിക്കാട്ടി. അതിനാല്‍ അഭയാര്‍ത്ഥികളെ തട‍ഞ്ഞുവയ്ക്കുകയോ, അവര്‍ അര്‍ഹിക്കുന്ന പിന്‍തുണ മനഃപൂര്‍വ്വം നല്കാതിരിക്കുകയോ ചെയ്യുന്നത് രാജ്യാന്തര നിയമങ്ങളുടെ ലംഘനവും, അന്യായവും അനീതിയുമാണ്. ക്ലേശിക്കുന്ന വിപ്രവാസികളായ മാനവസമൂഹത്തിന്‍റെ സുരക്ഷയ്ക്കായി ഓരോ രാജ്യത്തെയും സന്ന്യാസ സമൂഹങ്ങളും വിശ്വാസസമൂഹങ്ങളും മുന്നോട്ടു വരേണ്ടതാണെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് ആര്‍ച്ചുബിഷപ്പ് യര്‍ക്കോവിച്ച് പ്രഭാഷണം ഉപസംഹരിച്ചത്.

 








All the contents on this site are copyrighted ©.