2017-10-16 16:18:00

''വിശപ്പിന്‍റെ വിലാപം, നീതിയുടെ പ്രശ്നമാണ്'': മാര്‍പ്പാപ്പ


ലോകഭക്ഷ്യദിനമായ ഒക്ടോബര്‍ 16, തിങ്കളാഴ്ച, റോമില്‍, യു.എന്‍  ഭക്ഷ്യകാര്‍ഷികസംഘടനയുടെ (FOOD AND AGRICULTURE ORGANIZATION, FAO) ആസ്ഥാനത്ത് ഫ്രാന്‍സീസ് പാപ്പാ ലോകരാഷ്ട്രങ്ങളുടെ നേതാക്കാളെ അഭിസംബോധന ചെയ്തു. 
''മാനവകുലത്തിന്‍റെ പ്രതീക്ഷകളോടു പ്രത്യുത്തരിക്കാന്‍ കഴിയുന്നതരത്തിലുള്ള വളര്‍ച്ച രാജ്യാന്തരബന്ധങ്ങളില്‍ പ്രകടമാണ്...  എന്നിരുന്നാലും ആഗോളജനസംഖ്യയുടെ ഒരു നല്ല ഭാഗത്തെ ഈ വളര്‍ച്ചയില്‍ നിന്ന് ഒഴിവാക്കുന്ന സാഹചര്യത്തെ ഇല്ലാതാക്കാന്‍ നമുക്കു കഴിയുന്നില്ല'' എന്ന വസ്തുത ലോകനേതാക്കളുടെ മുമ്പില്‍ ഫ്രാന്‍സീസ് പാപ്പാ വ്യക്തമാക്കി. പട്ടിണിയും കുടിയേറ്റവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അതിന്‍റെ മൂലകാരണങ്ങളെക്കുറിച്ചും ചൂണ്ടിക്കാട്ടിയ പാപ്പാ  സംഘട്ടനങ്ങളും പരിസ്ഥിതിവ്യതിയാനവും എന്നിവയെ അതിജീവിക്കുക എന്നതുമാത്രമാണ് ഇതിനു പരിഹാരമെന്നു നിര്‍ദ്ദേശിച്ചു. 

കുടിയേറ്റത്തെ, അതിന്‍റെ ദയനീയതയെ വെളിപ്പെടുത്തിക്കൊണ്ട് പാപ്പാ ചോദിച്ചു: ''പരിസ്ഥിതി വ്യതിയാനം, അക്രമം, അന്നന്നപ്പം ഇല്ലായ്മ എന്നിവയാല്‍ തങ്ങളെയും തങ്ങളുടെ തലമുറകളെയും മറന്നുകൊണ്ട് പലായനം ചെയ്യുന്നവരെ എങ്ങനെയാണു നമുക്കു തടയാന്‍ കഴിയുക?  നിയമങ്ങള്‍ക്കോ, ആദര്‍ശങ്ങളുടെ വേലിക്കെട്ടുകള്‍ക്കോ, സമ്പത്തിനോ, ശക്തിക്കോ ഇതിനു കഴിവില്ല.  ഉചിതമായ മാനവികതത്വങ്ങള്‍ നടപ്പിലാക്കിക്കൊണ്ടേ ഇതു കഴിയുകയുള്ളു...''

''സംഘട്ടനങ്ങളെ എങ്ങനെ അതിജീവിക്കാം?'' എന്നു ചോദിച്ചുകൊണ്ട് പാപ്പാ തുടര്‍ന്നു: ''നമുക്കു ക്രമീകൃതമായി, നിരന്തരമായി നിരായുധീകരണം നടപ്പില്‍ വരുത്തുന്നതിന് അധ്വാനിക്കേണ്ടതുണ്ട്... അതുപോലെ, മനുഷ്യക്കടത്ത് എന്ന നീചബാധയ്ക്ക് പരിഹാരം കാണേണ്ടതുണ്ട്...''  ഫലപ്രദമായി സമാധാനത്തിനും നിരായുധീകരണത്തിനുമായി പരിശ്രമിക്കുന്നില്ലെങ്കില്‍ അനേകായിരങ്ങള്‍ പട്ടിണിയിലും ദുരിതത്തിലുമാണ് എന്നു റിപ്പോര്‍ട്ടു ചെയ്യുന്നതിന്‍റെ സാംഗത്യമെന്ത്? എന്നു പാപ്പാ ചോദിച്ചു.
''പരിസ്ഥിതിവ്യതിയാനം, അതിന്‍റെ പരിണിതഫലങ്ങള്‍ ഓരോ ദിവസവും നാം കണ്ടുകൊണ്ടിരിക്കുകയാണ്''...  അന്താരാഷ്ട്ര സമൂഹം പരിസ്ഥിതിവ്യതിയാനത്തിന്‍റെ ദുരന്തം മുന്നില്‍ കണ്ടുകൊണ്ടു,  പാരീസ് ഉടമ്പടി പോലുള്ള, പ്രതിബദ്ധതയോടെ പരിഹാര മാര്‍ഗങ്ങളെ തേടുന്നതില്‍ അഭിനന്ദനമറിയിച്ച പാപ്പാ, നമ്മുടെ ഗ്രഹത്തിന്‍റെ പരിമിതവിഭവങ്ങളെ അമിതലാഭേച്ഛയോടെ, അത്യാഗ്രഹത്തോടെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കുന്നതിന് ആവശ്യപ്പെട്ടു... 'ഇക്കാര്യത്തില്‍ മറ്റുള്ളവര്‍ ചിന്തിക്കട്ടെ' എന്ന മനോഭാവം നമ്മില്‍ നിന്നൊഴിവാക്കുകയും, ജീവിതശൈലി, വിഭവങ്ങളുടെ ഉപഭോഗം, ഉല്പാദനം എന്നിവയില്‍ മിതത്വമുള്ളവരായിരിക്കുകയും, പ്രത്യേകിച്ചും ഭക്ഷ്യവിഭവങ്ങള്‍ നഷ്ടപ്പെടുത്താതിരിക്കുന്നതില്‍ അതീവശ്രദ്ധ ഉള്ളവരായിരിക്കുകയും വേണം...   സാമ്പത്തിക ക്ഷേമമെന്നത്, ഉപഭോഗത്തിന്‍റെയല്ല, ജനത്തിന്‍റെ യഥാര്‍ഥ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള കഴിവിന്‍റെ തോതനുസരിച്ച് അളക്കപ്പെടണം..'' പാപ്പാ ലോകരാഷ്ട്രങ്ങളെ അനുസ്മരിപ്പിച്ചു.

''പുറന്തള്ളപ്പെട്ടവരും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുമായ നമ്മുടെ സഹോദരങ്ങളുടെ നിലവിളി നാം കേള്‍ക്കുന്നു; എനിക്കു വിശക്കുന്നു, ഞാന്‍ പരദേശിയാണ്, നഗ്നനാണ്, രോഗിയാണ്, അഭയാര്‍ഥി ക്യാമ്പില്‍ അടയ്ക്കപ്പെട്ടവനാണ്...  ഇതു നീതിയുടെ പ്രശ്നമാണ്.. വിശാലമായ, സത്യസന്ധമായ സംവാദങ്ങള്‍ അന്താരാഷ്ട്രരംഗങ്ങളെ നിയന്ത്രിക്കുന്നവര്‍ക്കുണ്ടാകണം''. പാപ്പാ പ്രവാചകധീരതയോടെ ചൂണ്ടിക്കാട്ടി.   

''കത്തോലിക്കാസഭ, അതിന്‍റെ വിവിധ പ്രസ്ഥാനങ്ങളിലൂടെ, പരിഹൃതമാക്കപ്പെടേണ്ട, നേരിട്ടുള്ള സംഭാവനകള്‍ ആവശ്യപ്പെടുന്ന ഈ സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായി അറിയുന്നുണ്ട്... ഒപ്പം ഈ ആവശ്യങ്ങളെ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ പങ്കുവയ്ക്കപ്പെടേണ്ടതിന്‍റെ ഉത്തരവാദിത്വത്തെക്കുറിച്ചും...''   മാനവകുടുംബത്തിന്‍റെ നന്മയെ കാത്തുസൂക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനു ധീരതയോടെയുള്ള തത്വങ്ങളും സംഭാവനകളും ഭക്ഷ്യകാര്‍ഷികസംഘടനയ്ക്കും മറ്റ് അന്തര്‍ദേശീയ സംഘടനകള്‍ക്കും നല്‍കുന്നതിന് കഴിയട്ടെ എന്ന ആശംസയോടെയാണ് പാപ്പാ പ്രഭാഷണം അവസാനിപ്പിച്ചത്.

ഒക്ടോബര്‍ 16-ാം തീയതി രാവിലെ ഒന്‍പതുമണിക്ക് FAO-യിലെത്തിയ പാപ്പായെ ഡയറക്ടര്‍ ജനറല്‍ ഡോ. ഹൊസെ ഗ്രാസ്സിയാനോ ദ സില്‍വ, ഈ സംഘടനയയ്ക്കുവേണ്ടിയുള്ള വത്തിക്കാന്‍റെ സ്ഥിരം നിരീക്ഷകന്‍ മോണ്‍. ഫെര്‍ണാണ്ടോ അരെല്ലാനോ തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു.  വിവിധ രാജ്യങ്ങളിലെ ഭക്ഷ്യകാര്‍ഷികവകുപ്പു കൈകാര്യം ചെയ്യുന്ന മന്ത്രിമാരുള്‍പ്പെടെയുള്ള രാഷ്ട്രനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷമായിരുന്നു പാപ്പായുടെ പ്രഭാഷണം.

 








All the contents on this site are copyrighted ©.