2017-10-13 06:59:00

വിശ്വാസനിക്ഷേപം കാത്തുസൂക്ഷിക്കുക,പ്രകൃത്യാ, സഭയുടെ ദൗത്യം


യേശുവിന്‍റെ സുവിശേഷപ്രബോധനങ്ങളില്‍ സന്നിഹിതമായിരിക്കുന്ന സത്യം യുഗാന്തം വരെ പൂര്‍ണ്ണതയില്‍ വളരുന്നതിന് വിശ്വാസനിക്ഷേപം കാത്തുസൂക്ഷിക്കുകയും തനതായ സരണിയില്‍ ചരിക്കുകയും ചെയ്യുക എന്നത് സഭയുടെ സ്വഭാവത്തില്‍ത്തന്നെ അടങ്ങിയിരിക്കുന്നുവെന്ന് മാര്‍പ്പാപ്പാ.

കത്തോലിക്കാസഭയുടെ മതബോധനം 1992 ഒക്ടോബര്‍ 11ന് പ്രകാശനംചെയ്യപ്പെട്ടതിന്‍റെ  ഇരുപത്തിയഞ്ചാം വാര്‍ഷികത്തോട്, അതായത്, രജതജൂബിലിയോട് അനുബന്ധിച്ച്, നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതി സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുത്തവരെ, ബുധനാഴ്ച(11/10/17) വൈകുന്നേരം, വത്തിക്കാനില്‍ സ്വീകരിച്ച് സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

സനാതന സദ്വാര്‍ത്ത നമ്മു‍ടെ സമകാലീനരോട് നൂതനവും സമ്പൂര്‍ണ്ണവുമായ വിധത്തില്‍ പ്രഘോഷിക്കുകയെന്ന ദൗത്യം നമ്മുടെ ഉത്തരവാദിത്വമാണെന്ന് പാപ്പാ തദ്ദവസരത്തില്‍ ഓര്‍മ്മിപ്പിച്ചു.

നൂറ്റാണ്ടുകളുടെ ഗതിയില്‍ പരിശുദ്ധാരൂപി സഭയ്ക്ക് പകര്‍ന്നുനല്കിയ വിശ്വാസസംബന്ധിയ പ്രബോധനങ്ങള്‍ കത്തോലിക്കാസഭയുടെ മതബോധനം കണക്കിലെടുക്കുന്നതോടൊപ്പം ഗതാകലത്ത് ഒരിക്കലും സംഭവിക്കാത്തവയും എന്നാലിന്ന് ഉയര്‍ന്നിരിക്കുന്നതുമായ പ്രശ്നങ്ങളെയും നൂതനാവസ്ഥകളേയും വിശ്വാസത്തിന്‍റെ  വെളിച്ചത്താല്‍ പ്രബുദ്ധമാക്കാന്‍ സഹായിക്കുകയും വേണമെന്ന വിശുദ്ധ രണ്ടാം ജോണ്‍പോള്‍ മാര്‍പ്പാപ്പായുടെ വാക്കുകള്‍ ഫ്രാന്‍സീസ് പാപ്പാ അനുസ്മരിക്കുന്നു.

കത്തോലിക്കസഭയുടെ വിശ്വാസപ്രബോധനങ്ങളുടെ കാതല്‍ അനന്തസ്നേഹമാണെന്ന് ഉദ്ബോധിപ്പിക്കുന്ന പാപ്പാ മാനവ ഔന്നത്യത്തെ ഹനിക്കുന്ന വധശിക്ഷയെക്കുറിച്ചും പരാമര്‍ശിക്കുന്നു.

ക്രിസ്തീയമെന്നതിനേക്കാള്‍ നൈയമികമനോഭാവത്താല്‍ പ്രേരിതമാണ് വധശിക്ഷയെന്നും അധികാരം കൈയടക്കിവയ്ക്കാനും ഭൗതികസമ്പത്ത് കുന്നുകൂട്ടാനുമുള്ള ത്വരയുടെ ഫലമായി നിയമത്തിനു നല്കപ്പെട്ട അമിതമായി മുന്‍തൂക്കം സുവിശേഷം ആഴത്തില്‍ മനസ്സിലാക്കുന്നതിന് വിഘാതം സൃഷ്ടിക്കുകയാണെന്നുമുള്ള വസ്തുത നാം അംഗീകരിക്കേണ്ടിയിരിക്കുന്നുവെന്നു പാപ്പാ പറഞ്ഞു.

നിഷ്ഠൂരമായ വധശിക്ഷ  പേപ്പല്‍ സംസ്ഥാനങ്ങളിലും ഗതകാലത്ത് അവലംബിക്കപ്പെട്ടിട്ടുള്ളത് അനുസ്മരിക്കുന്ന പാപ്പാ ആ ചെയ്തികളുടെ ഉത്തരവാദിത്വം നാം ഏറ്റെടുക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.

മാനവാന്തസ്സ് ഉയര്‍ത്തിപ്പിടിക്കേണ്ടയിടങ്ങളില്‍ ഇന്നും നാം മൗനം പാലിച്ചാല്‍ നാം കൂടുതല്‍ കുറ്റക്കാരായി ഭവിക്കുമെന്നും പാപ്പാ മുന്നറിയിപ്പു നല്കുന്നു.

കുറ്റകൃത്യം എത്ര ഗൗരവതരമായാലും അതിന് വധശിക്ഷ നല്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലയെന്നും, കാരണം, അത് മനുഷ്യവ്യക്തിയുടെ അലംഘനീയതയ്ക്കും ഔന്നത്യത്തിനും നേര്‍ക്കുള്ള ആക്രമണമാണെന്നും പാപ്പാ പറയുന്നു.

 

 








All the contents on this site are copyrighted ©.