2017-10-13 11:21:00

കുഞ്ഞുങ്ങള്‍ വെന്തു മരിച്ച സംഭവത്തില്‍ പാപ്പാ വേദനിക്കുന്നു


ബ്രസീലിലെ ജനൗബ നഗരത്തിലെ ഒരു ശിശുവിദ്യാലയത്തില്‍ അടുത്തയിടെയുണ്ടായ തീപിടുത്തത്തില്‍ ഏതാനും കുട്ടികള്‍ വെന്തുമരിച്ച ദാരുണസംഭവത്തില്‍ മാര്‍പ്പാപ്പാ അനുശോചനം രേഖപ്പെടുത്തി.

വത്തിക്കാന്‍ സംസ്ഥാനകാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ ഫ്രാന്‍സീസ് പാപ്പായുടെ നാമത്തില്‍ കൈയ്യൊപ്പിട്ട് ജനൗബ രൂപതയുടെ മെത്രാന്‍ റിക്കാര്‍ദൊ  ഗ്വെരീനൊ ബുസ്സാത്തിക്ക് (Ricardo Guerrino Brussati) അയച്ച ഒരു കത്തിലാണ് പാപ്പായുടെ ഈ ഖേദപ്രകടനമുള്ളത്.

ശിശുവിദ്യാലയത്തിലെ, മാനസികാസ്വസ്ഥ്യമുള്ളയാളാണെന്നു പറയപ്പെടുന്ന, കാവല്‍ക്കാരന്‍ ഇക്കഴിഞ്ഞ അഞ്ചാം തിയതിയാണ് (05/10/17) ഈ ബാലവാടിക്ക് തീകൊളുത്തിയത്.

ഈ ദുരന്തത്തില്‍ 6 കുട്ടികള്‍ മരണമടയുകയും 25 കുട്ടികള്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു.

ബുദ്ധിശൂന്യമായ ഈ ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞ കുഞ്ഞുങ്ങളെയോര്‍ത്തു   കേഴുന്ന അവരുടെ മാതാപിതാക്കളുടെയും പരിക്കേറ്റവരുടെയും ചാരെ താനുണ്ടെന്ന് മാര്‍പ്പാപ്പാ ഉറപ്പു നല്കുകയും അവരെ തന്‍റെ ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്യുന്നു.

ജനൗബ രൂപത പാപ്പായുടെ ഈ അനുശോചനക്കത്ത് വ്യാഴാഴ്ച(12/10/17) ആണ് പരസ്യപ്പെടുത്തിയത്. 

 








All the contents on this site are copyrighted ©.