2017-10-13 12:32:00

"ഏകീകൃത" കായികമത്സാരാര്‍ത്ഥികള്‍ക്ക് പാപ്പായുടെ പ്രോത്സാഹനം


വ്യക്തിയുടെ മൂല്യത്തിലേക്കും ഔന്നത്യത്തിലേക്കും നയനങ്ങളെയും ഹൃദയങ്ങളേയും തുറക്കുന്നതായൊരു കായികമത്സരത്തിന്‍റെ പ്രതീകമാണ് അസാധാരണ ഒളിമ്പിക്ക് കായികതാരനിരയെന്ന് മാര്‍പ്പാപ്പാ.

ബുദ്ധിമാന്ദ്യമുള്ളവരും ഇല്ലാത്തവരും ഒന്നിച്ചു കളിക്കുന്ന ഏകീകൃത കാല്പന്തു മത്സരത്തില്‍ പങ്കെടുക്കുന്ന, അസാധാരണ ഒളിമ്പിക്ക് താരങ്ങള്‍ അടങ്ങിയ 350ഓളം പേരുടെ സംഘത്തെ വെള്ളിയാഴ്ച (13/10/17) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

വ്യക്തികളുടെ മൂല്യവും അന്തസ്സും അവഗണിക്കപ്പെടുന്ന പക്ഷം അവര്‍ മുന്‍വിധികള്‍ക്കും അവഗണനയ്ക്കും ഇരകളായിത്തീരുമെന്ന് പാപ്പാ പറഞ്ഞു.

ബുദ്ധിമാന്ദ്യമുള്ളവരും ഇല്ലാത്തവരും ഒന്നിച്ചു കളിക്കുന്ന ഏകീകൃത കായികമത്സരത്തിന്‍റെ പ്രാധാന്യം ആവര്‍ത്തിച്ചു പ്രഖ്യാപിക്കപ്പെടുന്ന ദിനങ്ങളാണിതെന്ന് പാപ്പാ ഒക്ടോബര്‍, നവമ്പര്‍, ഡിസമ്പര്‍ മാസങ്ങളില്‍ വവിധ ഇനങ്ങളില്‍ ഭിന്നരാജ്യങ്ങളിലായി നടക്കുന്ന ഏകീകൃത കായിക മത്സരങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസ്താവിച്ചു.

പ്രതിജ്ഞാബദ്ധതയോടും ബോധ്യത്തോടും കൂടെ മുന്നോട്ടുകൊണ്ടു പോകുന്ന ഏകീകൃത കായികമത്സരം ഭാവാത്മകമായ ഒരു ഭാവിയെയും ഫലദായകമായ കായികമത്സരത്തെയും സംബന്ധിച്ച പ്രത്യാശ പ്രദാനം ചെയ്യുന്ന ഒരു സുന്ദര യാഥാര്‍ത്ഥ്യമാ​ണെന്നും അത് ഉള്‍ച്ചേര്‍ക്കലിന്‍റെയും പങ്കാളിത്തത്തിന്‍റെയും യഥാര്‍ത്ഥ  അവസരമായിത്തീരുന്നുവെന്നും പാപ്പാ പറഞ്ഞു.

സ്വന്തം കഴിവുകള്‍ പൂര്‍ണ്ണമായി വികസിപ്പിച്ചെടുക്കാനും സാക്ഷാത്ക്കരിക്കാനും കഴിയുന്ന ഉപരി സാഹോദര്യം വാഴുന്ന ഒരു സമൂഹത്തിന്‍റെ നിര്‍മ്മിതിക്കായുള്ള തങ്ങളുടെ കൂട്ടായ പരിശ്രമം ലോകത്തിനു കാണിച്ചുകൊടുക്കുന്നതില്‍ ഒരിക്കലും തളരരുതെന്ന് പാപ്പാ ഈ കായികതാരങ്ങള്‍ക്ക് പ്രോത്സാഹനം പകരുകയും ചെയ്തു.

കായികലോകവുമായി ബന്ധപ്പെട്ട ഇത്തരം സംരംഭങ്ങള്‍ക്ക് സഭയുടെ ഭാഗത്തുനിന്ന് എന്നും പിന്തുണ ഉണ്ടെന്ന് പാപ്പാ ഉറപ്പുനല്കി.

ഉല്ലാസത്തോടൊപ്പം സൗഹൃദവും ഐക്യദാര്‍ഢ്യവും വളര്‍ത്താന്‍ പാപ്പാ ഏകീകൃത കായികമത്സാരാര്‍ത്ഥികള്‍ക്ക് പ്രചോദനം പകരുകയും ചെയ്തു.-








All the contents on this site are copyrighted ©.