2017-10-10 16:48:00

ജര്‍മന്‍ പ്രസിഡന്‍റ് ഫ്രാങ്ക് വാള്‍ട്ടര്‍ പാപ്പായെ സന്ദര്‍ശിച്ചു


ഒക്ടോബര്‍ ഒന്‍പതാംതീയതി തിങ്കളാഴ്ച, രാവിലെ പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് പാപ്പാ, ജര്‍മന്‍ ഫെഡറല്‍ റിപ്പബ്ലിക്കിന്‍റെ പ്രസിഡന്‍റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റൈന്‍മയറിനെ അപ്പസ്തോലിക മന്ദിരത്തില്‍ സ്വീകരിച്ചു എന്ന് വത്തിക്കാന്‍ വാര്‍ത്ത.

സൗഹൃദചര്‍ച്ചയില്‍, പരിശുദ്ധ സിംഹാസനവും ജര്‍മനിയുമായുള്ള ഫലപ്രദമായ സഹകരണത്തെക്കുറിച്ചും ഉറ്റ സൗഹൃദത്തെക്കുറിച്ചും പരാമര്‍ശിക്കുകയും അതിലുള്ള സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു. ഇതരമതങ്ങളും, ഇതരക്രൈസ്തവസഭകളുമായുള്ള ഭാവാത്മകമായ സംവാദത്തിന്, പ്രത്യേകിച്ച്, ലൂഥറന്‍ നവീകരണത്തിന്‍റെ അഞ്ചാം ശതാബ്ദിയോടനുബന്ധിച്ച് കത്തോലിക്കരും പ്രൊട്ടസ്റ്റന്‍റുകാരുമായുള്ള സംവാദത്തിന് ജര്‍മനി അവസരം ഒരുക്കിയതില്‍ പാപ്പാ പ്രത്യേകമായ സന്തുഷ്ടി പ്രകടിപ്പിച്ചു. യൂറോപ്പിന്‍റെ സാമ്പത്തികവും മതപരവുമായ സാഹചര്യങ്ങളെക്കുറിച്ചും, കുടിയേറ്റപ്രശ്നങ്ങളെക്കുറിച്ചും ഉള്ള ചര്‍ച്ചയില്‍, കുടിയേറ്റത്തെ സ്വാഗതം ചെയ്യുകയും അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒരു സംസ്ക്കാരം പരിപോഷിപ്പിക്കേണ്ടതിന്‍റെ ആവശ്യകത പാപ്പാ പ്രത്യേകം അനുസ്മരിപ്പിച്ചു.

തുടര്‍ന്ന്, വത്തിക്കാന്‍ സ്റ്റേറ്റു സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്‍, വിദേശബന്ധങ്ങള്‍ക്കായുള്ള കാര്യാലയത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍‍‍ഡ് ഗാള്ളഗര്‍ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി എന്നും വാര്‍ത്തയില്‍ പറയുന്നു.  








All the contents on this site are copyrighted ©.