2017-10-07 12:35:00

സമുദ്രപരിപാലനത്തിന് യുവതയെ പരിശീലിപ്പിക്കുക-പാപ്പാ


സമുദ്രങ്ങള്‍, നരകുലവും പരിസ്ഥിതിയും തമ്മിലുള്ള ഉടമ്പടിയെക്കുറിച്ചുള്ള വിദ്യഭ്യാസത്തിന്‍റെ ആവശ്യകതയെക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് മാര്‍പ്പാപ്പാ.

“നമ്മുടെ സമുദ്രം. ജീവനുവേണ്ടിയുള്ള സമുദ്രം” എന്ന പ്രമേയം സ്വീകരിച്ചിരുന്ന നാലാം അന്താരാഷ്ട്ര സമ്മേളനത്തിന് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ ഫ്രാന്‍സീസ് പാപ്പായുടെ നാമത്തില്‍ ഒപ്പിട്ടു നല്കിയ ഒരു കത്തിലാണ് ഇതുള്ളത്.

സമഗ്രമാനവികസനത്തിനായുള്ള വത്തിക്കാന്‍ വിഭാഗത്തിന്‍റെ പ്രതിനിധി ആര്‍ച്ചുബിഷപ്പ് സില്‍വാനൊ തൊമാസിയാണ് 5,6 തിയതികളില്‍ മാള്‍ട്ടയില്‍ നടന്ന ഈ സമ്മേളനത്തില്‍ ഈ കത്ത് എത്തിച്ചത്.

സമുദ്രങ്ങളെ മലിനവിമുക്തമാക്കി പരിപാലിക്കാന്‍ യുവജനങ്ങളെ പരിശീലിപ്പിക്കുകയും സമുദ്രത്തിന്‍റെ അപാരതയേയും മാഹാത്മ്യത്തെയും കുറിച്ചുള്ള ധ്യാനത്തിലും അറിവിലും മതിപ്പിലും വളരാന്‍ അവരെ സഹായിക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകത പാപ്പാ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തുടങ്ങിയവയാല്‍ സമുദ്രം മലിനമാക്കപ്പെടുകയും സമുദ്രജീവികളുടെയും മനുഷ്യരുടെയും ജീവിതത്തെ അത് ദോഷകരമായി ബാധിക്കുകയും ചെയ്യുന്നതിനെക്കുറിച്ചു സൂചിപ്പിക്കുന്ന പാപ്പാ സമുദ്രത്തിലെ ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുകയും സമുദ്രത്തിന്‍റെ ആരോഗ്യകരമായ അവസ്ഥ നിലനിറുത്തുകയും ചെയ്യുന്ന അനിവാര്യസ്ഥാനങ്ങളായ പവിഴപ്പാറകള്‍ നശിപ്പിക്കപ്പെടുമ്പോള്‍ നിസ്സംഗതയോടെ നോക്കിനില്‍ക്കാനവില്ല എന്നു വ്യക്തമാക്കുന്നു.

കരയിലും കടലിലുമായി നടക്കുന്ന പരസ്പരബന്ധമുള്ള സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍ മാള്‍ട്ട സമ്മേളനത്തില്‍ ചര്‍ച്ചാവിഷയങ്ങളായതിനെക്കുറിച്ചു പരാമര്‍ശിക്കുന്ന പാപ്പാ മനുഷ്യക്കടത്ത്, മത്സ്യബന്ധനവ്യവസായവുമായി ബന്ധപ്പെട്ട മനുഷ്യോചിതമല്ലത്ത തൊഴില്‍ സാഹചര്യങ്ങള്‍, അടിമവേല തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സമൂര്‍ത്ത നടപടികള്‍ സ്വീകരിക്കാന്‍ പ്രചോദനം പകരുന്നു.

സമുദ്രപരിപാലനദൗത്യത്തെ മാനവപുരോഗതിയെക്കുറിച്ചുള്ള സമഗ്രവീക്ഷണത്തിന്‍റെ ഒരു ഭാഗമായി കാണേണ്ടതിന്‍റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടുന്നു.

സമുദ്രങ്ങളെ ഉചിതമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ അന്തര്‍ലീനമായിരിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങള്‍ മുന്‍കൂട്ടിക്കാണുന്നതിനും, ജീവിതശൈലിയില്‍ മാറ്റം വരുത്തുന്നതിനും ഉല്പാദന ഉപഭോഗ നൂതനരീതികള്‍ സംഭാവനചെയ്യുന്നതിനും അങ്ങനെ, അധികൃതവും സമഗ്രവുമായ മാനവപുരോഗതി കൈവരിക്കുന്നതിനും സഹായകമായ പുത്തന്‍ സാങ്കേതികവിദ്യകളുടെ ആവശ്യകതയും പാപ്പാ ഊന്നിപ്പറയുന്നു.

മൂലകാരണങ്ങളെ നേരിടാതെ പലപ്പോഴും നമ്മള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് സമുദ്രത്തില്‍ നടക്കുന്ന ദുരന്തങ്ങളില്‍ ആണെന്നു പറയുന്ന പാപ്പാ ഇന്നത്തെയും നാളത്തെയും നമ്മുടെ സമുദ്രങ്ങളെ, നമ്മുടെ പൊതുഭവനത്തെ, നമ്മുടെ സഹോദരീസഹോദരന്മാരെ സംരക്ഷിക്കുന്നതിന് ഉപരിയുത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്ന് ഓര്‍മ്മിപ്പിക്കുന്നു.








All the contents on this site are copyrighted ©.