2017-10-07 12:26:00

വൈദികപരിശീലനം ദൈവിക പ്രവര്‍ത്തനം -പാപ്പാ


വൈദികപരിശീലനം സഭയുടെ ദൗത്യത്തെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായക ഘടകമാണെന്ന് മാര്‍പ്പാപ്പാ ഓര്‍മ്മപ്പെടുത്തുന്നു.

വത്തിക്കാനില്‍ നിന്ന് മുപ്പതിലേറെ കിലോമീറ്റര്‍ തെക്കുമാറിയുള്ള കാസ്തല്‍ ഗന്തോള്‍ഫൊയില്‍ വൈദികര്‍ക്കായുള്ള സംഘം വൈദികപരിശീലനത്തെ അധികരിച്ച് സംഘടിപ്പിച്ച ചതുര്‍ദിന അന്താരാഷ്ട്രസമ്മേളനത്തില്‍ സംബന്ധിച്ചവരടങ്ങിയ 270 ഓളം പേരുടെ സംഘത്തെ അതിന്‍റെ സമാപാനദിനത്തില്‍, അതായത്, ഈ ശനിയാഴ്ച (07/10/17) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ശരിയായ പരിശീലനം സിദ്ധിച്ച വൈദികരുണ്ടെങ്കില്‍ മാത്രമെ വിശ്വാസ നവീകരണവും ഭാവിയില്‍ ദൈവവിളികളും ഉണ്ടാകുകയുള്ളുവെന്നു പാപ്പാ പറഞ്ഞു.

എന്നാല്‍ വൈദികപരിശീലനം, സര്‍വ്വോപരി, നമ്മുടെ പ്രവര്‍ത്തനങ്ങളെയല്ല, നമ്മുടെ ജീവിതത്തില്‍ ദൈവം നടത്തുന്ന പ്രവര്‍ത്തനത്തെയാണ് ആശ്രയിച്ചിരിക്കുന്നതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

ആകയാല്‍ നമ്മുടെ ഹൃദയത്തെയും നമ്മുടെ ജീവതത്തെയും രൂപപ്പെടുത്താന്‍ കര്‍ത്താവിനെ അനുവദിക്കുന്നതിന്, കര്‍ത്താവിനാല്‍ രൂപപ്പെടുത്തപ്പെടാന്‍ നമ്മെത്തന്നെ വിട്ടുകൊടുക്കുന്നതിന് ഉഉള്ള ധൈര്യം ഇതിനാവശ്യമാണെന്നും പാപ്പാ പറഞ്ഞു.

അനുദിനം കര്‍ത്താവിനാല്‍ രൂപപ്പെടുത്തപ്പെടാന്‍ സ്വയം വിട്ടുകൊടുക്കാത്തവന്‍ മൃതനായ ഒരു പുരോഹിതന്‍, സുവിശേഷത്തോടു താല്പര്യമില്ലാതെ മന്ദതയില്‍ ശുശ്രൂഷ നിര്‍വ്വഹിക്കുന്ന വൈദികന്‍ ആയിരിക്കുമെന്നും, മറിച്ച്, കര്‍ത്താവിനാല്‍ മനയപ്പെടാന്‍ അനുവദിക്കുന്നവന്‍ ഹൃദയത്തില്‍ ഉത്സാഹഭരിതനും സുവിശേഷത്തിന്‍റെ  പുതുമയുടെ ആനന്ദം ഉള്‍ക്കൊള്ളുന്നവനുമായിരിക്കുമെന്നും പാപ്പാ പ്രസ്താവിച്ചു.

  








All the contents on this site are copyrighted ©.