2017-10-06 07:40:00

ഇറാക്കിലെ ജനങ്ങള്‍ക്കായി പാപ്പാ പ്രാര്‍ത്ഥിക്കുന്നു


ഇറാക്കിലെ ജനങ്ങളെ യുദ്ധം ഏല്പിച്ച മുറിവുകള്‍ ദൈവികകാരുണ്യം സൗഖ്യമാക്കട്ടെയെന്ന് മാര്‍പ്പാപ്പാ പ്രാര്‍ത്ഥിക്കുന്നു.

ഇറാക്കില്‍ നിന്ന് കല്‍ദായ കത്തോലിക്കാ പാത്രിയാര്‍ക്കീസ് ലൂയി റാഫേല്‍ പ്രഥമന്‍ സാക്കൊയുടെ നേതൃത്വത്തിലെത്തിയ കല്‍ദായ കത്തോലിക്കാ സിനഡിലെ ഇരുപതോളം അംഗങ്ങളെ വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

യുദ്ധംമൂലം ക്രൈസതവര്‍ നാടുവിട്ടുപോയതും, നാടുവിടാന്‍ നിര്‍ബന്ധിതരായവരില്‍ തിരിച്ചെത്തുന്നവരെ പുനരധിവസിപ്പിക്കുന്നതും, ഗ്രാമങ്ങളുടെ പുനര്‍ നിര്‍മ്മാണവുമുള്‍പ്പടെയുള്ള പലപ്രശ്നങ്ങളും, ആരാധനാക്രമം, ദൈവവിളി പരിപോഷണം എന്നിവയെ സംബന്ധിച്ച കാര്യങ്ങളും സിനഡു ചര്‍ച്ചചെയ്യുന്നത്  പാപ്പാ അനുസ്മരിച്ചു.

ഇറാക്കിലെ ചില പ്രദേശങ്ങളെ സംബന്ധിച്ചിടത്തോളം ദുരന്തത്തിന്‍റെ താളുകള്‍ തീര്‍ന്നിരിക്കുകയാണെങ്കിലും ഇനി ഏറെ ചെയ്യാനുണ്ട് എന്നു പാപ്പാ പറഞ്ഞു.

ആകയാല്‍ ഐക്യത്തിന്‍റെ, വിശിഷ്യ, കല്‍ദായകത്തോലിക്കാസഭയിലെയും ഇതര ക്രൈസ്തവസഭകളിലെയും ഇടയന്മാര്‍ തമ്മിലുള്ള ഐക്യത്തിന്‍റെ, ശില്പികളാകാന്‍ പാപ്പാ പ്രചോദനം പകര്‍ന്നു.

ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വത്തിന്‍റെ പശ്ചാത്തലത്തില്‍ ഇറാക്കില്‍ ഈ സഹകരണവും സംഭാഷണവും എന്നത്തെക്കാളുപരി ഇന്ന് ഏറെ ആവശ്യമായിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

ഇറാക്കില്‍ കല്‍ദായ കത്തോലിക്കാസമുഹം എക്യുമെനിക്കല്‍ സംഭാഷണം, മതാന്തരസംവാദം എന്നിവയ്ക്ക് മുന്‍കൈ എടുക്കേണ്ടതിന്‍റെ പ്രാധാന്യവും പാപ്പാ ചൂണ്ടിക്കാട്ടി. 








All the contents on this site are copyrighted ©.