2017-10-05 08:30:00

"ക്രൈസ്തവന്‍ ദുര്യോഗങ്ങളുടെ പ്രവാചകനല്ല"-പാപ്പാ


വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാരപൊതുകൂടിക്കാഴ്ചയുടെ വേദി വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അങ്കണംതന്നെ ആയിരുന്നു ഈ ബുധനാഴ്ചയും (04/10/17). വിവിധ രാജ്യങ്ങളില്‍ നിന്നായി തീര്‍ത്ഥാടകരും സന്ദര്‍ശകരുമുള്‍പ്പടെ നിരവധിപ്പേര്‍ ഇതില്‍ പങ്കെടുത്തു. ഫ്രാന്‍സീസ് പാപ്പാ വെളുത്ത തുറന്ന വാഹനത്തില്‍  അങ്കണത്തില്‍ പ്രവേശിച്ചപ്പോള്‍ ജനങ്ങളുടെ കരഘോഷത്താലും ആനന്ദാരവങ്ങളാലും അന്തരീക്ഷം മുഖരിതമായി.പാപ്പാ എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് ജനങ്ങള്‍ക്കിടയിലൂടെ വാഹനത്തില്‍ നീങ്ങി. പ്രസംഗവേദിയ്ക്കരികില്‍ വാഹനം എത്തിയപ്പോള്‍ പാപ്പാ അതില്‍നിന്നിറങ്ങി നടന്ന് വേദിയിലേക്കു കയറി. റോമിലെ സമയം രാവിലെ 9.45 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.15 ന് പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

ഉത്ഥാനന്തരം യേശു ശിഷ്യര്‍ക്ക് സമാധാനം നേര്‍ന്നുകൊണ്ട് പ്രത്യക്ഷപ്പെടുന്നതും തങ്ങള്‍ കാണുന്നത് ഒരു ഭൂതത്തെയാണെന്നു കരുതി ഭയന്ന അവരുടെ തെറ്റിദ്ധാരണ അവിടന്ന് ദൂരികരിക്കുന്നതുമായ സംഭവം രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന ലൂക്കായുടെ സുവിശേഷം ഇരുപത്തിനാലാം അദ്ധ്യായം 36 മുതല്‍ 41 വരെയുള്ള വാക്യങ്ങള്‍ വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ, പ്രത്യാശയെ അധികരിച്ചു താന്‍ പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിപ്പോരുന്ന പ്രബോധന പരമ്പരയില്‍ പങ്കുവച്ച ചിന്തകള്‍ ഇന്ന് പ്രത്യാശയുടെ പ്രേഷതര്‍ ആയിരിക്കുക എന്നതിനെക്കുറിച്ചായിരുന്നു.

പാപ്പായുടെ പ്രഭാഷണത്തിന്‍റെ സംഗ്രഹം:

“ഇന്ന് പ്രത്യാശയുടെ പ്രേഷിതര്‍” എന്ന ആശയത്തെക്കുറിച്ചു സംസാരിക്കാനാണ് ഇന്നത്തെ പ്ബോധനത്തില്‍ ഞാന്‍ ആഗ്രഹിക്കുന്നത്. സഭയില്‍ പ്രേഷിതപ്രവര്‍ത്തിന് പ്രത്യേകം പ്രതിഷ്ഠിതമായ ഒക്ടോബര്‍മാസത്തിന്‍റെ തുടക്കത്തിലും, പ്രത്യാശയുടെ മഹാപ്രേഷിതനായിരുന്ന വിശുദ്ധ ഫ്രാന്‍സീസ് അസീസ്സിയുടെ തിരുന്നാള്‍ ദിനത്തിലും ഇതെക്കുറിച്ചു ചിന്തിക്കാന്‍ കഴിയുന്നതില്‍ എനിക്കു സന്തോഷമുണ്ട്.

വാസ്തവത്തില്‍, ക്രൈസ്തവന്‍ അനര്‍ത്ഥത്തിന്‍റെ പ്രവാചകനല്ല. നിങ്ങള്‍ക്കു ഇതു മനസ്സിലായോ? നമ്മള്‍ ദുര്യോഗങ്ങളുടെ പ്രവാചകരല്ല. ഇതിനു നേര്‍ വിപരിതമാണ്, അനര്‍ത്ഥത്തിന് വിരുദ്ധമാണ്, അവന്‍റെ  വിളംബരത്തിന്‍റെ കാതല്‍: അതായത്, സ്നേഹത്തെ പ്രതി മരിക്കുകയും ദൈവം പെസഹായുടെ പ്രഭാതത്തില്‍ ഉയിര്‍പ്പിക്കുകയും ചെയ്ത യേശുവാണ്. ഇതാണ് ക്രിസ്തീയവിശ്വാസത്തിന്‍റെ മര്‍മ്മം. യേശുവിന്‍റെ മൃതദ്ദേഹം സംസ്കരിക്കപ്പെടുന്നിടത്ത് സുവിശേഷങ്ങള്‍ നിന്നുപോയിരുന്നെങ്കില്‍, ചരിത്രത്തില്‍ എന്തെങ്കിലും ആദര്‍ശങ്ങള്‍ക്കുവേണ്ടി ജീവന്‍ ഹോമിച്ച അനേകരായ വീരപുരുഷന്മാരുടെ പട്ടികയില്‍ ഈ പ്രവാചകനും ചേര്‍ക്കപ്പെടുമായിരുന്നു. അപ്പോള്‍ സുവിശേഷം പ്രത്യാശയുടെ വിളംബരമല്ല, പ്രത്യുത, പ്രബുദ്ധതപ്രദായകവും സാന്ത്വാനദായകവുമായ ഒരു ഗ്രന്ഥം മാത്രമായി പരിണമിക്കുമായിരുന്നു.

എന്നാല്‍ സുവിശേഷങ്ങള്‍ ദുഃഖവെള്ളിയോടുകൂടി അവസാനിക്കുന്നില്ല, അതിനുമപ്പുറത്തേക്കു കടക്കുന്നു. ഉല്ലംഘിക്കുന്നതായ ഈ അംശമാണ് നമ്മുടെ ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുന്നത്. യേശു ക്രൂശിക്കപ്പെട്ടതിനു ശേഷമുള്ള ആ ശനിയാഴ്ച അവിടത്തെ ശിഷ്യര്‍ തളര്‍ന്നുപോയിരുന്നു. നസ്രത്തിലെ ഗുരുവിന്‍റെ കൂടെ അവര്‍ ജീവിച്ച ആഹ്ലാദകരമായ മൂന്നു വര്‍ഷങ്ങളെയും കല്ലറയുടെ വാതില്‍ക്കല്‍ ഉണ്ടായിരുന്ന ആ ഉരുണ്ട കല്ല് മൂടിക്കളഞ്ഞു. എല്ലാം അവസാനിച്ചു എന്ന തോന്നല്‍, ചിലര്‍ നിരാശരായി, ഭീതിയോടെ ജറുസലേം വിടാന്‍ തുടങ്ങിയിരുന്നു.

എന്നാല്‍ യേശു ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. അപ്രതീക്ഷിതമായിരുന്ന ഈ സംഭവം ശിഷ്യന്മാരുടെ ഹൃദയമനസ്സുകളെ തകിടം മറിക്കുന്നു, കീഴ്മേല്‍ മറിക്കുന്നു. യേശു അവിടത്തേക്കു വേണ്ടിയല്ല ഉയിര്‍ത്തെഴുന്നേറ്റത്. അവിടന്നു പിതാവിന്‍റെ പക്കലേക്ക് ആരോഹണം ചെയ്യുന്നെങ്കില്‍ അത് എല്ലാ മനുഷ്യരും തന്‍റെ ഉത്ഥാനത്തില്‍ പങ്കുചേരണം എന്ന ആഗ്രഹിക്കുന്നതുകൊണ്ടാണ്. സകലസൃഷ്ടികളേയും ഉന്നതത്തിലേക്കു ഉയര്‍ത്താനാണ്. പന്തക്കുസ്താദിനത്തില്‍ ശിഷ്യന്മാര്‍ പരിശുദ്ധാരൂപിയുടെ നിശ്വാസത്താല്‍ രൂപാന്തരപ്പെടുത്തപ്പെടുന്നു. സകലര്‍ക്കും എത്തിച്ചുകൊടുക്കാനുള്ള സദ്വാര്‍ത്ത മാത്രമല്ല അവര്‍ക്ക് ലഭിക്കുന്നത് പിന്നെയോ, അവര്‍ ആദ്യം മാറ്റത്തിനു വിധേയരാകുന്നു, പുത്തന്‍ ജീവനില്‍ വീണ്ടും ജനിക്കുന്നു. യേശുവിന്‍റെ ഉത്ഥാനം പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ നമ്മെ രൂപാന്തരപ്പെടുത്തുന്നു. യേശു ജീവിക്കുന്നു, നമ്മുടെ മദ്ധ്യേ ജീവിക്കുന്നു. അവിടന്ന് ജീവിക്കുന്നവനാണ്, രൂപാന്തരപ്പെടുത്തുന്ന ശക്തിയുള്ളവനാണ്.

വാക്കുകള്‍കൊണ്ടു മാത്രമല്ല, മറിച്ച്, പ്രവര്‍ത്തികളും ജീവിതസാക്ഷ്യവും കൊണ്ടും യേശുവിന്‍റെ പുനരുത്ഥാനത്തിന്‍റെ പ്രഘോഷകര്‍ ആയിത്തീരുക എന്ന ചിന്തിക്കുക എത്ര സുന്ദരമാണ്!.... നമ്മുടെ വിശ്വാസവും പ്രത്യാശയും വെറും ശുഭാപ്തിവിശ്വാസമല്ല. മറ്റൊന്നാണ്, അതിലൊക്കെ ഏറെയാണ്. വിശ്വാസകിള്‍ സ്വന്തം ശിരസ്സിനു മുകളില്‍ സ്വര്‍ഗ്ഗത്തിന്‍റെ  ഒരംശമുള്ള ആളുകളെപ്പോലെയാണ്.

അങ്ങനെ ഈ ലോകത്തില്‍ ക്രൈസ്തവരുടെ ധര്‍മ്മം രക്ഷയ്ക്കുള്ള ഇടം തുറന്നുകൊടുക്കുകയാണ്. എന്നന്നേക്കുമായി നശിച്ചു എന്നു കരുതപ്പെടുന്നവയ്ക്ക് ജീവരസം പ്രദാനം ചെയ്യാന്‍ കഴിയുന്ന പുനരുല്പാദിപ്പിക്കപ്പടുന്ന കോശങ്ങള്‍ പോലെയാണ്.ആകാശം കാര്‍മേഘാവൃതമായിരിക്കുമ്പോള്‍ സൂര്യനെക്കുറിച്ചു പറയാന്‍ കഴിയുക ഒരനുഗ്രഹമാണ്. ഇതാ, ഇങ്ങനെയാണ് യഥാര്‍ത്ഥ ക്രൈസ്തവന്‍: അവന്‍ വിലപിക്കുന്നില്ല, കോപിഷ്ഠനുമല്ല, മറിച്ച് ഒരു തിന്മയും അനന്തമല്ലെന്നും, അവസാനിക്കാത്തതല്ല ഒരു രാത്രിയുമെന്നും, ഒരു മനുഷ്യനും എന്നന്നേക്കുമായി തെറ്റില്‍ നിപതിക്കുന്നില്ലെന്നും, സ്നേഹത്താല്‍ ജയിക്കാനാകത്ത ഒരു വിദ്വേഷവും ഇല്ലെന്നും പുനരുത്ഥാനത്തിന്‍റെ ശക്തിയാല്‍ ബോധ്യമുള്ളവനാണ്.

പീഢനവേളകളില്‍ സ്വന്തം ജനത്തെ ഉപേക്ഷിച്ചു പോകാതിരുന്ന നിരവധിയായ ക്രൈസ്തവരെ നമുക്കോര്‍ക്കാം. പ്രത്യാശയുടെ സാക്ഷ്യമേകുന്ന, സ്വന്തം ജീവിതംകൊണ്ട് സാക്ഷ്യം നല്കുന്ന മദ്ധ്യപൂര്‍വ്വദേശത്തെ നമ്മുടെ സഹോദരീസഹോദരന്മാരെ നമുക്കനുസ്മരിക്കാം. ഇവരാണ് യഥാര്‍ത്ഥ ക്രൈസ്തവര്‍. അവര്‍ ഹൃദയത്തില്‍ സ്വര്‍ഗ്ഗം പേറുന്നു. അവര്‍ അപ്പുറത്തേക്കു നോക്കുന്നു.

ഒക്ടടോബര്‍ നാലിന് തിരുന്നാള്‍ ആചരിക്കപ്പെടുന്ന വിശുദ്ധ ഫ്രാന്‍സീസ് അസ്സീസി സന്തോഷപൂര്‍ണ്ണമായ പ്രത്യാശയുടെ യഥാര്‍ത്ഥ പ്രേഷിതനായിരുന്നു. മരണത്തിനുമേല്‍ ക്രിസ്തുവരിച്ച വിജയത്തില്‍ നിന്നു ജന്മംകൊണ്ട പ്രത്യാശയാണിത്.

പ്രിയ സഹോദരീ സഹോദരന്മാരേ ക്രൈസ്തവന്‍ പ്രത്യാശയുടെ പ്രേഷിതനാണ്. അത് അവന്‍റെ യോഗ്യതയാലല്ല, മറിച്ച് നിലത്തു വീണ് അഴിഞ്ഞ് സമൃദ്ധമായി ഫലംപുറപെടുവിച്ച ധാന്യമായ, യേശുവിനാലാണ്. നന്ദി.

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.

പതിവുപോലെ, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്ത പാപ്പാ വിശുദ്ധ ഫ്രാന്‍സീസ് അസ്സീസിയുടെ തിരുന്നാള്‍ അനുവര്‍ഷം ഒക്ടോബര്‍ 4 ന് ആചരിക്കപ്പെടുന്നത് അനുസ്മരിക്കുകയും ഈ വിശുദ്ധന്‍റെ ജീവിത മാതൃക സൃഷ്ടിയോടുള്ള കരുതല്‍ ഓരോരുത്തരിലും ശക്തിപ്പെടുത്തട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

മെത്രാന്മാരുടെ സിനഡ് “യുവജനങ്ങളും വിശ്വാസവും ദൈവിവിളി വിവേചിച്ചറിയലും” എന്ന വിചിന്തന പ്രമേയത്തെ അവലംബമാക്കി 2018 ഒക്ടോബറില്‍ യുവജനത്തെക്കുറിച്ചു ചര്‍ച്ചചെയ്യാന്‍ പോകുന്ന പശ്ചാത്തലത്തില്‍ അതിനൊരുക്കമായി മെത്രാന്മാരുടെ സിനഡിന്‍റെ  പൊതുകാര്യാലയം ഒരു സമ്മേളനം 2018 മാര്‍ച്ച് 19 മുതല്‍ 24 വരെ വിളിച്ചുകൂട്ടുമെന്ന് പാപ്പാ അറിയിച്ചു.

ഈ യോഗത്തില്‍ കത്തോലിക്കരും, ഇതര ക്രൈസ്തവസഭാവിഭാഗങ്ങളില്‍പ്പെട്ടവരും അക്രൈസ്തവരും അവിശ്വാസികളുമായ യുവജനങ്ങള്‍ ലോകത്തിന്‍റെ എല്ലാഭാഗങ്ങളില്‍ നിന്നും ക്ഷണിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ വെളിപ്പെടുത്തി. യുവജനങ്ങളുടെ സ്വരം ശ്രവിക്കുകയും അവരുടെ വൈകാരികതയും വിശ്വാസവും സംശയങ്ങളും വിമര്‍ശനങ്ങളും മനസ്സിലാക്കുകയും ചെയ്യുകയാണ് ഇതിന്‍റെ ലക്ഷ്യമെന്നും ഈ സമ്മേളനത്തിന്‍റെ ഫലങ്ങള്‍ സിനഡു പിതാക്കന്മാര്‍ക്ക് കൈമാറുമെന്നും പാപ്പാ വ്യക്തമാക്കുകയും ചെയ്തു.

പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടു. തദ്ദനന്തരം മാര്‍പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.