2017-09-30 12:59:00

വൈദികന്‍ ടിറ്റൊ ത്സെമാന്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്


സലേഷ്യന്‍ സമൂഹാംഗമായ വൈദികന്‍ ടിറ്റൊ ത്സെമാന്‍ വാഴ്ത്തപ്പട്ടവനായി പ്രഖ്യാപിക്കപ്പെട്ടു.

ശനിയാഴ്ച(30/09/17) സ്ലൊവാക്യയുടെ തലസ്ഥാനമായ ബ്രാത്തിസ്ലാവയില്‍ ആയിരുന്നു വാഴ്ത്തപ്പെ‌ട്ടപദപ്രഖ്യാപന തിരുക്കര്‍മ്മം.

വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ അമാത്തൊ ഫ്രാന്‍സീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് ഈ തിരുക്കര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

നവവാഴ്ത്തപ്പെട്ട ടിറ്റൊ ത്സെമാന്‍റെ ജനനം 1915 ജനുവരി 4 ന് ബ്രാത്തിസ്ലാവയില്‍ ആയിരുന്നു.

സലേഷ്യന്‍ സമൂഹത്തില്‍ ചേര്‍ന്ന അദ്ദേഹം 1940 ല്‍ ഇറ്റലിയിലെ ടൂറിനില്‍ വച്ച് പൗരോഹിത്യം സ്വീകരിച്ചു.

കമ്മ്യൂണിസ്റ്റാധിപത്യകാലത്ത് മതപരമായ നിരോധങ്ങള്‍ ഉണ്ടായസമയത്ത് അന്നത്തെ ചെക്കസ്ലൊവാക്യയില്‍നിന്ന് സലേഷ്യന്‍ സെമിനാരിക്കാരെ പഠനം പൂര്‍ത്തിയാക്കുന്നതിന് ടൂറിനിലേക്കു കൊണ്ടുവരികയെന്ന ദൗത്യം  വൈദികന്‍ ത്സെമാനില്‍ നിക്ഷിപ്തമായി. സെമിനാരിക്കാരെ പൗരാധികാരികളുടെ കണ്ണുവെട്ടിച്ച് ടൂറിനില്‍ എത്തിക്കുന്നതിനു നടത്തിയ ശ്രമങ്ങള്‍ക്കിടയില്‍ ഒരു പ്രാവശ്യം പിടിക്കപ്പെട്ട അദ്ദേഹത്തിന് 12 വര്‍ഷം തടവില്‍ കഴിയേണ്ടി വന്നു. തടവറയിലെ ദുരിതപൂര്‍ണ്ണമായ ജീവിതം ക്ഷയിപ്പിച്ച ആരോഗ്യവുമായ പുറത്തിറങ്ങിയ നവവാഴ്ത്തപ്പെട്ട ത്സെമാന്‍ 1969 ജനുവരി 8 ന് മരണമടഞ്ഞു.








All the contents on this site are copyrighted ©.