2017-09-30 12:39:00

അഴിമതിരഹിത നഗരം തീര്‍ക്കുക-പാപ്പാ നഗരസഭാംഗങ്ങളോട്


പൊതു താല്പര്യത്തില്‍ നിന്ന് സ്വാര്‍ത്ഥതാല്പര്യത്തെ അകറ്റിനിറുത്തുന്നതും അഴിമതിരഹിതവും ഏതാനും പേരുടെ താല്പര്യങ്ങള്‍ക്കായി പൊതുവേദി സ്വകാര്യവല്ക്കരിക്കുന്ന വേര്‍തിരിവിന്‍റെ മതിലുകള്‍ ഇല്ലാത്തതുമായ നഗരങ്ങള്‍ തീര്‍ക്കാന്‍ ഇറ്റലിയിലെ നഗരസഭകളുടെ ദേശീയ സമതിയെ മാര്‍പ്പാപ്പാ ആഹ്വാനം ചെയ്യുന്നു.

ഈ നഗരസഭകളുടെ ദേശിയ സമിതിയുടെ മൂന്നൂറോളം പ്രതിനിധികളടങ്ങിയ സംഘത്തെ ശനിയാഴ്ച (30/09/17) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഇത്തരം നഗരത്തിന്‍റെ നിര്‍മ്മിതിക്ക് താഴെതട്ടിലേക്കിറങ്ങുന്ന എളിമയാര്‍ന്ന പരിശ്രമം ആവശ്യമാണെന്നും ഗോപുരങ്ങള്‍ തീര്‍ക്കുകയല്ല മറിച്ച് ഓരോ വ്യക്തിക്കും ആത്മസാക്ഷാത്ക്കാരത്തിന് ഇടം ലഭ്യമാക്കിത്തീര്‍ക്കുകയും ആ ഇടത്തിന്‍റെ വിസ്താരം കൂട്ടുകയുമാണ് വേണ്ടതെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

ഇത്തരമൊരു നഗരത്തെ ആശ്ലേഷിക്കണമെങ്കില്‍ നന്മനിറഞ്ഞതും പൊതുനന്മ സാക്ഷാത്ക്കരിക്കുന്നതിന് തീവ്രമായി അഭിലഷിക്കുന്ന വിശാലവുമായ ഹൃദയം ആവശ്യമാണെന്നും പാപ്പാ കൂട്ടിചേചര്‍ത്തു.

സാമൂഹ്യ നീതി പരിപോഷിപ്പിക്കേണ്ടതിന്‍റെ, അതായത്, തൊഴിലും, സേവനങ്ങളും, അവസരങ്ങളും എല്ലാവര്‍ക്കും ലഭ്യമാക്കേണ്ടതിന്‍റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി.

ഇറ്റലിയിലെ കുടിയേറ്റക്കാരെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു. അവരെ സ്വാഗതം ചെയ്യുകയും സാമൂഹ്യജീവിത്തത്തില്‍ അവരെ ഉള്‍ചേര്‍ക്കുകയും ചെയ്യേണ്ടതിന്‍റെ  ആവശ്യകത പാപ്പാ ഊന്നിപ്പറഞ്ഞു. 








All the contents on this site are copyrighted ©.