2017-09-29 11:38:00

അജപാലനസഹകരണത്തിന്‍റ സരണികള്‍ കണ്ടെത്തുക-പാപ്പാ


വൈവിധ്യത്തെ വിലമതിച്ചുകൊണ്ടും ഐക്യദാര്‍ഢ്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സംരംഭങ്ങള്‍ പരിപോഷിപ്പിച്ചുകൊണ്ടും അജപാലനസഹകരണത്തിന്‍റ സരണികള്‍ കണ്ടെത്താനുള്ള ശ്രമങ്ങളില്‍ മുന്നേറാന്‍ പാപ്പാ യുറോപ്പിലെ കത്തോലിക്കാമെത്രാന്മാര്‍ക്ക് പ്രചോദനം പകരുന്നു.

ബെലാറുസിന്‍റെ തലസ്ഥനനഗരമായ മിന്‍സ്കില്‍ ഈ മാസം 27 മുതല്‍ ഒക്ടോബര്‍ ഒന്നുവരെ യുറോപ്പിലെ കത്തോലിക്കമെത്രാന്മാരുടെ സംഘങ്ങളുടെ സംയുക്തസമിതിയുടെ, സി.സി.ഇ.ഇയുടെ, സമ്പൂര്‍ണ്ണ സമ്മേളനത്തിന് വത്തിക്കാന്‍ സംസ്ഥാനകാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ ഫ്രാന്‍സീസ് പാപ്പായുടെ നാമത്തില്‍ ഒപ്പിട്ടയച്ച സന്ദേശത്തിലാണ് ഇതുള്ളത്.

യൂറോപ്പിലെ മെത്രാന്മാരുടെ കൂട്ടായ്മയെ ഈ സമ്മേളനം അരക്കിട്ടുറപ്പിക്കട്ടെയെന്ന് പാപ്പാ ആശംസിക്കുന്നു.

യുറോപ്പിലെ സഭയുടെ ദൗത്യത്തിന്, പ്രത്യേകിച്ച്, ക്രൈസ്തവകൂട്ടായ്മയിലും സമൂഹത്തിലും തങ്ങള്‍ക്കുള്ള വിളി വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ കണ്ടെത്തുന്നതിന് യുവജനങ്ങളെ സഹായിക്കുകയെന്ന ദൗത്യത്തിന് ഉപരി ധീരമായ പ്രചോദനമേകാന്‍ ഈ സമ്മേളനത്തിനു കഴിയട്ടെയെന്നും പാപ്പാ ആശംസിക്കുന്നു.

യുറോപ്പിലെ കത്തോലിക്കമെത്രാന്മാരുടെ സംഘങ്ങളുടെ സംയുക്തസമിതിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു സമ്മേളനം ബെലാറുസില്‍ സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്.

ബൈബിള്‍ ബെലാറുസ് ഭാഷയില്‍ അച്ചടിക്കപ്പെട്ടതിന്‍റെ 500-Ͻ൦ വാര്‍ഷികവും ഇവിടെ ഈ സമ്മേളനം സംഘടിപ്പിക്കപ്പെട്ടതിനുളള കാരണങ്ങളില്‍ ഒന്നാണ്.

ബലാറുസ് ഭാഷയില്‍ ആദ്യമായി അച്ചിടക്കപ്പെട്ട ഗ്രന്ഥം ബൈബിളാണ്.   








All the contents on this site are copyrighted ©.