2017-09-23 12:58:00

പ്രാര്‍ത്ഥന ദൈവത്തോടുള്ള സ്നേഹത്തിന്‍റെ പ്രകാശനം-പാപ്പാ


ട്രാപ്പിസ്റ്റുകള്‍ എന്നും അറിയപ്പെടുന്ന ധ്യാനാത്മകജീവിത സമൂഹമായ “ഓര്‍ഡര്‍ ഓഫ് സിസ്റ്റേഴ്സ്യന്‍സ് ഓഫ് ദ സ്ട്രിക്ട് ഒബ്സേര്‍വന്‍സി”ലെ അംഗങ്ങള്‍ നയിക്കുന്ന തീവ്രമായ പ്രാര്‍ത്ഥനാജീവിതം ദൈവത്തോടുള്ള അവരുടെ സ്നേഹത്തിന്‍റെ  പ്രകാശനവും നരകുലത്തെയാകമാനം ആശ്ലേഷിക്കുന്ന സ്നേഹത്തിന്‍റെ  പ്രതിഫലനവുമാണെന്ന് മാര്‍പ്പാപ്പാ.

ഒ.സി.എസ്.ഒ(O.C.S.O) എന്ന ചുരുക്കസംജ്ഞയില്‍ അറിയപ്പെടുന്ന ഈ സമൂഹത്തിന്‍റെ പൊതുസംഘത്തില്‍, അഥവാ, ജനറല്‍ ചാപ്റ്ററില്‍ പങ്കെടുക്കുന്നവരടങ്ങിയ 230 ഓളം പേരുടെ ഒരു സംഘത്തെ ശനിയാഴ്ച(23/09/17) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഈ സമൂഹത്തിന്‍റെ ജീവിതത്തെ നയിക്കുന്ന നിയമങ്ങളോടും ബാഹ്യാനുഷ്ഠാനങ്ങളോടുമുള്ള വിശ്വസ്തത അതില്‍ത്തന്നെ ഒരു ലക്ഷ്യമല്ല, മറിച്ച് ദൈവവുമായുള്ള വ്യക്തിബന്ധത്തില്‍ വളരുന്നതിനുള്ള മാര്‍ഗ്ഗമാണ് എന്ന് ധാരണയോടെ പ്രാര്‍ത്ഥനയെ സ്നേഹിക്കുന്നവരായിരിക്കാന്‍ പാപ്പാ ഉദ്ബോധിപ്പിച്ചു.

ഈ ധ്യാനാത്മകജീവിതസമൂഹം ദൈവം സഭയ്ക്കേകിയ ഒരു ദാനമാണെന്ന് കൃതജ്ഞതയോടെ അനുസ്മരിച്ച പാപ്പാ  ആകയാല്‍ സഭയുടെ തന്നെ കൂട്ടായ്മയുടെ മാനത്തില്‍ നല്ലവണ്ണം ഉള്‍ച്ചേര്‍ന്നുകൊണ്ട് ജീവിക്കേണ്ടത് ആവശ്യമാണെന്ന് ഓര്‍മ്മിപ്പിച്ചു.

സഭയില്‍ പകരംവയ്ക്കാനാവാത്ത സ്ഥാനമുള്ള തപോജീവിതസമൂഹങ്ങള്‍ക്ക് പാപ്പാ ദൈവത്തിന് നന്ദി പ്രകാശിപ്പിക്കുകയും അവ ആദ്ധ്യാത്മിക സമ്പന്നതയും ഭൗമിക ജീവിതം ഉചിതമായരീതിയില്‍ നയിക്കുന്നതിന് “ഉന്നതത്തിലുള്ളവ” (കൊളോസോസ്,3:1) സര്‍വ്വോപരി അന്വേഷിക്കാനുള്ള നിരന്തരമായ ഓര്‍മ്മപ്പെടുത്തലുമാണെന്ന് പ്രസ്താവിക്കുകയും ചെയ്തു.  








All the contents on this site are copyrighted ©.