2017-09-20 11:43:00

"തെറ്റുകളുടെ തടവറയിലാകരുത്"-പാപ്പായുടെ പൊതുദര്‍ശനപ്രഭാഷണം


വത്തിക്കാനില്‍ ഈ ബുധനാഴ്ചയും (20/09/17) ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാരപൊതുകൂടിക്കാഴ്ചയുടെ വേദി, വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അങ്കണമായിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നായി തീര്‍ത്ഥാടകരും സന്ദര്‍ശകരുമുള്‍പ്പടെ നിരവധിപ്പേര്‍ ഇതില്‍ പങ്കെടുത്തു. ലോക ഇസ്ലാം സഖ്യത്തിന്‍റെി  പൊതുകാര്യദര്‍ശി മുഹമ്മദ് അല്‍ ഈസ്സയുമായി വത്തിക്കാനില്‍ നടത്തിയ സ്വകാര്യകൂടിക്കാഴ്ചാനന്തരം ഫ്രാന്‍സീസ് പാപ്പാ വെളുത്ത തുറന്ന വാഹനത്തില്‍  അങ്കണത്തില്‍ പ്രവേശിച്ചപ്പോള്‍ ജനങ്ങളുടെ കരഘോഷവും ആനന്ദാരവങ്ങളുമുയര്‍ന്നു.പാപ്പാ എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് ജനങ്ങള്‍ക്കിടയിലൂടെ വാഹനത്തില്‍ നീങ്ങി. അംഗരക്ഷകര്‍ തന്‍റെ പക്കലേക്ക് ഇടയ്ക്കിടെ എടുത്തുകൊണ്ടുവന്നിരുന്ന കുഞ്ഞുങ്ങളെ പാപ്പാ തലോടുകയും ആശീര്‍വ്വദിക്കുകയും മുത്തം നല്കുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രസംഗവേദിയ്ക്കരികില്‍ വാഹനം എത്തിയപ്പോള്‍ പാപ്പാ അതില്‍നിന്നിറങ്ങി നടന്ന് വേദിയിലേക്കു കയറി. റോമിലെ സമയം രാവിലെ 9.45 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.15 ന് പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു. വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ, പ്രത്യാശയെ അധികരിച്ചു താന്‍ പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിപ്പോന്നിരുന്ന പ്രബോധന പരമ്പര രണ്ടാഴ്ചത്തെ ഇടവേളയ്ക്കുശേഷം പുനരാരംഭിച്ചു.ശുഭദിനാശംസയോടെ തന്‍റെ പ്രഭാഷണത്തിന് തുടക്കം കുറിച്ച പാപ്പാ ഇപ്രകാരം തുടര്‍ന്നു:    

പ്രത്യാശപുലര്‍ത്തുന്നതിന് പരിശീലിപ്പിക്കുക എന്നതാണ് ഇന്നത്തെ പ്രബോധനത്തിന്‍റെ  ചിന്താവിഷയം. ആകയാല്‍ ഒരു യുവാവിനോടോ പഠിക്കുന്നതിനു തുറവുകാട്ടുന്ന ഏതൊരാളിനോടൊ സംസാരിക്കുന്നതായി സങ്കല്പിച്ചുകൊണ്ട് ഒരു പരിശീലകന്‍, ഒരു പിതാവ് എന്നപോലെ ഞാന്‍ നിങ്ങളോട് നേരിട്ട് “നീ” എന്ന മദ്ധ്യമപുരുഷ ഏകവചനസര്‍വ്വനാമം ഉപയോഗിച്ചാണ്  സംസാരിക്കുക. നിന്നെ ദൈവം എവിടെ ആക്കിയിരിക്കുന്നുവൊ അവിടെ പ്രത്യാശയില്‍ നിലനില്ക്കുക!

നീ ഇരുളിന് കീഴടങ്ങരുത്. നീന്നെ കീഴ്പ്പെടുത്തുന്ന ശത്രു പുറത്തല്ല നിന്നില്‍ത്തന്നെയാണെന്നത് നീ ഓര്‍ക്കുക. ആകയാല്‍ നിഷേധാത്മകചിന്തകള്‍ക്ക് നീ ഇടം നല്കരുത്. ദൈവത്തിന്‍റെ ആദ്യത്തെ അത്ഭുതമാണ് ഈ ലോകമെന്നും അവിടന്ന് പുത്തന്‍ വിസ്മയങ്ങള്‍ നമുക്കായി തീര്‍ത്തിരിക്കുന്നുവെന്നും നീ ഉറച്ചു വിശ്വസിക്കുക. വിശ്വാസവും പ്രത്യാശയും കൈകോര്‍ത്തു നീങ്ങുന്നു. ഉപരിഉന്നതവും ഉപരിമനോഹരവുമായ സത്യങ്ങള്‍ ഉണ്ടെന്ന് നീ വിശ്വസിക്കുക.

ഈ ലോകത്തില്‍ നീ നടത്തുന്ന പോരാട്ടം വൃഥാവിലാണെന്ന് നീ കരുതരുത്. ജീവിതാന്ത്യത്തില്‍ നിന്നെ കാത്തിരിക്കുന്നത് നാശമാണെന്നും നീ കരുതരുത്, നിന്നില്‍ പരമാത്മാവിന്‍റെ ജീവാംശം തുടിക്കുന്നുണ്ട്. ദൈവം നിന്നെ നിരാശനാക്കില്ല. നീ നിരാശയില്‍ നിപതിക്കരുത്. ദൈവത്തിന്‍റെ പിതൃസന്നിഭ പരിലാളനയിലും യേശുവിന്‍റെ  സ്നേഹത്തിലും സകലത്തെയും രൂപാന്തരപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിന്‍റെ ശക്തിയിലും നീ വിശ്വാസമര്‍പ്പിക്കുക. കണ്ണീരിലാഴ്ത്തുകയും ആളുകളെ നിരശയില്‍ വീഴ്ത്തുകയും ചെയ്യുന്ന നിഷേധാത്മകതയാല്‍ സ്വാധീനിക്കപ്പെടാതെ ഈ ലോകത്തെ എന്നത്തെക്കാളുപരി  ദൈവികപദ്ധതിക്കനുസൃതമാക്കിത്തീര്‍ത്തുകൊണ്ട് അതിനെ പടുത്തുയര്‍ത്തുന്ന പ്രക്രിയ നീ തുടരുക.

നിന്‍റെ നയനങ്ങള്‍ നിനക്കുചുറ്റുമുള്ള സുന്ദരമായവയിലേക്ക് തുറന്നു പിടിക്കുക. നിന്‍റെ  ഹൃദയത്തില്‍ വിശ്വാസനാളം ജ്വലിപ്പിച്ചു നിറുത്തുക. ദൈവികവാഗ്ദാനങ്ങള്‍ നിറവേറ്റപ്പെടുമെന്ന് വിശ്വസിക്കുക. ഇരുളില്‍ പ്രകാശിക്കുന്ന വിളക്ക് യേശു നമുക്കേകയിട്ടുണ്ട്. അതിനെ കാത്തു സൂക്ഷിക്കുക, സംരക്ഷിക്കുക. നിന്‍റെ ജീവിതത്തിന് ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഏറ്റം വിലയ സമ്പത്താണ് ആ ഏക വിളക്ക്.

സര്‍വ്വോപരി നീ സ്വപ്നം കാണുക. കിനാവുകാണാന്‍ ഭയമരുത്. ഇനിയും കണ്ടിട്ടില്ലാത്ത ഒരു ലോക സ്വപ്നം  കാണുക. ഹൃദയമനസ്സുകളുടെ ദൈവദത്ത സിദ്ധികള്‍ നീ നമ്മുടെ മാനവകുടുംബം സ്വാതന്ത്ര്യത്തിലും നീതിയിലും ഔന്നത്യത്തിലും വളരുന്നതിനായി ഉപയോഗപ്പെടുത്തുക.

യേശു വിജയംവരിച്ചു. പാപത്താലും വിദ്വേഷത്താലും ഭിന്നിപ്പിനാലും മുറിപ്പെട്ട ലോകത്തില്‍ സ്നേഹവും കാരുണ്യവും എത്തിച്ചുകൊണ്ട് തന്‍റെ മാതൃക പിന്‍ചെല്ലാന്‍ അവിടന്ന് നമ്മോടാവശ്യപ്പെടുന്നു.

തെറ്റുകള്‍ ചെയ്യുകയെന്നത് മാനുഷികമാണ്. എന്നാല്‍ ആ തെറ്റുകള്‍ നിന്‍റെ  തടവറയായി മാറരുത്. നമ്മള്‍ നമ്മുടെ തെറ്റുകളുടെ കൂട്ടിനുള്ളില്‍ അടയ്ക്കപ്പെടരുത്. ആരോഗ്യവാന്മാര്‍ക്കുവേണ്ടിയല്ല, മറിച്ച്, രോഗികള്‍ക്കുവേണ്ടിയാണ് ദൈവസുതന്‍ വന്നത്. ആകയാല്‍ അവിടന്നാഗതനായത് നിനക്കും വേണ്ടിയാണ്. നിനക്ക് ഭാവിയിലും തെറ്റുപറ്റുമെങ്കില്‍കൂടി നീ ഭയപ്പെടേണ്ട. നീ എഴുന്നേല്‍ക്കുക. അത് എന്തുകൊണ്ടാണെന്നു നിനക്കറിയാമോ? എന്തെന്നാല്‍ ദൈവം നിന്‍റെ സ്നേഹിതനാണ്. ദൈവം നിന്‍റെ സ്നേഹിതനാണ്.

തിക്തത നിന്നെ പ്രഹരിക്കുന്നെങ്കില്‍ നീ നന്മ പ്രവര്‍ത്തിക്കുന്നവരായ എല്ലാവരിലും ഉറച്ചു വിശ്വസിക്കുക: അവരുടെ എളിമയില്‍ നവമായൊരു ലോകത്തിന്‍റെ വിത്തുണ്ട്. ശിശുക്കളുടേതുപോലെ സ്വന്തം ഹൃദയത്തെ സൂക്ഷിക്കുന്ന ആളുകളുമായി ഇടപഴകുക. വിസ്മയങ്ങളില്‍ നിന്നു പഠിക്കുക, വിസ്മയം നിന്നില്‍ ഊട്ടിവളര്‍ത്തുക.

നീ ജീവിക്കുക, നീ സ്നേഹിക്കുക, നീ സ്വപ്നം കാണുക, നീ വിശ്വസിക്കുക.

നീ, ദൈവകൃപയാല്‍, ഒരിക്കലും നിരാശപ്പെടാതിരിക്കുക. നന്ദി.

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.

തെക്കെ അമേരിക്കന്‍ നാടായ മെക്സിക്കൊയില്‍ ചെവ്വാഴ്ച(19/09/17) ഇരുനൂറിലേറെപ്പേരുടെ ജീവനപഹരിക്കുകയും വന്‍ നാശനഷ്ടങ്ങള്‍ വിതയ്ക്കുകയും, റിക്ടെര്‍ സ്കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തുകയും ചെയ്ത ഭൂകമ്പദുരന്തത്തിനിരകളായവരെ പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍ അനുസ്മരിക്കുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ആ ജനതയെ തന്‍റെ സാമിപ്യം അറിയിക്കുകയും ചെയ്തു.

ഈ ദുരന്തത്തില്‍ മരണമടഞ്ഞവരെ തന്‍റെ മടിത്തട്ടില്‍ ദൈവം സ്വികരിക്കുകയും മുറിവേറ്റവര്‍ക്കും അവരുടെയെല്ലാവരുടെയും കുടുംബങ്ങള്‍ക്കും   അഭയാര്‍ത്ഥികളായിത്തീര്‍ന്നിട്ടുള്ളവര്‍ക്കും സാന്ത്വനമേകുകയും ചെയ്യുന്നതിനായി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. 

പതിവുപോലെ, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്ത പാപ്പാ വ്യാഴാഴ്ച (21/09/17) വിശുദ്ധ മത്തായിയുടെ തിരുന്നാള്‍ തിരുസഭ ആചരിക്കുന്നത് അനുസ്മരിക്കുകയും വിശ്വാസത്തിന്‍റെ മാനദണ്ഡങ്ങള്‍ക്കനുസൃതം ജീവിക്കാന്‍ ആ വിശുദ്ധന്‍റെ മാനസാന്തരം യുവതയ്ക്ക് പ്രചോദനമാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടു. തദ്ദനന്തരം മാര്‍പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.