2017-09-19 16:38:00

''അനുകമ്പയെന്ന കൃപയ്ക്കായി പ്രാര്‍ഥിക്കാം'': ഫ്രാന്‍സീസ് പാപ്പാ


വി. ലൂക്കായുടെ സുവിശേഷത്തില്‍ നിന്ന്, നായിനിലെ വിധവയുടെ മകനെ യേശു ഉയിര്‍പ്പിക്കുന്ന സംഭവം വിവരിക്കുന്ന വായനയെ അടിസ്ഥാനമാക്കിയുള്ള സന്ദേശത്തില്‍ പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചു:

അനുകമ്പ, അത് ഹൃദയത്തില്‍ നിന്നുള്ള ഒരു വികാരമാണ്, അത് എല്ലാം ഉള്‍ക്കൊള്ളുന്നു... 'എന്തൊരു സഹനം... പാവങ്ങള്‍, കഷ്ടം' എന്നീ വാക്കുകളിലൊതുങ്ങുന്നതല്ല അത്. അത് സഹിക്കുന്നവരോടു കൂടിയുള്ള സഹനമാണ്.  യേശു അത്തരത്തിലാണ് ഇടപെടുന്നത്.  അവിടെയൊരു ജനക്കൂട്ടം ഉണ്ടായിരുന്നു.  യേശുവിന് അവരോടു പറയാമായിരുന്നു: 'ഇങ്ങനെയാണ് ജീവിതം.  ജീവിതത്തില്‍ ദുരന്ത ങ്ങള്‍ ഉണ്ടാകുന്നു... അതെ അവ ഉണ്ടാകാതിരിക്കുക വയ്യ...'  ഇല്ല.  യേശു അങ്ങനെ പറഞ്ഞില്ല... മറിച്ച്, അവിടുത്തെ ഹൃദയം ആ വിധവയോടും മൃതനായ യുവാവിനോടുമൊപ്പമായിരുന്നു.. അവിടുന്ന് അനുകമ്പയുള്ളവനായിരുന്നു..

അനുകമ്പ അവരെ സമീപിക്കുന്നതിന് യേശുവിനെ നിര്‍ബന്ധിക്കുന്നു... യാഥാര്‍ഥ്യത്തെ സമീപിക്കുകയും സ്പര്‍ശിക്കുകയും ചെയ്യുകയാണ് അവിടുന്ന്... അകലെ നിന്നുള്ള നോക്കിക്കാണലായിരുന്നില്ല അത്... തുടര്‍ന്ന് യുവാവിനോട് എഴുന്നേല്‍ക്കുക എന്ന വാക്കുച്ചരിച്ചുകൊണ്ട് അത്ഭുതം പ്രവര്‍ത്തിക്കുന്നു.  അത്രയും ചെയ്തശേഷം അവരോടു വിടപറയുന്നുമില്ല യേശു.  അവനെ അമ്മയ്ക്കു ഏല്പിച്ചുകൊടുത്തു. അതെ, യേശു അത്ഭുതം പ്രവര്‍ത്തിച്ചത് മകനെ അമ്മയ്ക്ക് വീണ്ടെടുത്തു നല്‍കുന്നതിനായിരുന്നു... അവിടെ ദൈവത്തിന്‍റെ മക്കളെന്ന നിലയിലുള്ള മഹത്വം, അന്തസ്സ് വീണ്ടെടുക്കപ്പെടുകയായിരുന്നു.. 

ദൈവം അതുതന്നെയാണ് ചെയ്തത്.  തന്‍റെ പുത്രനിലൂടെ, പുത്രനായ യേശുവിലൂടെ നമ്മെ സമീപി ക്കുകയായിരുന്നു... ദൈവപുത്രനിലൂടെ നമ്മെ വീണ്ടെടുക്കുകയായിരുന്നു.  ദൈവപുത്രരെന്ന മഹത്വം നമുക്കു വീണ്ടും നല്‍കുകയായിരുന്നു. യേശുവിന്‍റെ ഈ മാതൃക നമുക്കും സ്വീകരിക്കാം.  ആവശ്യക്കാരുടെ പക്കലേയ്ക്കെത്തുക... അകലെനിന്നു സഹായിക്കുന്ന രീതി അല്ലത്... അടുത്തു ചെന്നാല്‍... അവര്‍ അഴുക്കു പുരണ്ടവരായിരിക്കും, ഒരുപക്ഷേ, നാറുന്നവരായിരിക്കും...  ടെലവിഷനിലും പത്രങ്ങളുടെ ആദ്യപേജിലും ദുരന്തങ്ങളെക്കുറിച്ചുള്ള വാര്‍ത്ത നാം കാണും... അവിടെയെല്ലാം സഹതാപം നമുക്കുണ്ട്... 'പാവം ജനങ്ങള്‍...എന്തൊരു ദുരന്തം' എന്ന വാക്കുകളില്‍ ഒതുങ്ങിയാല്‍ പോരാ... അതു കൊണ്ട് നമുക്കു കര്‍ത്താവിനോടു ചോദിക്കാം.  കര്‍ത്താവേ, അനുകമ്പ എന്ന കൃപ എനിക്കു തരണമേ...

ഈ പ്രാര്‍ഥനയോടൊപ്പം, ക്രിസ്ത്രീയപ്രവര്‍ത്തനങ്ങളും ഉണ്ടാകണമെന്നും സഹിക്കുന്നവരെ സമൂഹത്തിലേക്ക്, കുടുംബജീവിതത്തിലേയ്ക്ക്, അനുദിനജീവിതത്തിലേയ്ക്കു തിരികെ കൊണ്ടുവരാന്‍ ആ പ്രവര്‍ത്തനങ്ങള്‍ക്കു കഴിയണമെന്നും ഉള്ള ആഹ്വാനത്തോടെയാണ് പാപ്പാ വചനസന്ദേശം അവസാനിപ്പിച്ചത്.








All the contents on this site are copyrighted ©.