2017-09-16 12:24:00

സുവിശേഷം ആനന്ദദായകാമാംവിധം പകര്‍ന്നു നല്കുക-പാപ്പാ


സുവിശേഷം സകലര്‍ക്കും ആനന്ദവും പ്രത്യാശയും പ്രദാനംചെയ്യത്തക്കവിധം പകര്‍ന്നുനല്കുന്നതിന് നൂതന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയെന്നത്, ഗതകാലത്തെ അപേക്ഷിച്ച് പരിവര്‍ത്തനവിധേയമായ ലോകാവസ്ഥയും സഭയുടെ സുവശേഷവത്ക്കരണത്തിന്‍റെ നൂതനാവസരങ്ങളും അനിവാര്യമാക്കിത്തീര്‍ത്തിരിക്കുന്നു എന്ന് മാര്‍പ്പാപ്പാ.

യേശുവിന്‍റെ തിരുഹൃദയത്തിന്‍റെ പ്രേഷിതര്‍ എന്ന സന്ന്യസ്തസമൂഹത്തിന്‍റെ പൊതുസംഘത്തില്‍, അഥവാ, ജനറല്‍ചാപ്റ്ററില്‍ പങ്കെടുക്കുന്ന ഈ സമൂഹാംഗങ്ങളുടെ 85 ഓളം പേരടങ്ങിയ സംഘത്തെ ശനിയാഴ്ച (16/09/17) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

“നീ നല്ലവീഞ്ഞ് ഇതുവരെയും സൂക്ഷിവച്ചുവല്ലോ” എന്ന് കാനായിലെ കല്ല്യാണവേളയില്‍ വീഞ്ഞു തീര്‍ന്നു പോയപ്പോള്‍ യേശു വെള്ളം വീഞ്ഞാക്കി മാറ്റിയതിനെ തുടര്‍ന്ന് ഈ വീഞ്ഞ് വിളമ്പിയപ്പോള്‍, യേശുവിന്‍റെ  അത്ഭുതപ്രവൃത്തിയുടെ ഫലമാണ് ഈ വീഞ്ഞെന്നറിയതിരുന്ന കലവറക്കാരന്‍ വീഞ്ഞു രുചിച്ചു നോക്കിയ ശേഷം മണവാളനോടു പറയുന്ന ഈ വാക്യത്തില്‍ കേന്ദ്രീകൃതമായിരുന്നു പാപ്പായുടെ പ്രഭാഷണം.

യേശുവിന്‍റെ തിരുഹൃദയത്തിന്‍റെ പ്രേഷിതര്‍ എന്ന സന്ന്യസ്തസമൂഹത്തിന്‍റെ   സ്ഥാപകനായ വൈദികന്‍  ഷാന്‍ ഷ്യൂ ഷെവലിയെ (JEAN JULES CHEVALIER)യുടെ ലക്ഷ്യം തിരുഹൃദയഭക്തി പരിപോഷിപ്പിക്കുകയായിരുന്നുവെന്ന് അനുസ്മരിച്ച പാപ്പാ സകലരോടും, വിശിഷ്യ, ആവശ്യത്തിലിരിക്കുന്നവരോട് യേശുവിനുള്ള കാരുണ്യത്തിനും ആര്‍ദ്രസ്നേഹത്തിനും സാക്ഷ്യമേകുന്ന പ്രവര്‍ത്തനങ്ങളിലൂടെ ഈ സമൂഹം ഇന്ന് ആ ലക്ഷ്യത്തിന് സാക്ഷാത്ക്കരാമേകുന്നു എന്ന് ശ്ലാഘിച്ചു.

എളിയവരോടും, ഏറ്റം താഴെക്കിടയിലായിരിക്കുന്നവരോടും ബലഹീനരോടും പരിത്യക്തരോടും ദൈവത്തിനുള്ള തീവ്രവും ആര്‍ദ്രവുമായ സ്നേഹം ജീവിതത്തിലും പ്രവര്‍ത്തികളിലും ആവിഷ്ക്കരിക്കുകയെന്നതാണ് സഭ തിരുഹൃദയപ്രേഷിതാംഗങ്ങളെ ഏല്‍പിക്കുന്ന പ്രഥമ സുവിശേഷമെന്ന് പാപ്പാ അവരെ ഓര്‍മ്മിപ്പിച്ചു.

മാനവമൂല്യങ്ങള്‍ ഗ്രഹിക്കാനും ജീവന്‍റെയും ചരിത്രത്തിന്‍റെയും സുവിശേഷമൂല്യം വളര്‍ത്താനും പുത്തന്‍ തലമുറകളെ പരിശീലിപ്പിക്കുകയും അവര്‍ക്ക്   സഹായമേകുകയും ചെയ്യേണ്ടത് ഇന്ന് അടിയന്തിരപ്രാധാന്യമര്‍ഹിക്കുന്നുവെന്നും ഇത്, തീര്‍ച്ചയായയും, സഭയുടെ സുവിശേഷവത്ക്കരണ ദൗത്യത്തിന്‍റെ അതിരുകളില്‍ ഒന്നാണെന്നും പാപ്പാ പറഞ്ഞു.

അല്മായവിശ്വാസികളുമായി ഭീതികൂടാതെ സഹകരിച്ചു പ്രവര്‍ത്തിക്കാനും പാപ്പാ തിരുഹൃദയ പ്രേഷിതസമൂഹത്തിന് പ്രചോദനം പകര്‍ന്നു.

     








All the contents on this site are copyrighted ©.