2017-09-11 12:52:00

സമാധനത്തിന്‍റെ സരണികള്‍ തുറക്കാന്‍ പ്രാര്‍ത്ഥന അനിവാര്യം-പാപ്പാ


സമാധനത്തിന്‍റെ പുത്തന്‍ പാതകള്‍ വെട്ടിത്തുറക്കുന്നതിന് എളിമയാര്‍ന്ന ധൈര്യവും നിശ്ചയദാര്‍ഢ്യത്തോടുകൂടിയ അശ്രാന്തപരിശ്രവും ആവശ്യമാണെന്ന് മാര്‍പ്പാപ്പാ.

സമാധനസംരഭങ്ങളുമായി മുന്നോട്ടുപോകുന്ന വിശുദ്ധഎജീദിയൊയുടെ നാമത്തിലുള്ള സമൂഹത്തിന്‍റെ ആഭിമുഖ്യത്തില്‍ ജര്‍മ്മനിയിലെ ഒസ്നാബ്രുക്കില്‍ സമ്മേളിച്ചിരിക്കുന്ന ക്രൈസ്തവസസഭകളുടെയും ഇതരലോകമതങ്ങളുടെയും പ്രതിനിധികള്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

“സമാധാനത്തിന്‍റെ സരണികള്‍” എന്നതാണ് ചൊവ്വാഴ്ച(12/09/17) സമാപിക്കുന്ന ഈ ത്രിദിന അന്താരാഷ്ട്ര മതാന്തര സമാധാനസമ്മേളനത്തിന്‍റെ വിചിന്തന പ്രമേയം.

വിശുദ്ധ രണ്ടാം ജോണ്‍പോള്‍ മാര്‍പ്പാപ്പാ 1986 ല്‍ അസ്സീസിയില്‍ തുടക്കം കുറിച്ച സമാധാനത്തിന്‍റെയും സംഭാഷണത്തിന്‍റെയും പാതയുടെ തുടര്‍ച്ചയാണ് ഈ സമ്മേളനമെന്ന് പാപ്പാ തന്‍റെ സന്ദേശത്തില്‍ സൂചിപ്പിക്കുന്നു.

സമാധാനോദയത്തെക്കുറിച്ചുള്ള പ്രത്യാശ അസ്തമിക്കുകയും അക്രമത്തിന്‍റെ അന്ധകാരം ജനങ്ങളെ വലയം ചെയ്യുകയും അനുരഞ്ജനത്തിന്‍റെ വഴികള്‍ നിരാകരിക്കപ്പെടുകയും സംഭാഷണത്തിന്‍റെ സ്ഥാനം ആയുധങ്ങള്‍ കൈയ്യടക്കുകയും സംഘര്‍ഷങ്ങള്‍ അന്ത്യമില്ലാതെ തുടരുകയും ചെയ്യുന്നവിടങ്ങളില്‍, പ്രത്യേകിച്ച്, സമാധാനത്തിന്‍റെ നൂതന പാതകള്‍ പണിയുകയും തുറക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് പാപ്പാ പറയുന്നു.

ശാന്തിയുടെ കവാടങ്ങള്‍ തുറക്കുന്നതിന് പ്രാര്‍ത്ഥന ആവശ്യമാണെന്നും അത് സമാധാനത്തെ സംബന്ധിച്ചിടത്തോളം മൗലികമാണെന്നും സമാധാനത്തിന്‍റെ മനുഷ്യരായി ജീവിക്കുകയെന്ന ഉത്തരവാദിത്വം, ഇന്നത്തെ ചരിത്രപരമായ പ്രത്യേക സാഹചര്യത്തില്‍, മതനേതാക്കള്‍ക്ക് ഉണ്ടെന്നും പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

യുദ്ധത്തിന്‍റെയും വിദ്വേഷത്തിന്‍റെയും തിന്മകളില്‍ നിന്നുള്ള മോചനത്തിന്‍റെ പാതയില്‍ വയ്ക്കേണ്ട ആദ്യ ചുവട് അപരന്‍റെ വേദന അറിയുകയും അത് സ്വന്തമാക്കിത്തീര്‍ക്കുകയും തിന്മകളെ സാധാരണസംഭവങ്ങളായി കാണാതിരിക്കുകയും വേണമെന്നും പാപ്പാ പറഞ്ഞു.

യുറോപ്യന്‍ സമിതിയ്ക്ക് ജന്മമേകിയ ഉടമ്പടി 1967 ല്‍ റോമില്‍ ഒപ്പുവയ്ക്കപ്പെട്ടതിന്‍റെ 60-Ͻ൦ വാര്‍ഷികത്തിലാണ് ഒസ്നാബ്രൂക്ക് മതാന്തര സമാധാന സമ്മേളനം നടക്കുന്നതെന്നതും പാപ്പാ തന്‍റെ സന്ദേശത്തില്‍ അനുസ്മരിക്കുന്നു.

 

 








All the contents on this site are copyrighted ©.