2017-09-08 14:48:00

പാപ്പായുടെ ഇടയസന്ദര്‍ശനം - രണ്ടാം ദിനം


ഫ്രാന്‍സീസ് പാപ്പാ തെക്കെ അമേരിക്കയുടെ വടക്കുപടിഞ്ഞാറെ അറ്റത്ത് സ്ഥിതിചെയ്യുന്ന കൊളൊംബിയായിലാണിപ്പോള്‍. പാപ്പാ സഞ്ചരിച്ചിരുന്ന വിമാനം അമേരിക്കാഭൂഖണ്ഡത്തില്‍ ചിലപ്രദേശത്തെ ബാധിച്ചിരിക്കുന്ന പ്രതികൂല കാലാവസ്ഥമൂലം വഴി മാറിപ്പറന്നെങ്കിലും,  കൊളൊംബിയായുടെ തലസ്ഥാനനഗരിയായ ബൊഗൊട്ടയില്‍ ബുധനാഴ്ച (06/09/17) പ്രാദേശികസമയം വൈകുന്നേരം 4.10 ന്, നിശ്ചിതസമയത്തെക്കാള്‍ 20 മിനിറ്റ് മുമ്പ് ഇറങ്ങി. അപ്പോള്‍ ഇന്ത്യയില്‍ വ്യാഴാഴ്ച (07/09/17) പുലര്‍ച്ചെ 2.40 ആയിരുന്നു സമയം. കൊളൊംബിയ, സമയത്തില്‍, ഭാരതത്തെക്കാള്‍ 10 മണിക്കൂറും 30 മിനിറ്റും പിന്നിലാണ്. ഈ സമയവിത്യാസത്തിന്‍റെ പശ്ചാത്തലത്തില്‍, ഈ പ്രക്ഷേപണത്തില്‍ നമ്മള്‍ പാപ്പായുടെ വ്യാഴാഴ്ചത്തെ ഇടയസന്ദര്‍ശനപരിപാടികളിലൂടെ ആണ് കടന്നുപോകുക.

ബുധനാഴ്ച രാത്രി ബൊഗൊട്ടായില്‍, അപ്പസ്തോലിക് നണ്‍ഷിയേച്ചറില്‍ രാത്രി വിശ്രമിച്ച ഫ്രാന്‍സീസ് പാപ്പായുടെ വ്യാഴാഴ്ചത്തെ പരിപാടികള്‍ രാഷ്ട്രപതിഭവനത്തില്‍ വച്ച് അന്നാടിന്‍റെ പ്രസിഡന്‍റ് ഹുവാന്‍ സാന്തോസ് കല്‍ദെറോണും പൗരാധികാരികളുമായുമുള്ള കൂടിക്കാഴ്ചയോടെയാണ് ആരംഭിച്ചത്. ഈ കൂടിക്കാഴ്ചാന്തരം പാപ്പാ ബൊഗൊട്ടായിലെ കത്തീദ്രല്‍ സന്ദര്‍ശിക്കുകയും അരമനയില്‍വച്ച് കൊളൊംബിയായിലെ മെത്രാന്മാരുമായി കൂടിക്കാഴ്ച സനടത്തുകയും ചെയ്തു. അന്നുച്ചതിരിഞ്ഞ് പാപ്പാ ലത്തീനമേരിക്കയിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ ഭരണസമിതയെ അപ്പസ്തോലിക് നണ്‍ഷിയേച്ചറില്‍ വച്ച് സംബോധനചെയ്തു. വ്യാഴാഴ്ചത്തെ അവസാന പരിപാടി സിമോണ്‍ ബൊളീവര്‍ പാര്‍ക്കില്‍ ദിവ്യപൂജാര്‍പ്പണം ആയിരുന്നു.

പാപ്പായുടെ ഇടയസന്ദര്‍ശന പരിപാടിയില്‍ വ്യാഴാഴ്ചത്തെ വിചിന്തന പ്രമേയം “ സമാധാനശില്പികളും ജീവന്‍റെ പരിപോഷണവും- മറിയം ജീവന്‍റെ ജനനി” ​​എന്നതായിരുന്നു.

ബൊഗൊട്ടൊയിലെ അപ്പസ്തോലിക് നണ്‍ഷിയേച്ചറില്‍ നിന്ന് 7 കിലോമീറ്റര്‍ അകലെയാണ് രാഷ്ട്രപതി മന്ദിരം. അന്നാടിന്‍റെ സ്വാതന്ത്ര്യസമരപോരാളിയായിരുന്ന, 1765 മുതല്‍ 1823 വരെയുള്ള കാലഘട്ടത്തില്‍ ജീവിച്ചിരുന്ന, “അന്തോണിയൊ നരീഞ്ഞൊ”യോടുള്ള ആദരസൂചകമായി “കാസ ദെ നരീഞ്ഞൊ” അഥവാ, “നരീഞ്ഞൊയുടെ ഭവനം” എന്നും ഈ മന്ദിരം അറിയപ്പെടുന്നു.

കൊളൊംബിയായുടെ പ്രസിഡന്‍റ് ഹുവാന്‍ മനുവേല്‍ സാന്തോസ് കല്‍ദെറോണ്‍ 2010 മുതല്‍ തുടര്‍ച്ചയായി തല്‍സ്ഥാനം വഹിക്കുന്നു. 2014 ല്‍ അദ്ദേഹം രണ്ടാം വട്ടം പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 66 വയസ്സു പ്രായമുള്ള അദ്ദേഹം സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാര ജേതാവുകൂടിയാണ്. 2016 ലാണ്  പ്രസിഡന്‍റ് ഹുവാന്‍ മനുവേല്‍ സാന്തോസ് കല്‍ദെറോണിന് ഇതു ലഭിച്ചത്. ഭാര്യ മരിയ ക്ലെമേന്‍സിയ റൊഡ്രീഗെസ് മ്യുണേറയും മൂന്നു പുത്രന്മാരും അടങ്ങുന്നതാണ് അദ്ദേഹത്തിന്‍റെ കുടുംബം.

പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയുടെ മുന്നിലുള്ള ചത്വരത്തില്‍, മുന്നിലും പിന്നിലും അശ്വരൂഢരായ സൈനികരുടെ അകമ്പടിയോടെ, കാറില്‍ വന്നിറങ്ങിയ ഫ്രാന്‍സീസ് പാപ്പാ ചുവന്ന പരവതാനിയലൂടെ നടന്ന്  പ്രസിഡന്‍റ് ഹുവാന്‍ മനുവേല്‍ സാന്തോസ് കല്‍ദെറോണിന്‍റെയും പന്തിയുടെയും ചാരെ ​എത്തി ഹസ്തദാനം നല്കി.  തുടര്‍ന്ന്  പാപ്പായ്ക്ക് സൈനികോപചാരം അര്‍പ്പിക്കപ്പെടുകയും പാപ്പാ ദേശീയ പതാകയെ വന്ദിക്കുകയും ചെയ്തു. തുടര്‍ന്ന്  വത്തിക്കാന്‍റെയും കൊളൊംബിയായുടെയും ദേശീയഗാനങ്ങള്‍ സൈനികബാന്‍റ് വാദനം ചെയ്തു.  

പാപ്പാ പ്രസിഡന്‍റിന്‍റെയും അദ്ദേഹത്തിന്‍റെ പത്നിയുടെയും അകമ്പടിയോടെ മുന്നോട്ടു പോകവെ ഒരു ബാലിക പപ്പായ്ക്ക് സമ്മാനവുമായി ഓടിവരികയും അതുപോലെ മറ്റു എതാനും കുട്ടികളും പാപ്പായുടെ ചാരെയണയുകയും പാപ്പാ അവരെ സ്നേഹപൂര്‍വ്വം ചുംബിക്കുകയും തലോടുകയും ചെയ്യുകയും ചെയ്തു. ചക്രക്കസേരയിലുംമറ്റും ഇരുന്നിരുന്ന ഭിന്നശേഷിക്കാരായ ഏതാനും പേരുടെ പക്കല്‍ ചെന്നു പാപ്പാ തന്‍റെ സ്നേഹം പങ്കുവച്ചു. വേദിക്കു മുന്നിലായി ശാന്തിയുടെ  പ്രതീകമായ വെള്ളരിപ്രാവിന്‍റെ  ചിഹ്നത്തോടുകൂടിയ സമാധാന ദീപം പ്രസിഡന്‍റ്  പാപ്പായുടെ സാന്നിധ്യത്തില്‍ കൊളുത്തിയ ഉടനെ ശുഭ്രവസ്ത്രധാരികളായ ഏതാനും ബാലികാബാലന്മാര്‍ പാപ്പായ്ക്കു ചുറ്റും കൂടി. അവരോട് തന്‍റെ    പിതൃനിര്‍വിശേഷ വാത്സല്യം പ്രകടിപ്പിച്ച പാപ്പ വേദിയില്‍ പ്രസിഡന്‍റിന്‍റെ ചാരെ ഉപവിഷ്ടനായപ്പോള്‍ വെള്ളവസ്ത്രമണിഞ്ഞിരുന്ന കുട്ടികള്‍ ഗാനത്തിനൊപ്പം കൈകള്‍ വീശി പിന്നില്‍ അണിനിരന്നു.

ഗാനം അവസാനിച്ചപ്പോള്‍ പ്രസിഡന്‍റ് ഹുവാന്‍ മനുവേല്‍ സാന്തോസ് കല്‍ദെറോണ്‍ പാപ്പായെ സ്വാഗതം ചെയ്തു.

തുടര്‍ന്ന് പാപ്പാ അവിടെ സന്നിഹിതരായിരുന്ന രാഷ്ട്രീയമതനേതാക്കളും നയന്ത്രപ്രതിനിധികളും വ്യവസായപ്രമുഖരും സാമൂഹ്യസാസ്കാരികമണ്ഡലങ്ങളിലെ വിശിഷ്ടവ്യക്തികളും അടങ്ങുന്ന 700 ലേറെവരുന്ന ജനസഞ്ചയത്തെ സംബോധനചെയ്തു.

സകലരുടെയും സംഘാതപരിശ്രമം ആവശ്യമായിരിക്കുന്ന ഒന്നാണ് സമാധാന പ്രകിയ, സ്വാതന്ത്ര്യവും നിയമപാലനവും കൈകോര്‍ത്തു നീങ്ങണം, പ്രത്യാശയോടെ ഭാവിയെ ഉറ്റുനോക്കേണ്ടതിന്‍റെ ആവശ്യകത, സമാധാനം, നീതി, പൊതുനന്മ എന്നിവയ്ക്കായി വിശ്വസ്തതയോടുകൂടി പ്രവര്‍ത്തിക്കുകയെന്ന സഭയുടെ ദൗത്യം എന്നീ ആശയങ്ങളാല്‍ സാന്ദ്രമായിരുന്നു പാപ്പായുടെ പ്രഭാഷണം.

വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍, വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ എന്നീ തന്‍റെ   മുന്‍ഗാമികളുടെ ചുവടു പിടിച്ചാണ് താന്‍ കൊളൊംബിയായില്‍ എത്തിയിരിക്കുന്നതെന്നും അവരെപ്പോലെതന്നെ തന്നെയും നയിക്കുന്നത് കൊളൊംബിയായയുടെ മണ്ണില്‍ ആഴത്തില്‍ വേരുന്നിയിട്ടുള്ള വിശ്വാസമെന്ന ദാനവും സകലരുടെയും ഹൃദയങ്ങളില്‍ സ്പന്ദിക്കുന്ന പ്രത്യാശയും അന്നാട്ടുകാരായ സഹോദോരങ്ങളുമൊത്തു പങ്കുവയ്ക്കുകയെന്ന അഭലാഷമാണെന്നും പാപ്പാ പറഞ്ഞു.

സായുധ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനും അനുരഞ്ജനത്തിന്‍റെ പാത കണ്ടെത്തുന്നതിനുമുള്ള ഇക്കഴിഞ്ഞ പതിറ്റാണ്ടില്‍ നടന്ന പരിശ്രമങ്ങളില്‍ സന്തുഷ്ടി പ്രകടിപ്പിച്ച പാപ്പാ സമാധനപ്രക്രിയ തുറന്ന ഒരു സംരംഭമാണെന്നും സകലരുടെയും പരിശ്രമം ആവശ്യമുള്ള അവിരാമ യത്നമാണ് അതെന്നുമുള്ള ബോധ്യത്തിലുള്ള മുന്നേറ്റം പ്രത്യാശപകരുന്നുവെന്ന് പ്രസ്താവിച്ചു.

“സ്വാതന്ത്ര്യവും ചിട്ടയും” എന്ന കൊളൊംബിയായുടെ മുദ്രാവാക്യം അനുസ്മരിച്ച പാപ്പാ പൗരന്മാരുടെ സ്വാതന്ത്ര്യം വിലമതിക്കപ്പെടുകയും നിയമത്താല്‍ സംരക്ഷിക്കപ്പെടുകയും ചെയ്യണമെന്നും ബലവാന്‍റെ നിയമമല്ല നിയമത്തിന്‍റെ ബലമാണ് വേണ്ടതെന്നും ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

സമൂഹത്തിന്‍റെ അരികുകളിലേക്കു തള്ളപ്പെട്ടവരുടെയും പരിത്യക്തരുടെയും കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതിന്‍റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി.

തന്‍റെ ദൗത്യത്തോടു വിശ്വസ്തയായിരിക്കുന്ന സഭ സമാധാനത്തിനും നീതിക്കും പൊതുനന്മയ്ക്കും വേണ്ടിയുള്ള പരിശ്രമങ്ങളില്‍ വ്യാപൃതയാണെന്ന് വെളിപ്പെടുത്തി.

മനുഷ്യജീവന്‍റെ പവിത്രത ആദരിക്കപ്പെടുകയും സമൂഹത്തില്‍ കുടുംബത്തിനുള്ള പ്രാധാന്യം അംഗികരിക്കപ്പെടുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി.

കൊളൊംബിയായുടെ ജൈവവൈധ്യവും സംരക്ഷിക്കപ്പെടേണ്ടതിന്‍റെ ആവശ്യം പാപ്പാ ഊന്നിപ്പറഞ്ഞു.  

വിദ്വേഷത്തിലും പ്രതികാരനടപടികളിലും ദീര്‍ഘകാലം ചിലവിട്ടു... ശത്രുതയില്‍ പതിറ്റാണ്ടുകള്‍ പിന്നിട്ടു. ഇനി അക്രമം ഒരു ജീവന്‍ പോലും എടുക്കരുത്. നിങ്ങള്‍ ഒറ്റയ്ക്കല്ല എന്നു പറയാനാണ് ഞാന്‍ ഇവിടം വരെ വന്നത്. ഈ പാതയില്‍ മുന്നേറുന്നതിന് നിങ്ങളെ തുണയ്ക്കുന്നതിന് ഞങ്ങള്‍ നിരവധിപ്പേരുണ്ട്. ഈ സന്ദര്‍ശനം അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും പാതയെ നിരപ്പാക്കുന്നതിന് ഒരു സഹായവും നിങ്ങള്‍ക്ക് പ്രചോദനവും ആകട്ടെ. നിങ്ങള്‍ എന്‍റെ പ്രാര്‍ത്ഥനയില്‍ ഉണ്ട്. നിങ്ങള്‍ക്കുവേണ്ടിയും കൊളൊംബിയായയുടെ വര്‍ത്തമാനഭാവികാലങ്ങള്‍ക്കായും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

ഈ ഉറപ്പുനല്കി പാപ്പാ പ്രസംഗം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് പ്രസിഡന്‍റ്  പാപ്പായെ രാഷ്ട്രപതിമന്ദിരത്തിന്‍റെ  ഒന്നാമത്തെ നിലയിലേക്കാനയിച്ചു. അവിടെ വച്ചായിരുന്നു ഇരുവരും തമ്മിലുള്ള സൗഹൃദ കൂടിക്കാഴ്ച. ഇരുവരും തമ്മിലുള്ള സൗഹൃദ സ്വകാര്യ സംഭഷണത്തിനുശേഷം പ്രസിഡന്‍റ് കല്‍ദേറോണ്‍ തന്‍റെ കുടുംബത്തെ പാപ്പായ്ക്ക് പരിചയപ്പെടുത്തി. തദ്ദനന്തരം പാപ്പാ വിശിഷ്ടസന്ദര്‍ശകരുടെ സാന്നിധ്യം രേഖപ്പെടുത്തുന്ന ഗ്രന്ഥത്തില്‍ ഒപ്പു വച്ചു. തുടര്‍ന്ന് പാപ്പായും പ്രസിഡന്‍റും      സമ്മാനങ്ങള്‍ കൈമാറി.

യേശുനാഥന്‍റെ ഇഹലോകജീവിതത്തിന്‍റെ അവസാനഘ‍ട്ടങ്ങള്‍ അതായത് കുരിശിന്‍റെ  വഴി, ക്രൂശിക്കല്‍, സ്വര്‍ഗ്ഗാരോഹണം എന്നീ മൂന്നു രംഗങ്ങള്‍ മൂന്നു ശില്പങ്ങളിലായി തീര്‍ത്ത് ഒരു പ്രതലത്തില്‍ ഉറപ്പിച്ചിരിക്കുന്നതായിരുന്നു പാപ്പായുടെ സമ്മാനം. വെള്ളിയില്‍ വാര്‍ത്തെടുത്ത ഈ മൂന്നു ശില്പങ്ങളില്‍ സ്വാര്‍ഗ്ഗാരോഹണം മദ്ധ്യത്തിലും അതിന്‍റെ ഇടതുവശത്ത് മാറി കുരിശിലേറ്റല്‍ രംഗ ശില്പവും വലതുവശത്ത് ശ്ലീവാപ്പാതാശില്പവും ക്രമീകരിച്ചിരിക്കുന്നു. അന്തോണിയൊ കോന്തി എന്ന ഇറ്റാലിയന്‍ ശില്പിയുടെ 1983ലെ സൃഷ്ടിയാണിത്.

ഈ സമ്മാനക്കൈമാറ്റാനന്തരം പ്രസിഡന്‍റും പ്രഥമ വനിതയും  പാപ്പായുടെ കാറിന്‍റെ  അടുത്തുവരെ പാപ്പായെ അനുയാത്ര ചെയ്യുകയും പാപ്പാ അവരോടു വിടപറയുകയും ചെയ്തു. 

പാപ്പായുടെ തുറന്ന കാര്‍ നേരെ പോയത്, 400 മീറ്റര്‍ മാത്രം അകലെയുള്ള കത്തീദ്രലിലേക്കാണ്. ഈ കത്തീദ്രല്‍ സ്ഥിതിചെയ്യുന്ന ബൊളീവര്‍ ചത്വരത്തില്‍ സന്നിഹിതരായിരുന്ന വിശ്വാസികളെ  പാപ്പാ വലംവച്ചു. ഗാനവും ഹര്‍ഷാരവങ്ങളും ആര്‍പ്പുവിളികളും ഇടകലര്‍ന്ന് കേള്‍ക്കാമായിരുന്നു.

ബൊളിവര്‍ ചത്വരത്തില്‍ കത്തീദ്രലിനു പുറമെ, നഗരസഭാമന്ദിരം, കോടതി, പാര്‍ലിമെന്‍റ് മന്ദിരം തുടങ്ങിയവയും സ്ഥിതിചെയ്യുന്നു.  നഗരസഭാമന്ദിരത്തിനു സമീപം പേപ്പല്‍ വാഹനം നിറുത്തുകയും അവിടെ വച്ച് നഗരാധിപന്‍ പാപ്പായെ നഗരത്തിന്‍റെ താക്കോല്‍ നല്കി ആദരിക്കുകയും ചെയ്തു. നഗരസാഭാധികാരികളെ അഭിവാദ്യം ചെയ്തതിനു ശേഷം പാപ്പാ ഭദ്രാസനദേവലായത്തിലേക്കു നടന്നു പോയി. ഈ ദേവാലയം അമലോത്ഭവനാഥയ്ക്ക് പ്രതിഷ്ഠിതമാണ്. ഈ കത്തീദ്രലിന്‍റെ  നിര്‍മ്മാണ പ്രവര്‍ത്തനങ്ങല്‍ 1807 മുതല്‍ 1823 വരെ നീണ്ടു. ബൊഗൊട്ട നഗരത്തിന്‍റെ   സ്ഥാപകനായ ഹൊണ്‍ത്സാലൊ ഹിമേനെത്സ് ദെ ക്വെസാദയുടെ ഭൗതികാവശിഷ്ടം ദേവാലയത്തിനകത്ത് സൂക്ഷിച്ചിട്ടുണ്ട്. 1538 ല്‍ നഗരസ്ഥാപനദിനത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയ്ക്ക് ഫ്രെ ദൊമീംഗൊ ദെ ലാസ് കസാസ് ഉപയോഗിച്ച തിരുവസ്ത്രങ്ങള്‍ സങ്കീര്‍ത്തിയില്‍ സൂക്ഷിച്ചിരിക്കുന്നു.

ബൊഗൊട്ടാ അതിരൂപതയുടെ അദ്ധ്യക്ഷനും അന്നാട്ടിലെ കത്തോലിക്കാവൈദികമേലദ്ധ്യക്ഷപ്രധാനിയുമായ കര്‍ദ്ദിനാള്‍ റുബേന്‍ സലത്സാര്‍ ഗോമെത്സും രൂപതാസമിതിയും ചേര്‍ന്ന് പാപ്പായെ വരവേറ്റു. ഹംഗറിയിലെ വിശുദ്ധ എലിസബത്തിന്‍റെ തിരുശേഷിപ്പ് തദ്ദവസരത്തില്‍ പാപ്പായ്ക്ക് സമര്‍പ്പിക്കപ്പെട്ടു. ദേവാലയത്തില്‍ സന്നിഹിതരായിരുന്ന 3000ത്തോളം വിശ്വാസികളെ അഭിവാദ്യം ചെയ്തുകൊണ്ട് പാപ്പാ കത്തീദ്രല്‍ ദേവാലയത്തിന്‍റെ മദ്ധ്യ ഇടനാഴിയിലൂടെ സാവധാനം നടന്ന് കൊളൊംബിയായയുടെ സ്വര്‍ഗ്ഗീയ സംരക്ഷകയായ “ചിക്വിന്‍കിറാ ജപമാല നാഥ”യുടെ തിരുച്ചിത്രത്തിനു മുന്നിലെത്തി മൗനപ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന്   പരിശുദ്ധകന്യകാമറിയത്തിന്‍റെ ലുത്തീനിയയ്ക്കുശേഷം പാപ്പാ തിരുച്ചിത്രത്തിനു മുന്നില്‍ ഒരു സ്വര്‍ണ്ണജപമാല സമര്‍പ്പിച്ചു. അതിനുശേഷം ഫ്രാന്‍സീസ് പാപ്പാ വിശിഷ്ട വ്യക്തികള്‍ ഈ ദേവാലയം സന്ദര്‍ശിച്ചതിന് സാക്ഷ്യമേകുന്ന ഗ്രന്ഥത്തില്‍ ഒപ്പുവയ്ക്കുകയും ചെയ്തു. തുടര്‍ന്നു പാപ്പാ “വിശുദ്ധകുര്‍ബ്ബാനയുടെ കപ്പേള”യിലേക്കു പോകുകയും സന്ദര്‍ശനസംഘാടകസമിതിയംഗങ്ങളേയും അവരുടെ കുടുംബാംഗങ്ങളേയും നേരിട്ടുകണ്ട് അഭിവാദ്യം ചെയ്യുകയും ചെയ്തു. 150 ഓളംപേര്‍ അവിടെ സന്നിഹിതരായിരുന്നു. തദ്ദനന്തരം കത്തീദ്രലിനടുത്തുള്ള അതിമെത്രാസനമന്ദിരത്തിലേക്കു പോയ പാപ്പാ മന്ദിരത്തിന്‍റെ മുകളില്‍, മുകപ്പില്‍ നിന്നുകൊണ്ട്  ഉത്സവപ്രതീതിയാര്‍ന്ന ബൊളീവര്‍ ചത്വരത്തില്‍ സന്നിഹിതരായിരുന്ന 22000 ത്തോളം യുവജനങ്ങള്‍ ഉള്‍പ്പടെയുള്ള ജനസഞ്ചയത്തെ സംബോധനചെയ്തു.  

കൊളംബിയ നാടാകുന്ന ഭവനത്തില്‍ പ്രവേശിക്കുന്ന താന്‍ ആ ഭവനത്തിന് സമാധാനം ആശംസിക്കുന്നുവെന്ന് പാപ്പാ ലൂക്കായുടെ സുവിശേഷം പത്താം അദ്ധ്യായം 5ഉം 6ഉം വാക്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു.

കൊളൊംബിയായിലെ ജനങ്ങളില്‍ നിന്ന് അവരുടെ വിശ്വാസത്തില്‍ നിന്നു പ്രതികൂലാവസ്ഥകളെ തരണം ചെയ്യുന്നതിനുള്ള അവരുടെ ആത്മധൈര്യത്തില്‍ നിന്നു പഠിക്കാനാണ് താന്‍ എത്തിയിരിക്കുന്നതെന്നു പാപ്പാ വെളിപ്പെടുത്തി,

യുവജനങ്ങളുടെ സാന്നിധ്യത്തിന്‍റെ ബാഹുല്യം കണ്ട പാപ്പാ ക്രിസതുവുമായി കണ്ടുമുട്ടുന്ന യുവജനങ്ങളുടെ ഹൃദയത്തിന്‍റെ സവിശേഷതയായ ആനന്ദം കാത്തുസൂക്ഷിക്കാനും അതു കവര്‍ന്നെടുക്കപ്പെടാതിരിക്കുന്നതിന് ജാഗ്രതപുലര്‍ത്താനും അവരെ ഓര്‍മ്മിപ്പിച്ചു. ലോകത്തെ മുഴുവന്‍ ജ്വലിപ്പിക്കാന്‍ പോന്നതാണ് ക്രിസ്തുവിന്‍റെ സ്നേഹാഗ്നിയെന്നും ഭാവിയെക്കുറിച്ച് ആശങ്കയുള്ളവരാകരുതെന്നും മഹത്തായ കാര്യങ്ങളെക്കുറിച്ചു സ്വപനം കാണണമെന്നും പാപ്പാ അവരോടു പറഞ്ഞു. അപരന്‍റ വേദനകള്‍ അറിയുന്നതിനുള്ള പ്രത്യേക കഴിവ് യുവതയ്ക്കുണ്ട് എന്ന വസ്തുതയെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ ഏറ്റം ബലഹീനരായവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുവേണ്ടി സ്വന്തം സുഖസൗകര്യങ്ങള്‍ ത്യജിക്കാന്‍ സന്നദ്ധരാണ് അവരെന്ന് ശ്ലാഘിച്ചു. വൃദ്ധജനത്തെ സഹായിക്കാനും പാപ്പാ പ്രചോദനം പകര്‍ന്നു.  

തെറ്റുകള്‍ കാണാനും വിധിക്കാനും മാത്രമല്ല ക്ലേശിതരുടെ വേദന മനസ്സിലാക്കാനും യുവതയ്ക്ക് കഴിയുമെന്ന് പാപ്പാ പറഞ്ഞു.

നാം സ്വപ്നംകാണുന്ന ഒരു നാടു കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ കഴിവ് യുവജനത്തിനുണ്ടെന്നും അവരാണ് കൊളൊംബിയായുടെയും സഭയുടെയും പ്രതീക്ഷയെന്നും പാപ്പാ വെളിപ്പെടുത്തി.

നീതിയും ഭദ്രതയുമുളുളതും ഫലസമൃദ്ധവുമായ ഒരു സമൂഹത്തിനുവേണ്ടി സമൂഹനവീകരണയ്തനത്തിലേര്‍പ്പെടാന്‍ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.  

ജനസഞ്ചയത്തെ സംബോധനചെയ്യുകയും അവരെ അനുഗ്രഹിക്കുകയും ചെയ്തതിനുശേഷം ഫ്രാന്‍സീസ് പാപ്പാ അതിമെത്രാസനമന്ദിരത്തില്‍ വച്ച് കൊളൊംബിയായിലെ കത്തോലിക്കാമെത്രാന്മാരുമായി കൂടിക്കാഴ്ച നടത്തി. 130 ഓളം മെത്രാന്മാര്‍ അവിടെ സന്നിഹിതരായിരുന്നു.

മെത്രാന്‍സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ഓസ്കര്‍ ഉര്‍ബീന ഒര്‍ത്തേഗ പാപ്പായെ സ്വീകരിച്ച് കൂട‌ിക്കാഴ്ചാവേദിയിലേക്കാനയിച്ചു. ബൊഗൊട്ട അതിരൂപതയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ റുബേന്‍ സലത്സാര്‍ ഗോമെത്സിന്‍റെയും ആര്‍ച്ചുബിഷപ്പ് ഓസ്കര്‍ ഉര്‍ബീന ഒര്‍ത്തേഗയുടെയും സ്വാഗതവാക്കുകളെതുടര്‍ന്ന്   പാപ്പാ മെത്രാന്മാരെ സംബോധനചെയ്തു.

നിയതമായ സമാധനത്തിലേക്കും അനുരഞ്ജനത്തിലേക്കും ധീരമായ ആദ്യചുവടു വയ്ക്കുന്നതിന് കൊളൊംബിയായ്ക്ക് മെത്രാന്മാരുടെ ശ്രദ്ധ ആവശ്യമുണ്ടെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. നിരവധിയായ സഹനങ്ങള്‍ക്ക് മൂലകാരണമായ അസമത്വങ്ങളും അക്രമങ്ങളും ഇല്ലാതാക്കുന്നതിനും ഇതാവശ്യമാണെന്നും പാപ്പാ പറഞ്ഞു.

തന്‍റെ ഇടയസന്ദര്‍ശനത്തിന്‍റെ ആപ്തവാക്യത്തെക്കുറിച്ച്, അതായത് നമുക്ക് ആദ്യ ചുവടുവയ്ക്കാം എന്ന വാക്യത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ  ഈ ആദ്യ ചുവടുവയ്പ്പിന്‍റെ കര്‍ത്താവ് ദൈവമാണെന്ന് വിശുദ്ധഗ്രന്ഥഭാഗങ്ങള്‍ ആധാരമാക്കി ഉദ്ബോധിപ്പിച്ചു.

സ്വന്തം നാടിന്‍റെയും സ്വന്തം ജനത്തിന്‍റെയും മുറിവുകളില്‍ ആദ്യം സ്പര്‍ശിക്കേണ്ടവര്‍ മെത്രാന്മാരാണെന്നും മയക്കുമരുന്നിനെതിരെ ശാന്തതയോടെ ശബ്ദമുയര്‍ത്തുന്നതിന് ഭയപ്പെടരുതെന്നും  പാപ്പാ ഓര്‍മ്മിപ്പിച്ചു.

പ്രഭാഷാണനന്തരം പാപ്പാ അവരുമൊത്ത് ഫോട്ടൊയെടുക്കുകയും അപ്പസ്തോലിക് നണ്‍ഷിയേച്ചറിലേക്ക് തുറന്ന കാറില്‍ തിരിച്ചുപോകുകയും ചെയ്തു. അവിടെയെത്തിയ പാപ്പാ മുത്താഴം കഴിഞ്ഞ് അല്പം വിശ്രമിച്ചു.

ലത്തീനമേരിക്കയിലെ കത്തോലിക്കമെത്രാന്‍സംഘങ്ങളുടെ സംയുക്തസമിതിയുടെ, അതായത്, ചേലാമിന്‍റെ (CELAM), ഭരണസമിതയംഗങ്ങളുമായുള്ള കൂടിക്കാഴ്ചയായിരുന്നു പാപ്പായുടെ ഉച്ചതിരിഞ്ഞുള്ള പരിപാടിയില്‍ ആദ്യത്തേത്. ലത്തീനമേരിക്കയിലെയും കരീബിയന്‍ നാടുകളിലെയും 22 കത്തോലിക്കാമെത്രാന്‍ സംഘങ്ങള്‍ അംഗങ്ങളായുള്ളതും 1955 ല്‍ സ്ഥാപിക്കപ്പെട്ടതുമാണ് ചേലാം(CELAM). ചേലാമിന്‍റെ   ഭരണസമിതിയിലെ 62 അംഗങ്ങളും കൂടിക്കാഴ്ചയ്ക്കെത്തിയിരുന്നു. ചേലാമിന്‍റെ    അദ്ധ്യക്ഷന്‍ ബൊഗൊട്ടാ അതിരൂപതയുടെ സാരഥി കര്‍ദ്ദിനാള്‍ റുബേന്‍ സലത്സാര്‍ ഗോമെത്സിന്‍റെ സ്വാഗതവാക്കുകളെ തുടര്‍ന്ന് പാപ്പാ അവരെ സംബോധനചെയ്തു.

അമൂല്യ ഊര്‍ജ്ജങ്ങള്‍ ചോര്‍ത്തിക്കളയുകയും കാര്യപരിപാടികളുടെ പട്ടിക നിറയ്ക്കുകയും ചെയ്യുന്ന സംരംഭങ്ങളല്ല, പ്രത്യുത, യേശുവിന്‍റെ ദൗത്യം സഭയുടെ ഹൃദയസ്ഥാനത്തു പ്രതിഷ്ഠിക്കുന്നതിനുള്ള ശ്രമമാണ് പ്രേഷിതപ്രവര്‍ത്തനമെന്ന് പാപ്പാ വിശദീകരിച്ചു. സുവിശേഷസന്ദേശത്തിന്‍റെ സൈദ്ധാന്തീകരണം, വൈദികമേധാവിത്വം തുടങ്ങിയ അപകടങ്ങളെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു. സുവിശേഷം മനുഷ്യന്‍റെ  ഹൃദയത്തെ സ്പര്‍ശിക്കും വിധം അവതരിപ്പിക്കപ്പെടേണ്ടതിന്‍റെ ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടി.  

പ്രഭാഷണത്തെത്തുടര്‍ന്ന് പാപ്പാ അവരുമൊത്ത് ഫോട്ടൊയ്ക്ക് നില്‍ക്കുകയും അതിനുശേഷം 6 കിലോമീറ്റര്‍ അകലെയുള്ള സിമോണ്‍ ബളീവര്‍ പാര്‍ക്കിലേക്ക് കാറില്‍ പുറപ്പെടുകയും ചെയ്തു. ആ പാര്‍ക്കിലാണ് ദിവ്യപൂജാവേദി ഒരുക്കിയിരുന്നത്. 1956 ജൂലൈ 2 ന് വിശുദ്ധ രണ്ടാം ജോണ്‍പോള്‍ മാര്‍പ്പാപ്പായും ഇവിടെ വിശുദ്ധകുര്‍ബ്ബാന അര്‍പ്പിച്ചിട്ടുണ്ട്. ഫ്രാന്‍സീസ് പാപ്പാ തുറന്ന വാഹനത്തിലാണ് അവിടേക്ക് പോയത്. അല്പമൊരു മൂടല്‍ അനുഭവപ്പെടുകയും മഴചാറുകയും ചെയ്തിരുന്നെങ്കിലും കാലാവസ്ഥ പൊതുവെ, അനുകൂലമായിരുന്നു. പാപ്പാ പാര്‍ക്കിനടുത്തേക്കു പോയ പാതയുടെ ഓരങ്ങളിലും ജനങ്ങള്‍ പാപ്പായെ ഒരുനോക്കു അടുത്തകാണാമെന്ന പ്രത്യാശയില്‍ സ്ഥാനം പിടിച്ചിരുന്നു. സുരക്ഷാപ്രവര്‍ത്തകരും സന്നദ്ധ സേവകരും പാതയോരങ്ങളില്‍ ജാഗ്രതയോടെ നില്പുണ്ടായിരുന്നു. പാപ്പാ പാര്‍ക്കിലെത്തിയപ്പോള്‍ സംഗീതവും ആനന്ദാരവങ്ങളും ഇടകലര്‍ന്നുയര്‍ന്നു. ജനങ്ങളെ കൈയ്യുയര്‍ത്തി അഭിവാദ്യം ചെയ്തുകൊണ്ട് കടന്നു പോയ പാപ്പാ വാഹനത്തില്‍ നിന്നിറങ്ങി മുന്നോട്ടു നീങ്ങിയപ്പോള്‍  ഒരു സംഘം സന്നദ്ധസേവകര്‍ പാപ്പായുടെ പക്കലെത്തി. പാപ്പാ അവരെ ആശ്ലേഷിച്ചു. ഭിന്നശേഷിക്കാരായ ഏതാനും പേര്‍ക്കും   പാപ്പാ സ്നേഹസാന്ത്വനം പകര്‍ന്നു.  തദ്ദനന്തരം പാപ്പാ, ബലിവേദിക്കു പിന്നിലായി ഒരുക്കിയിരുന്ന സങ്കീര്‍ത്തിയിലേക്കു പോയി. അര്‍ദ്ധവൃത്താകൃതിയില്‍ തുറന്ന കൂടാരസമാനം, ലളിതമായ ശൈലിയില്‍ രുപകല്പന ചെയ്തതായിരുന്നു വെണ്മായാര്‍ന്ന ബലിവേദി. അള്‍ത്താരയ്ക്ക് പിന്നിലായി പശ്ചാത്തലത്തില്‍ വലിയൊരു കുരിശും അള്‍ത്താരയിലേക്കു നോക്കിനില്ക്കുകയാണെങ്കില്‍ അതിന്‍റെ  വലത്തുവശത്തായി കന്യകാനഥയുടെ തിരുസ്വരൂപവും പ്രതിഷ്ഠിച്ചിരുന്നു. പേപ്പല്‍ പതാകയുടെ വര്‍ണ്ണങ്ങളായ വെള്ളയും മഞ്ഞയും നിറങ്ങളിലുള്ള പൂക്കളാല്‍ അലങ്കൃതമായിരുന്ന ബലിവേദി. പത്തുലക്ഷത്തിലേറെപ്പേര്‍ ദിവ്യപൂജയില്‍ സംബന്ധിക്കാനെത്തിയിരുന്നു. പ്രേവേശന ഗീതം ആരംഭിച്ചപ്പോള്‍ പാപ്പാ പ്രദക്ഷിണമായി ബലിവേദിയെലത്തി.

ധൂപാര്‍പ്പണത്തിനുശേഷം പാപ്പാ സ്പാനിഷ് ഭാഷയില്‍ വിശുദ്ധകുര്‍ബ്ബാനയാരംഭിച്ചു. വചനശുശ്രൂഷാവേളയില്‍ വായിക്കപ്പെട്ടത് പൗലോസ് കൊളോസോസുകാര്‍ക്കെഴുതിയ ലേഖനം അദ്ധ്യായം 1, 9-14 വരെയുള്ള വാക്യങ്ങളും ലൂക്കായുടെ സുവിശേഷം 5:1-11 വരെയുള്ള വാക്യങ്ങളും ആയിരുന്നു. തദ്ദനന്തരം പാപ്പാ സുവിശേഷസന്ദേശം  നല്കി.

രാത്രിമുഴുവന്‍ അദ്ധ്വാനിച്ചിട്ടും ഒന്നും ലഭിക്കാതിരുന്നവരോടു ആഴത്തിലേക്കു നീക്കി വല എറിയാന്‍ ജെനസറേത്ത് തടാകത്തിനരികെവച്ച് യേശു പറയുന്നതും അവിടെവച്ച് ആദ്യശിഷ്യന്മാരെ വിളിക്കുന്നതും മീന്‍പിടുത്തക്കാരായ അവര്‍ സകലതും ഉപേക്ഷിച്ച് അവിടത്തെ അനുഗമിക്കുന്നതുമായ സംഭവം വിവരിക്കുന്ന സുവിശേഷഭാഗം ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനവലംബം.

ഫലസമൃദ്ധമായ വിശാലമായ കടലില്‍നിന്ന് ഏറെലഭിക്കുമെന്ന പ്രത്യാശ നിരാശയായി മാറുകയും അവരുടെ പരിശ്രമങ്ങള്‍ അര്‍ത്ഥരഹിതവും വിഫലവും ആയിത്തീരുകയും ചെയ്യുന്നത് പാപ്പാ അനുസ്മരിച്ചു.

ജനങ്ങള്‍ ഒത്തൊരുമിച്ചു ജീവിക്കുന്ന വിശാലമായ ഇടമായി കടലിനെ ക്രൈസ്തവപാരമ്പര്യം വ്യാഖ്യാനിക്കുന്നത് അനുസ്മരിച്ച പാപ്പാ കടലിന്‍റെ  പ്രക്ഷുബ്ധാവസ്ഥയും ഇരുളിമായും മാനാവസ്തിത്വത്തിന് ഭീഷണിയാവയെയും ആ അസ്തിത്വത്തെ നശിപ്പിക്കാന്‍ ശക്തിയുള്ളവയെയും പ്രതനിധാനം ചെയ്യുന്നുവെന്ന്  പറഞ്ഞു. ജനമഹാസമുദ്രം, മനുഷ്യപ്രവാഹം എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ നമ്മളും ഉപയോഗപ്പെടുത്തുന്നതും പാപ്പാ അനുസ്മരിച്ചു.

ബൊഗൊട്ടാ നഗരവും സുന്ദരമായ കൊളൊംബിയ നാടും സുവിശേഷം അവതരിപ്പിക്കുന്ന മാനവദൃശ്യങ്ങളില്‍ പലതും സംവേദനം ചെയ്യുന്നുണ്ടെന്ന് പറഞ്ഞ പാപ്പാ കൊളൊംബിയായിലെ മണ്ണ് സകലര്‍ക്കും ഫലം നല്കാന്‍ കഴിവുറ്റതെങ്കിലും ലത്തീനമേരിക്കയിലെ മറ്റിടങ്ങളിലെന്നപോലെ ഈ നാട്ടിലും ജീവന് ഭീഷണി ഉയര്‍ത്തുകയും ജീവനെ നശിപ്പിക്കുകയും ചെയ്യുന്ന കൂരിരുള്‍ ഉണ്ടെന്ന് വിശദീകരിച്ചു. അനീതിയുടെയും സാമൂഹ്യ അസമത്വത്തിന്‍റെയും, അതുപോലെതന്നെ, സകലര്‍ക്കുമായുള്ള വഭവങ്ങളെ സ്വര്‍ത്ഥപരമായും കടിഞ്ഞാണില്ലാതെയും വിഴുങ്ങുന്ന വ്യക്തികളുടെയൊ സംഘങ്ങളുടെയൊ അഴിമതിയിലേക്കു നയിക്കുന്ന സ്വാര്‍ത്ഥതാല്പര്യങ്ങളുടെയും നിരപരാധികളായ അനേകരുടെ ജീവന്‍ ഹനിക്കുന്നതിലേക്കു നയിക്കുന്ന  മനുഷ്യജീവനോടുള്ള അനാദരവിന്‍റെയുമാണ് ഈ ഇരുള്‍- പാപ്പാ പറഞ്ഞു. പ്രതികാരദാഹവും വിദ്വേഷവും സ്വയം നീതി നടപ്പാക്കുന്നവരുടെ കരങ്ങളെ മാനുഷ്യരക്തത്തിന്‍റെ കറയുള്ളതാക്കുന്നു...... ആഴത്തിലേക്കു നീക്കി വലയെറിയാന്‍ യേശു പറഞ്ഞത് ശിമയോന്‍ പത്രോസിനോടു മാത്രമുള്ള ആഹ്വാനമല്ലെന്ന് കൊളൊംബിയായില്‍ സമാധാനത്തിനും ജീവനുംവേണ്ടി ആദ്യചുവടു വച്ചവര്‍ക്ക് മനസ്സിലായിട്ടുണ്ടെന്നും പാപ്പാ പറഞ്ഞു. വലവീശുക എന്നതില്‍ ഉത്തരവാദിത്വം ഉള്‍ക്കൊള്ളുന്നു. സ്വാര്‍ത്ഥതവെടിഞ്ഞ് തന്നെ അനുഗമിക്കാന്‍ യേശു നമ്മെ വിളിക്കുന്നു; സമാധാനത്തിന്‍റെ ശില്പ്പികളാകാനും ജീവന്‍റെ    ശുശ്രൂഷകരാകാനും നമ്മെ അനുവദിക്കാത്തതും നമ്മെ തളര്‍ത്തുന്നതുമായ ഭീതി,  ദൈവത്തില്‍ നിന്നുള്ളതല്ലാത്തതായ ആ ഭീതി വെടിയാന്‍ യേശുനമ്മെ വിളിക്കുന്നു.

ഈ വാക്കുകളില്‍ തന്‍റെ വചനസമീക്ഷ ഉപസംഹരിച്ച പാപ്പാ ദിവ്യപൂജ തുടര്‍ന്നു.

ദിവ്യബലിയുടെ അവസാനഭാഗത്ത് ബൊഗൊട്ടാ അതിരൂപതയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ റുബേന്‍ സലത്സാര്‍ ഗോമെസിന്‍റെ കൃതജ്ഞതാവാക്കുകളെ തടര്‍ന്ന് പാപ്പാ സമാപനാശീര്‍വാദം നല്കി.                           

സിമോണ്‍ ബളീവര്‍ പാര്‍ക്കിലെ ദിവ്യപൂജാര്‍പ്പണാനന്തരം പാപ്പാ ആറുകിലോമീറ്റര്‍ അകലെയുള്ള അപ്പസ്തോലിക് നണ്‍ഷിയേച്ചറിലേക്ക് കാറില്‍ തിരിച്ചുപോയി. അവിടെ പാപ്പാ അത്താഴം കഴിച്ച് രാത്രി വിശ്രമിച്ചു. അപ്പോള്‍ ഇന്ത്യയില്‍ സമയം വെള്ളിയാഴ്ച രാവിലെ 6 മണിയോടടുത്തിരുന്നു.

 








All the contents on this site are copyrighted ©.