2017-09-04 13:10:00

സുവിശേഷം സസന്തോഷം നിരുപാധികം പ്രഘോഷിക്കുക - പാപ്പാ


അനുനിമിഷം സുവിശേഷം സസന്തോഷം നിരുപാധികമായും വിശ്വാസത്തോടും എളിമായര്‍ന്ന വിധേയത്വത്തോടുംകൂടെ പ്രഘോഷിക്കാന്‍ ദൈവം സഹായിക്കട്ടെയെന്ന് പാപ്പാ ആശംസിക്കുന്നു.

കത്തോലിക്കാവിശ്വാസാര്‍ത്ഥികളുടെ പരിശീലന പരിപാടിയായ നെയൊകാറ്റെക്കൂമെന്‍ പ്രസ്ഥാനത്തിന്‍റെ മൂന്നു സ്ഥാപകരില്‍ ഒരാളായ കീക്കൊ അര്‍ഗേല്ലയ്ക്ക് നല്‍കിയ ഒരു കത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ആശംസയുള്ളത്.

ഈ പ്രസ്ഥാനത്തിന് തുടക്കംകുറിച്ചവരില്‍, ഒരു വര്‍ഷം മുമ്പ് മരണമടഞ്ഞ, കാര്‍മെന്‍ ഹെര്‍ണാണ്ടസ് എന്ന മഹിളയുടെ ഓര്‍മ്മക്കുറിപ്പ് ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ സ്പാനിഷ്ഭാഷയില്‍ പ്രകാശനം ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് പാപ്പാ ഈ കത്തെഴുതിയത്.

സഹനത്തെ സമര്‍പ്പണമാക്കിത്തീര്‍ക്കുന്നതും തളര്‍ച്ചയെ ആനന്ദമാക്കി പരിവര്‍ത്തനം ചെയ്യുന്നതുമായ വെളിച്ചമായ യേശുവിനോടുള്ള മഹാസ്നേഹം ഈ ഓര്‍മ്മക്കുറിപ്പുകള്‍ ആവിഷ്ക‍ൃതമാക്കട്ടെയെന്നും പാപ്പാ ആശംസിക്കുന്നു.

സ്പെയിന്‍ സ്വദേശിയും ചിത്രകാരനുംകൂടിയായ കീക്കൊ അര്‍ഗേല്ലയ്ക്ക് പാപ്പാ തിങ്കളാഴ്‍ച (04/09/17) വത്തിക്കാനില്‍ സ്വകാര്യദര്‍ശനം അനുവദിച്ചിരുന്നു.

നെയൊകാറ്റെക്കുമെന്‍ പ്രസ്ഥാനത്തിന്‍റെ ദൈവസ്നേഹ പ്രഘോഷണത്തിന്‍റെ ഭാഗമായി പണവും വിനിമയോപാധികളുമൊന്നും കൈയ്യിലെടുക്കാതെ രണ്ടു പേര്‍ വീതം തിരിഞ്ഞ് വൈദികരും വൈദികാര്‍ത്ഥികളുമടങ്ങുന്ന വിവിധരാജ്യക്കാരായ 400 പേരുടെ ഒരു സംഘം ഇറ്റലിയിലെ മാര്‍ക്കെ  പ്രദേശത്തുനിന്ന് ഇറ്റലിയുടെ ഇതരഭാഗങ്ങളിലേക്കു തിങ്കളാഴ്ച (04/09/17)പുറപ്പെട്ടിട്ടുണ്ട്. ഈ ദൗത്യം 6 ദിവസം ദീര്‍ഘിക്കും. 








All the contents on this site are copyrighted ©.