2017-09-02 12:42:00

തുറവും ആദരവും മതാന്തരസംവാദത്തിന് അനിവാര്യ വ്യവസ്ഥകള്‍-പാപ്പാ


മതാന്തരസംവാദം ഫലദാകമാകണമെങ്കില്‍ അത് തുറവോടും ആദരവോടും കൂടിയതായിരിക്കണമെന്ന് മാര്‍പ്പാപ്പാ.

കൊറിയയിലെ മതനേതാക്കളുടെ സമിതിയുടെ ഇരുപതോളം അംഗങ്ങളടങ്ങിയ സംഘത്തെ ശനിയാഴ്ച(02/09/17) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

പര്സപരാദരവ് മതാന്തരസംവാദത്തിന്‍റെ വ്യവസ്ഥയും ഒപ്പം ലക്ഷ്യവുമാണെന്നും പാപ്പാ പറഞ്ഞു.

വാസ്തവത്തില്‍ ജീവനും, ആരോഗ്യത്തിനുമുള്ള അവകാശവും മൗലികസ്വാതന്ത്ര്യങ്ങളായ മനസ്സാക്ഷി സ്വാതന്ത്ര്യം, ചിന്താസ്വാതന്ത്ര്യം, ആവിഷ്ക്കാരസ്വാതന്ത്ര്യം എന്നിവയും ആദരിക്കുകവഴി സമാധാനസംസ്ഥാപനത്തിന് അടിത്തറയിടുകയാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

സന്മനസ്സുള്ള സകലരോടും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ലോകം മതനേതാക്കളെ ആഹ്വാനം ചെയ്യുന്നുണ്ടെന്നും വ്യക്തിയുടെ പവിത്രമായ അന്തസ്സ്, പട്ടിണി, ദാരിദ്ര്യം, അക്രമത്തിന്‍റെ, വിശിഷ്യ, ദൈവത്തിന്‍റെ പേരുപറഞ്ഞ നടത്തുന്ന അക്രമത്തിന്‍റെ തിരസ്ക്കരണം, അനിതിക്കും ധാര്‍മ്മികാധപ്പതനത്തിനും ആക്കംകൂട്ടുന്ന അഴിമതി, കുടുംബ പ്രതിസന്ധി, സാമ്പത്തിക പാരിസ്ഥിതിക പ്രശ്നങ്ങള്‍, പ്രത്യാശ തുടങ്ങിയവയെ സംബന്ധിച്ച ഉത്തരങ്ങളും സംഘാതാത്മക പ്രവര്‍ത്തനങ്ങളും ലോകം മതനേതാക്കളില്‍ നിന്നാവശ്യപ്പെടുന്നുണ്ടെന്നും പാപ്പാ ഓര്‍മ്മിച്ചു.

ചിലപ്പോഴൊക്കെ ആയാസകരമെങ്കിലും, സംവാദത്തിന്‍റെ പാതയില്‍, പ്രത്യേകിച്ച് അക്രൈസ്തവമതങ്ങളുമായുള്ള സംഭാഷണത്തിന്‍റെ പാതയില്‍, കത്തോലിക്കാസഭ മടുപ്പുകൂടാതെ സഞ്ചരിക്കുമെന്ന ഉറപ്പ് പാപ്പാ നല്കി.








All the contents on this site are copyrighted ©.