2017-09-01 09:46:00

ദേശീയ ‘സമാധാനവാര’വുമായി സന്ധിചേരുന്ന കൊളംബിയ അപ്പസ്തോലികയാത്ര


കൊളംബിയ ആചരിക്കുന്ന 'സമാധാനവാര'വും പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനവും

കൊളംബിയ ആചരിക്കുന്ന ദേശീയ “സമാധാനവാരം” പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനവുമായി സന്ധിചേരുമെന്ന് ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് ഓസ്ക്കര്‍ ഓര്‍ത്തേഗ പ്രസ്താവിച്ചു. കൊളംബിയ “സമാധാനവാരം” ആചരിക്കുന്നത് സെപ്തംബര്‍ 3-മുതല്‍  10-വരെ തിയതികളിലാണ്. 6-മുതല്‍ 11-വരെയാണ് പാപ്പാ ഫ്രാന്‍സിസ് തെക്കെ അമേരിക്കന്‍ രാജ്യം സന്ദര്‍ശിക്കുന്നത്.

രാജ്യത്തിന്‍റെ സാമൂഹിക രാഷ്ട്രിയ തലങ്ങളിലുള്ള പ്രസ്ഥാനങ്ങളും, മതസ്ഥാപനങ്ങള്‍ സന്നദ്ധ സംഘടനകള്‍ എന്നിയുടെ ആഭിമുഖ്യത്തില്‍ ധാരാളം പരിപാടികള്‍ സമാധാനത്തിന്‍റെ കാഹളധ്വനിയുമായി ദേശീയതലത്തില്‍ അരങ്ങേറും. എന്നാല്‍ അതിന്‍ ഏറ്റവും ശ്രദ്ധേയമാകാന്‍ പോകുന്നത് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും സെപ്തംബര്‍ 6, 7 തിയതികളില്‍ ആരംഭിച്ച്, 8-Ɔ൦ തിയതി വിലാവിചേന്‍സിയോ നഗരവേദിയില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ സന്നിധിയില്‍ സമ്മേളിക്കുന്ന ദേശീയ സമാധാന റാലിയായിരിക്കുമെന്ന് സ്ഥലത്തെ മെത്രാപ്പോലീത്ത കൂടിയായ ആര്‍ച്ചുബിഷപ്പ് ഒര്‍ത്തേഗാ അറിയിച്ചു.  

വിവിധ മത സാംസ്ക്കാരിക വിഭാഗങ്ങളെയും വംശീയ സമൂഹങ്ങളെയും രാജ്യത്തെ എല്ലാ മേഖലകളിലുള്ളവരെയും കൂട്ടിയിണക്കുന്ന ഈ ദേശീയ സമാധാന വാരാഘോഷം  ജനകീയ റാലിയോടെയാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്നിദ്ധ്യത്തില്‍ സമാപിക്കുന്നത്.  അങ്ങനെ ഈ സമാധാന വാരാചണം ദേശീയത ഉണര്‍ത്തുന്നതും സമാധാനത്തിന്‍റെ വഴികളെ ഊട്ടിയുറപ്പിക്കുന്നതുമാകുമെന്നും ആര്‍ച്ചുബിഷപ്പ് ഒര്‍ത്തേഗ വ്യക്തമാക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ യുവജനങ്ങളുടെ പങ്കാളിത്തം ഇതില്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും, രാജ്യത്ത് യാഥാര്‍ത്ഥ്യമാകേണ്ട നീതിയുടെയും ജനായത്ത സംസ്ക്കാരത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും അടയാളമാകും ഈ സമാധാനയാത്രയും പാപ്പായ്ക്കൊപ്പമുള്ള സംഗമവുമെന്ന് ആര്‍ച്ചുബിഷപ്പ് ഒര്‍ത്തേഗാ ആഗ്സ്റ്റ് 30-Ɔ൦ തിയതി ബുധനാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ പ്രസ്താവനയിലൂടെ അറിയിച്ചു. 








All the contents on this site are copyrighted ©.