2017-08-31 10:41:00

DOCAT ​XXXIV: ''പൊതുനന്മയും സ്വകാര്യസ്വത്തും''


ഡുക്യാറ്റ് ഗ്രന്ഥത്തിലെ നാലാമധ്യായത്തിലേക്കു കടന്ന നാം അതിലെ ആദ്യചോദ്യങ്ങളുടെ, അതായത് 84 മുതല്‍ 87 വരെയുള്ള ചോദ്യങ്ങളുടെ വിശദീകരണങ്ങളിലൂടെ കടന്നുപോവുകയായിരുന്നു കഴിഞ്ഞ ആഴ്ചയില്‍.  കത്തോലിക്കാ സാമൂഹിക പ്രബോധനത്തിനു നാലു തത്വങ്ങളുണ്ട് എന്നും ഈ നാലു തത്വങ്ങള്‍ കൊണ്ട് മനുഷ്യസമൂഹത്തെ സമ്പൂര്‍ണമായി ഗ്രഹിക്കാനും ഈ യാഥാര്‍ഥ്യത്തെ സത്യസന്ധതയോടെ പരിഗണിക്കാനും നമുക്കു സാധിക്കും എന്നും പൊതുവായി നാം കാണുകയായിരുന്നു. ഇന്ന് 88 മുതല്‍ 91 വരെയുള്ള ചോദ്യോത്തരങ്ങളിലായി സഭയുടെ സാമൂഹികപ്രബോധന രേഖകള്‍, പൊതുനന്മ എങ്ങനെ കൈവരിക്കാമെന്നും അതിനനുസരിച്ച് ഭൗമികവസ്തുക്കളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും സ്വകാര്യസ്വത്ത് ഈ ലക്ഷ്യം സാധിക്കുന്നതിനു യുക്തമാണോ എന്നും പരിശോധിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു.  ആദ്യമായി എണ്‍പത്തെട്ടാമത്തെ ചോദ്യവും ഉത്തരവും നമുക്കു പരിചിന്തനമാക്കാം.

പൊതുനന്മ എങ്ങനെയാണ് സംഭവിക്കുന്നത്? (ചോദ്യം 88) എന്ന ചോദ്യത്തിനുത്തരമായി ഏറ്റവും ബലഹീനരായവരെപ്പോലും പരിഗണിക്കുകയും സംരക്ഷിക്കുകയുംചെയ്യുന്ന സമൂഹത്തിലാണ് പൊതുനന്മ സംഭവിക്കുന്നതെന്നും, അത് ഭൗതിക നന്മയെ മാത്രമല്ല, ആധ്യാത്മികനന്മയുംകൂടി ഉള്‍ക്കൊള്ളുന്നതാണ് എന്നും പഠിപ്പിക്കുന്നു.  

 ഓരോ മനുഷ്യജീവിക്കും ഓരോ സാമൂഹിക ഗ്രൂപ്പിനും സ്വകീയ താല്‍പ്പര്യങ്ങളുണ്ട്. അവ ഏറെക്കുറെ നീതീകരിക്കപ്പെട്ടവയുമാണ്.  ''പൊതുനന്മ'' ആഗ്രഹിക്കുക എന്നതിന്‍റെയര്‍ഥം സ്വന്തം ആവശ്യങ്ങള്‍ക്കപ്പുറത്തു ചിന്തിക്കാന്‍ കഴിവുണ്ടായിരിക്കുക എന്നതാണ്.  എല്ലാവരുടെയും നന്മയില്‍ നമുക്കു താല്‍പ്പര്യമുണ്ടായിരിക്കണം.  ശബ്ദമോ അധികാരമോ ഇല്ലാത്തതുകൊണ്ട് ആരും കണക്കിലെ ടുക്കാത്ത ആളുകളുടെ നന്മയിലും താല്‍പ്പര്യമുണ്ടായിരിക്കണം. ഭൂമിയിലെ വസ്തുക്കള്‍ ഓരോ മനു ഷ്യനും വേണ്ടിയുള്ളതാണ്. ഓരോ വ്യക്തിയും തന്നെക്കുറിച്ചു മാത്രം ചിന്തിച്ചാല്‍ സഹാസ്തിത്വമെന്നത് എല്ലാവര്‍ക്കുമെതിരെ എല്ലാവരും നടത്തുന്ന യുദ്ധമായിത്തീരും.  എന്നാലും പൊതുനന്മയെന്നത് എല്ലാ മനുഷ്യരുടെയും ഭൗതികമോ ബാഹ്യമോ ആയ വസ്തുക്കളില്‍ മാത്രമല്ല ഉള്‍ക്കൊണ്ടിരിക്കു ന്നത്.  അതു മനുഷ്യജീവിയുടെ സമഗ്രമായ നന്മ ഉള്‍ക്കൊള്ളുന്നുണ്ട്.  അതുകൊണ്ട് ആധ്യാത്മിക നന്മയെ കുറിച്ചുള്ള താല്‍പ്പര്യവും പൊതുനന്മയുടെ ഭാഗമാണ്. അതുകൊണ്ട്,  മാനുഷ്യാസ്തിത്വത്തിന്‍റെ വശങ്ങളൊന്നും പരിഗണിക്കാതിരിക്കുക എന്നത് സാധ്യമല്ല.

പൊതുനന്മ എങ്ങനെ വളര്‍ത്താനാവുമെന്നതിനെക്കുറിച്ച് യുക്യാറ്റ്, അതായത് യുവജനമതബോധന ഗ്രന്ഥം വിശദീകരിച്ചു പഠിപ്പിക്കുന്നുണ്ട്, അതിലെ 327-328 ചോദ്യങ്ങള്‍ക്കുത്തരമായി.  അവിടെ ആദ്യം പറയുന്നതിതാണ്.  ''എവിടെയെല്ലാം വ്യക്തിയുടെ മൗലികാവകാശങ്ങള്‍ മാനിക്കപ്പെടുകയും മനുഷ്യര്‍ക്കു തങ്ങളുടെ ബൗദ്ധികവും മതപരവുമായ കഴിവ് സ്വതന്ത്രമായി വികസിപ്പിക്കാന്‍ സാധിക്കുകയും ചെയ്യുന്നുവോ അവിടെയെല്ലാം പൊതുനന്മയുണ്ടാകും''. 

അപ്രകാരമുള്ള പൊതുനന്മയ്ക്ക് ഓരോ രാജ്യത്തിലെയും പൗരസമൂഹത്തിന്‍റെ മനോഭാവം എന്തായിരിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്‍റായിരുന്നു ജോണ്‍ എഫ് കെന്നഡി  പറഞ്ഞത് ഇവിടെ ഉദ്ധരിക്കുന്നതുചിതമാണ്: ''അതിനാല്‍ അമേരിക്കയിലെ എന്‍റെ സഹപൗരന്മാരേ, രാജ്യത്തിനു നിങ്ങള്‍ക്കുവേണ്ടി എന്തുചെയ്യുവാന്‍ സാധിക്കുമെന്നല്ല, നി ങ്ങള്‍ക്കു രാജ്യത്തിനുവേണ്ടി എന്തു ചെയ്യാന്‍ സാധിക്കുമെന്ന് ആരായുക.  ലോകത്തിലെ എന്‍റെ സഹപൗരന്മാരേ, അമേരിക്ക നിങ്ങള്‍ക്കുവേണ്ടി എന്തു ചെയ്യുമെന്നല്ല, നമുക്കൊന്നിച്ച് മനുഷ്യരുടെ സ്വാതന്ത്ര്യത്തിനായി എന്തുചെയ്യാന്‍ സാധിക്കുമെന്ന് ആരായുക'' (ജോണ്‍ എഫ് കെന്നഡി (1917-1963), പ്രഥമ അഭിസംബോധന, 20-01-1961).

പ്രശസ്ത രാഷ്ട്രീയചിന്തകനായ മൊണ്ടെസ്ക്യൂ പറയുന്നതും ചിന്തനീയമാണ്: ''തേനീച്ചക്കൂട്ടത്തിനു ഉപകാരമില്ലാത്തതിനെക്കൊണ്ട് തേനീച്ചയ്ക്കും ഉപകാരമില്ല'' (ചാള്‍സ് ലൂയിസ് ദെ മൊണ്ടെസ്ക്യൂ (1689-1755), രാഷ്ട്രീയ തത്വചിന്തകന്‍).

പൊതുനന്മയ്ക്കായി ഭൗമികവസ്തുക്കളെ നാം എങ്ങനെ കൈകാര്യം ചെയ്യണമെന്നു ചിന്തിക്കുകയാണ് അടുത്ത ചോദ്യത്തില്‍. ഭൂമിയിലെ വസ്തുക്കളെ നാം എങ്ങനെ കൈകാര്യം ചെയ്യണം? (ചോദ്യം 89) എന്ന ചോദ്യത്തിനുത്തരമായി ഡുക്യാറ്റ് നല്‍കുന്ന ഉത്തരമിതാണ്:

  ദൈവം എല്ലാവര്‍ക്കും വേണ്ടി ലോകത്തെ സൃഷ്ടിച്ചു. ഭൂമി മാനുഷിക സഹായത്തോടെ വസ്തുക്കളും വിളവുകളും ഉത്പാദിപ്പിക്കുന്നു. തത്ത്വത്തില്‍ അവ മുന്‍ഗണന കൂടാതെ എല്ലാവരു ടെയും അധീനതയിലായിരിക്കേണ്ടവയും എല്ലാവരുടെയും നന്മയ്ക്കുവേണ്ടി ഉപയോഗിക്കേണ്ടവയു മാണ്.  ഓരോ വ്യക്തിക്കും ജീവസന്ധാരണ പരമായി അത്യാവശ്യമായിട്ടുള്ളത് ഉണ്ടായിരിക്കാന്‍ അവകാശമുണ്ട്. അത് അവനില്‍ നിന്നു പിടിച്ചെടുത്തു വയ്ക്കാന്‍ പാടില്ല. സ്വത്തവകാശമുണ്ടെന്നും  ആളുകള്‍ എത്രമാത്രം സ്വത്ത് സ്വന്തമാക്കുന്നുവെന്നതില്‍ എപ്പോഴും വ്യത്യാസങ്ങളുണ്ടായിരിക്കുമെ ന്നും നമുക്ക് അറിയാമെങ്കിലും അങ്ങനെ ചെയ്യാന്‍ പാടില്ല.  ചിലര്‍ക്ക് ആവശ്യത്തിലേറെ ഉണ്ടാ യിരിക്കുകയും മറ്റുള്ളവര്‍ക്കു ജീവിക്കാന്‍ അത്യാവശ്യമായവ ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ ഇതു പരസ്നേഹത്തെ മാത്രമല്ല, സര്‍വോപരി നീതിയെക്കൂടി ആവശ്യപ്പെടുന്നു.

ദൈവത്തിന്‍റെ സൃഷ്ടിമുഴുവനും എല്ലാവര്‍ക്കും എല്ലാ ജീവികള്‍ക്കും വേണ്ടിയുള്ളതാണെന്ന അടിസ്ഥാ നതത്വം മനസ്സില്‍വച്ചുകൊണ്ടാണ് നാം ഭൗമികവസ്തുക്കള്‍ കൈകാര്യംചെയ്യേണ്ടത്. സ്രഷ്ടാവായ ദൈ വം നമുക്കു നല്‍കിയിരിക്കുന്നതില്‍ കൂടുതല്‍ നാമെടുത്താല്‍ അതു പാപമാകും.  ദൈവത്തിന്‍റെ സ മ്പത്ത്, മറ്റുള്ളവര്‍ക്കായി ദൈവം നീക്കിവച്ച സമ്പത്ത് നാം കൈയടക്കുന്നു എന്ന തെറ്റ് ഗൗരവമാ ണെന്നു നാം മനസ്സിലാക്കേണ്ടതുണ്ട്. എന്നാല്‍ നമുക്കുവേണ്ടി ദൈവം ദാനമായി തന്നതില്‍ നിന്നുകൂടി നമുക്കു നല്‍കാന്‍ കഴിയുമ്പോള്‍ അതു നീതിയെ അതിശയിക്കുന്ന കരുണയായിത്തീരും.  അപ്പോഴാണ് പിതാവായ ദൈവത്തിന്‍റെ സ്വഭാവത്തില്‍ നാം പങ്കുപറ്റുന്നത്.  ഇക്കാര്യത്തെക്കുറിച്ച് നമ്മുടെ ഹൃദയത്തില്‍ ആഴമായി പതിയത്തക്കവണ്ണം വി. കിസോസ്തോം ഇങ്ങനെ പറഞ്ഞിരിക്കുന്നു:

''നമുക്കുള്ളവയില്‍ പങ്കുപറ്റാന്‍ ദരിദ്രരെ അനുവദിക്കാതിരിക്കുന്നത് അപരനില്‍നിന്നു മോഷ്ടിക്കു ന്നതിനും, അവരുടെ ജീവനെ തടയുന്നതിനും തുല്യമാണ്.  നമുക്കുള്ളവ നമ്മുടേതല്ല, അവരുടേതാണ്'' (വി. ജോണ്‍ ക്രിസോസ്തോം, 354-407, സഭാപിതാവ്).

ഇവിടെ എത്രയോ ചിന്തനീയമാണ്  പാവങ്ങളുടെ തോഴന്‍ എന്നറിയപ്പെടുന്ന ആര്‍ച്ചുബിഷപ്പ് ഡോം  ഹെല്‍ഡെര്‍ കമാറയുടെ വാക്കുകള്‍: ''ദൈവം ഭൂമിയും അതിലുള്ള സമസ്തവും സകല മനുഷ്യ രുടെയും എല്ലാ ജനതകളുടെയും ഉപയോഗത്തിനു വേണ്ടി നിയോഗിച്ചു.  സൃഷ്ടവസ്തുക്കള്‍ തുല്യ പരിഗണനയില്‍ എല്ലാവരുടെയും പക്കല്‍ നീതിയാല്‍ നയിക്കപ്പെട്ട് പരസ്നേഹത്തിന്‍റെ അകമ്പടി യോടെ സമൃദ്ധമായി ചെന്നു ചേരണം.  ഞാന്‍ പാവപ്പെട്ടവര്‍ക്കു ഭക്ഷണം കൊടുക്കുമ്പോള്‍ അവരെ ന്നെ വിശുദ്ധനെന്നു വിളിക്കുന്നു.  അവരെന്തുകൊണ്ടാണ് പാവപ്പെട്ടവരായ തെന്നു ചോദിക്കുമ്പോള്‍ അവരെന്നെ കമ്യൂണിസ്റ്റെന്നു വിളിക്കുന്നു'' (ഡോം ഹെല്‍ഡെര്‍ കമാറ, 1909-1979, ആര്‍ച്ചുബിഷപ്പ്, പാവങ്ങളുടെ തോഴന്‍).

എന്തെങ്കിലും കൊടുത്തുകൊണ്ട് പാവങ്ങളെ പാവങ്ങളായി നിലനിര്‍ത്തുന്ന സ്വഭാവം, അതുപോരെ, പാവപ്പെട്ടവരെക്കുറിച്ച് അവരുടെ പശ്ചാത്തലത്തെക്കുറിച്ച് സാകല്യതയി ലുള്ള ഒരു വീക്ഷണവും, അവരുടെ വളര്‍ച്ചയെ പരിഗണിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളും നമുക്ക് ആവശ്യമാണ്.  ദൈവത്തിന്‍റെ നാവായും കരമായും പ്രവര്‍ത്തിക്കാന്‍ സഭാംഗങ്ങള്‍ക്കു കടമയുണ്ട്. അതായത് പ്രവാചകധീരത നമുക്കാവശ്യമാണ്.

അങ്ങനെ ചെയ്യേണ്ടതിന്‍റെ കാരണം ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ വാക്കുകളിലുണ്ട്:  ''സുവിശേഷം ഏറ്റവുമാദ്യം അഭിസംബോധന ചെയ്യുന്നതു ദരിദ്രരെയാണ്'' (ബെനഡിക്ട് പതിനാറാമന്‍ പാപ്പാ, 28-05-2007). യുക്യാറ്റ് പ്രബോധനവും ഇവിടെ കൂട്ടിച്ചേര്‍ക്കാം: ''എന്തൊക്കെയായാലും ദരിദ്രരോടുള്ള പെരുമാറ്റത്തിന്‍റെ അടിസ്ഥാനത്തിലല്ലാതെ അത്ര സുനിശ്ചിതമായി മറ്റൊന്നിന്‍റെയും അടിസ്ഥാനത്തില്‍ ക്രിസ്തു നമ്മെ വിധിക്കുകയില്ല...  അതുകൊണ്ട് ദരിദ്രരോടുള്ള സ്നേഹം ഓരോ നൂറ്റാണ്ടിലും ക്രൈസ്തവരെ തിരിച്ചറിയാനുള്ള അടയാളമായിരിക്കണം. അതു ധര്‍മദാനത്തിലൂടെ മാത്രമല്ല, അവര്‍ക്കു നീതി നടപ്പിലാക്കിക്കൊടുത്തുകൊണ്ടുകൂടിയാകണം'' (449).

മനുഷ്യര്‍ ദരിദ്രരും സമ്പന്നരുമായി രണ്ടു വിഭാഗമായി മാറിയിരിക്കുന്ന അവസ്ഥയില്‍, അതിനു കാരണമായ അനീതി നിലനില്‍ക്കുന്ന അവസ്ഥയില്‍, ഭൗമികസമ്പത്തിന്‍റെ വിതരണത്തെ സംബന്ധിച്ച വിവിധ വീക്ഷണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അവിടെ സ്വകാര്യസ്വത്തു വേണ്ട എന്ന ശക്തമായ വാദവും നാം ശ്രവിക്കുന്നുണ്ട്.  ഇതാണ് അടുത്ത ചോദ്യം വിശകലനം ചെയ്യുന്നത്.

സ്വകാര്യസ്വത്ത് അനുവദനീയമാണോ? എന്ന 90-ാം ചോദ്യത്തിനു സഭ നല്‍കുന്ന ഉത്തരമിതാണ്:  അതെ. എന്തെന്നാല്‍, സ്വകാര്യ സ്വത്തുണ്ടായിരിക്കുകയെന്നത് യുക്തിപൂര്‍വകമാണ്.  ഒരു വ്യക്തി തന്‍റെ അധ്വാനത്തിലൂടെ ഭൂമിയുടെ ഒരംശം രൂപപ്പെടുത്തുകയും അതു തന്‍റേതാക്കുകയും ചെയ്യുന്നു. സ്വകാര്യസ്വത്ത് ആളുകളെ സ്വതന്ത്രരും പരാശ്രയം ഇല്ലാത്തവരുമാക്കുന്നു. അതു വ്യക്തി യെ അവന്‍റെ സ്വത്തു സംരക്ഷിക്കാനും സൂക്ഷിക്കാനും നാശത്തില്‍ നിന്നു സംരക്ഷിക്കാനും പ്രോത്സാ ഹിപ്പിക്കുന്നു. നേരെമറിച്ച്, പൊതുസ്വത്തുക്കള്‍, ആര്‍ക്കും അവയെക്കുറിച്ചുള്ള ഉത്തരവാദിത്വമില്ലാ ത്തതുകൊണ്ട് മിക്കപ്പോഴും നശിക്കുന്നു.  ഭൗതികസ്വത്തുക്കള്‍ നമുക്കു സ്വന്തമായിട്ടുണ്ടായിരിക്കു മ്പോള്‍ അതു സമൂഹത്തില്‍ ഉത്തരവാദിത്വവും കടമകളും ഏറ്റെടുക്കാന്‍ നമ്മെ പ്രേരിപ്പിക്കും.  അങ്ങനെ സ്വകാര്യസ്വത്തവകാശമെന്നത് സിവിള്‍ പരമായി സ്വാതന്ത്ര്യത്തിന്‍റെ ഒരു സുപ്രധാന ഘടക മാണ്. അതു യഥാര്‍ഥത്തിലുള്ള ജനാധിപത്യപരമായ സാമ്പത്തികക്രമത്തിന്‍റെ അടിസ്ഥാനമാണ്. കാരണം, സാമ്പത്തിക പ്രവര്‍ത്തനത്തില്‍ നിന്നുള്ള ലാഭവിഹിതം ഓരോ വ്യക്തിക്കും ലഭിക്കുക യെന്നത് സ്വകാര്യസ്വത്തിലൂടെ മാത്രമേ സാധ്യമാകൂ.

ഇക്കാര്യത്തില്‍, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ വിശദീകരണവും യുക്തിയുക്തമാണ്: ''വ്യക്തിക്കു തന്‍റെ സ്വന്തമെന്നു വിളിക്കാവുന്ന ഒന്ന് ഇല്ലാതായിത്തീരുകയും, സ്വന്തമായി തുടങ്ങുന്ന പ്ര വര്‍ത്തനംകൊണ്ട് ജീവസന്ധാരണത്തിനുള്ളവ നേടാനുള്ള സാധ്യതയില്ലാതായിത്തീരുകയുംചെയ്യുമ്പോള്‍ അവന്‍ സമൂഹമാകുന്ന യന്ത്രസംവിധാനത്തെയും അതിനെ നിയന്ത്രിക്കുന്നവരെയും ആശ്രയിക്കുന്നു.  വ്യക്തി എന്ന നിലയില്‍ തനിക്കുള്ള മഹത്വം തിരിച്ചറിയാന്‍ അത് അവനു കൂടുതല്‍ പ്രയാസം സൃഷ്ടിക്കുന്നു. യഥാര്‍ഥമായ ഒരു മനുഷ്യസമുദായത്തെ പടുത്തുയര്‍ത്തുന്നതിനുള്ള പുരോഗതിയെ തടയുകയും ചെയ്യുന്നു'' (വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ, CA 13).

‘‘നിങ്ങള്‍ക്കു ദാനമായി കിട്ടി, നിങ്ങള്‍ ദാനമായി കൊടുക്കുവിന്‍’’ (മത്താ 10:8) എന്ന സുവിശേഷവാക്യം നമ്മെ അനുസ്മരിപ്പിക്കുന്നത് ഇതുതന്നെയാണ്.  നമുക്കു നീതിപൂര്‍വം സ്വന്തമായി കരുതാന്‍ ചിലതൊക്കെ ഉണ്ട്.  അതു ദൈവത്തിന്‍റെ ദാനമാണ്.  അത് ദാനമായി കൊടുക്കാന്‍ ദൈവം ആവശ്യപ്പെടുമ്പോള്‍ നാം കൊടുക്കുക എന്നത് ദൈവമക്കള്‍ക്കടുത്ത പ്രവൃത്തിയാണ് എന്നു നാം മനസ്സിലാക്കണം.  അതുകൊണ്ട് ദൈവത്തിന്‍റെ ദാനങ്ങളെ, അവ ബൗദ്ധികമോ, സാമ്പത്തികമോ, കുടുംബപരമോ ആകട്ടെ, അവ ദാനമായി കരുതുമ്പോള്‍, ദാനം തന്നയാളുടെ ഇഷ്ടത്തിനനുസരിച്ച് ഉപയോഗിക്കുമ്പോള്‍ സ്വകാര്യസ്വത്തിനു പരിധി ഉണ്ട് എന്നു നമുക്കു മനസ്സിലാകുന്നു.  ഇക്കാര്യം 91-ാമത്തെ ചോദ്യത്തിനുള്ള ഉത്തരത്തിലൂടെ വ്യക്തമാക്കുകയാണ് ഡുക്യാറ്റ്.

ചോദ്യം 91.  സ്വകാര്യസ്വത്തിന്‍റെ പരിധികള്‍ ഏവ?

 സ്വകാര്യസ്വത്തിനുള്ള അവകാശം ഒരിക്കലും കേവലാവകാശമായി കരുതാന്‍ പാടില്ല. പിന്നെയോ, സ്വത്തുള്ള ഏതു വ്യക്തിയും എല്ലാവരുടെയും നന്മയ്ക്കു ചേര്‍ന്നവിധം ഉപയോഗിക്കണം.  പൊതുവസ്തുക്കളെ സംബന്ധിച്ചും ഇതു ശരിയാണ്.  ഉദാഹണമായി സ്ട്രീറ്റ് ലൈറ്റുകള്‍. എന്നാല്‍, സ്വകാര്യസമ്പാദ്യത്തെ സംബന്ധിച്ചും ഇതു ശരിയാണ്.  ഉദാഹരണമായി ഒരു സെല്‍ഫോണ്‍.  തന്മൂലം മറ്റൊരു വ്യക്തിക്കു സഹായമാവശ്യമുള്ളപ്പോള്‍ എന്‍റെ ഫോണ്‍ അയാള്‍ക്ക് അത്യാവശ്യവിളി നടത്താന്‍ കൊടുക്കണം. ഭൂമിയിലെ സ്വത്തുക്കള്‍ കൂടുതല്‍ നന്നായി കൈകാര്യംചെയ്യാനുള്ള ഒരു ഉപകരണംമാത്രമായി സ്വകാര്യസ്വത്ത് ഉപയോഗിക്കപ്പെടണം. ഒരു വ്യക്തി ഒരു പ്രത്യേകവസ്തുവിനെ സംബന്ധിച്ച് ഉത്തരവാദിത്വമുള്ളവനായിരിക്കണം. എല്ലാവരും എല്ലാ വസ്തുക്കളെ സംബന്ധിച്ചും ഉത്തരവാദിത്വമുള്ളവരാണെങ്കില്‍ പ്രയോഗത്തില്‍ ഒരു വസ്തുവിനെ സംബന്ധിച്ച് ഉത്തരവാദിത്വമുള്ളവനായി ഒരുത്തനും തോന്നുകയില്ല. സ്വകാര്യസ്വത്തിനു പൊതുനന്മയെക്കാള്‍ മുന്‍ഗണന നല്‍കപ്പെടാന്‍ പാടില്ല.  കാരണം, തത്വത്തില്‍ എല്ലാ വസ്തുക്കളും എല്ലാ മനുഷ്യര്‍ക്കും സേവനം ചെയ്യണം.

സ്വകാര്യസ്വത്തിനെ അനുകൂലിച്ചുകൊണ്ടുതന്നെ അതിന്‍റെ പരിധിയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും പഠിപ്പിക്കുകയാണു സഭ. ക്രിസ്തുവിനു മുമ്പു ജീവിച്ചിരുന്നവനെങ്കിലും അരിസ്റ്റോട്ടിലിന്‍റെ വാക്കുകളും ഇവിടെ പ്രസക്തമാകുകയാണ്: ''സ്വത്തുവകകള്‍ ഒന്നും ഇല്ലാത്തിടത്ത് ദാനം ചെയ്യുന്നതിനുള്ള സന്തോഷം ഇല്ലാതെ പോകുന്നു.  ഇതിലൂടെ അവരുടെ സഹായം ആവശ്യമായി വരുന്നവര്‍ക്കോ, സുഹൃത്തുക്കള്‍ക്കോ, യാത്രക്കാര്‍ക്കോ സഹായഹസ്തം നല്‍കുമ്പോള്‍ ലഭിക്കുന്ന സന്തോഷം അനു ഭവിക്കാന്‍ ഇവര്‍ക്കാര്‍ക്കും സാധിക്കില്ല'' (അരിസ്റ്റോട്ടില്‍, 384-322 ബി.സി., ഗ്രീക്കു തത്വചിന്തകന്‍, ശാസ്ത്രജ്ഞന്‍, പോളിറ്റിക്സ്, 2.5).   മനുഷ്യന്‍റെ അലസതയെക്കൂടി  പരിഗണിച്ചുകൊണ്ടുള്ള ആദം സ്മിത്തിന്‍റെ വാക്കുകളും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ്:  ''സമ്പത്തു നേടാന്‍ സാധിക്കാത്തവന് ഏറ്റവും കുറച്ച് അ ധ്വാനിക്കാനും ഏറ്റവും കൂടുതല്‍ ഭക്ഷണം കഴിക്കാനുമല്ലാതെ മറ്റൊരു താല്പര്യവും കാണുകയില്ല'' (ആഡം സ്മിത്ത്, 1723-1790, സ്കോട്ടിഷ് ധനതത്വശാസ്ത്രജ്ഞന്‍).

കഴിവുകള്‍, ധനം, വസ്തുവകകള്‍ എല്ലാം ദൈവപിതാവു മക്കള്‍ക്കു തന്ന ദാനം തന്നെയാണ്.  ഈ ദാനത്തിനു നന്ദി പറഞ്ഞുകൊണ്ട് സര്‍വശക്തനായ ദൈവത്തെ നമുക്കു സ്തുതിക്കാം. അവിടുത്തെ തിരുഹിതത്തിനൊത്തപോലെ ഈ ദാനങ്ങളെ സ്വീകരിച്ച്, ദാനമായിത്തന്നെ ഏവര്‍ക്കും നല്‍കാന്‍ നമുക്കു കഴിയേണ്ടതിനായി ദൈവത്തിന്‍റെ കൃപ നമുക്കു പ്രാര്‍ഥിക്കാം.








All the contents on this site are copyrighted ©.