2017-08-30 13:01:00

"സ്മരണ നവവീര്യമേകുന്ന പ്രത്യാശ"-പാപ്പായുടെ പൊതുദര്‍ശന പ്രഭാഷണം


ഈ ബുധനാഴ്ച (30/08/17) വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയുടെ വേദി, വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അങ്കണമായിരുന്നു. വേനല്‍ക്കാലതാപനില അല്പമൊന്നു താഴ്ന്നിട്ടുണ്ടെങ്കിലും സാമാന്യം നല്ല ചൂട് അനുഭവപ്പെടുന്നുണ്ടായിരുന്നു. കുറഞ്ഞത് 23 ഉം കൂടിയത് 32ഉം സെല്‍ഷ്യസ് ആയിരുന്നു താപനില. ചൂടുണ്ടായിരുന്നെങ്കിലും വിവിധ രാജ്യങ്ങളില്‍ നിന്നായി തീര്‍ത്ഥാടകരും സന്ദര്‍ശകരുമുള്‍പ്പടെ നിരവധിപ്പേര്‍ കൂടിക്കാഴ്ചയ്ക്കെത്തിയിരുന്നു. എറ​ണാകുളം ലൂര്‍ദ്ദ് ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുന്ന പ്രശസ്ത ഹൃദ്രോഗവിദഗ്ദ്ധനായ ഡോക്ടര്‍ ജോര്‍ജ് തയ്യിലും അദ്ദേഹത്തിന്‍റെ കുടുംബവും ചത്വരത്തില്‍ സന്നിഹിതരായിരുന്നു. ഫ്രാന്‍സീസ് പാപ്പാ വെളുത്ത തുറന്ന വാഹനത്തില്‍  അങ്കണത്തില്‍ പ്രവേശിച്ചപ്പോള്‍ ജനസഞ്ചയത്തിന്‍റെ കരഘോഷവും ഹര്‍ഷാരവങ്ങളും ഉയര്‍ന്നു. തന്‍റെ വാഹനത്തില്‍ ഏതാനും ബാലികബാലന്മാരെക്കൂടി കയറ്റയി പാപ്പാ എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് ജനങ്ങള്‍ക്കിടയിലൂടെ വാഹനത്തില്‍ നീങ്ങി. അംഗരക്ഷകര്‍ തന്‍റെ പക്കലേക്ക് ഇടയ്ക്കിടെ എടുത്തുകൊണ്ടുവന്നിരുന്ന കുഞ്ഞുങ്ങളെ തലോടുകയും ആശീര്‍വ്വദിക്കുകയും മുത്തം നല്കുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രസംഗവേദിയ്ക്കരികില്‍ വാഹനം എത്തിയപ്പോള്‍ പാപ്പാ വാഹനത്തിലുണ്ടായിരുന്ന കുഞ്ഞുങ്ങള്‍ക്ക് സ്നേഹചുംബനമേകി അവരെ ആദ്യം ഇറക്കിയതിനുശേഷം അതില്‍നിന്നിറങ്ങി നടന്ന് വേദിയിലേക്കു കയറി. റോമിലെ സമയം രാവിലെ 9.45 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.15 ന് പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു

വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ, താന്‍ ക്രിസ്തീയ പ്രത്യാശയെ അധികരിച്ച് പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടര്‍ന്നു. ഓരോവ്യക്തിക്കും ലഭിച്ചിരിക്കുന്ന വിളിയെക്കുറിച്ചുള്ള സ്മരണ പ്രത്യാശയ്ക്ക് നവവീര്യം പകരുമെന്ന ആശയം പാപ്പാ പങ്കുവച്ചു.

പാപ്പായുടെ പ്രഭാഷണത്തിന്‍റെ സംഗ്രഹം :            

ഇന്നു ഞാന്‍ സുപ്രധാനമായൊരു വിഷയത്തിലേക്കു തിരിച്ചുവരാന്‍ ആഗ്രഹിക്കയാണ്. പ്രത്യാശയും സ്മരണയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്, പ്രത്യേകിച്ച്, ഒരോരുത്തരുടെയും വിളിയെക്കുറിച്ചുള്ള സ്മരണയുമായി ബന്ധപ്പെടുത്തി ചിന്തിക്കാനാണ് ഞാന്‍ അഭിലഷിക്കുന്നത്. ഇതിന് പ്രതീകമായിട്ട് ഞാനെടുക്കുന്നത് ആദ്യ ശിഷ്യരെ യേശു വിളിക്കുന്ന സംഭവമാണ്. ചിലര്‍ സമയം വരെ രേഖപ്പെടുത്തത്തക്കവിധത്തില്‍ അത്രമാത്രം ആ അനുഭവത്തിന്‍റെ ഓര്‍മ്മ അവരുടെ മനസ്സില്‍ പതിഞ്ഞിരിക്കുന്നു. “ അപ്പോള്‍ ഏകദേശം വൈകുന്നേരം 4 മണി ആയിരുന്നു” (യോഹന്നാന്‍ 1,39) വയോധികന്‍റെതായ തന്‍റെ സ്മരണയില്‍ മായാതെ കിടക്കുന്ന യൗവ്വനകാലത്തെ പ്രസ്പഷ്ടമായ ഒരോര്‍മ്മയായി സുവിശേഷകനായ യോഹന്നാന്‍ ആ സംഭവം അനുസ്മരിക്കുന്നു. യോഹന്നാന്‍ വൃദ്ധനായപ്പോഴാണ് ഇക്കാര്യങ്ങള്‍ എഴുതിയത്.

സ്നാപകയോഹന്നാന്‍ മാമ്മോദീസ നല്കിയിരുന്ന ജോര്‍ദ്ദാന്‍ നദിക്കടുത്തുവച്ചാണ് ഈ കൂടിക്കാഴ്ചനടക്കുന്നത്. ആ ഗലിലീയക്കാരായ യുവാക്കള്‍ സ്നാപകയോഹന്നാനെ തങ്ങളുടെ ആദ്ധ്യാത്മിക നേതാവായി അംഗീകരിച്ചിരുന്നു. ഒരു ദിവസം യേശു വരുകയും സ്നാപകനില്‍ നിന്ന് ജ്‍ഞാനസ്നാനം സ്വീകരിക്കുകയും ചെയ്യുന്നു. അതിനടുത്ത ദവസവും അവിടന്ന് അവിടെ എത്തുന്നു. അപ്പോള്‍ സ്നാപകന്‍ തന്‍റെ  രണ്ടു ശിഷ്യരോടു ഇപ്രകാരം പറയുന്നു: ”ഇതാ ദൈവത്തിന്‍റെ കുഞ്ഞാട്”. (യോഹന്നാന്‍ 1,36)

അവരെ രണ്ടുപേരെയും സംബന്ധിച്ച് അതൊരു സ്ഫുലിംഗമായിരുന്നു. തങ്ങളുടെ ആദ്യ ഗുരുവിനെ വിട്ട് അവര്‍ യേശുവിനെ അുഗമിക്കുന്നു. യേശു തിരിഞ്ഞു അവരോടു നിര്‍ണ്ണായകമായ ഒരു ചോദ്യം ഉന്നയിക്കുന്നു: “നിങ്ങള്‍ എന്തന്വേഷിക്കുന്നു?”(വാക്യം 36) മനുഷ്യഹൃദയങ്ങളെ അറിയുന്ന ഒരു വിദഗ്ദ്ധനായിട്ടാണ് യേശു സുവിശേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. എന്തിനോവേണ്ടിയുള്ള അന്വേഷണത്തിലായിരുന്ന രണ്ടുയുവാക്കളെയാണ് ആ സന്ദര്‍ഭത്തില്‍ യേശു കണ്ടുമുട്ടുന്നത്. പൊരുളിനെക്കുറിച്ചുള്ള അന്വേഷണം കൂടാതെ സംതൃപ്തിയടയുന്ന ഒരു യുവത്വം എന്തു യുവത്വമാണ്? ഒന്നും അന്വേഷിക്കാത്ത യുവാക്കള്‍ യുവാക്കളേയല്ല. അവര്‍ വിശ്രമജീവിതത്തിലേക്കു കടന്നവരാണ്, അവര്‍ അകാലവാര്‍ദ്ധക്യത്തിലെത്തിയവരാണ്. അങ്ങനെയുള്ള യുവാക്കളെ കാണുന്നത് വേദനാജനകമാണ്. ഹൃദയത്തെ ജ്വലിപ്പിക്കുന്നവനായിട്ടാണ് യേശു സവിശേഷത്തിലുടനീളം, കൂടിക്കാഴ്ചകളിലെല്ലാം പ്രത്യക്ഷപ്പെടുന്നത്. നീ എന്തന്വേഷിക്കുന്നു എന്ന ചോദ്യം യേശു നമ്മുടെ ഈ കാലഘട്ടത്തിലെ എല്ലാവരോടും ചോദിക്കുന്നു. ഞാനും ഇന്ന് ഇവിടെ ഈ ചത്വരത്തിലുള്ളവരോടും മാദ്ധ്യമങ്ങളിലൂടെ എന്നെ ശ്രവിക്കുന്നവരോടും ചോദിക്കുകയാണ്:” യുവാവായ നീ എന്താണ് അന്വേഷിക്കുന്നത്? നിന്‍റെ ഹൃദയത്തില്‍ നീ എന്തന്വേഷിക്കുന്നു?

ഈ ലോകത്തില്‍ ഓരോരുത്തരുടെയും വിളി എന്തെന്ന് എങ്ങനെ കണ്ടെത്തും? അതിന് നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. എന്നാല്‍ സുവിശേഷം പ്രഥമ സൂചികയായി നല്കുന്നത് യേശുവുമായുള്ള കൂടിക്കാഴ്ചയുടെ ആനന്ദമാണ്. വിവാഹജീവിതം, സമര്‍പ്പിതജീവിതം, പൗരോഹിത്യം തുടങ്ങിയ എല്ലാ വിളികളും ആനന്ദവും പുത്തന്‍ പ്രത്യാശയും പ്രദാനം ചെയ്യുന്ന യേശുവുമായുള്ള സമാഗമത്തോടെയാണ് ആരംഭിക്കുന്നത്. താനുമായുള്ള പൂര്‍ണ്ണമായ ഒരു കൂടിക്കാഴ്ചയിലേക്കും ആനന്ദത്തിന്‍റെ പൂര്‍ണ്ണതയിലേക്കും അവിടന്ന് പരീക്ഷണങ്ങളിലൂടെയും കഷ്ടപ്പാടുകളിലൂടെയും നമ്മെ നയിക്കുന്നു.

ഹൃദയത്തില്‍ സന്തോഷത്തിന്‍റെ തെന്നലില്ലാതെ ഇഷ്ടമില്ലാതെ സ്ത്രീപുരുഷന്മാര്‍ തന്നെ പിന്‍ചെല്ലുന്നത് കര്‍ത്താവിനിഷ്ടമില്ല. തന്നോടുകൂടെ ആയിരിക്കുന്നത് അപരിമേയ ആനന്ദം പ്രദാനം ചെയ്യുമെന്ന് അനുഭവിച്ചറിയുകയും അനുദിനം ജീവിത നവീകരിക്കുകയും ചെയ്യുന്ന വ്യക്തികളെയാണ് യേശുവിനാവശ്യം. ദൈവരാജ്യത്തിലെ ഒരുവന്‍ സന്തോഷരഹിതനെങ്കില്‍ അവന് ലോകത്തെ സുവിശേഷവത്ക്കരിക്കാനാകില്ല. വിശ്വാസത്തിന്‍റെ ആനന്ദം നയനങ്ങള്‍കൊണ്ട് സംവേദനം ചെയ്യുന്ന അനേകം ക്രൈസ്തവരുണ്ട്, നമ്മുടെ ഇടയില്‍ത്തന്നെയു​ണ്ട്.

ആകയാല്‍ ക്രൈസ്തവന്‍, പരിശുദ്ധകന്യകാമറിയത്തെപ്പോലെ, യേശുവിന്‍റെ സ്നേഹാഗ്നി ഹൃദയത്തില്‍ സൂക്ഷിക്കുന്നവനാണ്. തീര്‍ച്ചായയും ജീവിതത്തില്‍ പരീക്ഷണങ്ങളുണ്ടാകും, തണുപ്പും പ്രതികൂലമായ കാറ്റുമുണ്ടാകും, എന്നാല്‍ മുന്നേറണം. എന്നന്നേക്കുമായി ഒരിക്കല്‍ കൊളുത്തിയ ആ പവിത്രാഗ്നിയിലേക്കു നയിക്കുന്ന പാത, അതുകൊണ്ടുതന്നെ, ക്രൈസ്തവര്‍ക്കറിയാം.

വ്യാമോഹിതരും നരാനന്ദരുമായവരുടെ വാക്കുകള്‍ മുഖവിലയ്ക്കെടുക്കേണ്ട; ജീവിതത്തില്‍ പ്രത്യാശവേണ്ട എന്നു പറയുന്ന ദോഷൈകദൃക്കുകളുടെ ശിപാര്‍ശകള്‍ കേള്‍ക്കേണ്ട; ജീവിതം മുഴുവന്‍ ത്യാഗമനുഷ്ഠിക്കുന്നതിന് ഒരുവിലയുമില്ല എന്നു പറഞ്ഞുകൊണ്ട് നമ്മെ നിരുത്സാഹപ്പെടുത്തുന്നവരെ വിശ്വസിക്കരുത്. പ്രത്യാശയുടെ തിളങ്ങുന്ന നയനങ്ങളുള്ള വൃദ്ധജനത്തിന്‍റെ പക്കല്‍ നമുക്കു പോകാം.

ക്രൈസ്തവ ജീവിതത്തിന്‍റെ മൗലികമായ ബലതന്ത്രം ഇതാണ്: യേശുവിനെ ഓര്‍ക്കുക. പൗലോസപ്പസ്തോലന്‍ തന്‍റെ ശിഷ്യനോടു പറയുമായിരുന്നു: “യേശുക്രിസ്തുവിനെ സ്മരിക്കുക” തിമോത്തേയുസിനുള്ള രണ്ടാം ലേഖനം, അദ്ധ്യായം 2, വാക്യം 8. മഹാനായ വിശുദ്ധ പൗലോസ് നല്കുന്ന ഉപദേശമിതാണ് – യേശുക്രിസ്തുവിനെ സ്മരിക്കുക. നന്മയുടെ ഒരു പദ്ധതിയായി നമ്മുടെ ജീവിതത്തെ മനസ്സിലാക്കാന്‍ നമ്മെ ഒരു ദിവസം പ്രാപ്തരാക്കിയ ആ സ്നേഹാഗ്നിയെ, യേശുവിനെ ഓര്‍ക്കുക; ആ സ്നേഹാഗ്നിയാല്‍ നമ്മുടെ പ്രത്യാശയെ വീണ്ടും ജ്വലിപ്പിക്കുക.

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന്  പ്രഭാഷണസംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു. 

സെപ്റ്റംബര്‍ ഒന്നിന് സൃഷ്ടിയുടെ പരിപാലനത്തിനുള്ള പ്രാര്‍ത്ഥനാദിനം ആചരിക്കപ്പെടുന്നതും പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍ അനുസ്മരിച്ചു.

പതിവുപോലെ, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും പാപ്പാ സംബോധന ചെയ്തതിനെ തുടര്‍ന്ന്  കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടു. തദ്ദനന്തരം മാര്‍പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.