2017-08-30 08:16:00

എക്സ്പോ 2017: കര്‍ദിനാള്‍ ടര്‍ക്സണ്‍ കസാക്കിസ്ഥാനില്‍


സമഗ്രമാനവവികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വത്തിക്കാന്‍ ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ തലവനായ കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്സണ്‍, എക്സ്പോ 2017- പരിപാടികളില്‍ സംബന്ധിക്കുന്നതിന് കസാക്കിസ്ഥാനിലെ അസ്താനയിലേയ്ക്ക് ഓഗസ്റ്റ് 30-ന് പുറപ്പെടുന്നു. ''ഭാവിയിലെ ഊര്‍ജം'' (FUTURE ENERGY) എന്ന പ്രമേയം സ്വീകരിച്ചിരിക്കുന്ന എക്സ്പോ 2017-ല്‍, ''ഊര്‍ജം പൊതുനന്മയ്ക്കുവേണ്ടി: നമ്മുടെ പൊതുഭവനത്തിന്‍റെ സംരക്ഷണത്തിനായി'' എന്ന ശീര്‍ഷകത്തില്‍ പരിശുദ്ധ സിംഹാസനം പവിലിയന്‍ അവതരിപ്പിക്കും. കസാക്കിസ്ഥാനില്‍ കര്‍ദിനാള്‍ പീറ്റര്‍ ടേര്‍ക്സനോടൊപ്പം കസാക്കിസ്ഥാനിലെ അപ്പസ്തോലിക് ന്യുണ്‍ഷ്യോ ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സീസ് എ. ചുള്ളിക്കാട്ട് സഹഗാമിയായിരിക്കും.

ഓഗസ്റ്റ് 31-ന് അസ്താനയില്‍ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന സര്‍വമതസമ്മേളനത്തില്‍ പങ്കെടുക്കും.  മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലും കസാക്കിസ്ഥാനിലെ അപ്പസ്തോലിക് ന്യുണ്‍ഷ്യേച്ചറിയും സംയുക്തമായാണ് ഈ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

സൃഷ്ടികുലത്തിനുവേണ്ടിയുള്ള പ്രാര്‍ഥനാദിനമായ സെപ്തംബര്‍ ഒന്നാംതീയതി, വത്തിക്കാന്‍ പവിലിയന്‍റെ ഉള്ളടക്കം, കലാപരത എന്നിവ വിശദീകരിക്കുന്ന സമ്മേളനത്തില്‍ കര്‍ദിനാള്‍ സന്നിഹിതനായിരിക്കും.  പരിശുദ്ധ സിംഹാസനത്തിന്‍റെ ദേശീയദിനം ആഘോഷിക്കുന്ന സെപ്തംബര്‍ 2-ാം തീയതി അസ്താനയിലെ ആര്‍ച്ചുബിഷപ്പ് തോമസ് ബി. പേട, എക്സ്പോ 2017-ന് ഫ്രാന്‍സീസ്പാപ്പാ നല്‍കുന്ന സന്ദേശം വായിക്കും.  സമഗ്രമാനവവികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വത്തിക്കാന്‍ ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ നേതൃത്വത്തില്‍ ''നമ്മുടെ പൊതുഭവനത്തിനുവേണ്ടിയുള്ള ഊര്‍ജം'' എന്ന വിഷയത്തെ പുരസ്കരിച്ച് കോണ്‍ഫറന്‍സും ഉണ്ടായിരിക്കുന്നതാണ്. സെപ്തംബര്‍ 4 വരെയാണ് കര്‍ദിനാളിന്‍റെ കസാക്കിസ്ഥാന്‍ പര്യടനപരിപാടികള്‍.
All the contents on this site are copyrighted ©.