2017-08-29 08:27:00

''നീതിക്കായുള്ള സമരത്തില്‍ സഭ മുഖ്യധാരയില്‍'': കര്‍ദിനാള്‍ പരോളിന്‍


ഇറ്റലിയുടെ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന റിമിനി പട്ടണത്തില്‍ നടന്ന മുപ്പത്തിയെട്ടാമത് ‘‘ജനതകളുടെ സൗഹൃദസമ്മേളന’’ത്തിന്‍റെ അവസാനദിനമായ ഓഗസ്റ്റ് 26, ശനിയാഴ്ചയില്‍ നല്കിയ സന്ദേശത്തിലാണ്, ''നീതിയ്ക്കുവേണ്ടിയുള്ള സമരത്തില്‍ അരികുചേര്‍ന്നുനില്ക്കുവാന്‍ സഭയ്ക്കു സാധിക്കുകയില്ല'',  എന്ന്  കര്‍ദിനാള്‍ പരോളിന്‍ വത്തിക്കാന്‍ സ്റ്റേറ്റുസെക്രട്ടറി, കര്‍ദിനാള്‍ പിയെത്രോ പരോളിന്‍ വ്യക്തമാക്കിയത്.

അദ്ദേഹം തുടര്‍ന്നു: ''...എല്ലാ ക്രൈസ്തവരും, അജപാലകരും കൂടുതല്‍ മെച്ചപ്പെട്ട ഒരു ലോകനിര്‍മിതിക്കായി വിളിക്കപ്പെട്ടവരാണ്... ബെനഡിക്ട് പതിനാറാമന്‍ പാപ്പാ പ്രസ്താവിക്കുന്നു, നീതിക്കുവേണ്ടിയുള്ള സമരത്തില്‍ നിന്നു മാറിനില്‍ക്കാന്‍ സഭയ്ക്കു സാധിക്കുകയില്ല (ദൈവം സ്നേഹമാകുന്നു, 28).   വാതിലുകള്‍ അടച്ചിട്ട് അകത്തിരിക്കുന്ന സഭയല്ല, തെരുവുളിലേക്കിറങ്ങി, മുറിവേല്ക്കുന്നതും അഴുക്കു പുരളുന്നതുമായ ഒരു സഭയെയാണ് ഞാനിഷ്ടപ്പെടുന്നത് എന്നു ഫ്രാന്‍സീസ് പാപ്പായും വ്യക്തമാക്കുന്നു.  അതുകൊണ്ട്, ഇന്നത്തെ ലോകയാഥാര്‍ഥ്യങ്ങളോട് വിമര്‍ശനാത്മകമായി ഇടപഴകുക എന്നത് സ്നേഹത്തെപ്രതി സഭയുടെയും ഓരോ ക്രൈസ്തവന്‍റെയും ദൗത്യമാണ്...''

അടുത്തവര്‍ഷം യുവജനങ്ങളെ കേന്ദ്രപ്രമേയമാക്കി നടക്കാനിരിക്കുന്ന സിനഡിനെക്കുറിച്ചും വിദ്യാഭ്യാസരംഗത്ത് സഭയുടെ സംഭാവനകളെക്കുറിച്ചും കര്‍ദിനാള്‍ അനുസ്മരിച്ചു. സഭയുടെ  വിദ്യാഭ്യാസത്തെ സംബന്ധിച്ച് അദ്ദേഹം പ്രത്യേകമായി ഇങ്ങനെ സൂചിപ്പിച്ചു:  ''..ആദ്യം നാം ദൈവത്താല്‍ പഠിപ്പിക്കപ്പെട്ടവരാകണം.  നമ്മുടെ ഹൃദയവാതിലുകള്‍ പരിശുദ്ധാത്മാവിനായി നാം തുറന്നിടണം.  എന്തെന്നാല്‍ പരിശുദ്ധ ആത്മാവാണ് നമ്മുടെ ആന്തരികതയിലെ ഗുരു...  ദൈവം തുടര്‍ച്ചയായി നമ്മുടെ മനഃസാക്ഷിയില്‍ ഉയര്‍ത്തുന്ന നിമന്ത്രണങ്ങള്‍ അറിയുകയും സ്വാതന്ത്ര്യത്തിന്‍റെ പുത്രരായിരിക്കുവാനുള്ള ധൈര്യം ഉണ്ടായിരിക്കുകയും വേണം.  അതു നമ്മുടെ യുവജനങ്ങള്‍ കണ്ടെത്തും.  സ്നേഹിക്കുന്നവരുടെ കണ്ണുകളില്‍ അവര്‍ അതു കാണും.  നീതിക്കുവേണ്ടിയുള്ള ദാഹവും വിശപ്പുമായി അവര്‍ അത് അനുഭവിക്കും... ''

 

‘‘നിങ്ങള്‍ക്കു പൈതൃകമായി ലഭിച്ചവ, വീണ്ടെടുക്കുക, സ്വന്തമാക്കുക’’, എന്ന ഗോയ്ഥെയുടെ ഫൗസ്റ്റ് എന്ന നാടകത്തിലെ വാക്യം പ്രമേയമായി സ്വീകരിച്ചുകൊണ്ട് നടത്തിയ ഈ സമ്മേളനം 2017 ഓഗസ്റ്റ് 20 മുതല്‍ 26 വരെയായിരുന്നു.








All the contents on this site are copyrighted ©.