2017-08-28 12:43:00

സഭയിലെ ശിലാശകലങ്ങള്‍ നമ്മള്‍-പാപ്പായുടെ ത്രികാലജപ പ്രഭാഷണം


റോമില്‍ വേനല്‍ച്ചൂട് ശക്തമായിരുന്നെങ്കിലും, പതിവുപോലെ, ഈ ഞായറാഴ്ചയും (28/08/17) ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ നയിച്ച പൊതുവായ മദ്ധ്യാഹ്നപ്രാര്‍ത്ഥനയില്‍ പങ്കുകൊള്ളുന്നതിന് വിവിധരാജ്യക്കാരായിരുന്ന നിരവധി വിശ്വാസികള്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ വിശാലമായ ചത്വരത്തില്‍ സന്നിഹിതരായിരുന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 3.30 ന് അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പ്രത്യക്ഷനായ പാപ്പായ്ക്ക് ജനങ്ങള്‍ ഹര്‍ഷാരവങ്ങളോടെ അഭിവാദ്യമര്‍പ്പിച്ചു. ജാലകത്തിങ്കല്‍ നിന്നുകൊണ്ട് മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്ത  പാപ്പാ ത്രികാലപ്രാര്‍ത്ഥനയ്ക്കൊരുക്കമായി നല്കിയ സന്ദേശത്തില്‍, ഈ ഞായറാഴ്ച, ലത്തീന്‍ റീത്തിന്‍റെ   ആരാധനക്രമമനുസരിച്ച് ദിവ്യബലി മദ്ധ്യെ വായിക്കപ്പെട്ട, മത്തായിയുടെ സുവിശേഷം അദ്ധ്യായം 16, 13 മുതല്‍ 20 വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന സംഭവം, അതയാത്, “നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവാണ്” എന്നു പറഞ്ഞുകൊണ്ട് പത്രോസ് യേശുവിന്‍റെ മുന്നില്‍ സ്വന്തം വിശ്വാസം പ്രഖ്യാപിക്കുന്ന സംഭവം വിശകലനം ചെയ്തു.    

പാപ്പായുടെ പ്രഭാഷണം:              

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,

തന്‍റെ ശിഷ്യരുമൊത്തുള്ള യേശുവിന്‍റെ യാത്രയിലെ സുപ്രധാനമായ സംഭവം ഈ ഞാറാഴ്ചത്തെ സുവിശേഷഭാഗം നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നു. മത്തായിയുടെ സുവിശേഷം അദ്ധ്യായം 16, 13-20 വരെയുള്ള വാക്യങ്ങള്‍. ശിഷ്യന്മാര്‍ക്ക് തന്നിലുള്ള വിശ്വാസം യേശു പരിശോധിക്കുന്ന ഒരു വേള. ആദ്യം അവിടന്ന് ജനങ്ങള്‍ തന്നെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത് എന്നറിയാന്‍ ആഗ്രഹിക്കുന്നു; യേശു ഒരു പ്രവാചകനാണെന്ന് ജനങ്ങള്‍ കരുതുന്നു. അതു ശരിതന്നെ, എന്നാല്‍ യേശു എന്ന ആളിന്‍റെ സത്തയും അവിടത്തെ ദൗത്യവും അതുള്‍ക്കൊള്ളുന്നില്ല. തദ്ദനന്തരം യേശു തന്‍റെ ഉള്ളിന്‍റെ ഉള്ളിലുള്ള ഒരു ചോദ്യം ശിഷ്യരോടു നേരിട്ടു ചോദിക്കുന്നു:”എന്നാല്‍ ഞാന്‍ ആരാണെന്നാണ് നിങ്ങള്‍ പറയുന്നത്”? “എന്നാല്‍” എന്ന പദം കൊണ്ട് യേശു ചെയ്യുന്നത് ശിഷ്യന്മാരെ ജനസഞ്ചയത്തില്‍ നിന്ന് നിസ്സംശയം വേറിട്ടുനിര്‍ത്തുകയാണ്. എന്നും എന്നോടുകൂടെ ആയിരിക്കുകയും എന്നെ അടുത്തറിയുകയും ചെയ്യുന്ന നിങ്ങള്‍ കുടുതലായി എന്താണ് മനസ്സിലാക്കിയിരിക്കുന്നത് എന്ന് യേശു ശിഷ്യന്മാരോടു ചോദിക്കുന്നതിനു സമാനമാണിത്. പൊതുജനാഭിപ്രായത്തെക്കാള്‍ ഏറെ ഔന്നത്യമാര്‍ന്നതും വ്യത്യസ്തവുമായ ഒരുത്തരമാണ് ഗുരു സ്വന്തം ശിഷ്യരില്‍ നിന്ന്  പ്രതീക്ഷിക്കുന്നത്. വാസ്തവത്തില്‍ അപ്രകാരമുള്ള ഒരുത്തരംതന്നെയാണ് പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോന്‍റെ ഹൃദയത്തില്‍ നിന്ന് നിര്‍ഗ്ഗമിക്കുന്നത്. “നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവാണ്” ശിമയോന്‍ പത്രോസിന്‍റെ   അധരത്തില്‍ നിന്നു പൊഴിയുന്നത് അവനെക്കാള്‍ വലിയ വാക്കുകളാണ്. ആ വാക്കുകള്‍ അവന്‍റെ സ്വാഭാവികമായ കഴിവിനതീതമാണ്. ഒരു പക്ഷേ പത്രോസ് പ്രാഥമിക വിദ്യാലയത്തില്‍ പോലും പോയിരിക്കാനിടയില്ല, എന്നിട്ടും അവനെക്കാള്‍ ശക്തമായ വാക്കുകള്‍ പറയാന്‍ അവനു സാധിച്ചു.  എന്നാലത് സ്വര്‍ഗ്ഗീയ പിതാവിനാല്‍ നിവേശിതമായിരുന്നു. ഈ പിതാവ് യേശുവിന്‍റെ യഥാര്‍ത്ഥ അനന്യത, അതായത്, യേശു, മിശിഹായാണ്, നരകുലത്തെ രക്ഷിക്കുന്നതിനായി ദൈവത്താല്‍ അയക്കപ്പെട്ട പുത്രനാണ് എന്ന്, പന്ത്രണ്ട് ശിഷ്യര്യല്‍ പ്രഥമന് വെളിപ്പെടുത്തുന്നു. തന്‍റെ  സമൂഹം, തന്‍റെ സഭ പണിതുയര്‍ത്താന്‍ പറ്റിയ സുദൃഢമായ ഒരടിത്തറ ഉണ്ടെന്ന് യേശു, പിതാവ് പ്രദാനം ചെയ്ത വിശ്വാസത്തിന്‍റെ കൃപയാല്‍  പത്രോസ് നല്കിയ ഈ മറുപടിയില്‍ നിന്ന് മനസ്സിലാക്കുന്നു. ആകയാല്‍ യേശു ശിമയോനോടു പറയുന്നു: “ശിമയോനേ, നീ പത്രോസാണ്, അതായത് പാറ, ഈ പാറമേല്‍ ഞാന്‍ എന്‍റെ സഭ സ്ഥാപിക്കും”.(മത്തായി 16,18).

ഇന്ന് യേശു നമ്മോടു കൂടെ, അവിടത്തെ സഭ കെട്ടിപ്പടുക്കുന്നത് തുടരാന്‍ ആഗ്രഹിക്കുന്നു. ബലിഷ്ഠമായ അടിസ്ഥാനമുള്ളതാണ് ഈ ഭവനമെങ്കിലും അതില്‍ വിള്ളലുകള്‍ വിരളമല്ല. ആകയാല്‍ അറ്റകുറ്റപ്പണികള്‍ എന്നും നിരന്തരാവശ്യമായി ഭവിക്കുന്നു. സഭ, ഫ്രാന്‍സീസ് അസ്സീസിയുടെ കാലത്തെന്നപോലെ, സദാ നവീകരിക്കപ്പെടുകയും കേടുപാടുകള്‍ തീര്‍ക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. തീര്‍ച്ചയായും, നമ്മള്‍ പാറയാണെന്ന് നാം കരുതുന്നില്ല മറിച്ച്, ചെറുകല്ലുകളാണ് നമ്മള്‍. എന്നിരുന്നാലും ഒരു ചെറിയ കല്ലും  ഉപയോഗശൂന്യമല്ല. മറിച്ച്, യേശുവിന്‍റെ   കരങ്ങളില്‍ ഏറ്റം ചെറിയകല്ല് ഏറ്റം വിലയേറിയതായിത്തീരുന്നു. എന്തെന്നാല്‍ യേശു ആ കല്ലു ശേഖരിക്കുകയും അതിനെ സ്നിഗ്ദ്ധതയോടെ നോക്കുകയും, തന്‍റെ  അരൂപിയാല്‍ ആ ശിലയിന്മേല്‍ പണിയുകയും അതിനെ താന്‍ എന്നും ഉദ്ദേശിച്ചിരുന്ന ഉചിതമായി‌ടത്ത്, പണിയപ്പെടുന്ന കെട്ടിടത്തിന് മൊത്തത്തില്‍ ഉപകാരപ്രദമായിടത്ത്, അവിടന്ന്പ്രതിഷ്ഠിക്കുകയും ചെയ്യും. നാമൊരോരുത്തരും ശിലാശകലമാണെങ്കിലും യേശുവിന്‍റെ കരങ്ങളിലൂടെ സഭാനിര്‍മ്മിതിയില്‍ പങ്കുചേരുന്നു. നാം എത്ര ചെറുതാണെങ്കിലും നാം ജീവനുള്ള ശിലകളാക്കപ്പെടുന്നു, എന്തെന്നാല്‍ യേശു സ്വന്തം കരങ്ങളില്‍ അവിടത്തെ കല്ല് എടുക്കുമ്പോള്‍ അതിനെ സ്വന്തമാക്കിത്തീര്‍ക്കുകയും ജീവസ്സുറ്റതാക്കുകയും ജീവഭരിതമാക്കുകയും പരിശുദ്ധാത്മാവിനാല്‍ ജീവസാന്ദ്രമാക്കുകയും സ്നേഹഭരിതമാക്കുകയും ചെയ്യുന്നു. അങ്ങനെ നമുക്കു സഭയില്‍ ഒരു സ്ഥാനവും ദൗത്യവും ലഭിച്ചിരിക്കുന്നു. സഭ വ്യത്യസ്തമായ അനേകം കല്ലുകളാല്‍ തീര്‍ക്കപ്പെട്ടതും സാഹോദര്യത്തിന്‍റെയും കൂട്ടായ്മയുടെയും അടയാളത്തില്‍ ഏക സൗധമാക്കപ്പെട്ടതുമായ ജീവന്‍റെ സമൂഹമാണ്.

പത്രോസിനെ തന്‍റെ സഭയുടെ കൂട്ടായ്മയുടെ ദൃശ്യമായ ഒരു കേന്ദ്രമാക്കാനും യേശു അഭിലഷിച്ചുവെന്ന് ഇന്നത്തെ സുവിശേഷം നമ്മെ അനുസ്മരിപ്പിക്കുന്നു. പത്രോസും വലിയ കല്ലല്ല, ചെറിയൊരു ശിലയാണ്. എന്നാല്‍ യേശു എടുത്തപ്പോള്‍ പത്രോസും, അദ്ദേഹത്തിന്‍റെ തന്നെ സഭാതലവനടുത്ത ഉത്തരവാദിത്വത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് അദ്ദേഹത്തിന്‍റെ പിന്‍ഗാമികളായിത്തീരുന്നവരും കൂട്ടായ്മയുടെ കേന്ദ്രമായി ഭവിക്കുന്നു. പത്രോസും പൗലോസും രക്തസാക്ഷിത്വം വരിച്ച നഗരമായ റോമിന്‍റെ   മെത്രാനായിട്ടാണ് സഭയുടെ ആരംഭകാലം മുതല്‍ തന്നെ പത്രോസിന്‍റെ പിന്‍ഗാമിയെ കാണുന്നത്.

അപ്പസ്തോലന്മാരുടെ രാഞ്ജിയും സഭയുടെ അമ്മയുമായ മറിയത്തിന് നമുക്ക് നമ്മെത്തന്നെ സമര്‍പ്പിക്കാം. പരിശുദ്ധാരൂപി അപ്പസ്തോലന്മാരുടെമേല്‍ ഇറങ്ങുകയും യേശു കര്‍ത്താവാണ് എന്ന് എല്ലാവരോടും വിളംബരം ചെയ്യാന്‍ അവരെ പ്രചോദിപ്പിക്കുകയും ചെയ്ത സമയത്ത് ഊട്ടുശാലയില്‍ പത്രോസിന്‍റെ ചാരെ മറിയം സന്നിഹിതയായിരുന്നു. ക്രിസ്തുവും അപ്പസ്തോലന്മാരും എന്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ജീവന്‍ നല്കുകയും ചെയ്തുവോ ആ ഐക്യവും കൂട്ടായ്മയും പൂര്‍ണ്ണമായി സാക്ഷാത്ക്കരിക്കാന്‍ നമ്മെ ആ അമ്മ അവളുടെ മദ്ധ്യസ്ഥതയാല്‍ സഹായിക്കുകയും നമുക്ക് തുണയാകുകയും ചെയ്യട്ടെ.

ഈ വാക്കുകളില്‍ തന്‍റെ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ ത്രികാലജപം നയിക്കുകയും ആശീര്‍വ്വാദമേകുകയും ചെയ്തു.

ആശീര്‍വ്വാദാനന്തരം പാപ്പാ ഉത്തരേന്ത്യയിലും നേപ്പാളിലും ബംഗ്ലാദേശിലും പ്രളയക്കെടുതിയനുഭവിക്കുന്ന ജനങ്ങളെ അനുസ്മരിച്ചു.ജലപ്രളയം വിതച്ച ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ചാരെ താനുണ്ടെന്നറിയിച്ച പാപ്പാ ഈ പ്രകൃതിദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്കും യാതനകളനുഭവിക്കുന്നവര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിച്ചു.

മ്യന്മാറില്‍, മുന്‍ ബര്‍മ്മയില്‍, ഇസ്ലാം മതന്യൂനപക്ഷവിഭാഗമായ റൊഹീംഗ്യ വംശജര്‍ പീഢിപ്പിക്കപ്പെടുന്ന ഖേദകരമായ വാര്‍ത്തകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതും അനുസ്മരിച്ച പാപ്പാ അവരോടും തന്‍റെ സാമീപ്യമറിയിക്കുകയും അവര്‍ക്ക്   സംരക്ഷണം ഉറപ്പുവരുത്തുന്നതിനും അവരുടെ അവകാശങ്ങള്‍ അവര്‍ക്ക് പൂര്‍ണ്ണമായി പ്രദാന ചെയ്യുന്നതിനും അവരെ സഹായിക്കുന്നതിനും പറ്റിയ സുമനസ്സുകള്‍ ഉണ്ടാകുന്നതിനുവേണ്ടി ദൈവത്തോടു പ്രാര്‍ത്ഥിക്കാന്‍ എല്ലാവരേയും ക്ഷണിക്കുകയും ചെയ്തു..  

തദ്ദനന്തരം പാപ്പാ ത്രികാലപ്രാര്‍ത്ഥനയില്‍ സംബന്ധിച്ച വിധരാജ്യാക്കാരായ തീര്‍ത്ഥാടകരെയും കുടുംബങ്ങളെയും ഇടവകസമൂഹങ്ങളെയും പ്രത്യേകം അഭിവാദ്യം ചെയ്തു.

കര്‍മ്മലീത്താ മൂന്നാം സഭാംഗങ്ങള്‍ക്കും ഈയിടെ സ്ഥൈര്യലേപനം സ്വീകരിച്ച കുട്ടികള്‍ക്കും വത്തിക്കാനില്‍ നിന്ന് 570 ലേറെ കിലോമീറ്റര്‍ ദൂരെ, വടക്കെ ഇറ്റലിയില്‍ സ്ഥിതിചെയ്യുന്ന ലോദിവേക്കിയൊ എന്ന സ്ഥലത്തുനിന്ന് തീര്‍ത്ഥാടനമായി കാല്‍നടയായി എത്തിയവര്‍ക്കും പാപ്പാ ആശംസകള്‍ നേര്‍ന്നു.

തുടര്‍ന്ന് എല്ലാവര്‍ക്കും ശുഭ ഞായര്‍ ആശംസിച്ച പാപ്പാ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുത് എന്ന പതിവഭ്യര്‍ത്ഥന നവീകരിച്ചു. നല്ലൊരുച്ചവിരുന്നു നേരുകയും ഇറ്റാലിയന്‍ ഭാഷയില്‍  “അരിവെദേര്‍ച്ചി” (arrivederci) അതായത്, വീണ്ടും കാണാം എന്ന് പറയുകയും ചെയ്തുകൊണ്ട് പാപ്പാ ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.








All the contents on this site are copyrighted ©.