2017-08-28 15:33:00

പാപ്പായുടെ മ്യാന്‍മര്‍, ബംഗ്ലാദേശ് സന്ദര്‍ശനം 2017 നവംബറില്‍


രാഷ്ട്രത്തലവന്മാരുടെയും മതാധ്യക്ഷന്മാരുടെയും ക്ഷണം സ്വീകരിച്ചുകൊണ്ട് ഫ്രാന്‍സീസ് പാപ്പാ 2017 നവംബര്‍ 27 മുതല്‍ 30 വരെയും നവംബര്‍ 30 മുതല്‍ ഡിസംബര്‍ 2 വരെയും യഥാക്രമം മ്യാന്‍മര്‍,  ബംഗ്ലാദേശ്, എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഗ്രെഗ് ബെര്‍ക് ഓഗസ്റ്റ് 28-ാംതീയതി തിങ്കളാഴ്ച വത്തിക്കാനില്‍ അറിയിച്ചു.

പാപ്പായുടെ അപ്പസ്തോലികസന്ദര്‍ശനത്തോടനുബന്ധിച്ച് രൂപപ്പെടുത്തിയ ലോഗോയും പ്രമേയവാക്യവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.  ബംഗ്ലാദേശ് സന്ദര്‍ശനത്തിന്‍റെ  ഐക്യവും സമാധാനവും എന്ന പ്രമേയവാക്യം ലോഗോയില്‍ ഇംഗ്ലീഷിലും (Harmony & Peace) ബംഗ്ലാ ഭാഷയിലും (Shomprity & Shanti) ചിത്രീകരിച്ചിരിക്കുന്നു.  ഫ്രാന്‍സീസ് പാപ്പായെ ഐക്യത്തിന്‍റെയും സമാധാനത്തിന്‍റെയും സ്ഥാനപതിയായും പാപ്പായുടെ സാന്നിധ്യത്തെ രാഷ്ട്രത്തിന്‍റെയും സഭയുടെും ആനന്ദത്തിന്‍റെ ആഘോഷമായും ചിത്രീകരിക്കുന്ന ലോഗോ,  സമാധാനത്തിന്‍റെ പ്രതീകമായ പ്രാവിനെ, പച്ച, മഞ്ഞ, ചുവപ്പ് നിറങ്ങളില്‍ ആവിഷ്ക്കരിച്ചുകൊണ്ട് ആഘോഷചൈതന്യത്തെയും  ഒപ്പം, ബംഗ്ലാദേശിന്‍റെയും വത്തിക്കാന്‍റെയും ദേശീയപതാകകളെയും സൂചിപ്പിക്കുന്നു. വര്‍ണങ്ങളുടെ ഏകോപനം, ബംഗ്ലാദേശും വത്തിക്കാനും തമ്മിലുള്ള തുടരുന്ന സൗഹൃദത്തെ വ്യക്തമാക്കുക കൂടി ചെയ്യുന്നു. ലിഖിതത്തിന് ഉപയോഗിച്ചിരിക്കുന്ന നീലനിറം സമാധാനത്തിന്‍റെയും ബംഗ്ലാദേശിലെ തെളിഞ്ഞ നദീജലത്തിന്‍റെയും പ്രതീകമാണ്.

അതിലുള്‍ക്കൊളളിച്ചിരിക്കുന്ന കുരിശ് ക്രിസ്തുസാന്നിധ്യത്തിന്‍റെയും ദൈവത്തിന്‍റെ മാനവസ്നേഹത്തിന്‍റെയും പ്രതീകമാണെങ്കില്‍, കുരിശിന്‍റെ ചുവട്ടിലെ ഷാപ്ള എന്ന ദേശീയപുഷ്പം സംസ്ക്കാരങ്ങളുടെയും മതങ്ങളുടെയും നാനാത്വത്തിലെ ഏകത്വത്തെ സൂചിപ്പിക്കുന്നു.  ജീവന്‍റെയും പ്രത്യാശയുടെയും പ്രതീകവുമായ ഇത് എണ്ണത്തില്‍ കുറവായ ക്രൈസ്തവരുടെ സജീവവിശ്വാസത്തെക്കൂടി സൂചിപ്പിക്കുന്നതാണ്.

മ്യാന്‍മര്‍ സന്ദര്‍ശനത്തോടനുബന്ധിച്ചു തയ്യാറാക്കിയിരിക്കുന്ന ലോഗോ ഹൃദയാകൃതിയിലുള്ളതാണ്.  അത് ക്രൈസ്തവ-ബുദ്ധമതങ്ങളുടെ പൊതുഭൂമികയായ സ്നേഹത്തെ പ്രതിനിധാനം ചെയ്യുന്നു. ഹൃദയാകൃതി രൂപപ്പെടുത്തുന്നതിന് ഉപയോഗിച്ചിരിക്കുന്ന റിബ്ബണുകളുടെ നിറങ്ങള്‍ വത്തിക്കാന്‍റെയും മ്യാന്‍മറിന്‍റെയും ദേശീയപതാകകളെ പ്രതിനിധാനം ചെയ്യുന്നു. അതില്‍ സമാധാനത്തിന്‍റെ വെള്ളരിപ്രാവിനെ പറത്തുന്ന പാപ്പായും വിവിധ വര്‍ണങ്ങളില്‍ മ്യാന്‍മറിന്‍റെ ഭൂപടവും ചിത്രീകരിച്ചിരിട്ടുണ്ട്.  എട്ടു പ്രധാന ഗോത്രങ്ങളും നൂറ്റിമുപ്പത്തഞ്ചോളം വരുന്ന ആദിവാസിവര്‍ഗങ്ങളും വൈവി ധ്യപൂര്‍ണമായ സംസ്ക്കാരവും ഭാഷകളുമുള്ള മ്യാന്‍മറിനെ പ്രതിനിധാനം ചെയ്യുകയാണ് ഈ വര്‍ണങ്ങള്‍.  സ്നേഹവും സമാധാനവും എന്ന പ്രമേയവാക്യവും ഇതില്‍ കുറിച്ചിരിക്കുന്നു.  
All the contents on this site are copyrighted ©.