2017-08-24 12:42:00

DOCAT ​XXXIII: കത്തോലിക്കാസഭയുടെ സാമൂഹികപ്രബോധന തത്വങ്ങള്‍


ഡുക്യാറ്റ് ഗ്രന്ഥത്തിലെ നാലാമധ്യായത്തിലേക്കു കടക്കുകയാണു നാം. 84 മുതല്‍ 111 വരെയുള്ള ഈ അധ്യായത്തിലെ ചോദ്യോത്തരങ്ങളില്‍ പൊതുനന്മ, വ്യക്തിനന്മ, ഐക്യദാര്‍ഢ്യം, സഹായതത്വം എന്നിവയെക്കുറിച്ചുള്ള പ്രബോധനമാണ് പൊതുവായി കാണുക. കത്തോലിക്കാ സാമൂഹിക പ്രബോധനത്തിന്‍റെ തത്വങ്ങളായ ഇവ എങ്ങനെയാണ് ഒരുമിച്ചുപ്രവര്‍ത്തിക്കുന്നതെന്ന്, എന്തുകൊണ്ട് നാം ഈ തത്വങ്ങളെ അനുസരിക്കണമെന്ന്, ഈ തത്വങ്ങളനുസരിക്കുന്നതിലൂടെ നന്മ എങ്ങനെ കൈവരു മെന്ന് ആദ്യഭാഗത്തു വിശദീകരിക്കുന്നു. 84 മുതല്‍ 87 വരെയുള്ള ചോദ്യോത്തരങ്ങളിലൂടെ അക്കാര്യങ്ങള്‍ ഇന്നു നമുക്കു പരിചിന്തന വിഷയമാക്കുന്നു.

കത്തോലിക്കാ സാമൂഹിക പ്രബോധനത്തിന്‍റെ തത്വങ്ങള്‍ എന്തെല്ലാമാണ്? എന്ന 84-ാമത്തെ ചോദ്യത്തിന്‍റെ ഉത്തരം ഈ സുപ്രധാനതത്വങ്ങളെക്കുറിച്ച്, അവയുടെ പ്രാധാന്യത്തെക്കുറിച്ച് ചുരുക്കമായുള്ള പ്രതിപാദനമാണ്.

കത്തോലിക്കാ സാമൂഹിക പ്രബോധനത്തിനു നാലു തത്വങ്ങളുണ്ട്.

          -മനുഷ്യവ്യക്തിയുടെ മഹത്വത്തിന്‍റെ തത്വം (വ്യക്തിത്വം)

          -പൊതുനന്മയുടെ തത്വം

          -സഹായതത്വം

          -ഐക്യദാര്‍ഢ്യത്തിന്‍റെ തത്വം

ഈ നാലു തത്വങ്ങള്‍ കൊണ്ട് മനുഷ്യസമൂഹത്തെ സമ്പൂര്‍ണമായി ഗ്രഹിക്കാനും ഈ യാഥാര്‍ഥ്യത്തെ സത്യസന്ധതയോടെ പരിഗണിക്കാനും നമുക്കു സാധിക്കും. എന്തുകൊണ്ടാണ് ഈ തത്ത്വങ്ങള്‍ പ്രയോ ഗിക്കുന്നത്? അവയെ പ്രയോഗിക്കുന്നത്, ഒന്നാമതായി അവ യുക്തിപൂര്‍വകമായിരിക്കുന്നതു കൊ ണ്ടാണ്.  രണ്ടാമതായി അവ പ്രയോഗിക്കുന്നത് യുക്തിയാല്‍ പ്രകാശിപ്പിക്കപ്പെടുന്ന ക്രൈസ്തവവി ശ്വാസത്തിന്‍റെ ഫലമായി ഉണ്ടാകുന്നവ ആകയാലാണ്.  വിശ്വാസിയായിരിക്കുന്ന വ്യക്തി അയല്‍ക്കാ രനെയും സ്നേഹിക്കുകയെന്നത്, അനുസരിക്കാന്‍ ആഗ്രഹിക്കുന്നു.  ഇക്കാലത്ത് ക്രൈസ്തവര്‍ വിവി ധ സാമൂഹിക പ്രശ്നങ്ങളെ നേരിടുന്നുണ്ട്.  വ്യക്തികള്‍ തമ്മിലോ ഗ്രൂപ്പുകള്‍ തമ്മിലോ രാഷ്ട്രങ്ങള്‍ തമ്മിലോ ഉള്ള ബന്ധങ്ങളെ സംബന്ധിച്ചുള്ള ഏതു പ്രശ്നത്തെ സംബന്ധിച്ചും യഥാര്‍ഥത്തില്‍ മാനു ഷികവും സാമൂഹികവുമായി ഉപകാരപ്രദവും നീതിപൂര്‍വകവുമായിട്ടുള്ളത് എന്താണെന്നു കത്തോ ലിക്കാ സാമൂഹികപ്രബോധനത്തിന്‍റെ 4 തത്വങ്ങളുടെ സഹായത്തോടെ നമുക്കു പറയാന്‍ സാധിക്കും.

പൊതുതത്വങ്ങളുടെ മേല്‍പ്പറഞ്ഞ ക്രമംതന്നെ അവയുടെ പ്രാധാന്യത്തെ വെളിപ്പെടുത്തുന്നുണ്ട്.  മനു ഷ്യവ്യക്തിയുടെ മഹത്വത്തെ ഉയര്‍ത്തുന്ന വിധത്തില്‍ സഹായതത്വം പ്രവര്‍ത്തിക്കുകയും പൊതുനന്മ യെ ഐക്യദാര്‍ഢ്യത്തിന്‍റെ തത്വം സംരക്ഷിക്കുകയും ചെയ്യുന്നു. ഇവിടെ നമുക്കോര്‍ക്കാവുന്ന ദൈവകല്പനയാണിത്: ''നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്മാ വോടും പൂര്‍ണശക്തിയോടുംകൂടെ സ്നേഹിക്കണം'' (നിയമാ 6:5) ''നിന്നെപ്പോലെതന്നെ നിന്‍റെ അയ ല്‍ക്കാരനെയും സ്നേഹിക്കുക'' (ലേവ്യ 19:18) എന്നിവ രണ്ടും ഒരുമിച്ചുള്ളതാണ് സ്നേഹത്തിന്‍റെ മഹത്തായ കല്പന.

ഇക്കാര്യം തിരിച്ചറിഞ്ഞുകൊണ്ട് ഫ്രാന്‍സീസ് പാപ്പാ പറയുന്നു: ''ഉദാരപൂര്‍ണമായ ഐക്യദാര്‍ഢ്യത്തിലേക്കു വരാനും ധനതത്വശാസ്ത്രത്തെയും പണമിടപാടുകളെയും മനുഷ്യരെ അനുകൂലിക്കുന്ന സന്മാര്‍ഗിക സമീപനത്തിലേക്കു കൊണ്ടുവരാനും ഞാന്‍ നിങ്ങളെ ആഹ്വാനം ചെയ്യുന്നു'' (ഫ്രാന്‍സീസ് പാപ്പാ EG 58).

യുവജനമതബോധനഗ്രന്ഥത്തിലെ 322, 323, 327, 332 എന്നീ ചോദ്യങ്ങള്‍ക്കു നല്‍കുന്ന ഉത്തരങ്ങള്‍ ഇക്കാര്യങ്ങളെ കൂടുതല്‍ വിശദീകരിക്കുന്നുണ്ട്. ദൈവത്തിന്‍റെ ദൃഷ്ടിയില്‍ ഓരോ മനുഷ്യനും വ്യക്തിയെന്ന നിലയില്‍ ഒന്നാംസ്ഥാനത്തു നില്ക്കുന്നു എന്നും എവിടെയെല്ലാം വ്യക്തിയുടെ മൗലികാവകാശങ്ങള്‍ മാനിക്കപ്പെടുകയും വ്യക്തിയുടെ ബൗദ്ധികവും മതപരവുമായ കഴിവു സ്വതന്ത്രമായി വികസിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവിടെ പൊതുനന്മ ഉണ്ടാകുമെന്നും ഇവിടെ പഠിപ്പിക്കുന്നു.

എങ്ങനെയാണ് ഈ നാലു തത്വങ്ങളും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നത്? എന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്. ഈ തത്വങ്ങളെല്ലാം പരസ്പരബന്ധിതങ്ങളാണ് എന്ന് വ്യക്തമാക്കുന്ന ഉത്തരമാണ് ഇവിടെ ഡുക്യാറ്റ് നല്‍കുന്നത്. 

ഈ നാലു തത്വങ്ങളും പരസ്പരബന്ധിതങ്ങളാണ്. അവയില്‍ ഒന്നിനെ മറ്റൊന്നില്‍നിന്ന് ഒറ്റപ്പെടുത്താനാവുകയില്ല. ഒന്നിനെ മറ്റൊന്നില്‍ നിന്ന് എതിരായി നിലനിറുത്താനും സാധ്യമല്ല. അവയെ ഒന്നിച്ചു പ്രയോഗിച്ചാല്‍ സാമൂഹികമായ ഒരു യാഥാര്‍ഥ്യത്തെ ആഴത്തില്‍ മനസ്സിലാക്കാന്‍ കഴിയും.  അതിന് ഒരു ഉദാഹരണമായി കുടുംബത്തെ പരിഗണിക്കാം.  കുടുംബം ഒരു സാമൂഹിക യാഥാര്‍ഥ്യമാണ്. അതു മൂല്യവത്തും സംരക്ഷണയോഗ്യവുമാണ്. അതില്‍ മനുഷ്യര്‍ക്ക് തങ്ങളുടെ വൈയക്തിക മഹത്വം വികസിപ്പിക്കാന്‍ കഴിയും.  കുടുംബം അതില്‍ത്തന്നെ പ്രയോഗത്തിലുള്ള ഐക്യദാര്‍ഢ്യമാണ്.  എന്നാലും കുടുംബം മറ്റുള്ളവരുമായുള്ള ഐക്യദാര്‍ഢ്യം ആവശ്യമുള്ള ഒന്നാണ്.  കാരണം, പുറമേനിന്നുള്ള പിന്തുണ കൂടാതെ, പൊതുനന്മയ്ക്കു പകരം വയ്ക്കാനാകാത്ത സംഭാവന നല്‍കാന്‍ അതിനു സാധിക്കുകയില്ല.  എന്നാലും കുടുംബത്തെ സഹായിക്കുന്നതില്‍ ഉയര്‍ന്ന അധികാരികള്‍, കുടുംബത്തിനു ചെയ്യാനാവുന്ന കാര്യങ്ങള്‍ എടുത്തു മാറ്റാന്‍‌ പാടില്ല.  ഉദാഹരണമായി കുട്ടികളെ വളര്‍ത്തല്‍ (സഹായതത്വം)

യുക്യാറ്റ് 370-ല്‍ രാഷ്ട്രം കുടുംബങ്ങളെ സംരക്ഷിക്കണം എന്ന് യുക്തിയുക്തം നിര്‍ദ്ദേശിക്കുന്നുണ്ട്. രാഷ്ട്രത്തിന്‍റെ ക്ഷേമവും ഭാവിയും അതിലുള്ള ഏറ്റവും ചെറിയ യൂണിറ്റായ കുടുംബത്തിനു ജീവിക്കാനും വികസിക്കാനുമുള്ള കഴിവിനെ ആശ്രയിച്ചിരിക്കുന്നതു കൊണ്ടാണത്. കാരണം, കുടുംബത്തിന്‍റെ നിയോഗം സ്രഷ്ടാവില്‍നിന്നു വരുന്നതാണ്. ആ ദൈവികനിയോഗം, സ്വാഭാവികവും പ്രകൃതിസഹവുമായ ആ പദ്ധതി പൂര്‍ത്തിയാക്കാനുള്ള സഹകരണം തീര്‍ച്ചയായും രാഷ്ട്രത്തിന്‍റെ ഭാഗത്തു നിന്നുണ്ടായേ തീരൂ.  ഇല്ലായെങ്കില്‍ ആ പദ്ധതിയെ അടിസ്ഥാനമാക്കിയിരിക്കുന്ന രാഷ്ട്രവും ഇല്ലാ താകും എന്നറിയുന്നതിനു സാമാന്യബുദ്ധി മതിയാകും.

പൊതുനന്മയുമായി ശരിയായ ബന്ധമില്ലാത്ത ഒരു മനുഷ്യനു നല്ലവനായിരിക്കുവാന്‍ സാധിക്കുകയില്ല എന്ന സത്യം വിശുദ്ധനും വിജ്ഞനുമായ തോമസ് അക്വീനാസ് പറയുന്നു. (വി. തോമസ് അക്വീനാസ്, സുമ്മ II-II, q 92, a1, ad3).

ചോദ്യം 86. നമ്മള്‍ എന്തുകൊണ്ട് ഈ തത്വങ്ങളനുസരിച്ചു പ്രവര്‍ത്തിക്കണം?

 മനുഷ്യനായിരിക്കുകയെന്നതിന്‍റെ അര്‍ഥം ഉത്തരവാദിത്വം ഏറ്റെടുക്കുകയെന്നതാണ്. ഒരു മ നുഷ്യനും സാമൂഹികജീവിതത്തിനു വെളിയില്‍ യുക്തിസഹമായി നിലനില്‍ക്കാനാവുകയില്ല. ദൈവ ത്തെ സ്നേഹിക്കാനും അയല്‍ക്കാരനെ സ്നേഹിക്കാനുമുള്ള കല്‍പ്പനയിലൂടെ ക്രൈസ്തവര്‍ ധാര്‍മിക മായി വീണ്ടും കടപ്പെട്ടവരായിരിക്കുന്നു.  മറ്റുള്ളവരെ സഹായിക്കാനും പൊതു നന്മയ്ക്കു സേവനം ചെയ്യാനും മഹത്വപൂര്‍ണവും യഥാര്‍ഥത്തില്‍ മാനുഷികവുമായി ജീവിതം നയിക്കാന്‍ ഓരോ വ്യ ക്തിയെ സഹായിക്കാനും ഗ്രൂപ്പുകളുടെയും സംഘടനകളുടെയും ആന്തരികമായ അവകാശങ്ങളെ സം രക്ഷിക്കാനും അങ്ങനെ ക്രൈസ്തവര്‍ കടപ്പെട്ടിരിക്കുന്നു.

യുക്യാറ്റ് പ്രബോധിപ്പിക്കുന്നുണ്ട്, മനുഷ്യന്‍ ബോധപൂര്‍വം, സമ്മതത്തോടെ ചെയ്യുന്ന എല്ലാറ്റിനും അവന്‍ ഉത്തരവാദിയാണ് (288) എന്ന്. സ്വയം ഉപദേശിക്കാനാവാത്ത പലര്‍ക്കും മറ്റുള്ളവരെ ഉപ ദേശിക്കാന്‍ വലിയ താത്പര്യമാണ്. വചനപ്രഘോഷകര്‍ക്ക് ഇടയിലെ കപടനാട്യക്കാരെപ്പോലെ, സ്വയം ചെയ്യാന്‍ തയ്യാറല്ലാത്ത നല്ല കാര്യങ്ങള്‍ അവര്‍ പഠിപ്പിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നു (ക്രീറ്റില്‍ ദെ ട്രോയെസ് - c. 1140-1170, ഫ്രെഞ്ച് എഴുത്തുകാരന്‍) എന്നു പറയപ്പെട്ടിരിക്കുന്നത് നമ്മുടെ കാലഘട്ടത്തിലും വളരെ ശരിയാണ്.  അതുകൊണ്ട് തോബിത്തിന്‍റെ പുസ്തകം ഉപദേശിക്കുന്ന ഈ നല്ല കാര്യം പ്രവൃത്തിപഥത്തിലാക്കി നമുക്കു സാക്ഷ്യമേകാം. ''ദാനം ചെയ്യുക... ദാനധര്‍മം ചെയ്യുന്നതില്‍ മടി കാണിക്കരുത്. പാവപ്പെട്ടവനില്‍ നിന്നും മുഖംതിരി ച്ചു കളയരുത്.  അപ്പോള്‍ ദൈവം നിന്നില്‍ നിന്നു മുഖം തിരിക്കുകയില്ല'' (തോബിത് 4:7)

''പൊതുനന്മ'' എന്നതിന്‍റെ അര്‍ഥമെന്താണ്? എന്ന എണ്‍പത്തിയേഴാമത്തെ ചോദ്യത്തിനുത്തരമിതാണ്.

''ആപേക്ഷികമായും എളുപ്പത്തിലും തനതായ ലക്ഷ്യം പ്രാപിക്കാന്‍ സമൂഹത്തിനും വ്യക്തികള്‍ക്കും അവസരം നല്‍കുന്ന സാമൂഹിക ജീവിതസാഹചര്യങ്ങളുടെ ആകെത്തുകയാണ് പൊതുനന്മ'' (GS 26) എന്നു രണ്ടാം വത്തിക്കാന്‍ സൂനഹദോസു പറയുന്നു.  വ്യക്തിയുടെ ലക്ഷ്യം നന്മ പൂര്‍ത്തീകരിക്കുകയെന്നതാണ്. ''യഥാര്‍ഥത്തില്‍ പൊതുനന്മയെന്നത് ധാര്‍മിക നന്മയുടെ സാമൂഹികവും സാമുദായികവുമായ മാനങ്ങളില്‍ മനസ്സിലാക്കപ്പെടാം'' (സാമൂഹിക സിദ്ധാന്തസംക്ഷേപം 164). പൊതുനന്മ എല്ലാ മനുഷ്യരുടെയും നന്മയെയും മനുഷ്യന്‍റെ മുഴുവന്‍ നന്മയെയും പരാമര്‍ശിക്കുന്നു.  പൊതുനന്മ ഒന്നാമതായി, ഭരണഘടനാനുസൃതമായ ഒരു രാഷ്ട്രത്തില്‍ കാണുന്നതുപോലെയുള്ള പ്രവര്‍ത്തനാത്മകമായ ഭരണക്രമത്തിന്‍റെ നിശ്ചിതരേഖകളുണ്ടായിരിക്കണമെന്ന് ആവശ്യപ്പെടുന്നു. കൂടാതെ, നിലനില്‍പ്പി നു വേണ്ട സ്വാഭാവിക മാര്‍ഗങ്ങളെ സംരക്ഷിക്കാനുള്ള താല്‍പ്പര്യവുമുണ്ടായിരിക്കണം. ഈ ചട്ടക്കൂടിനുള്ളില്‍ ഓരോ മനുഷ്യനും ആഹാരത്തിനും പാര്‍പ്പിടത്തിനും ആരോഗ്യത്തിനും തൊഴിലിനും വി ദ്യാഭ്യാസ സാധ്യതയ്ക്കുമുള്ള അവകാശങ്ങള്‍ നിലകൊള്ളുന്നു. ചിന്തിക്കാനും സമ്മേളിക്കാനും മതവിശ്വാസിയായിരിക്കാനുമുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കണം. ഇവിടെ പൊതുനന്മയുടെ ആവശ്യങ്ങള്‍ സാര്‍വത്രിക മാനുഷികാവകാശങ്ങളെ കവിഞ്ഞു നില്‍ക്കുന്നു.

ഒരാള്‍ ചെയ്യാന്‍ ബാധ്യസ്ഥനായിരിക്കുന്നതിലും കൂടുതലായി ചെയ്യുമ്പോഴാണ് ഭൂമിയില്‍ നന്മകള്‍ സംഭവിക്കുന്നത്.  ഞാന്‍ ചെയ്യാത്ത നന്മകളെ മറ്റാര്‍ക്കും എനിക്കു വേണ്ടി ചെയ്യാന്‍ കഴിയില്ല (ഹെര്‍മന്‍ ഗ്മൈനര്‍, 1919-1986), SOS Children's Village സ്ഥാപകന്‍) എന്ന ഹെര്‍മന്‍ ഗ്മൈനറിന്‍റെ പ്രസിദ്ധവചനം, 'ചെയ്യേണ്ട നന്മ എന്താണെന്നറിഞ്ഞിട്ടും അതു ചെയ്യാതെ പാപത്തില്‍ ജീവിക്കുന്നതില്‍ നിന്ന്' (യാക്കോ 4:17) ഒഴിവാകാന്‍ നമ്മെ സഹായിക്കട്ടെ.

ബെനഡിക്ട് പതിനാറാമന്‍ പാപ്പാ പറയുന്നു: ''ഒരു വ്യക്തിയെ സ്നേഹിക്കുകയെന്നതിന്‍റെ അര്‍ഥം അയാളുടെ നന്മ ആഗ്രഹിക്കുകയും അത് ഉറപ്പുവരുത്താന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക എന്നതാണ്.  വ്യക്തിയുടെ നന്മയ്ക്കു പുറമേ, സമൂഹത്തില്‍ ജീവിക്കുന്നതിനോടു ബന്ധപ്പെട്ട നന്മയുമുണ്ട്.  അതാണു പൊതുനന്മ.  അതു വ്യക്തികള്‍, കുടുംബങ്ങള്‍, മധ്യവര്‍ത്തിസമൂഹങ്ങള്‍ എന്നിങ്ങനെ ഒന്നിച്ച് സമൂഹത്തെ സൃഷ്ടിക്കുന്ന നമ്മുടെ എല്ലാവരുടെയും നന്മയാണ്'' (ബെന ഡിക്ട് പതിനാറാമന്‍ പാപ്പാ, CiV 7). 

ദൈവം നമുക്കു തന്ന വ്യക്തിത്വം- അവിടുത്തെ ഛായയും സാദൃശ്യവും - നമ്മിലും അപരരിലും കാത്തുസൂക്ഷിക്കാന്‍ നാം കടപ്പെടുന്നു.  നാമാരും ആരുടെയും അടിമയല്ല, ദൈവത്തിന്‍റെ പുത്രരാണ്.  അതുകൊണ്ട് മനുഷ്യനു ദൈവം നല്‍കിയിരിക്കുന്ന മഹത്വം പരസ്പരം ആദരിച്ചുകൊണ്ട് പൊതുനന്മ, എല്ലാവരുടെയും നന്മ, നമുക്കു ലക്ഷ്യം വയ്ക്കാം. അപ്പോഴും, ക്രിസ്തുവിന്‍റെ വാക്കുകള്‍ അതിലുപരിയായ മഹത്വത്തിലേക്കു നമ്മെ നയിക്കുന്നു.  ''സ്നേഹിതനുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്നേഹമില്ല'' (യോഹ 15:13).  നിങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നതുപോലെ മറ്റുള്ളവരെ സ്നേഹിക്കുക എന്ന പഴയനിയമ കല്പനയില്‍ നിന്നും അതുയര്‍ന്നു നില്‍ക്കുന്നു.  അതുകൊണ്ട്, നമുക്കുവേണ്ടി ജീവന്‍ ബലിചെയ്ത ഈശോ പറയുന്നത് നമ്മുടെ ലക്ഷ്യമായിരിക്കട്ടെ.  ‘‘ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍’’ (യോഹ 13:35).  








All the contents on this site are copyrighted ©.