2017-08-24 18:35:00

റഷ്യ വത്തിക്കാന്‍ - മെച്ചപ്പെട്ട നയതന്ത്രബന്ധങ്ങളുടെ നേര്‍ക്കാഴ്ച


വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രൊ പരോളിന്‍ റഷ്യന്‍ പ്രസി‍ഡന്‍റ് വ്ലാഡിമീര്‍ പുട്ടിനുമായി കൂടിക്കാഴ്ച നടത്തി.

റഷ്യ സന്ദര്‍ശനത്തിന്‍റെ നാലാം ദിവസവും സമാപനദിനവുമായ ആഗസ്റ്റ് 23-Ɔ൦ തിയതി ബുധനാഴ്ചയാണ് കൂടിക്കാഴ്ച നടന്നത്. മോസ്ക്കോയില്‍നിന്നും 1350 കി. മീ. അകലെ സോചിയിലുള്ള വേനല്‍ക്കാല പ്രസിഡെന്‍ഷ്യല്‍ മന്ദിരത്തില്‍വച്ചായിരുന്നു കൂടിക്കാഴ്ച. മോസ്ക്കോയുടെ തെക്കു-പടിഞ്ഞാറന്‍ തീരത്ത് കൊക്കേഷ്യന്‍ മലകളോടു ചേര്‍ന്ന് കരിങ്കടലിനെ തൊട്ടുരുമ്മി കിടക്കുന്ന പുരാതന സുഖവാസ പട്ടണമാണ് സോചി.

ഇരുപക്ഷവുമായി ബന്ധപ്പെട്ട നയതന്ത്രപരമായ വിഷയങ്ങളെയും രാജ്യാന്തര പ്രശ്നങ്ങളെയും കുറിച്ച് വളരെ പ്രശാന്തവും സൗമ്യവുമായ അന്തരീക്ഷത്തില്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ നടന്നു. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സൗഹൃദത്തിന്‍റെയും പരസ്പരാദരവിന്‍റെ പ്രതീകമായി കൂടിക്കാഴ്ചയെ തുടര്‍ന്ന് സമ്മാനങ്ങള്‍ കൈമാറി. സമാധാനത്തിന്‍റെയും സൗഹൃദത്തിന്‍റെയും പ്രതീകമായി ചെമ്പില്‍ തീര്‍ത്ത ഒലിവു ശിഖരമാണ് കര്‍ദ്ദിനാള്‍ പരോളിന്‍ റഷ്യന്‍ പ്രസിഡന്‍റിനു സമ്മാനിച്ചത്.

റഷ്യ ആതിഥ്യം നല്കിയതും സോചിയില്‍ അരങ്ങേറിയതുമായ 2014-ലെ പാരാ ഒളിംപിക് (Para winter Olympics) കായിക മത്സരങ്ങളെ അനുസ്മരിപ്പിക്കുന്ന സ്വര്‍ണ്ണനാണയങ്ങളാണ് പ്രസിഡന്‍റ് പുട്ടിന്‍ കര്‍ദ്ദിനാള്‍ പരോളിനു സമ്മാനിച്ചത്. ആഗസ്റ്റ് 23-Ɔ൦ തിയതി ബുധനാഴ്ച വൈകുന്നേരം വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് റോമില്‍ ഇറക്കിയ പ്രസ്താവന അറിയിച്ചു.  

കൂടിക്കാഴ്ചയെ തുടര്‍ന്ന് സോചിയില്‍നിന്നും  വൈകുന്നേരം വിമാനമാര്‍ഗ്ഗം മോസ്ക്കൊയിലെത്തിയ കര്‍ദ്ദിനാള്‍ പരോളിന്‍, അവിടെ വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദരത്തില്‍ വിശ്രമിച്ചു.   ആഗസ്റ്റ് 24-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെ അപ്പസ്തോലിക സ്ഥാനപതിയുടെ സ്വകാര്യകപ്പേളയില്‍ ദിവ്യബലിയര്‍പ്പിച്ച കര്‍ദ്ദിനാള്‍ പരോളിന്‍ അന്നുതന്നെ വത്തിക്കാനിലേയ്ക്കു മടങ്ങി.








All the contents on this site are copyrighted ©.