2017-08-21 12:50:00

പ്രാര്‍ത്ഥനയില്‍ സ്ഥൈര്യമുള്ളവരാകുക-പാപ്പായുടെ ത്രികാലജപസന്ദേശം


പതിവുപോലെ ഈ ഞായറാഴ്ചയും (20/08/17) ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍, മദ്ധ്യാഹ്നപ്രാര്‍ത്ഥന നയിച്ചു. റോമില്‍ വേനല്‍ച്ചൂട് ശക്തമായിരുന്നെങ്കിലും  വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ വിശാലമായ ചത്വരത്തില്‍ വിവിധരാജ്യക്കാരായിരുന്ന നിരവധി വിശ്വാസികള്‍ ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിന് എത്തിയിരുന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 3.30 ന് പാപ്പാ അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പ്രത്യക്ഷനായപ്പോള്‍ ജനങ്ങളുടെ ആനന്ദാരവങ്ങളും  കരഘോഷങ്ങളുമുയര്‍ന്നു.

ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്ത പാപ്പാ ത്രികാലപ്രാര്‍ത്ഥനയ്ക്കൊരുക്കമായി നല്കിയ സന്ദേശത്തില്‍, ഈ ഞായറാഴ്ച, ലത്തീന്‍ റീത്തിന്‍റെ   ആരാധനക്രമമനുസരിച്ച് ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട, മത്തായിയുടെ സുവിശേഷം അദ്ധ്യായം 15, 21 മുതല്‍ 28 വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന സംഭവം, അതയാത്, പിശാചുബാധിതയായ മകളെ രക്ഷിക്കണമെന്ന് കരഞ്ഞപേക്ഷിച്ചുകൊണ്ടു യേശുവിന്‍റെ  പക്കലണയുന്ന കാനാന്‍കാരിയുടെ വിശ്വാസത്തെ അവിടന്നു ശ്ലാഘിക്കുന്നതും ആ വിശ്വാസത്തിന്‍റെ ഫലമായി അവളുടെ മകള്‍ സൗഖ്യമാക്കപ്പെടുന്നതുമായ സംഭവം വിശകലനം ചെയ്തു.      

പാപ്പായുടെ പ്രഭാഷണം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം.   

യേശുവും, യഹൂദരെ സംബന്ധിച്ചിടത്തോളം വിജാതീയയായ, കാനായക്കാരിയായ ഒരു സ്ത്രീയും തമ്മിലുള്ള കൂടിക്കാഴ്ചാവേളയില്‍ പ്രകടമായ വിശ്വാസത്തിന്‍റെ അസാധാരണമായ ഒരു മാതൃകയാണ് ഇന്നത്തെ സുവിശേഷം, അതായത്, മത്തായിയുടെ സുവിശേഷം അദ്ധ്യായം 15, 21 മുതല്‍ 28 വരെയുള്ള വാക്യങ്ങള്‍ അവതരിപ്പിക്കുന്നത്. ഗലീലിയുടെ വടക്കുപടിഞ്ഞാറുള്ള, ടൈര്‍, സീദോന്‍ എന്നീ പട്ടണങ്ങളിലേക്ക് യേശു യാത്രചെയ്യവേയാണ് ഈ സംഭവം അരങ്ങേറുന്നത്. “പിശാച് ക്രൂരമായി പീഡിപ്പിക്കുന്ന” തന്‍റെ മകളെ സുഖപ്പെടുത്താന്‍ ആ സ്ത്രീ യേശുവിനോട് അപേക്ഷിക്കുകയാണ്. വേദനിറഞ്ഞ ഈ കരച്ചില്‍ കര്‍ത്താവ് ശ്രവിക്കുന്നില്ല എന്ന ഒരു പ്രതീതിയാണ് ആദ്യം ഉണ്ടാകുന്നത്. ആകയാല്‍ ശഷ്യന്മാര്‍ അവള്‍ക്കുവേണ്ടി അഭ്യര്‍ത്ഥിക്കുന്നു. എന്നാല്‍ പ്രത്യക്ഷത്തില്‍ ഒരു അകല്‍ച്ചയെന്നു തോന്നാവുന്ന യേശുവിന്‍റെ ഈ ഭാവം ആ അമ്മയെ നിരാശയാക്കുന്നില്ല, അവള്‍ നിര്‍ബന്ധബുദ്ധിയോടെ യാചന തുടരുന്നു. എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യാന്‍ അവളെ പ്രാപ്തയാക്കുന്ന അവളുടെ ആന്തരികശക്തി അവളുടെ മാതൃസന്നിഭ സ്നേഹത്തിലും തന്‍റെ യാചന യേശു കേള്‍ക്കുമെന്ന അവളുടെ വിശ്വാസത്തിലും അനാവൃതമാകുന്നു. ഇത് സ്ത്രീകളുടെ ശക്തിയെക്കുറിച്ച് ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു. സ്ത്രീകള്‍ അവരുടെ ഉള്‍ക്കരുത്തുകൊണ്ട് വന്‍കാര്യങ്ങള്‍ നേടിയെടുക്കാന്‍ കഴിവുറ്റവരാണ്. അങ്ങനെയുള്ള നിരവധിപ്പേരെ നമുക്കറിയാം. വിശ്വാസത്തിന്‍റെ ചാലകശക്തി സ്നേഹമാണെന്നും വിശ്വാസം സ്നേഹത്തിന്‍റെ   സമ്മാനമായി ഭവിക്കുന്നുവെന്നും നമുക്കു പറയാന്‍ സാധിക്കും. മകളോടുള്ള നെഞ്ചകം പിളര്‍ക്കുന്ന സ്നേഹം “കര്‍ത്താവേ, ദാവിദീന്‍റെ പുത്രാ, എന്നില്‍ കനിയണമേ” കരഞ്ഞപേക്ഷിക്കാന്‍ അവളെ പ്രേരിപ്പിച്ചു. യേശുവിലുള്ള അവളുടെ അചഞ്ചല വിശ്വാസമാണ് ആദ്യമുണ്ടായ തിരസ്കരണത്തിനുമുന്നിലും നിരാശപ്പെടാതെ പിടിച്ചുനില്ക്കാന്‍ അവളെ പ്രാപ്തയാക്കിയത്. അങ്ങനെ ആ സ്ത്രീ യേശുവിനെ പ്രണമിച്ചുകൊണ്ട് “കര്‍ത്താവേ എന്നെ സഹായിക്കണമേ” എന്ന് യാചിക്കുന്നു.

അവസാനം ആ സ്ഥൈര്യം യേശുവില്‍ ആദരവുളവാക്കുന്നു. വീജാതീയയായ ആ സ്ത്രീയുടെ വിശ്വാസം അവിടന്നില്‍ വിസ്മയമുണര്‍ത്തുന്നു. ആകയാല്‍ യേശു പറയുന്നു:” സ്ത്രീയേ, നിന്‍റെ വിശ്വാസം വലുതാണ്. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ. ആ സമയംമുതല്‍ അവളുടെ പുത്രി സൗഖ്യമുള്ളവളായി” (വാക്യം 28) എളിയവളായ ഈ സ്ര്തീയെ യേശു അചഞ്ചലവിശ്വാസത്തിന്‍റെ മാതൃകയായി ചൂണ്ടിക്കാട്ടുന്നു. ക്രിസ്തുവിന്‍റെ ഇടപെടല്‍ അപേക്ഷിക്കുന്നതിലുള്ള അവളുടെ ആ നിര്‍ബന്ധം ജീവിതത്തിലെ കടുത്ത പരീക്ഷണങ്ങള്‍ നമ്മെ അടിച്ചമര്‍ത്തുമ്പോള്‍ തളരാതിരിക്കാനുള്ള നാം നിരാശയില്‍ നിപതിക്കാതിരിക്കാനുള്ള, ഒരു പ്രചോദനമാണ്. നമ്മുടെ ആവശ്യങ്ങള്‍ക്കുമുന്നില്‍ കര്‍ത്താവ് മുഖം തിരിക്കുന്നില്ല. എന്നാല്‍ നമ്മുടെ സഹായഭ്യര്‍ത്ഥന അവിടന്നു ശ്രവിക്കുന്നില്ല എന്നു തോന്നുകയാണെങ്കില്‍, അത് നമ്മെ പരീക്ഷിക്കുന്നതിനും നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതിനുമാണ്. ഈ സ്ത്രീയെപ്പോലെ നമ്മളും “കര്‍ത്താവേ എന്നെ സഹായിക്കണമേ” എന്ന യാചന തുടരണം. സ്ഥൈര്യത്തോടും ധീരതയോടുംകൂടെ അപ്രകാരം ചെയ്യ​ണം. പ്രാര്‍ത്ഥനയില്‍ ആവശ്യമായിരിക്കുന്ന ധൈര്യം ഇതാണ്. നാമെല്ലാവരും വിശ്വാസത്തില്‍ വളരേണ്ടതും യേശുവിലുള്ള വിശ്വാസം ശക്തിപ്പെടുത്തേണ്ടതും ആവശ്യമാണെന്ന് മനസ്സിലാക്കാന്‍ ഈ സുവിശേഷസംഭവം നമ്മെ സഹായിക്കുന്നു. നമ്മുടെ യാത്രയില്‍ നമുക്കു ദിശയറിയാതെവരുമ്പോള്‍ വഴി വീണ്ടുംകണ്ടെത്തുന്നതിന് സഹായിക്കാന്‍ അവിടത്തേക്കു സാധിക്കും. പാത നിരപ്പല്ലാത്തതും തിക്തവും കഠിനവുമായി കാണപ്പെടുമ്പോഴും നമ്മുടെ കടമകളോടു വിശ്വസ്തരായിരിക്കുക ആയാസകരമായി അനുഭവപ്പെടുമ്പോഴും നമ്മെ സഹായിക്കാന്‍ അവിടത്തേക്കു കഴിയും. നമ്മുടെ വിശ്വാസത്തെ ദൈവവചനശ്രവണത്താലും കൂദാശകളുടെ പരികര്‍മ്മങ്ങളാലും കര്‍ത്താവേ എന്നെ സഹായിക്കണമേ എന്ന വൈക്തിക പ്രാര്‍ത്ഥനാരൂപത്തിലുള്ള അവിടത്തോടുള്ള രോദനത്താലും അനുദിനം ഊട്ടിവളര്‍ത്തുക സുപ്രധാനമാണ്.

വിശ്വാസത്തില്‍ സ്ഥിരതയുള്ളവരായിരിക്കുന്നതിന് നമ്മെ സഹായിക്കാന്‍ നമുക്കു നമ്മെത്തന്നെ പരിശുദ്ധാരൂപിക്ക് സമര്‍പ്പിക്കാം. പരിശുദ്ധാത്മാവ് വിശ്വാസികളുടെ ഹൃദയങ്ങളെ ധൈര്യത്താല്‍ പൂരിതമാക്കുന്നു; ബോധ്യത്തിന്‍റെയും അനുനയത്തിന്‍റെയും ശക്തി നമ്മുടെ ജീവിതത്തിനും ക്രൈസ്തവസാക്ഷ്യത്തിനും പ്രദാനം ചെയ്യുന്നു; ദൈവത്തോടുള്ള അവിശ്വാസത്തെയും സഹോദരങ്ങളോടുള്ള നിസ്സംഗതയെയും ജയിക്കാന്‍ നമുക്കു പ്രചോദനമേകുന്നു.

നമുക്ക് കര്‍ത്താവിനെയും അവിടത്തെ ആത്മാവിനെയും ആവശ്യമുണ്ടെന്ന അവബോധം എന്നും കൂടുതല്‍ ഉള്ളവരായി പരിശുദ്ധ കന്യകാമറിയം നമ്മെ മാറ്റട്ടെ. ദൈവത്തെ ധൈര്യപൂര്‍വ്വം വിളിച്ചപേക്ഷിക്കാന്‍ നമ്മെ പ്രാപ്തമാക്കുന്ന ഒരു സ്നേഹത്താല്‍  സാന്ദ്രമായ ശക്തമായ ഒരു വിശ്വാസം അവള്‍ നമുക്ക് നേടിത്തരട്ടെ.

ഈ വാക്കുകളില്‍ തന്‍റെ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ ത്രികാലജപം നയിക്കുകയും ആശീര്‍വ്വാദമേകുകയും ചെയ്തു.ആശീര്‍വ്വാദാനന്തരം പാപ്പാ ഈ ദിനങ്ങളില്‍ വിവിധനാടുകളില്‍ അരങ്ങേറിയ ഭീകരാക്രമണളെക്കുറിച്ചു വേദനയോടെ അനുസ്മരിച്ചു.

ബുര്‍ക്കീനൊ ഫാസൊ, സ്പെയിന്‍, ഫിന്‍ലാന്‍റ് എന്നിവിടങ്ങളില്‍ ഈ ദിനങ്ങളില്‍ അനേകരുടെ ജീവനപഹരിച്ച ഭീകരാക്രമണങ്ങള്‍ ഉളവാക്കിയ വേദന നാം ഹൃദയത്തില്‍ പേറുകയാണെന്നു പറഞ്ഞ പാപ്പാ ഈ ആക്രമണങ്ങളില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്കും മുറിവേറ്റവര്‍ക്കും അവരുടെയെല്ലാം കുടുംബങ്ങള്‍ക്കും വേണ്ടിയും കാരുണ്യത്തിന്‍റെയും സമാധാനത്തിന്‍റെയം ദൈവം ലോകത്തെ ഈ പൈശാചികാക്രമണത്തില്‍ നിന്നു മോചിപ്പിക്കുന്നതിനുവേണ്ടിയും പ്രാര്‍ത്ഥിക്കാന്‍ എല്ലാവരെയും ക്ഷണിച്ചു.

തുടര്‍ന്ന് അല്പസമയത്തെ മൗനപ്രാര്‍ത്ഥനയ്ക്കുശേഷം നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന പാപ്പാ നയിച്ചു.

തദ്ദനന്തരം പാപ്പാ ത്രികാലപ്രാര്‍ത്ഥനയില്‍ സംബന്ധിച്ച വിധരാജ്യാക്കാരായ തീര്‍ത്ഥാടകരെയും കുട്ടികളെയും പ്രത്യേകം അഭിവാദ്യം ചെയ്തു. തുടര്‍ന്ന് എല്ലാവര്‍ക്കും ശുഭ ഞായര്‍ ആശംസിച്ച പാപ്പാ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുത് എന്ന പതിവഭ്യര്‍ത്ഥന നവീകരിച്ചു. നല്ലൊരുച്ചവിരുന്നു നേരുകയും ഇറ്റാലിയന്‍ ഭാഷയില്‍  “അരിവെദേര്‍ച്ചി” അതായത്, വീണ്ടും കാണാം എന്ന് പറയുകയും ചെയ്തുകൊണ്ട് പാപ്പാ ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.








All the contents on this site are copyrighted ©.