2017-08-18 08:52:00

സഭൈക്യ ആത്മീയതയുടെ ശ്രേഷ്ഠാചാര്യന്‍ : ബ്രദര്‍ റോജര്‍ ഷുള്‍സ്


'തെയ്സെ'യുടെ (Taize) പൈതൃകം കൂട്ടായ്മയും അനുരഞ്ജനവും സമാധാനവുമാണ്.
സഭൈക്യ ആത്മീയ പ്രസ്ഥാനത്തിന്‍റെ വക്താവ്, ബ്രദര്‍ കാള്‍ യൂജീന്‍ പ്രസ്താവിച്ചു.

ആഗോള തെയ്സെ പ്രസ്ഥാനത്തിന്‍റെ സ്ഥാപകനായ ബ്രദര്‍ റോജര്‍ ഷൂള്‍സിന്‍റെ 12-Ɔ൦ ചരമവാര്‍ഷികത്തില്‍ ആഗസ്റ്റ് 16-Ɔ൦ തിയതി ബുധനാഴ്ച വത്തിക്കാന്‍ റേ‍ഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് തെയ്സെ പ്രസ്ഥാനത്തിലെ ഫാദര്‍ കാള്‍ യൂജിന്‍ ഇങ്ങനെ പ്രസ്താവിച്ചത്.  ബ്രദര്‍ റോജര്‍ 1940-ല്‍ തെയ്സെ ആശ്രമസമൂഹത്തിനു തുടക്കമിട്ടത് പ്രോട്ടസ്റ്റന്‍റ് കത്തോലിക്ക സഭകളുടെ അനുരഞ്ജനവും കൂട്ടായ്മയും ലക്ഷ്യംവച്ചുകൊണ്ടായിരുന്നു. അതിനാല്‍ അനുരഞ്ജനം സമാധാനം കൂട്ടായ്മ എന്നിവ തെയ്സെ പ്രസ്ഥാനത്തിന്‍റെ പൈതൃകമാണ്.  ദൈവം സ്നേഹമാണെങ്കില്‍ ക്രൈസ്തവര്‍ ഏതു വിഭാഗത്തില്‍പ്പെട്ടവരായിരുന്നാലും അനുരഞ്ജനത്തിലൂടെ കൂട്ടായ്മ കൈവരിച്ച് ലോകത്ത് സമാധാനം വളര്‍ത്താന്‍ പരിശ്രമിക്കണം. ഫാദര്‍ കാള്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

സംഘട്ടനങ്ങള്‍മൂലം സമാധാനത്തിനായി കേഴുന്ന ലോകത്ത് അനുരഞ്ജനത്തിന്‍റെ സാക്ഷ്യമേകാന്‍ പരിശ്രമിക്കുന്ന സഭൈക്യ പ്രാര്‍ത്ഥനാ കൂട്ടായ്മയാണ് തെയ്സെ സമൂഹമെന്ന് അഭിമുഖത്തില്‍ ഫാദര്‍ കാള്‍ വ്യക്തമാക്കി.

രണ്ടാം ലോകമഹായുദ്ധ കാലത്തിനുശേഷം പ്രാര്‍ത്ഥനയിലൂടെയും അനുരഞ്ജനത്തിലൂടെയും സമാധാനത്തിന്‍റെ ജീവിതമാര്‍ഗ്ഗത്തിലേയ്ക്ക് യുവജനങ്ങളെ തട്ടിയുണര്‍ത്തിയ ആത്മീയഗുരുവാണ്  2005 ആഗസ്റ്റ് 16-ന് തെയ്സെയില്‍ത്തന്നെ അജ്ഞാതനായ ഘാതകന്‍റെ കൈകളില്‍ കൊല്ലപ്പെട്ട ബ്രദര്‍ റോജര്‍ ഷൂട്സ്. അദ്ദേഹത്തിന്‍റെ ആത്മീയപൈതൃകം ആയിരക്കണക്കിന് യുവജനങ്ങളിലൂടെ ഇന്നും ലോകത്തെ സ്വാധീനിക്കുകയും അനുരഞ്ജനത്തിലൂടെ സമാധാനപാത തെളിയിക്കുന്നുമുണ്ട്.

സ്വറ്റ്സര്‍ലണ്ട് സ്വദേശിയും മാനസാന്തരപ്പെട്ട പ്രൊട്ടസ്റ്റന്‍റ് സഭാംഗവുമായിരുന്നു ഈ സഭൈക്യ ദാര്‍ശനികന്‍. ഫ്രാന്‍സിലെ ബര്‍ഗാണ്ടിയുടെ സുന്ദരമായ തെയ്സെ ഗ്രാമത്തിലാണ് അദ്ദേഹം നവീകരണത്തിന്‍റെ അനുരഞ്ജനത്തിന്‍റെയും നവീകരണ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. ഇന്നത് ലോകത്ത് എല്ലാരാജ്യങ്ങളിലും തന്നെ സഭൈക്യകൂട്ടായ്മയുടെ പ്രതീകമായി വ്യപിച്ചുകിടക്കുന്നു.   ഫ്രാന്‍സിലെ തെയ്സെ സമൂഹം ഇന്ന് 30 വിവിധ രാജ്യങ്ങളില്‍നിന്നുമുള്ള 100-ല്‍ അധികം സഹോദരങ്ങളുടെ ആശ്രമസമൂഹമാണ്. സ്ഥാപകഗുരുവായ ബ്രദര്‍ റോജറിനെ പിന്‍ചെന്ന് പ്രസ്ഥാനത്തെ ഇന്നു നയിക്കുന്നത് ബ്രദര്‍ ഈലോയാണ്.








All the contents on this site are copyrighted ©.