2017-08-16 20:34:00

സിയേര ലിയോണെ പ്രകൃതിക്ഷോഭം : പാപ്പാ ഫ്രാന്‍സിസ് ദുഃഖം അറിയിച്ചു


പേമാരിയും മണ്ണൊലിപ്പും – 500 അധികം പേര്‍ മരണമടഞ്ഞു. ആയിരങ്ങളെ കാണാനില്ല.

പശ്ചിമാഫ്രിക്കന്‍ രാജ്യമായ സിയേരാ ലിയോനെയിലുണ്ടായ പേമാരിയുടെയും മണ്ണൊലിപ്പിന്‍റെയും ദുരന്തത്തില്‍ പാപ്പാ ഫ്രാന്‍സിസ് അതിയായ ദുഃഖം രേഖപ്പെടുത്തി. ആഗസ്റ്റ് 14-Ɔ൦ തിയതി തിങ്കളാഴ്ച രാത്രിയിലും തുടര്‍ന്നുമുണ്ടായ ദുരന്തമറിഞ്ഞ പാപ്പാ ബുധനാഴ്ച രാവിലെ വത്തിക്കാനില്‍നിന്നും അയച്ച ടെലിഗ്രാം സന്ദേശത്തിലൂടെ തന്‍റെ മനോവേദനയും സഹാനുഭാവവും സര്‍ക്കാരിനെയും ജനങ്ങളെയും അറിയിച്ചു. തലസ്ഥാനനഗരമായ ഫ്രീടൗണില്‍നിന്നും ഏകദേശം 40 കി. മി. അകലെയുള്ള മലമ്പ്രദേശത്താണ് അപകടമുണ്ടായിരിക്കുന്നത്.

ഫ്രീടൗണിന്‍റെ മെത്രാപ്പോലീത്ത, ബിഷപ്പ് ചാള്‍സ് താമ്പയ്ക്കാണ് പാപ്പാ ടെലിഗ്രാം അയച്ചത്. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ വഴിയാണ് സിയിരാ ലിയോനെയിലേയ്ക്ക് പാപ്പാ സന്ദേശം അയച്ചത്.

മരണമടഞ്ഞ 500-ല്‍ അധികംപേരുടെ ആത്മാക്കള്‍ക്ക് പാപ്പാ നിത്യശാന്തി നേര്‍ന്നു. അവരുടെ ബന്ധുമിത്രാദികളെ അനുശോചനം അറിയിക്കുകയും പ്രാര്‍ത്ഥന നേരുകയുംചെയ്തു. ആയിരങ്ങളാണ് ഇനിയും കാണാതായിട്ടുള്ളത്. പിന്നെയും തുടരുന്ന ശക്തമായ മഴയില്‍ മണ്ണിനടിയില്‍ അമര്‍ന്നിരിക്കുന്ന വീടുകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സുരക്ഷാഭടന്മാരെയും സന്നദ്ധസേവകരെയും തന്‍റെ ആത്മീയസാമീപ്യം പാപ്പാ അറിയിക്കുകയും, എല്ലാവര്‍ക്കും അപ്പസ്തോലി ആശീര്‍വ്വാദം നല്കിക്കൊണ്ടുമാണ് സന്ദേശം ഉപസംഹരിച്ചത്.

 








All the contents on this site are copyrighted ©.