2017-08-15 14:53:00

സങ്കീര്‍ത്തനം 51 : ദൈവിക കാരുണ്യത്തിന്‍റെ ധ്യാനം


സങ്കീര്‍ത്തനം 51-ന്‍റെ പഠനം തുടരാം. ഇന്നതിന്‍റെ അഞ്ചാം ഭാഗത്തിലൂടെയാണ്  മുന്നോട്ടു പോകുന്നത്.

ആദ്യത്തെ 17 (1-17-വരെയുള്ള) പദങ്ങളുടെയും വ്യാഖ്യാനം കണ്ടതാണ്. നമുക്കിനി  18, 19 പദങ്ങള്‍, അവസാനത്തെ 2 പദങ്ങള്‍ പഠനവിഷയമാക്കാം. നാം ആചരിക്കുന്ന ജൂബിലിവത്സരത്തില്‍, കാരുണ്യത്തിന്‍റെ ഈ ഗീതത്തെക്കുറിച്ചുള്ള ചിന്തകള്‍ക്ക് പ്രസക്തിയുണ്ടെന്ന് പറയേണ്ടതില്ലല്ലോ!? ഈ സങ്കീര്‍ത്തന പഠനത്തിലൂടെ നാം യാഥാര്‍ത്ഥ്യമാക്കുന്ന കാരുണ്യത്തെക്കുറിച്ചുള്ള ധ്യാനം അനുദിന ജീവിതത്തില്‍ സന്തോഷത്തിന്‍റെയും പ്രശാന്തതയുടെയും സമാധാനത്തിന്‍റെയും മാര്‍ഗ്ഗമാണ്. 
51-Ɔ൦ സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ മാത്യു മുളവനയും  ജെറി അമല്‍ദേവുമാണ്. ആലാപനം, രാജലക്ഷ്മിയും സംഘവും...      

       Musical Version of Ps. 51
      കാരുണ്യരൂപനാം പ്രഭോ നീ ദയാലുവാണല്ലോ (2).
      നിന്‍ ക്ഷമാവരം ഏകീടൂ മഹേശ്വരാ!  - കാരുണ്യ..

പൊതുവെ പറഞ്ഞാല്‍, ജീവിതവിജയം കരുണയെന്ന ഗുണത്തെ ആശ്രയിച്ചിരിക്കുന്നുവെന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല! ഉദാഹരണത്തിന് മനുഷ്യര്‍ തമ്മിലുള്ള അടിസ്ഥാന ബന്ധത്തിന്‍റെ കണ്ണി കാരുണ്യമാണ്. അപരനോടു തോന്നുന്ന കാരുണ്യത്തില്‍നിന്നും, കരുണയുടെ ഭാവത്തില്‍നിന്നുമാണ് പരസ്പരബന്ധവും സ്നേഹവും കൂട്ടായ്മയുമൊക്കെ ഉടലെടുക്കുന്നത്. അതുപോലെ ദൈവമനുഷ്യബന്ധത്തിന്‍റെയും അടിസ്ഥാനം കരുണയാണെന്ന് പറയേണ്ടതില്ലല്ലോ. മനുഷ്യന്‍ ജീവിക്കുന്നത് ദൈവത്തിന്‍റെ കാരുണ്യത്തിലാശ്രയിച്ചാണ്. നമ്മുടെ അസ്ഥിത്വവും ജീവനും സുസ്ഥിതിയും പരമമായി ചിന്തിക്കുകയാണെങ്കില്‍ ദൈവത്തിന്‍റെ കരുണയാണ്, അത് ദേവക്കരുണയാണെന്നു പറയാം. 51-Ɔ൦ സങ്കീര്‍ത്തനം നമുക്കു തരുന്ന  ഉള്‍ക്കാഴ്ച അതുതന്നെയാണ്. ബലഹീനരായിരിക്കെ, ദൈവത്തിന്‍റെ കരുണയില്‍ നാം ആശ്രയിക്കേണ്ടിയിരിക്കുന്നു. കാരണം സ്നേഹമായ ദൈവം കാരുണ്യവുമാണ്. അവിടുത്തെ കാരുണ്യമാണ് മനുഷ്യന് രക്ഷപ്രദാനം ചെയ്യുന്നത്. ദൈവ-മനുഷ്യബന്ധത്തിന്‍റെ കണ്ണികള്‍ വെളിപ്പെടുത്തുമാറ് സങ്കീര്‍ത്തകന്‍ ആലപിക്കുന്നു, ദൈവമേ, നവമായൊരു മാനസം, നവമായൊരു വ്യക്തിത്വം എനിക്കു തരണമേ! അങ്ങനെ ദൈവത്തിന്‍റെ കരുണയില്‍ അഭയംതേടുന്ന മനുഷ്യനെത്തന്നെയാണ് നാം സങ്കീര്‍ത്തന പദങ്ങളില്‍ കാണുന്നത്.

ഇനി നമുക്ക് 51-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ 18-മുതല്‍ 19-വരെയുള്ള പദങ്ങളുടെ വ്യഖ്യാനത്തിലേയ്ക്കു കടക്കാം. നാം പഠനവിഷയമാക്കിയിരിക്കുന്ന വിലാപഗീതത്തിന്‍റെ അവസാന പദങ്ങളാണിത്. പദങ്ങള്‍ പരിചയപ്പെട്ടുകൊണ്ട് നമുക്ക് വ്യാഖ്യാനത്തിലേയ്ക്കു കടക്കാം.

     Recitation Ps. 51, Verses 18-19.
     അങ്ങു പ്രസാദിച്ചു സീയോനു നന്മചെയ്യണമേ.
     ജരൂസലേമിന്‍റെ കോട്ടകള്‍ അങ്ങു പുതുക്കിപ്പണിയണമേ!
     അപ്പോള്‍ അവിടുന്നു നിര്‍ദ്ദിഷ്ട ബലികളിലും
     ദഹന ബലികളിലും സമ്പൂര്‍ണ്ണ ദഹനബലികളിലും പ്രസാദിക്കും,
     അങ്ങയുടെ ബലിപീഠത്തില്‍ കാളകള്‍ അര്‍പ്പിക്കപ്പെടും.

ഉള്ളടക്കത്തിലും ശൈലിയിലും അവസാനപദങ്ങള്‍ മറ്റു പദങ്ങളില്‍നിന്നും വേറിട്ടു നിലക്കുന്നതായി നിരൂപകന്മാര്‍ ചൂണ്ടിക്കാണിക്കുന്നു. വാക്കുകളുടെ പ്രയോഗമാണ അതു വ്യക്തമാക്കുന്നത്. സിയോനെക്കുറിച്ചും ജരൂസലേമിനെക്കുറിച്ചുമാണ് ഈ വരികളിലെ പ്രതിപാദ്യം. ജൂരുസലത്തെ കോട്ടകള്‍ പുതുക്കിപ്പണിയണമേ, നവീകരിക്കണമേ, എന്ന് ഗായകന്‍ യാചിക്കുന്നു. അതുപോലെ ഏറ്റവും അവസാനത്തെ പദത്തില്‍ 19-Ɔമത്തെ വരിയില്‍... ജരൂസലത്ത് അര്‍പ്പിക്കപ്പെട്ടിരുന്ന ബലികളെക്കുറിച്ച് സങ്കീര്‍ത്തകന്‍ പരാമര്‍ശിക്കുന്നു. രണ്ടു പദങ്ങളും കാരുണ്യത്തോടെയുള്ള പ്രാര്‍ത്ഥിക്കുന്നു. ദൈവസന്നിധിയിലെ വിശേഷമായ അപേക്ഷകള്‍ തന്നെ. അതിനാല്‍ ഇവ പിന്നീടു കൂട്ടിച്ചേര്‍ക്കപ്പെട്ടവയാണ് എന്നാണ് പണ്ഡിതാഭിമതം. കര്‍മ്മങ്ങളിലും ആരാധനാനുഷ്ഠാനങ്ങളിലും അധിഷ്ഠിതമായ ഭക്തിയാണ് പദങ്ങളില്‍ പൊന്തിവരുന്നത്. അതിന്‍റെ ഫലമായി, ഇസ്രായേല്‍ ഇതുവരെ സൂക്ഷിച്ച ഉദാത്തവും ഉന്നതവുമായ മതാത്മകമായ ആശയങ്ങള്‍ക്ക് ഇവിടെ അല്പം മങ്ങലേല്ക്കുന്നതായി തോന്നിയേക്കാം. ഒരു പക്ഷേ, സാധാരണ മനുഷ്യന് ഒരു പരിധിവരെ ഇങ്ങനെയുള്ള കര്‍മ്മങ്ങളും ആചാരങ്ങളും തന്‍റെ മതാത്മകത ജീവിതത്തിന്‍റെ പ്രകാശനത്തിന് ആവശ്യമായിരിക്കാം. അങ്ങനെ പുനരുദ്ധരിക്കപ്പെട്ട, നവീകരിക്കപ്പെട്ട ജരൂസലേം ദേവാലയത്തില്‍ ദൈവത്തിനു സ്വീകാര്യമായ ബലികള്‍ അര്‍പ്പിക്കപ്പെടുമെന്നുള്ള ആഗ്രഹവും പ്രത്യാശയുമാണ് പദങ്ങളില്‍ സങ്കീര്‍‍ത്തകന്‍ വരച്ചുകാട്ടുന്നത്.

       Musical Version Ps. 51
       കാരുണ്യരൂപനാം പ്രഭോ നീ ദയാലുവാണല്ലോ (2).
       നിന്‍ ക്ഷമാവരം ഏകീടൂ മഹേശ്വരാ! കാരുണ്യ...
       ദ്രോഹിയാണു ഞാന്‍ വിഭോ ദ്രോഹമോചനം തരൂ
       എന്നസീമ പാപങ്ങള്‍ മായ്ച്ചീടണേ വിഭോ – കാരുണ്യ...

 അനുതാപത്തിലൂടെ മനുഷ്യന്‍ ആഗ്രഹിക്കുന്നത് വ്യക്തിത്വത്തിന്‍റെ ഒരു പുനരാവിഷ്ക്കരണവും  നവീകരണവുമാണ്. നമുക്കു പറയാം, വ്യക്തിയുടെ പുനര്‍സൃഷ്ടിയാണ് യാചനയിലൂടെ എപ്പോഴും മനുഷ്യന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഈ അവസാനത്തെ പദങ്ങള്‍ക്ക് ചരിത്രപരമായൊരു പ്രതിപാദനമുണ്ടെന്നും പണ്ഡിതന്മാര്‍ സ്ഥാപിക്കുന്നു. സിയോന്‍റെ, അല്ലെങ്കില്‍ ജരൂസലേമിന്‍റെ ഒരു പ്രത്യേക ചരിത്രഘട്ടത്തിലെ പുനര്‍സൃഷ്ടിയാണ് പദങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് നിരൂപകന്മാര്‍ അഭിപ്രായപ്പെടുന്നു. കുറെക്കൂടെ വിശാലമായി ചിന്തിച്ചുകൊണ്ട് പറയാം, സൃഷ്ടിയുടെ നവീകരണവും പുനരാവിഷ്ക്കാരവുമാണ് സങ്കീര്‍ത്തകന്‍ പദങ്ങളിലൂടെ ഉദ്ദേശിക്കുന്നത്. ഇങ്ങനെയുള്ള നവവും വിസ്തൃതവുമായ ചിന്താഗതിയെ ബൈബിള്‍ പണ്ഡിതന്മാര്‍ ഇസ്രായേലിന്‍റെ ചരിത്ര പശ്ചാത്തലവുമായി ബന്ധപ്പെടുത്തുന്നുണ്ട്.

ബാബിലോണ്‍ വിപ്രാവാസത്തിനുശേഷമുള്ള ഇസ്രായേല്‍ ജനത്തിന്‍റെ ചരിത്രമായിട്ടാണ് നിരൂപകന്മാര്‍ അതിനെ കാണുന്നത്. വിപ്രവാസത്തിനുശേഷം ജരുസലേം ദേവാലയം നവീകരിക്കേണ്ടതും പുനരുദ്ധരിക്കേണ്ടതും ആവശ്യമായിരുന്നു. ശത്രുകരങ്ങളില്‍ അകപ്പെട്ടു നശിപ്പിക്കപ്പെടുകയും മലീമസമാക്കപ്പെടുകയും ചെയ്ത ദേവാലയത്തെ ശുദ്ധികലശംചെയ്യേണ്ടിയിരുന്നു. അത് ക്രിസ്തുവിനുമുന്‍പ് 538 – 520 കാലഘട്ടത്തിലായിരുന്നെന്ന് ചരിത്രകാരന്മാര്‍ തിട്ടപ്പെടുത്തുന്നുണ്ട്. ഇക്കാലഘട്ടത്തില്‍, യാവേയുടെ പുനര്‍പ്രതിഷ്ഠയുമായി ജരൂസലം ദേവാലയത്തെയും നഗരത്തെയും ബന്ധപ്പെടുത്തി ഇസ്രായേല്‍ ജനത്തിനിടയില്‍ വലിയ ആഘോഷങ്ങള്‍, പ്രത്യേകിച്ച് പെസഹായും അതുമായി ബന്ധപ്പെട്ട ആചാരങ്ങളും നടത്തിയിട്ടുള്ളതായും ചരിത്രരേഖകള്‍ കാണുന്നുണ്ട്. (പ്രത്യേകിച്ച് എസ്രായുടെ ഗ്രന്ഥത്തില്‍ 6, 16 പുനര്‍പ്രതിഷ്ഠയുടെ കാര്യങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്). ഇസ്രായേല്‍ ജനത്തിന്‍റെ ദൈവവുമായുള്ള തങ്ങളുടെ ഉടമ്പടി ഇതിലൂടെ നവീകരിക്കപ്പെടുകയും, യാഹ്വേ വന്ന് തങ്ങളുടെമദ്ധ്യേ വീണ്ടും വസിക്കാന്‍ ഇടയായെന്നും, ജനത്തിന് പുതുജീവനും നവോന്മേഷവും ലഭിച്ചെന്നും അവസാനപദങ്ങള്‍ പ്രബോധിപ്പിക്കുന്നത് ബൈബിള്‍ പ‍ടുക്കള്‍  സ്ഥാപിക്കുന്നു.

ജരൂസലേത്തിന്‍റെ പുനരുദ്ധാരണത്തിലൂടെ ദൈവവുമായുള്ള ആത്മീയബന്ധം യാഥാര്‍ത്ഥ്യമാക്കിയതിനുശേഷം മാത്രമാണ് വിപ്രവാസത്തിലെ ബന്ധനത്തില്‍നിന്നും തിരിച്ചെത്തിയ ഇസ്രായേല്‍ ജനം നവോന്മേഷത്തോടെ പിന്നെയും മുന്നോട്ടു നീങ്ങിയതെന്ന് ചരിത്രം സ്ഥാപിക്കുന്നു. അതുകൊണ്ടാണ് അവസാനപദത്തില്‍ ദൈവത്തിന് അര്‍പ്പിക്കുന്ന പ്രസാദാത്മകമായ ബലികളെക്കുറിച്ച്
51-Ɔ൦ ഗീതം പ്രതിപാദിക്കുന്നത്.

        അപ്പോള്‍ അവിടുന്നു നിര്‍ദ്ദിഷ്ട ബലികളിലും
        ദഹനബലികളിലും, സമ്പൂര്‍ണ്ണ ദഹനബലികളിലും പ്രസാദിക്കും,
       അങ്ങയുടെ ബലിപീഠത്തില്‍ അപ്പോള്‍ അവര്‍ കാളകളെ സമര്‍പ്പിക്കും.

ദൈവത്തെ പ്രസാദിപ്പിക്കുന്ന സമ്പൂര്‍ണ്ണ ബലികളെക്കുറിച്ച് സങ്കീര്‍ത്തകന്‍ പദങ്ങളില്‍ പരമാര്‍ശിക്കുന്നു. അത് ദൈവവും മനുഷ്യനുമായുള്ള നവമായ ബന്ധത്തിന്‍റെ പ്രതീകമാണ്. ഗീതത്തിന്‍റെ അവസാന ഭാഗം പിന്നെയും തുടരുന്ന മനുഷ്യചരിത്രത്തിലേയ്ക്ക്,  മനുഷ്യന്‍റെ രക്ഷയുടെ ആത്മീയ ചരിത്രവുമായി കൂട്ടിയിണക്കുന്നു. പുതിയനിയമത്തില്‍ ക്രിസ്തുവിലും അവിടുത്തെ സ്വയാര്‍പ്പണത്തിലും ഊട്ടിയുറപ്പിക്കപ്പെട്ട സനാതന ബലി രക്ഷാകര ചരിത്രത്തിലെ പുതിയ ഉടമ്പടിയുടെ, നാന്നിയാണെന്ന വസ്തുത 51-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ അവസാന പദങ്ങളില്‍ ഒളിഞ്ഞുകിടക്കുന്നെന്നു പറയാം.

          Musical Version Ps. 51
         കാരുണ്യരൂപനാം പ്രഭോ നീ ദയാലുവാണല്ലോ (2).
         നിന്‍ ക്ഷമാവരം ഏകീടൂ മഹേശ്വരാ! കാരുണ്യ..
         ദോഷമാകെയാര്‍ന്നു ഞാന്‍ ഘോരപാപി ഞാനിതാ
         പാപമേതുമെന്‍ മുന്നില്‍ കാണുന്നൂ സദാ വിഭോ – കാരുണ്യ

 
All the contents on this site are copyrighted ©.