2017-08-12 12:29:00

"നിങ്ങളുടെ കനവെന്ത്?" പാപ്പാ യുവജനത്തോട്.


ഭാവിയെക്കുറിച്ചുള്ള സ്വപ്നം എന്തെന്ന് പാപ്പാ യുവതയോടു ചോദിക്കുന്നു.

അനുവര്‍ഷം ആഗസ്റ്റ് 12ന് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ആചരിക്കപ്പെടുന്ന അന്താരാഷ്ട്ര യുവജനദിനത്തോടനുബന്ധിച്ച് ആ ദിനത്തില്‍, അതായത് ഈ ശനിയാഴ്ച (12/08/17) യുവജനത്തെക്കുറിച്ചു ട്വിറ്ററില്‍ സിനഡ് 18 എന്ന ഹാഷ് ടാഗോടെ കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇത് ആരാഞ്ഞിരിക്കുന്നത്.

പാപ്പായുടെ പ്രസ്തുത സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം ഇപ്രകാരമാണ്: ”പ്രിയ യുവജനമേ, സഭയുടെ പ്രത്യാശയാണു നിങ്ങള്‍. നിങ്ങളുടെ ഭാവിയെക്കുറിച്ചു നിങ്ങള്‍ക്കുള്ള സ്വപ്നം എന്താണ്? 2018ലെ സിനഡില്‍ പങ്കെടുക്കൂ”

2018 ഒക്ടോബറില്‍ ചേരുന്ന മെത്രാന്മാരുടെ സിനഡിന്‍റെ പതിനഞ്ചാം സാധാരണ പൊതുസമ്മേളനം “യുവജനവും വിശ്വാസവും ദൈവവിളി തിരിച്ചറിയലും” എന്ന പ്രമേയം സ്വീകരിച്ചികൊണ്ട് യുവതയ്ക്ക് ഊന്നല്‍ നല്കിയിരിക്കുന്ന പശ്ചാത്തലത്തിലാണ് പാപ്പാ ട്വിറ്ററിലൂടെ ഈ ക്ഷണം നല്കിയിരിക്കുന്നത്.

പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.