2017-08-11 11:01:00

“അഗതികളോട് കരുണയുള്ളവരായിരിക്കാം!” കര്‍ദ്ദിനാള്‍ ഗ്വാള്‍തിയേരൊ ബസേത്തി


കുടിയേറ്റക്കാരോടും അഗതികളായ അഭയാര്‍ത്ഥികളോടും കരുണയുള്ളവരായിരിക്കാം. ഇറ്റലിയുടെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡനും, പെറൂജിയ-പിയവെ അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ ഗ്വാള്‍ത്തിയേരൊ ബസേത്തിയുടെ അഭ്യര്‍ത്ഥനയാണിത്.   ആഗസ്റ്റ് 10-Ɔ൦ തിയതി വ്യാഴാഴ്ച  തന്‍റെ അതിരൂപത  ഭദ്രാസന ദേവാലയത്തിന്‍റെ  മദ്ധ്യസ്ഥനായ
വിശുദ്ധ ലോറന്‍സിന്‍റെ അനുസ്മരണ നാളില്‍ ദിവ്യബലിയര്‍പ്പിക്കവെയാണ് കര്‍ദ്ദിനാള്‍ ബസേത്തി ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

പാവങ്ങളാണ് സഭയുടെ സമ്പത്തെന്ന് പഠിപ്പിച്ച വിശുദ്ധ ലോറസിന്‍റെ ഉപവി പ്രവര്‍ത്തനങ്ങള്‍ അനുദിനജീവിതത്തില്‍ മാതൃകയാക്കിക്കൊണ്ട്  ഇന്ന് ലോകം അനുഭവിക്കുന്ന ദാരിദ്യമെന്ന വിപത്തിനെ ക്രൈസ്തവ ഉപവിയില്‍ നേരിടാം. തിരുനാള്‍ ദിവ്യബലിമദ്ധ്യേ നടത്തിയ  വചനപ്രഭാഷണത്തില്‍ കര്‍ദ്ദിനാള്‍ ബസേത്തി  അജഗണങ്ങളെ ഉദ്ബോധിപ്പിച്ചു.  നാടും വീടും വിട്ടിറങ്ങേണ്ടി വരുന്നവരോടും, സഹായത്തിനായി കൈനീട്ടേണ്ടി വരുന്നവരോടും, പാവങ്ങളോടു പൊതുവെയും സഹാനുഭാവം കാണിക്കേണ്ടത് ക്രൈസ്തവ ഉത്തരവാദിത്വമാണ്.

പാവങ്ങളെയും എളിയവരെയും ഉപകാരമില്ലാത്ത പാഴ്വസ്തുക്കളെപ്പോലെ കണക്കാക്കുന്നതും, ഇന്ന് വളര്‍ന്നുവരുന്നതുമായ വലിച്ചെറിയല്‍ സംസ്ക്കാരത്തെ (Culture of Waste) എതിര്‍ക്കേണ്ടതാണ്. എന്നാല്‍ സകലരെയും വിശിഷ്യാ പാവങ്ങളെയും എളിയവരെയും ഉള്‍ക്കൊള്ളുന്ന ഒരു സാകല്യസംസ്കൃതിയാണ്  (An all inclusive culture) ഇന്നിന്‍റെ ആവശ്യം. പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകളില്‍ കര്‍ദ്ദിനാള്‍ ബസേത്തി ഉദ്ബോധിപ്പിച്ചു. സഹോദരങ്ങളോടു നാം കാണിക്കുന്ന നിസംഗത പാപമാണ്. അത് സമൂഹത്തില്‍ ഭിന്നത വളര്‍ത്തും. അതിനാല്‍ ഒരു സാമൂഹിക ഉത്തരവാദിത്വത്തോടെ സാഹോദര്യത്തിന്‍റെ കൂട്ടായ്മ വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കണമെന്ന് കര്‍ദ്ദിനാള്‍ ബസേത്തി ഉദ്ബോധിപ്പിച്ചു.

 








All the contents on this site are copyrighted ©.