2017-08-11 10:23:00

കാരുണ്യവധം അരുത്- പാപ്പാ ബെല്‍ജിയത്തിലെ കത്തോലിക്കരോട്


ബെല്‍ജിയത്തിലെ ഉപവിയുടെ സഹോദരര്‍, (ബ്രദേഴ്സ് ഓഫ് ചാരിറ്റി –BROTHERS OF CHARITY) എന്ന കത്തോലിക്ക സംഘടനയുടെ കീഴിലുള്ള മനോരോഗചികിത്സാകേന്ദ്രങ്ങളില്‍ കാരുണ്യവധം അനുവദിക്കുന്ന തീരുമാനം റദ്ദാക്കണമെന്ന് മാര്‍പ്പാപ്പാ.

ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉത്തരവിനെ സംബന്ധിച്ച് അസോഷ്യേറ്റഡ് പ്രസ്സ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട വിവരങ്ങള്‍ പരിശുദ്ധസിംഹാസാനത്തിന്‍റെ  വാര്‍ത്താവിതരണകാര്യാലയം (പ്രസ്സ് ഓഫീസ്) സ്ഥീരീകരിച്ചു.

വിദ്യഭ്യാസ ആരോഗ്യപരമായ കാര്യങ്ങളില്‍ ഏറ്റം ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുന്നതിന് 1807 ല്‍ പീറ്റര്‍ ജോസഫ് ത്രിയെസ്റ്റ് എന്ന കത്തോലിക്കാവൈദികന്‍ സ്ഥാപിച്ച ബ്രദേഴ്സ് ഓഫ് ചാരിറ്റി സന്ന്യസ്തസമൂഹത്തിന്‍റെ കീഴിലുള്ള 15 മനോരോഗാശുപത്രികളിലെയും ഭിഷഗ്വരന്മാര്‍ക്ക് കാരുണ്യവധം നടത്താന്‍ അനുമതിയുണ്ടാകുമെന്ന് ഇക്കഴിഞ്ഞ മെയ്മാസത്തില്‍ (2017) അറിയിപ്പുണ്ടായ പശ്ചാത്തലത്തിലാണ് പാപ്പായുടെ ഉത്തരവ്. 

ബ്രദേഴ്സ് ഓഫ് ചാരിറ്റിയുടെ ആശുപത്രികളുടെ അല്മായ നേതൃത്വമാണ് ദയാവധം അനുവദിക്കുന്ന തീരുമാനം എടുത്തത്. ഇതുസംബന്ധിച്ച അന്വേഷണം പരിശുദ്ധസിംഹാസനം ആരംഭിച്ചിട്ടുണ്ട്.

കാരുണ്യവധം അനുവദിക്കുന്ന തീരുമാനത്തിനെതിരെ ഉപവിയുടെ സഹോദരര്‍ സമൂഹത്തിന്‍റെ പൊതുശ്രേഷ്ഠനായ വൈദികന്‍ റെനെ സ്റ്റോക്മാന്‍ പ്രതികരിച്ചിരുന്നു.

ഈ തീരുമാനം കത്തോലിക്കാസഭയുടെ മൗലികതത്ത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇത് ആദ്യമായിട്ടാണ് ഒരു ക്രൈസ്തവ സംഘടന കാരുണ്യവധത്തെ ഒരു ഭിഷഗ്വരന്‍റെ  ചികിത്സ സ്വാതന്ത്ര്യത്തിന്‍റെ കീഴില്‍ വരുന്ന സാധരണ ചികിത്സാമാര്‍ഗ്ഗമായി അവതരിപ്പിക്കുന്നതെന്നും ഇത് അവിശ്വസ്തതയും, നിഷ്ഠൂരതയും, അസ്വീകാര്യവും ആണെന്നും അദ്ദേഹം ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി.








All the contents on this site are copyrighted ©.