2017-08-08 16:09:00

“രക്തപാതകത്തില്‍നിന്ന് മോചിക്കണേ!” വിലാപഗീതത്തിന്‍റെ പഠനം (4)


സങ്കീര്‍ത്തനം 51-ന്‍റെ പഠനം തുടര്‍ച്ച. നാലാം ഭാഗമാണിത്. ഒന്നു മുതല്‍  12-വരെയുള്ള പദങ്ങളുടെ വ്യാഖ്യാനം നാം മനസ്സിലാക്കിയതാണ്. ഇതൊരു അനുതാപ ഗീതമാണെന്ന് ആമുഖപഠത്തില്‍ വിശദമായി നാം കണ്ടതാണ് - പാപത്തില്‍ നിപതിച്ച വ്യക്തി ദൈവത്തെ വിളിച്ചപേക്ഷിക്കുന്നതാണല്ലോ ഈ ഗീതത്തിന്‍റെ പൊരുള്‍. വ്യക്തി വിലപിക്കുന്നുവെന്നു പറയുമ്പോള്‍, തീര്‍ച്ചയായും മാനുഷികമായ നിസ്സാഹായതയാണ് അത് പ്രകടമാക്കുന്നത്. പിന്നെ വിലാപം ദൈവത്തിങ്കലേയ്ക്കു തിരിഞ്ഞുള്ളതാകയാല്‍, അവിടുന്നിലുള്ള വിശ്വാസം, പ്രത്യാശ, ശരണം എന്നിവ സങ്കീര്‍ത്തനത്തിന്‍റെ വരികളില്‍ സ്പഷ്ടമായി കാണുന്നു. മനുഷ്യന്‍ ദൈവോത്മുഖനായി ജീവിക്കുന്നതിനു കാരണം, ദൈവം കാരുണ്യവാനാണ്. സംശയമില്ല. തെറ്റുചെയ്ത് ദൈവത്തില്‍നിന്നും അകന്നുപോകുമ്പോഴും കരുണയുള്ള പിതാവിനെപ്പോലെ ദൈവം നമുക്കായി കാത്തിരിക്കുന്നു, അവിടുത്തെ കാരുണ്യാതിരേകത്താല്‍ നാം രക്ഷപ്രാപിക്കുന്നു, നവജീവന്‍ പ്രാപിക്കുന്നു. മര്‍ത്ത്യജന്മം അതിന്‍റെ ഉല്പത്തി മുതല്‍ ആറടി മണ്ണില്‍ അവസാനിക്കുംവരെ അനുദിനം ദൈവത്തില്‍ ആശ്രയിച്ചും, ദൈവോത്മുഖമായും മുന്നേറേണ്ടതാണ്. അതുകൊണ്ടായിരിക്കാം, അന്തിമോപചാര ശുശ്രൂഷയ്ക്ക്, അവസാനക്രമത്തില്‍ നൂറ്റാണ്ടുകളായി

51-ാം സങ്കീര്‍ത്തനം ഉപയോഗിച്ചുപോരുന്നു... ലോകമെമ്പാടും ക്രൈസ്തവ ലോകം... എല്ലാഭാഷകളിലും ഉപയോഗിക്കുന്നുണ്ട്. കാരണം ഈ സങ്കീര്‍ത്തനത്തിന്‍റെ ഉള്ളടക്കത്തിനുള്ള സാര്‍വ്വലൗകികതയും, ചിന്തകളുടെ അനശ്വരതയുമാണെന്നു പറയാം. എവിടെയും എക്കാലത്തും അതു പ്രസക്തമാണ്. ബലഹീനനായ മനുഷ്യന്‍ ജീവിതാന്ത്യത്തലും ദൈവത്തിന്‍റെ കാരണ്യം യാചിച്ചുകൊണ്ട് രക്ഷ തേടി മുന്നോട്ടു നീങ്ങുന്ന ചിത്രമാണ് നമുക്കു ലഭിക്കുന്നത്. തീര്‍ച്ചയായും മനുഷ്യര്‍ രക്ഷപ്രാപിക്കണമെങ്കില്‍ ദൈവത്തിങ്കലേയ്ക്കു തിരിഞ്ഞേ മതിയാവവൂ.

51-Ɔ൦ സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ മാത്യു മുളവനയും  ജെറി അമല്‍ദേവുമാണ്. ആലാപനം രാജലക്ഷ്മിയും സംഘവും...

Musical Version of Ps. 51

കാരുണ്യരൂപനാം പ്രഭോ നീ ദയാലുവാണല്ലോ (2).
ഇന്നുനിന്‍ ക്ഷമാവരം ഏകീടൂ മഹേശ്വരാ!  - കാരുണ്യ..

ഈ ചിന്തകളോടെ നമുക്ക് 13-മുതല്‍ 17-വരെയുള്ള വ്യഖ്യാനത്തിലേയ്ക്കു കടക്കാം.

          Recitation Ps. 51, Verses 13-17.

 അപ്പോള്‍ അതിക്രമികളെ ഞാന്‍ അങ്ങയുടെ വഴികള്‍ പഠിപ്പിക്കും
പാപികള്‍ അങ്ങയിലേയ്ക്കു തിരിച്ചുവരും
ദൈവമേ, എന്‍റെ രക്ഷയുടെ ദൈവമേ,
രക്തപാതകത്തില്‍നിന്ന് എന്നെ രക്ഷിക്കണേ!
ഞാന്‍ അങ്ങയുടെ രക്ഷയെ ഉച്ചത്തില്‍ പ്രകീര്‍ത്തിക്കും
കര്‍ത്താവേ, എന്‍റെ അധരങ്ങള്‍ തുറക്കണമേ
എന്‍റെ നാവ് അങ്ങയുടെ സ്തുതികള്‍ ആലപിക്കും.

ബലികളില്‍ അങ്ങു പ്രസാദിക്കുന്നില്ല,
ഞാന്‍ ദഹനബലി അര്‍പ്പിച്ചാല്‍ അങ്ങു സന്തുഷ്ടനാവുകയുമില്ല.
ഉരുകിയ മനസ്സാണു ദൈവത്തിനു സ്വീകാര്യമായ ബലി,
ദൈവമേ, നുറുങ്ങിയ ഹൃദയത്തെ അങ്ങു നിരസിക്കുകയില്ല.

ദാവീദു രാജാവിന്‍റെ കാഴ്ചപ്പാടില്‍, അല്ലെങ്കില്‍ മാനസികാവസ്ഥയില്‍ 13-Ɔമത്തെ പദം നാം മനസ്സിലാക്കുകയാണെങ്കില്‍..

          അപ്പോള്‍ അതിക്രമികളെ ഞാന്‍ അങ്ങയുടെ വഴി പഠിപ്പിക്കും
          പാപികള്‍ അങ്ങയിലേയ്ക്കു തിരിച്ചുവരും

രാജാവ് പറയുന്നത്, എന്നെപ്പോലെ ദുര്‍ഭഗനരായ മറ്റു മനുഷ്യരും കര്‍ത്താവിന്‍റെ വഴികള്‍ മനസ്സിലാക്കണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു. അവരെയും ഞാന്‍ കര്‍ത്താവിന്‍റെ വഴികള്‍ പഠിപ്പിക്കും, എന്നാണ്. അവര്‍ക്ക് ദൈവത്തിന്‍റെ വഴികള്‍ കാണിച്ചുകൊടുക്കും. എങ്കില്‍ മാത്രമേ, എന്നെപ്പോലെ അവരും പാപം ഹേതുവാക്കുന്ന ആത്മനാശത്തില്‍ നിപതിക്കാതിരിക്കുകയുള്ളൂ. പാപികള്‍ അങ്ങിലേയ്ക്കു പിന്‍തിരിയേണ്ടതിന്,
ദൈവമേ നുറുങ്ങിയ ഹൃദയം അങ്ങു സ്വീകരിക്കേണമേ! എന്നാണ് ഗായകന്‍ പ്രാര്‍ത്ഥിക്കുന്നത്.
അനുതാപത്തിന് രണ്ടു ഘട്ടങ്ങള്‍ ഉണ്ടെന്നു ഇവിടെ നമുക്കു മനസ്സിലാക്കാം. ആദ്യമായി പാപത്തെക്കുറിച്ച് വ്യക്തി പശ്ചാത്തപിച്ച് മാപ്പിരക്കുന്നു. രണ്ടാമതായി, ദൈവത്തോടുള്ള വിധേയത്വത്തിലും, അനുസരണയിലും സഹോദരങ്ങളിലേയ്ക്ക് സ്നേഹത്തോടെ തിരിയുന്നു. മനുഷ്യര്‍ അനുതപിച്ച് ദൈവത്തിലേയ്ക്ക് തിരിയുന്നു. പിതൃസന്നിധിയില്‍, ധൂര്‍ത്തപുത്രനെപ്പോലെ പിതാവിന്‍റെ ഭവനത്തിലേയ്ക്ക് തിരികെ ചെല്ലുന്നു. സ്തുതിക്കുവാനുള്ള ഉദ്ദേശ്യം, തകര്‍ന്ന ഹൃദയത്തിന്‍റെ സമര്‍പ്പണം പുതിയ ജീവിതം എന്നിവ മറ്റുള്ളവരിലേയ്ക്കു കടന്നുചെല്ലുന്നതാണ്, അവരെയും സ്വാധീനിക്കുന്നതാണ്. ദൈവാനുഭവമുള്ളവന്‍ ദൈവത്തിന്‍റെ അത്ഭുതചെയ്തികള്‍ക്കു സാക്ഷ്യംവഹിക്കുവാനും, പാപം വിട്ടകന്ന് ദൈവോന്മുഖമായി ജീവിക്കുവാനും വെമ്പല്‍കൊള്ളുന്നു. എന്തെന്നാല്‍ ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്ത നന്‍മകളെക്കുറിച്ച്, ദൈവികനന്മകളെക്കുറിച്ച് സംസാരിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കു സാധ്യമല്ല. അവര്‍ ദൈവിക നന്മയുടെ സാക്ഷികളായി മാറുന്നു. തങ്ങള്‍ക്കു കിട്ടിയ ജീവിതഭാഗ്യത്തിലേയ്ക്ക് മറ്റുള്ളവരെയും കൊണ്ടുവരാന്‍ അവര്‍ പരിശ്രമിക്കുന്നു. അവരുടെ ദൗത്യങ്ങളിലൊന്ന് പാപികളെ മാനസാന്തരപ്പെടുത്തുകയാണ്. 14-Ɔ൦ വാക്യം ശ്രദ്ധിക്കേണ്ടതാണ്. പലതരത്തില്‍ അത് മനസ്സിലാക്കാറുണ്ട്, പലവിധത്തില്‍ അത് പണ്ഡിതന്മാര്‍ വ്യാഖ്യാനിക്കാറുണ്ട്.

  ദൈവമേ, എന്‍റെ രക്ഷയുടെ ദൈവമേ,  
  രക്തപാതകത്തില്‍നിന്ന് എന്നെ രക്ഷിക്കണേ!

എന്‍റെ രക്ഷയുടെ ദൈവമേ, അല്ലെങ്കില്‍ എന്‍റെ രക്ഷകനായ ദൈവമേ, എന്ന പ്രയോഗവും നാം ഏറെ ശ്രദ്ധിക്കേണ്ടതാണ്. ഇതിനര്‍ത്ഥം, നാം പല നല്ലകാര്യങ്ങളും മറ്റുള്ളവര്‍ക്കായി ചെയ്യുന്നുണ്ട്. എന്നാല്‍ ഓര്‍ക്കുക, അതുകൊണ്ട് നാം ഒരിക്കലും രക്ഷകരാകുന്നില്ല, രക്ഷകനായ ദൈവത്തെ പകരം വയ്ക്കുന്നില്ല. ബോധപൂര്‍വ്വം സമ്മതിക്കേണ്ടതാണ്, ദൈവം, ദൈവം മാത്രമാണ് രക്ഷകന്‍! ദൈവമേ, എന്‍റെ രക്ഷകനായ ദൈവമേ, എന്ന് ദൈവത്തെ എളിമയോടെ അഭിസംബോധനചെയ്ത് നാം അവിടുന്നില്‍ ആശ്രയിച്ച് ജീവിക്കണം മുന്നേറണം.

പദങ്ങളിലെ ‘രക്തപാതകം’ എന്ന പ്രയോഗം സവിശേഷമാണ്.  മരണത്തില്‍നിന്ന്, മരണത്തിന്‍റെ കണ്ണീരില്‍നിന്ന് രക്ഷിക്കണേ. അങ്ങനെ ശിക്ഷയായി മരിക്കേണ്ടി വന്നാലും, ദൈവത്തിന്‍റെ നീതിയെ പ്രകീര്‍ത്തിക്കാതിരിക്കാന്‍ സങ്കീര്‍ത്തകനു സാധിക്കുകയില്ല. രക്തപാതകം, കൊലപാതകം മാത്രമല്ല, ധാര്‍മ്മികത നഷ്ടപ്പെട്ട്, ഒരു മരവിച്ച സാമൂഹ്യമനസ്സാക്ഷിയുടെ അവസ്ഥയാണതെന്ന് ചില നിരൂപകന്മാര്‍ വ്യഖ്യാനിക്കുന്നു. ‘രക്തപാതക’ത്തെ മറ്റൊരു വിധത്തില്‍ വ്യാഖ്യാനിക്കുകയാണെങ്കില്‍, ലോകത്തിന്ന് ആയിരങ്ങള്‍ കൊടുംപട്ടിണിയില്‍ കഴിയുമ്പോള്‍, അല്ലെങ്കില്‍ ദാരിയദ്ര്യവും വിശപ്പുംകൊണ്ട് നിരവധിപേര്‍ ചുറ്റും മരിച്ചുവീഴുമ്പോള്‍, നാം അതെല്ലാം മറന്ന് തിന്നുകുടിച്ചു സന്തോഷിക്കുന്ന അവസ്ഥയുടെ തഴക്കവും പഴക്കുവുമാക്കുന്നത്, പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകളില്‍ ജീവിതയാഥാര്‍ത്ഥ്യങ്ങളോടുള്ള നിസ്സംഗതയാണത്, അത് പാപമാണ്! പാതകമാണ്!! സങ്കീര്‍ത്തകന്‍റെ വാക്കുകളില്‍ രക്തപാതകമാണ്.

            Musical Version Ps. 51
           കാരുണ്യരൂപനാം പ്രഭോ നീ ദയാലുവാണല്ലോ (2).
           നിന്‍ ക്ഷമാവരം ഏകീടൂ മഹേശ്വരാ! കാരുണ്യ..
           കേവലം നിന്നോടു ഞാന്‍ ചെയ്തുപോയി പാപങ്ങള്‍
           നീതി നീ തന്നീടുന്നു നിഷ്പക്ഷം അഹോ വിധി – കാരുണ്യ

 മനുഷ്യന്‍റെ ആന്തരിക നവീകരണത്തിനുള്ള അപേക്ഷയാണ് തുടര്‍ന്നുള്ള   10-12 വരെ പദങ്ങളില്‍ നാം കാണുന്നത്. നമുക്ക് പദങ്ങള്‍ പരിശോധിക്കാം.  അതിനാല്‍, രക്ഷകന്‍റെ സ്തുതി പാടുന്നതിന് തന്‍റെ അധരങ്ങള്‍ തുറക്കണമെന്നാണ് സങ്കീര്‍ത്തകന്‍ പ്രാര്‍ത്ഥിക്കുന്നത്. ദൈവസ്തുതിയും ദൈവദാനമായി മനസ്സിലാക്കുകയാണ്. വിലപിക്കുന്ന വ്യക്തി സഹായവാഗ്ദാനത്തിനുശേഷം സാധാരണയായി, കാഴ്ചകള്‍ സമര്‍പ്പിക്കുക പതിവാണ്. എന്നാല്‍ ഇവിടെ ദൈവത്തിന് ബലികളിലും കാഴ്ചകളിലും താത്പര്യമില്ലായെന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നുണ്ട്. കാരണം ദൈവവും മനുഷ്യനുമായുള്ള ബന്ധം ആദ്ധ്യാത്മികമാണ്. അതൊരു ‘കൊടുക്ക-മേടിക്കലല്ല!’ എന്നിട്ടു മനുഷ്യന്‍ ദൈവത്തിന് കാഴ്ചകള്‍ സമര്‍പ്പിക്കുന്നു.

എന്താണു പിന്നെ കാഴ്ചവയ്ക്കുന്നത്? തകര്‍ന്നു ‘നുറുങ്ങിയ ഹൃദയം,’ പശ്ചാത്താപ വിവശമായ ഹൃദയം, അനുതപിച്ചു ദുഃഖിക്കുന്ന ഉണ്മയുടെ ഉള്‍ക്കാമ്പിനു പകരമായി വേറൊരു കാഴ്ചവസ്തു ഇല്ല. ഇതു ദൈവത്തിനു സ്വീകാര്യമാണ്. അതേ, മനുഷ്യനെ മുഴുവനുമായുള്ള, സമ്പൂര്‍ണ്ണ സമര്‍പ്പണമാണ് ദൈവത്തിനുവേണ്ടത്. ദൈവകൃപയില്‍ ആശ്രയിക്കുന്ന, അവകാശവാദങ്ങള്‍ ഒന്നും ഉന്നയിക്കാത്ത, ദൈവത്തില്‍ എല്ലാം സമര്‍പ്പിക്കുന്ന, കലവറയില്ലാതെ സമര്‍പ്പിക്കുന്നു തകര്‍ന്ന ഹൃദയത്തോടുകൂടിയ മനുഷ്യന്‍ ദൈവത്തിനു സ്വീകാര്യനാണ്. മനുഷ്യന്‍റെ ഇച്ഛാശക്തിയുടെ ബലിയാണ്, മനുഷ്യവ്യക്തിത്വത്തിന്‍റെ ബലിയാണ് ദൈവം ബലഹീനരും പാപികളുമായ നമ്മോട് ഓരോരുത്തരോടും ആവശ്യപ്പെടുന്നത് ഇതുതന്നെയാണ്.      

വീഴ്ചയുടെ ആഗാധത്തില്‍നിന്ന്, ബലഹീനതയുടെ മ്ലേച്ഛതയില്‍നിന്നും ഉയരാന്‍പോലും ദൈവസഹായം നമുക്ക് ആവശ്യമാണ്. മാപ്പും, ക്ഷമയും പാപമോചനവും നേടാന്‍ നമുക്ക് ദൈവകൃപ അനിവാര്യമാണെന്ന് പദങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. നമുക്ക് വ്യാക്തമാക്കി തരുന്നു. 

            Musical Version Ps. 51
            കാരുണ്യരൂപനാം പ്രഭോ നീ ദയാലുവാണല്ലോ (2).
            നിന്‍ ക്ഷമാവരം ഏകീടൂ മഹേശ്വരാ! കാരുണ്യ..
            പാപിയാണു ഞാനയ്യോ, ഘോരപാപി ഞാനിതാ
            അമ്മതന്‍ ഗര്‍ഭേയിദം ജന്മമാര്‍ന്നു ദേവ ഞാന്‍ - കാരുണ്യ
            കാരുണ്യരൂപനാം പ്രഭോ നീ ദയാലുവാണല്ലോ
            സാന്ത്വനം ക്ഷമാവരം ഏകിടൂ മഹേശ്വരാ – കാരുണ്യ.

 
All the contents on this site are copyrighted ©.