2017-08-02 13:32:00

''മാമ്മോദീസ - പ്രത്യാശയുടെ വാതില്‍'': ഫ്രാന്‍സീസ് പാപ്പാ


2017 ഓഗസ്റ്റ് രണ്ടാം തീയതി, ബുധനാഴ്ചയിലെ ഫ്രാന്‍സീസ് പാപ്പായുടെ പൊതുദര്‍ശനപരിപാടിയുടെ വേദി വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയായിരുന്നു. റോമിലെ സമയം 9.45-ന് ത്രിത്വൈകസ്തുതിയോടുകൂടി മാര്‍പ്പാപ്പ  വിശ്വാസ പ്രബോധന പരിപാടി ആരംഭിച്ചു.  വിവിധ ഭാഷകളിലുള്ള വിശുദ്ധഗ്രന്ഥ പാരായണമായിരുന്നു ആദ്യം.ഗലാത്തിയര്‍ക്കുള്ള ലേഖനത്തിലെ മൂന്നാമധ്യായത്തില്‍ നിന്നുള്ള 26-28 വാക്യങ്ങളായിരുന്നു വചനഭാഗം.  ആഗമനകാലത്ത് ആരംഭിച്ച, പ്രത്യാശ എന്ന വിഷയത്തെക്കുറിച്ചു നല്കിക്കൊണ്ടിരുന്ന പ്രബോധനങ്ങളുടെ തുടര്‍ച്ചയായി 'മാമോദീസ പ്രത്യാശയുടെ വാതിലാ'ണ് എന്നു വിശദീകരിച്ചു കൊണ്ട് പാപ്പാ സന്ദേശം ആരംഭിച്ചു.

പ്രിയ സഹോദരീസഹോദരന്മാരെ സുപ്രഭാതം!

ഒരു കാലത്ത് എല്ലാ ദേവാലയങ്ങളും കിഴക്കുദര്‍ശനമായിട്ടുള്ളവയായിരുന്നു. പടിഞ്ഞാറുഭാഗത്തുള്ള വാതിലിലൂടെ പ്രവേശിച്ച് കിഴക്കുദിക്കിലേക്കു മുന്നോട്ടുപോകാന്‍ കഴിയുന്ന രീതിയില്‍.  പഴയകാല ത്തെ ഒരാള്‍ക്ക് ഇതൊരു പ്രധാന പ്രതീകവും, ഒരു രൂപകാത്മകാചാരവുമായിരുന്നെങ്കിലും ചരിത്ര ഗതിയില്‍ ക്രമേണ ഇല്ലാതായിത്തീര്‍ന്ന ഒരു കാര്യമാണിത്. ആധുനികകാലത്തെ മനുഷ്യരായ നമുക്ക് പ്രപഞ്ചത്തിന്‍റെ മഹത്തായ അടയാളങ്ങള്‍ ഗ്രഹിച്ചു പരിചയം കുറവാണ്. ഏതാണ്ട് ഒരിക്കലും തന്നെ ഇത്തരം കാര്യങ്ങള്‍ നാം ശ്രദ്ധിക്കാറില്ല.  പടിഞ്ഞാറ് അസ്തമയമാണ്, അവിടെ പ്രകാശം മരിക്കുകയാണ്.  പൂര്‍വദിക്കിലാകട്ടെ, ഇരുട്ടില്‍ നിന്ന് പ്രഭാതത്തിലെ ആദ്യപ്രകാശം, ക്രിസ്തുവാകുന്ന സൂര്യന്‍ ചക്രവാളത്തില്‍ നിന്നുയരുകയാണ്.

മാമ്മോദീസായുടെ പഴയ ക്രമമനുസരിച്ച് അര്‍ഥികള്‍ പടിഞ്ഞാറോട്ടു നോക്കി, സാത്താനെയും അവന്‍റെ പ്രവൃത്തികളെയും ഉപേക്ഷിക്കുന്നുവെന്നും കിഴക്കോട്ടു നോക്കി പരിശുദ്ധ ത്രിത്വത്തില്‍ വിശ്വസിക്കുന്നുവെന്നും ഏറ്റുപറഞ്ഞിരുന്ന ആചാരത്തെ സൂചിപ്പിച്ചുകൊണ്ട് പാപ്പാ തുടര്‍ന്നു:

ഈ ആധുനികകാലഘട്ടത്തില്‍ ഈ ആചാരം ഭാഗികമായി നഷ്ടപ്പെട്ടിരിക്കുന്നു.  പ്രപഞ്ചത്തി ന്‍റെ ഭാഷയുടെ സംവേദകത്വം നമുക്കു കൈമോശം വന്നു.  മാമ്മോദീസായിലെ ചോദ്യങ്ങള്‍ക്കനു സരിച്ചുള്ള വിശ്വാസത്തിന്‍റെ ഏറ്റുപറച്ചില്‍ സ്വാഭാവികമായി നിലനിന്നു.  അതിന്‍റെ അര്‍ഥമെന്താണ്? പ്രകാശത്തിലേക്കു നോക്കുക എന്നും, ലോകം, രാത്രിയാലും അന്ധകാരത്താലും ആവരണം ചെയ്തി രിക്കുമ്പോള്‍ പോലും ആ പ്രകാശത്തില്‍ നമ്മുടെ വിശ്വാസം പ്രായോഗിമാക്കുക എന്നുമാണ്.

ക്രിസ്ത്യാനികളും ആന്തരികമായും ബാഹ്യമായുമുള്ള അന്ധകാരത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടവരല്ല എങ്കിലും, അവര്‍ മാമ്മോദീസയില്‍ സ്വീകരിച്ച ക്രിസ്തുവിന്‍റെ കൃപയാല്‍ ദിശാബോധം ലഭിച്ചവരാണ് എന്നതിനാല്‍ അന്ധകാരത്തിലല്ല, പകല്‍വെളിച്ചത്തിലാണു അവര്‍ വിശ്വാസമര്‍പ്പിക്കുന്നത് എന്നു പറഞ്ഞുകൊണ്ട് പാപ്പാ വിശദീകരണം തുടര്‍ന്നു:

നാം ദൈവം പിതാവാണെന്നു വിശ്വസിക്കുന്നു.  ഇതാണു വെളിച്ചം!  യേശു നമ്മുടെ ഇടയിലേക്കു വന്നുവെന്നും നമ്മുടെ ജീവിതങ്ങളിലേക്കു കടന്നുവന്നുവെന്നും, നമുക്ക്, ഏറ്റവും പാവപ്പെട്ടവര്‍ക്കും, തകര്‍ച്ചയിലായിരിക്കുന്നവര്‍ക്കും സഹഗാമി ആയിത്തീര്‍ന്നുവെന്നും വിശ്വസിക്കുന്നു. ഇതാണു വെളി ച്ചം!  പരിശുദ്ധാത്മാവ്  മനുഷ്യകുലത്തിനുവേണ്ടി ലോകത്തില്‍ പ്രവര്‍ത്തനനിരതനാണ്, ചരിത്രത്തി ന്‍റെ ഏറ്റവും വലിയ വേദനപോലും അതിജീവിക്കാന്‍ തക്കവിധത്തില്‍, എന്നതാണ് എല്ലാ പ്രഭാത ത്തിലും നമ്മില്‍ അനുരണനം ചെയ്യേണ്ട പ്രത്യാശ...

മാമ്മോദീസാ പരികര്‍മം ചെയ്യുന്ന വേളയില്‍ കത്തിച്ച മെഴുകുതിരി നല്‍കുന്നതും ക്രിസ്തുവിന്‍റെ ഉത്ഥാനത്തെ അനുസ്മരിപ്പിക്കുന്നതിന്‍റെ പ്രതീകമാണെന്നു പാപ്പാ ഉദ്ബോധിപ്പിച്ചു.  മാമ്മോദീസായിലെ നവജനനം സ്വാഭാവികമായുള്ള ജനനത്തിനുശേഷം ക്രിസ്തുവുമായി കണ്ടുമുട്ടുകയും അവി ടുത്തെ അരൂപിക്കു നയിക്കപ്പെടാന്‍ അനുവദിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് എന്നു പറഞ്ഞ പാപ്പാ ഇങ്ങനെ ഉദ്ഘോഷിച്ചു. യഥാര്‍ഥത്തില്‍ ക്രിസ്തുവിന്‍റെ സംവാഹകരായി നമ്മെ മാറ്റുന്ന ഈ കൃപ എത്ര മഹത്താണ്! പ്രത്യേകിച്ചും, വിലാപത്തിലൂടെയും നിരാശയിലൂടെയും അന്ധകാരത്തിലൂ ടെയും വെറുപ്പിന്‍റെ സാഹചര്യത്തിലൂടെയും കടന്നുപോകുന്നവര്‍ക്ക്!  ഇത് അനേകം ചെറിയ വിശദാംശങ്ങളിലൂടെ മനസ്സിലാക്കുകയാണ്.  ഒരു ക്രിസ്ത്യാനി തന്‍റെ മിഴികളില്‍ കാത്തു സൂക്ഷിക്കുന്ന പ്രകാശം, ഏറ്റവും സങ്കീര്‍ണമായ നാളുകളില്‍പ്പോലും തകരാത്ത വിധത്തിലുള്ള പ്രശാന്തമായ മാനസിക പശ്ചാത്തലം, അനേകം നിരാശാജനകമായ അനുഭവങ്ങളില്‍ ഉള്‍പ്പെടുമ്പോഴും വീണ്ടും ആരംഭിക്കാനുള്ള ആഗ്രഹം...  നമുക്കു പ്രത്യാശിക്കാന്‍ കഴിയും.  എങ്കിലും, നാം നമ്മുടെ പ്രകാശം പറയുടെ കീഴില്‍ വയ്ക്കുകയാണോ? 

മാമ്മോദീസാ എന്ന കൂദാശയോടു നാം വിശ്വസ്തരാണെങ്കില്‍ നമുക്കു ദൈവം നല്‍കുന്ന പ്രത്യാശയുടെ പ്രകാശം ഭാവിതലമുറയുടെ ജീവനു നിദാനമായി നമുക്കു കൈമാറാന്‍ കഴിയും എന്ന വാക്കുകളോടെയാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

പൊതുദര്‍ശനപരിപാടിയുടെ സമാപനത്തില്‍ ലത്തീന്‍ഭാഷയില്‍ കര്‍തൃപ്രാര്‍ഥന ആലപിക്കപ്പെട്ടു.  തുടര്‍ന്ന് പാപ്പാ അപ്പസ്തോലികാശീര്‍വാദം നല്കി.
All the contents on this site are copyrighted ©.