2017-07-28 14:23:00

വിദ്യാഭ്യാസ നയത്തെക്കുറിച്ച് ഫാദര്‍ സണ്ണി ജേക്കബ് എസ്. ജെ. - അഭിമുഖം (3)


ഇന്നിന്‍റെ വിദ്യാഭ്യാസ നയങ്ങള്‍...

ഈശോസഭാംഗമായ  ഫാദര്‍ സണ്ണി ജേക്കബ് കാഞ്ഞിരപ്പിള്ളി സ്വദേശിയാണ്.

അദ്ദേഹം ഈശോസഭ ദക്ഷിണേഷ്യന്‍ പ്രവിശ്യയ്ക്കുവേണ്ടിയുള്ള വിദ്യഭ്യാസസമിതിയുടെ (JESUIT EDUCATIONAL ASSOCIATION OF SOUTH ASIA) കാര്യദര്‍ശിയും, ഈശോസഭയുടെ അന്താരാഷ്ട്ര വിദ്യാഭ്യാസ സമിതി അംഗവും (INTERNATIONAL COMSSION FOR JESUIT EDUCATION), ജസ്വീറ്റ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടയുടെ  ദേശീയ ഉപദേഷ്ടാവുമായി  ( NATIONAL ADVISER, JESUIT ALUMNI ASSOCIATION) സേവനമനുഷ്ഠിക്കുന്നു. കേരളത്തിലെ വിദ്യഭ്യാസസ്ഥാപനങ്ങളുടെ വളര്‍ച്ച, വിദ്യാഭ്യാസരംഗത്ത് സര്‍ക്കാരിന്‍റെ  ഭാഗത്തുനിന്നുള്ള സഹകരണം, കത്തോലിക്കാസഭയുടെ വിദ്യഭ്യാസ നയങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് അദ്ദേഹം ഫാദര്‍ വില്ല്യം നെല്ലിക്കലിനു നല്കിയ അഭിമുഖത്തിന്‍റെ മൂന്നാമത്തെയും അവസാനത്തെയും ഭാഗം കേള്‍ക്കാം.  

1. വിദ്യാഭ്യാസ മേഖലയില്‍ കത്തോലിക്കാ സഭാനയങ്ങള്‍

  വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയ നയങ്ങള്‍

  വിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാര്‍ നയങ്ങള്‍

2. സര്‍ക്കാരിന്‍റെ നവമായ നയങ്ങളും നീക്കങ്ങളും

3. സഭയുടെ നിലപാടും നിര്‍ദ്ദേശങ്ങളും.

4. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ വിദ്യാഭ്യാസ വീക്ഷണം:

ആധുനിക ലോകവുമായി ഇണങ്ങിച്ചേരണമെന്നുള്ള വത്തിക്കാന്‍ സൂനഹദോസിന്‍റെ പ്രഖ്യാപിത ലക്ഷ്യത്തിന്‍റെ പശ്ച്ത്തലത്തിലാണ് ക്രൈസ്ത‍വ വിദ്യാഭ്യാസത്തെ സംബന്ധിച്ച പ്രഖ്യാപനം രൂപംകൊണ്ടത്. മനുഷ്യജീവിതത്തിലും സാമൂഹികപുരോഗതിയിലും ഈ നൂറ്റാണ്ടില്‍ വിദ്യാഭ്യാസം ചെലുത്തിയിട്ടുള്ള സ്വാധീനം കണക്കിലെടുത്തുകൊണ്ടാണ് പ്രഖ്യാപനം സമാരംഭിക്കുന്നത്. എല്ലാ സംസ്കാരങ്ങളിലും,  ചുറ്റുപാടുകളിലും, കാലഘട്ടത്തിലുമുള്ളവര്‍ക്ക് മനുഷ്യത്വത്തിന്‍റെ അടിസ്ഥാന അന്തസ്സുണ്ട്. അത് അവരുടെ ജീവിതത്തിന്‍റെ പരമമായ ലക്ഷ്യം, കഴിവുകള്‍, സംസ്കാരം, പാരമ്പര്യം തു‌ടങ്ങിയവയുമായി പൊരുത്തപ്പെടുന്ന ഒരു വിദ്യാഭ്യാസം ലഭിക്കാന്‍ അവകാശമുണ്ട്.

വിദ്യാഭ്യാസത്തെ സംബന്ധിച്ച മൗലികാവകാശങ്ങളെക്കുറിച്ച് സൂനഹദോസ് പറയുന്നത് വിവിധ സാമൂഹികചുറ്റുപാടുകളിലും പ്രായത്തിലുമുള്ള എല്ലാവര്‍ക്കും മനുഷ്യവ്യക്തിയുടെ മാഹാത്മ്യം ഉള്ളതിനാല്‍ അവരുടെ അന്തസ്സിനിണങ്ങിയ വിദ്യാഭ്യാസം ആവശ്യമാണ്.  അതുപോലെതന്നെ എല്ലാവരോടും സൗഹൃദത്തില്‍ ജീവിക്കാനും അങ്ങിനെ യഥാര്‍ത്ഥമായ ഐക്യവും സമാധാനവും ലോകത്ത് വളര്‍ത്താനും വിദ്യാഭ്യാസം വഴിതെളിക്കണം. മനുഷ്യന്‍റെ പരമമായ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് വ്യക്തിത്വത്തിന് രൂപംകൊട്ക്കുകയാണ് ശരിയായ വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം.‍  നേരായ മനസാക്ഷിയോടുകൂ‌ടി ധാര്‍മ്മിക മൂല്യങ്ങളെ വിലയിരുത്താനും, ഈ മൂല്യങ്ങളെ വ്യക്തിപരമായി ആശ്ലേഷിക്കുവാനും ദൈവത്തെ ശരിയായി അറിഞ്ഞു സ്നേഹിക്കുവാനും പ്രചോദനംനല്‍കുന്ന പരിശീലനം വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ടത് എല്ലാവരുടെയും അവകാശമാണ്.

എല്ലാ ക്രൈസ്തവരും ജലത്താലും പരിശുദ്ധാത്മാവിനാലും വീണ്ടും ജനിച്ച് ഒരു പുതിയ സൃഷ്ടിയായിത്തീരുന്നതുകൊണ്ട് അവര്‍ ദൈവമക്കളെന്ന് വിളിക്കപ്പെ‍ടുന്നു. അതിനാല്‍  ക്രിസ്തീയ വിദ്യാഭ്യാസം അവരുടെ അവകാശമാണ്.  തങ്ങള്‍ സ്വീകരിച്ച വിശ്വാസത്തിന്‍റെ ദാനത്തെപ്പറ്റി അനുദിനം കൂടുതല്‍ ബോധവാന്മാരാകുക,  നീതിയിലും യഥാര്‍ത്ഥ പരിശുദ്ധിയിലും രൂപപ്പെട്ട ക്രിസ്തീയ നവജീവന്‍ നയിക്കുവാനുള്ള പരിശീലനം നല്കുക, ക്രിസ്തുവിന്‍റെ പൂര്‍ണ്ണതയ്ക്ക് യോജിച്ചവിധത്തില്‍ വ്യക്തിയെ രൂപപ്പെടുത്തുക, സഭയുടെ വളര്‍ച്ചയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുക എന്നിവ ക്രിസ്തീയ വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യങ്ങളാണ്. 

വിദ്യാഭ്യാസ സമ്പ്രദായത്തില്‍, ക്രിസ്തീയ വിദ്യാഭ്യാസത്തിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് സൂനഹദോസ് ഉദ്ബോദിപ്പിക്കുന്നത് ഇപ്രകാരമാണ്. വിദ്യാഭ്യാസപരമായ ധര്‍മ്മനിര്‍വ്വഹണത്തില്‍ യുക്തമായ എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിക്കുന്നതില്‍ തിരുസഭ ദത്തശ്രദ്ധയാണ്,  പ്രത്യേകിച്ചും സഭയ്ക്ക് ഈ മേഖലയില്‍ സ്വന്തമായ കാഴ്ചപ്പാടുകളും താത്പര്യങ്ങളുമുണ്ട്. അതില്‍ മുന്‍പന്തിയില്‍ നില്ക്കുന്നത് മതബോധനമാണ്. മതബോധനം വിശ്വാസത്തിന് തെളിവും ജീവനും നല്‍കുന്നു. ക്രിസ്തുവിന്‍റെ ചൈതന്യത്തിനു യോജിച്ച ഒരു ജീവിതം വളര്‍ത്തിയെടുക്കുന്നു. ആരാധനക്രമങ്ങളില്‍ ബോധപൂര്‍വ്വമായും സജീവമായും പങ്കെടുക്കാന്‍ വ്യക്തികളെ അതു സഹായിക്കുന്നു. അത് പ്രേഷിതപ്രവര്‍ത്തനത്തെ തട്ടിയുണര്‍ത്തുന്നു. മനസ്സിനെ സംസ്കരിക്കുന്നതും ക്രമപ്പെടുത്തുന്നതും വിശ്വാസരൂപീകരണമാണ്.    

എല്ലാവരുടേയും ധാര്‍മ്മികവും മതപരവുമായ അഭ്യാസനത്തില്‍ സൂക്ഷ്മമായി ശ്രദ്ധപതിക്കണമെന്ന ഗൗരവാവഹമായ ചുമതലയെപ്പറ്റി സഭ തികച്ചും ബോധവതിയാണ്.  അകത്തോലിക്കാ വിദ്യാലയങ്ങളില്‍ പഠിക്കുന്ന നിരവധി കുട്ടികളെ പ്രത്യേകമായ സ്നേഹത്തോടും ശ്രദ്ധയോടും   കൂടി സഭ കാണേണ്ടതാണ്. സമയവും സാഹചര്യങ്ങളും അനുവധിക്കുന്നിടത്തോളം നൂതന പദ്ധതികളിലൂടെ ആദ്ധ്യാത്മിക സഹായം അവര്‍ക്കും ലഭ്യമാക്കേണ്ടതാണ്. വൈദികരും അല്‍മായ പ്രേഷിതരും ഇപ്പറഞ്ഞ ലക്ഷ്യം പ്രാപിക്കാന്‍ സന്നദ്ധരാകേണ്ടതാണ്.   അങ്ങനെ സമൂഹത്തില്‍ സഭയുടെ സാന്നിദ്ധ്യം കത്തോലിക്കാ വിദ്യാലയങ്ങള്‍വഴി പ്രത്യേകമാം വിധത്തില്‍ പ്രകടമാകുന്നുണ്ടെന്ന് സൂനഹദോസ് ചൂണ്ടിക്കാട്ടുന്നു. അദ്ധ്യാപനവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വൈദികരും സന്യാസിനീസന്യാസികളും അല്മായരും സഭയുടെ ആന്തരിക നവീകരണം കൈവളര്‍ത്തുക മാത്രമല്ല ആധുനികലോകത്തില്‍ പ്രത്യേകിച്ച് ബൗദ്ധികതലത്തില്‍ സഭയുടെ അനുഗ്രഹപ്രദമായ സാന്നിദ്ധ്യം യാഥാര്‍ത്ഥ്യമാക്കാന്‍ അവര്‍ക്ക് ഇടയാവുകയുംചെയ്യട്ടെ! 








All the contents on this site are copyrighted ©.