2017-07-27 20:03:00

സംഘര്‍ഷത്തിന്‍റെ മേഖലകളില്‍ സഭ സാന്ത്വനമായെത്തും


റഷ്യ സന്ദര്‍ശനം സംബന്ധിച്ച് കര്‍ദ്ദിനാള്‍ പരോളി‍ന്‍ ഇറ്റാലിയന്‍ പത്രത്തിനു നല്കിയ അഭിമുഖത്തില്‍നിന്ന്...

സംഘര്‍ത്തിന്‍റെ മേഖലകളില്‍ സമാധാനത്തിന്‍റെ സന്ദേശമാണ് സഭാസാന്നിദ്ധ്യമെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പ്രസ്താവിച്ചു. ഇറ്റലിയിലെ ‘Il sole 24 ore’,  മലയാളത്തില്‍ ‘ദിനപ്രകാശിനി’ എന്നു വിളിക്കാവുന്ന പത്രത്തിനു ജൂലൈ 27-Ɔ൦ തിയതി വ്യാഴാഴ്ച നല്കിയ അഭിമുഖത്തിലാണ് പ്രതിസന്ധികളുള്ള രാജ്യങ്ങളിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രത്യേക ദൗത്യത്തെക്കുറിച്ചും, ആസന്നമാകുന്ന തന്‍റെ റഷ്യ സന്ദര്‍ശനത്തെക്കുറിച്ചും കര്‍ദ്ദിനാള്‍ പരോളിന്‍ അഭിമുഖത്തില്‍ പരാമര്‍ശിച്ചത്.

കമ്യൂണിസ്റ്റ് റഷ്യയുടെ അധഃപതനത്തിനുശേഷം രാജ്യം തിരിച്ചുവരുന്നതേയുള്ളൂ. എന്നാല്‍ തിരിച്ചുവരവ് അക്രമാസക്തമാണെന്ന്, അയല്‍രാജ്യമായ ഉക്രെയിനുമായുള്ള രാഷ്ട്രീയ ഇടപെടല്‍ ചൂണ്ടിക്കാണിച്ചുകൊണ്ടു കര്‍ദ്ദിനാള്‍ പരോളിന്‍ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. രാജ്യാന്തരതലത്തില്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങളുടെ രമ്യതയുടെയും സമാധാനത്തിന്‍റെയും മാര്‍ഗ്ഗത്തില്‍നിന്നും റഷ്യ പിന്നെയും വേറിട്ടുനില്ക്കുകയാണ്. ഇങ്ങിനെയൊരു സാഹചര്യത്തില്‍ പാപ്പാ ഫ്രാന്‍സിസ് നിരന്തരമായ ആഗ്രഹിക്കുകയും പരിശ്രമിക്കുകയുംചെയ്യുന്ന സമാധാനത്തിന്‍റെയും അനുരജ്ഞനത്തിന്‍റെയും സന്ദേശവുമായിട്ടാണ് താന്‍ ആഗസ്റ്റു മാസത്തില്‍ റഷ്യസന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നതെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ പ്രസ്താവിച്ചു. 








All the contents on this site are copyrighted ©.