2017-07-27 18:14:00

വത്തിക്കാനിലെ ജലധാരകള്‍ വേനലില്‍ നിറുത്തിവയ്ക്കും


വേനല്‍വറുതി കണക്കിലെടുത്ത് വത്തിക്കാനിലെ ജലധാരകള്‍ തല്ക്കാലം നിറുത്തിവയ്ക്കും.

ഈ വര്‍ഷം പൂര്‍വ്വോപരി ശക്തമായി അനുഭവപ്പെടുന്ന ഇറ്റലിയിലെ വേനലും വരള്‍ച്ചയും കണക്കിലെടുത്താണ് ജൂലൈ 25-മുതല്‍ വത്തിക്കാനിലെ ജലധാരകള്‍ അടച്ചിടുന്നതെന്ന്  വത്തിക്കാന്‍ ഗവര്‍ണറേറ്റിന്‍റെ പ്രസ്താവന അറിയിച്ചു. അങ്ങേയ്ക്കു സ്തുതി! Laudato Si’ എന്ന ചാക്രികലേഖനത്തിലൂടെ പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിക്കുന്ന പരിസ്ഥിതി പരിപാലനത്തിന്‍റെ സന്ദേശത്തോടും, ലോകത്ത് ഇന്ന് ജനങ്ങള്‍ അനുഭവിക്കുന്ന വേനല്‍ വരുതിയോടും ജലക്ഷാമത്തോടും ക്രിയാത്മകമായി പ്രത്യുത്തരിച്ചുകൊണ്ടാണ് ജലധാരകള്‍ അടച്ചിടുന്നതെന്ന് വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി.

വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലുള്ള ബര്‍ണീനിയുടെ വിഖ്യാതമായ രണ്ടു വലിയ ജലധാരകള്‍ക്കു പുറമേ, വിസ്തൃതമായ വത്തിക്കാന്‍ തോട്ടത്തിലും  മ്യൂസിയത്തിലും പരിസരങ്ങളിലുമായി നൂറോളം ഫൗണ്ടനുകളാണുള്ളത്. അവയെല്ലാംതന്നെ ഏറെ കലാപരവും ആസ്വാദ്യമാംവിധം പാരസ്പരികതയുള്ളവയുമാണ്. ഉദാഹരണത്തിന് വത്തിക്കാന്‍ തോട്ടത്തിലുള്ള ലൂര്‍ദ്ദുനാഥയുടെ ഗ്രോട്ടോയിലെ ജലധാരയില്‍നിന്നൊഴുകുന്ന ജലം കുടിക്കാവുന്നതാണ്. വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ രണ്ടു ജലധാരകളും തീര്‍ത്ഥാടകര്‍ക്കും പറവകള്‍ക്കും വിശ്രമസങ്കേതമാണ്. വത്തിക്കാന്‍ കുന്നുകളില്‍ സമൃദ്ധമായുള്ള ജലസ്രോതസ്സുക്കളില്‍നിന്നുമാണ് ഫൗണ്ടനുകളിലേയ്ക്ക് ആവശ്യമായ ജലം എത്തിക്കുന്നത്.  200 ഏക്കറോളം വിസ്തൃതിയുള്ള വത്തിക്കാനില്‍ ജലക്ഷാമമില്ലെങ്കിലും ഇറ്റലിയിലും റോമാ നഗരത്തിലും, ലോകത്തെവിടെയും അനുഭവപ്പെടുന്ന വേനല്‍ വരള്‍ച്ചയെക്കുറിച്ചുള്ള ആശങ്കയും പ്രതിബദ്ധതയുമാണ് ജലധാരങ്ങള്‍ താല്ക്കാലികമായി നിറുത്തിവയ്ക്കാനുള്ള തീരുമാനം വത്തിക്കാന്‍ ഗവര്‍ണറേറ്റ് എടുക്കാന്‍ കാരണം. പ്രസ്താവന വിശദീകരിച്ചു.  

ആഗോളതാപനം, ജലക്ഷാമം, കാലാവസ്ഥാവ്യതിയാനം എന്നിവ പാപ്പാ ഫ്രാന്‍സിസിന്‍റെ പരിസ്ഥിതി സംബന്ധിയായ ചാക്രികലേഖനം “അങ്ങേയ്ക്കു സ്തുതി”യിലെ  (Laudato Si’) പ്രതിപാദ്യവിഷയങ്ങളാണ്.
“പരിസ്ഥിതിവിനാശം പാപമാണ്! ഇനിയൊരു ലോകമഹായുദ്ധമുണ്ടാകാമെങ്കില്‍ അത് കുടിവെള്ളത്തിനുവേണ്ടിയാകാം!!” – പാപ്പാ ഫ്രാന്‍സിസ്. 








All the contents on this site are copyrighted ©.