2017-07-20 08:54:00

മനുഷ്യന്‍റെ സുസ്ഥിതിക്ക് ഭൗതികതയും ആത്മീയതയും വേണം!


യുഎന്‍ സുസ്ഥിതി വികസനപദ്ധതിയുടെ ആത്മീയവശത്തെക്കുറിച്ച് വത്തിക്കാന്‍റെ യുഎന്നിലെ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് ബര്‍ണദീത്തോ ഔസായുടെ തനിമയാര്‍ന്ന അഭിപ്രായങ്ങള്‍:

നല്ല സാധനങ്ങളും ദുരുപയോഗം ചെയ്യപ്പെടാമെന്ന്, ഐക്യരാഷ്ട്ര സംഘടനയിലെ വത്തിക്കാന്‍റെ പ്രതിനിധി ആര്‍ച്ചുബിഷപ്പ് ബര്‍ണദീത്തോ ഔസാ പ്രസ്താവിച്ചു. ജൂണ്‍ 17-Ɔ൦ തിയതി തിങ്കളാഴ്ച യുഎന്നിന്‍റെ ന്യൂയോര്‍ക്ക് ആസ്ഥാനത്ത് സുസ്ഥിതി വികസനവുമായി ബന്ധപ്പെട്ടു നടത്തിയ മതസ്ഥാപനങ്ങളുടെയും സന്ന്യസ്തരുടെയും പ്രതിനിധികളുടെ ചര്‍ച്ചാസമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് ഔസാ ഇങ്ങനെ പ്രസ്താവിച്ചത്.

2030-ല്‍ അവസാനിക്കുന്ന യുഎന്നിന്‍റെ സുസ്ഥിതി വികസനപദ്ധതി ഭൗതികതലത്തില്‍ ഒത്തിരി നല്ലകാര്യങ്ങളാണ് ലോകത്തു ചെയ്യുന്നത്. ഭക്ഷണം, മരുന്ന്, വിദ്യാഭ്യാസ സൗകര്യങ്ങള്‍, പരിസ്ഥിതി സംരക്ഷണം, അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമുള്ള പദ്ധതികള്‍ എന്നിങ്ങനെ..., ആര്‍ച്ചുബിഷപ്പ് ഔസാ ചൂണ്ടിക്കാട്ടി. എന്നാല്‍ ആഗോളവികസന പദ്ധതിക്ക് ഭൗതികതലംമാത്രമല്ല ഒരാത്മാവും ആത്മീയതലവും വേണം. അദ്ദേഹം പ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു. ലോകത്ത് ശാശ്വതമായ സമാധാനവും ഐക്യദാര്‍ഢ്യവും വളര്‍ത്താന്‍ സന്ന്യസ്തരും മതസ്ഥാപനങ്ങളും യുഎന്നിന്‍റെ ഭൗതികമായ ഈ വികസനപദ്ധതികളുടെ ധാര്‍മ്മികവും മാനവികവുമായ തലങ്ങളില്‍ ഒരു ‘പുളിമാവു’പോലെ പ്രവര്‍ത്തിക്കണമെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചത്.

സമൃദ്ധവും വിവിധങ്ങളുമായ സമൂഹിക സമ്പത്തിക പാരിസ്ഥിതിക വികസനപദ്ധതികള്‍ ഐക്യരാഷ്ട്ര സംഘടന സമയബദ്ധമായി ചെയ്യുന്നുണ്ട്. എന്നാല്‍ അവ താല്ക്കാലികവും തീര്‍ന്നുപോകുന്നതുമാണ്. അവ സമയബദ്ധമായി അവസാനിക്കും. അതിനാല്‍ പദ്ധതിയുടെ നന്മയും സുസ്ഥിതിയും, ഐക്യദാര്‍ഢ്യവും സമാധാനവും വളര്‍ത്തുന്ന നീണ്ടുനില്ക്കേണ്ടതും ശാശ്വതമാകേണ്ടതുമായ ആത്മീയവും ധാര്‍മ്മികവുമായ വശങ്ങളിലേയ്ക്ക് ആത്മീയപ്രസ്ഥാനങ്ങളും ധാര്‍മ്മിക വീക്ഷണമുള്ളവരും പ്രവേശിക്കണമെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ അഭ്യര്‍ത്ഥിച്ചു.

യുഎന്‍ വിഭാവനംചെയ്യുന്ന നല്ലപദ്ധതിക്കു പിന്നില്‍ യഥാര്‍ത്ഥത്തില്‍ പാവങ്ങളും ബലഹീനരുമായവരെ തള്ളിക്കളയാനും അവഗണിക്കാനും പോരുന്ന സ്വാര്‍ത്ഥത, സുഖഭോഗവാദം, ഭൗതികവാദം മുതലായ മാനവികതയ്ക്കു ചേരാത്ത ചിന്താരീതികള്‍ ഇന്ന് ലോകത്ത് വളര്‍ന്നുവന്നിട്ടുള്ളതും അവ പ്രസ്ഥാനങ്ങളെ സ്വാധീനിക്കുന്നതും ആര്‍ച്ചുബിഷപ്പ് ഔസാ ചൂണ്ടിക്കാട്ടി.  മതാത്മകവീക്ഷണവും മാനവികതയുടെ ശാശ്വതസുസ്ഥിതിയും ഉള്‍ക്കൊള്ളുന്നവര്‍ കൈകോര്‍ത്ത് യുഎന്നിന്‍റെ സുസ്ഥിതി വികസനപദ്ധതിയെ ആത്മീയതലത്തിലും പിന്‍തുണച്ച് ഫലപ്രാപ്തിയില്‍ എത്തിക്കണമെന്ന് വത്തിക്കാന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് ഔസാ മതസ്ഥാപനങ്ങളുടെ കൂട്ടായ്മയോട് അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.